ഇരിങ്ങാലക്കുട : കോണത്തുകുന്ന് ജനതാ കോർണർ സ്വദേശി ആലുക്കത്തറ വീട്ടിൽ പ്രകാശൻ എന്നയാൾ സഞ്ചരിച്ചിരുന്ന കാർ സ്കൂട്ടറിന് സൈഡ് തന്നില്ലെന്നും പറഞ്ഞ് ഉണ്ടായ തർക്കത്തെ തുടർന്ന് പ്രകാശനെയും കാറിൽ ഉണ്ടായവരെയും ആക്രമിച്ച പഴുവിൽ ചിറക്കൽ സ്വദേശി പരേക്കാട്ടിൽ വീട്ടിൽ വിഷ്ണു പ്രസാദ് (23), മാള സ്റ്റേഷൻ റൗഡി പുത്തൻചിറ പുളിയിലക്കുന്ന് സ്വദേശി നെടുംപുരക്കൽ വീട്ടിൽ മുഹമ്മദ് ഷാഫി (19) എന്നിവരെ ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച വൈകീട്ട് 5 മണിയോടെ പ്രകാശൻ സഞ്ചരിച്ചിരുന്ന കാർ പ്രകാശന്റെ വീട്ടിലേക്ക് കയറ്റിയിടുവാൻ ശ്രമിക്കുന്നതിനിടയിൽ പ്രതികൾ വന്നിരുന്ന സ്കൂട്ടറിന് സൈഡ് കൊടുത്തില്ലെന്നും പറഞ്ഞ് കാർ ഓടിച്ചിരുന്ന പ്രകാശന്റെ സഹോദരൻ്റെ മകൻ ഷാനുമായി തർക്കം ഉണ്ടാവുകയും പ്രതികൾ ഹെൽമെറ്റ് കാറിലേക്ക് എറിഞ്ഞത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താൽ പ്രകാശനെയും ഷാനിനെയും പ്രകാശന്റെ ബന്ധുവായ ലോഹിതാക്ഷൻ എന്നയാളെയും അസഭ്യം പറയുകയും പ്രകാശന്റെ കഴുത്തിന് നേരെ കത്തി വീശുകയുമായിരുന്നു.
സംഭവസ്ഥലത്തേക്ക് പ്രതികൾ വിളിച്ച് വരുത്തിയ പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾ കമ്പി പോലുള്ള ആയുധം ഉപയോഗിച്ച് ആക്രമിക്കാനൊരുങ്ങുകയും ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
ഈ കേസിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളെയും വീട്ടുകാർക്കൊപ്പം വിട്ടയച്ചു. ഇവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരമുള്ള നടപടികൾ സ്വീകരിക്കും.
സ്ഥലത്തെ സംഘാർഷാവസ്ഥ കണ്ട് നാട്ടുകാരിലൊരാൾ അടിയന്തിര പ്രതികരണ സംവിധാനത്തിന്റെ ഹെൽപ്പ്ലൈൻ നമ്പറിൽ വിളിച്ച് വിവരമറിയിച്ചതനുസരിച്ച് ഉടൻതന്നെ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിലെ ഒരു എസ്ഐയും ഒരു സി.പി.ഒ.യും സ്ഥലത്തെത്തിയിരുന്നു. എന്നാൽ പ്രതികളെ നിയന്ത്രിക്കാനാവാതെ വന്നതോടെ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തിയതാണ് ഇവരെ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെത്തിച്ചത്.
വിഷ്ണു പ്രസാദിനെതിരെ പുതുക്കാട്, തൃശൂർ ഈസ്റ്റ്, തൃശൂർ വെസ്റ്റ്, തൃശൂർ മെഡിക്കൽ കോളെജ്, പാലക്കാട് കോങ്ങാട്, ഇടുക്കി നെടുങ്കണ്ടം സ്റ്റേഷൻ പരിധികളിലായി ഒരു വധശ്രമ കേസ് ഉൾപ്പെടെ പത്തോളം ക്രിമിനൽ കേസുകൾ ഉണ്ട്.
മുഹമ്മദ് ഷാഫി കൊടുങ്ങല്ലൂർ, മാള സ്റ്റേഷൻ പരിധികളിലായി 3 അടിപിടിക്കേസുകളിലെ പ്രതിയാണ്.












Leave a Reply