ഇരിങ്ങാലക്കുട : മികച്ച ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടി ഇരിങ്ങാലക്കുടയുടെ സ്വന്തം സുധീർ മാഷ്.
ജന്മദേശം പാലക്കാടാണെങ്കിലും കർമ്മം കൊണ്ട് സുധീർ മാഷ് ഇരിങ്ങാലക്കുടക്കാരനാണ്.
2005ലാണ് ഇരിങ്ങാലക്കുട മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഭൂമിശാസ്ത്രം അധ്യാപകനായി ജോലിയിൽ പ്രവേശിച്ചത്. പിന്നീട് സുധീർ മാഷിൻ്റെ നാട് ഇരിങ്ങാലക്കുടയായി മാറുകയായിരുന്നു.
ഇപ്പോൾ കൊടകര ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലാണ്. നീണ്ട 20 വർഷങ്ങൾ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ ഭാഗമായ മാഷ് കഴിഞ്ഞ മാർച്ചിലാണ് പ്രമോഷനോടെ കൊടകര സ്കൂളിലേക്ക് ട്രാൻസ്ഫർ ആയത്.
ഇരിങ്ങാലക്കുട ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും മാഷ് മുൻനിരയിൽ തന്നെയുണ്ടായിരുന്നു.
2007ൽ സ്കൂളിലെ എൻ.എൻ.എസ്. പ്രോഗ്രാം ഓഫീസറായ മാഷ് 2019 ആയപ്പോഴേക്കും ജില്ലാ എൻ.എസ്.എസ്. കൺവീനറായി സ്ഥാനമേറ്റിരുന്നു.
2013ൽ മികച്ച അധ്യാപകനുള്ള നെഹ്റു ഗ്രൂപ്പ് അവാർഡും മികച്ച എൻ.എസ്.എസ്. ജില്ലാ കൺവീനർക്കുള്ള പുരസ്കാരവും മാഷിനെ തേടിയെത്തി.
ജില്ലയിലൂടനീളം മെഡിക്കൽ ക്യാമ്പുകളും ബ്ലഡ് ഡൊണേഷൻ ക്യാമ്പുകളും സംഘടിപ്പിച്ച മാഷ് കായികമേഖലയിലും മികച്ച സേവനം തന്നെയാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്.
കായിക അധ്യാപകരില്ലാത്ത ബോയ്സ് സ്കൂളിൽ 10 വർഷത്തോളം കായികതാരങ്ങൾക്കും അദ്ദേഹം വഴികാട്ടിയായി. പരിസരപ്രദേശങ്ങളിലെ കായികപ്രേമികളെ ചേർത്തുപിടിച്ച് കായിക കൂട്ടായ്മ സംഘടിപ്പിച്ച മാഷിന് സ്കൂളിന് അകത്തും പുറത്തും ശിഷ്യന്മാരേറെയാണ്.
ക്രിക്കറ്റാണ് മാഷിൻ്റെ ഇഷ്ട മേഖല. 45 വയസ്സിന് മുകളിലുള്ളവരുടെ തൃശ്ശൂർ ടീമിൽ സ്ഥിരം കളിക്കാരനാണ് മാഷ്.
ഇരിങ്ങാലക്കുടയിൽ അണിമംഗലം സുസ്മിതത്തിലാണ് മാഷ് താമസിക്കുന്നത്. സ്മിത സുധീർ ആണ് ഭാര്യ. ഏക മകൾ ഗായത്രി സുധീർ സിഎ വിദ്യാർഥിനിയാണ്.
Leave a Reply