നെൽകർഷകർക്ക് ഇത് കണ്ണീരോണം : നെല്ലിൻ്റെ വില ഓണത്തിനു മുമ്പ് നൽകുമെന്ന ഉറപ്പ് മന്ത്രി പാലിച്ചില്ല : അഡ്വ തോമസ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട : ഇക്കുറി കേരളത്തിലെ നെൽകർഷകർക്ക് കണ്ണീരിൽ കുതിർന്ന ഓണമാണെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ തോമസ് ഉണ്ണിയാടൻ.

കർഷകരിൽ നിന്നും സപ്ലൈകോ വഴി സർക്കാർ വാങ്ങിയ നെല്ലിന്റെ വില 48 മണിക്കൂറിനുള്ളിൽ നൽകണമെന്ന മുൻ ധാരണ നടപ്പാക്കണമെന്നും, നെല്ലിന്റെ വില കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകുമ്പോൾ മാത്രം തന്നാൽ മതിയെന്ന് സമ്മതപത്രം എഴുതി വാങ്ങുന്ന പുതിയ വ്യവസ്ഥ പിൻവലിക്കണമെന്നും ഉണ്ണിയാടൻ ആവശ്യപ്പെട്ടു.

ജില്ലയിലെ 34,866 കർഷകരിൽ നിന്നും സർക്കാർ 5 മാസങ്ങൾക്ക് മുൻപ് നെല്ല് സംഭരിച്ച വിലയിൽ കൊടുക്കാനുള്ള കോടിക്കണക്കിന് രൂപ ഇതുവരെ കൊടുത്തു തീർത്തിട്ടില്ല. ഇതുമൂലം ഇവിടത്തെ നെൽകർഷകർ തീരാദുരിതത്തിലാണ്.

സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നൽകേണ്ട ഓഡിറ്റ് റിപ്പോർട്ട്‌ 2017 വരെയുള്ളതു മാത്രമേ നൽകിയിട്ടുള്ളൂ. ഇത് മൂലമാണ് കേന്ദ്രവിഹിതം വൈകുന്നതെന്ന ആരോപണത്തിന്റെ യാഥാർത്ഥ്യം സംസ്ഥാന സർക്കാർ തെളിയിക്കണമെന്നും തോമസ് ഉണ്ണിയാടൻ പറഞ്ഞു.

ഓണത്തിന് മുമ്പ് നെല്ലിന്റെ വില നൽകുമെന്ന സംസ്ഥാന മന്ത്രിയുടെ ഉറപ്പ് ഇതേ വരെ പാലിക്കപ്പെട്ടില്ലാത്തതിനാൽ നെൽകർഷകർക്കു വേണ്ടിയുള്ള സമരം കേരള കോൺഗ്രസ് തുടരുമെന്നും ഉണ്ണിയാടൻ പറഞ്ഞു.

നെൽക്കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ വില മാസങ്ങൾ പിന്നിട്ടിട്ടും നൽകാത്ത സംസ്ഥാന സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച്‌ കേരള കോൺഗ്രസ്‌ പ്രവർത്തകർ വേളൂക്കരയിൽ നടത്തിയ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തോമസ് ഉണ്ണിയാടൻ.

ചടങ്ങിൽ മണ്ഡലം പ്രസിഡന്റ്‌ ജോൺസൻ കോക്കാട്ട് അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി.

നിയോജകമണ്ഡലം പ്രസിഡന്റ്‌ റോക്കി ആളൂക്കാരൻ, ഭാരവാഹികളായ സേതുമാധവൻ പറയംവളപ്പിൽ, സിജോയ് തോമസ്, സതീഷ് കാട്ടൂർ, ജോൺസൺ തത്തംപിള്ളി, ജോഷി കോക്കാട്ട്, ബിജു തത്തംപിള്ളി, ആഞ്ചിയോ പൊഴലിപ്പറമ്പിൽ, ഫിലിപ്പ് പുല്ലൂർക്കര, വർഗ്ഗീസ് ചെരടായി, കുരിയപ്പൻ പേങ്ങിപ്പറമ്പിൽ, ഡെന്നി തീത്തായി, ജോസ് കൂന്തിലി, മാത്യു പട്ടത്തുപറമ്പിൽ, വർഗ്ഗീസ് പയ്യപ്പിള്ളി, ജിസ്മോൻ കുരിയപ്പൻ, ബിജു പേരാമ്പുള്ളി,ലോറൻസ് ചെരടായി, ഷൈനി ജോൺസൻ, പി പി ഫ്രാൻസിസ്, സ്പിന്റോ വർഗ്ഗീസ്, ആന്റണി വർഗ്ഗീസ് കോക്കാട്ട് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *