ഇരിങ്ങാലക്കുട : വല്ലച്ചിറയിലുള്ള തെട്ടിപറമ്പിൽ ഭഗവതി കുടുംബ ക്ഷേത്രത്തിലെ ശ്രീകോവിലിലെ പ്രതിഷ്ഠയിൽ ധരിപ്പിച്ചിരുന്ന 20ഗ്രാം തൂക്കം വരുന്ന സ്വർണ്ണ തിരുവാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ക്ഷേത്രത്തിലെ മുൻ പൂജാരി വയനാട് കൃഷ്ണഗിരി സ്വദേശി പട്ടാശ്ശേരി വീട്ടിൽ ബിപിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു.
ആഗസ്റ്റ് 5ന് പുലർച്ചെ ഇപ്പോഴത്തെ പൂജാരി ക്ഷേത്രം തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്.
മോഷണ ശേഷം ശ്രീകോവിലിന്റെ വാതിലുകളിലും പടികളിലും പരിസരങ്ങളിലും മഞ്ഞൾ പൊടി വിതറിയാണ് മോഷ്ടാവ് രക്ഷപ്പെട്ടത്.
പൊലീസ് നടത്തിയ അന്വേഷണത്തിൽ ശ്രീകോവിലിന്റെ പൂട്ടു പൊളിക്കാതെ താക്കോൽ ഉപയോഗിച്ചു തുറന്നാണ് മോഷണം നടത്തിയിക്കുന്നതെന്നും ക്ഷേത്രത്തെക്കുറിച്ച് വ്യക്തമായി അറിയാവുന്നവരാണ് മോഷണം നടത്തിയതെന്നും മനസിലാക്കിയിരുന്നു.
ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം വയനാട്ടിലെത്തിയ പ്രത്യേക അന്വേഷണ സംഘം മീനങ്ങാടി പൊലീസിന്റെ കൂടി സഹായത്തോടെയാണ് മീനങ്ങാടിയിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.
നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
ഇരിങ്ങാലക്കുട ഡിവൈഎസ്പി സി.എൽ. ഷാജി, മുൻ ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷ്, ചേർപ്പ് എസ്എച്ച്ഒ എം.എസ്. ഷാജൻ, എസ്ഐ-മാരായ കെ.എസ്. സുബിന്ത്, സജിപാൽ, എഎസ്ഐ ജോയ് തോമസ്, സീനിയർ സിപിഒ-മാരായ ഇ.എസ്. ജീവൻ, സിൻ്റി, ജിയോ, ഇ.എച്ച്. ആരിഫ്, ടി.ബി. അനീഷ്, സിപിഒ കെ.എസ്. ഉമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Leave a Reply