ഇരിങ്ങാലക്കുട : മന്ത്രി ഡോ. ആർ. ബിന്ദുവിന് ഓണാശംസകളറിയിക്കാൻ മനോഹരമായ കാർഡുകൾ തയ്യാറാക്കി നിപ്മറിലെ ഭിന്നശേഷി വിദ്യാർഥികൾ.
ചണം, വർണ്ണക്കടലാസുകൾ, മുത്തുമണികൾ എന്നിവ ഉപയോഗിച്ച് നിപ്മറിലെ എം-വൊക്ക് വിദ്യാർഥികളാണ് 1000 ആശംസാ കാർഡുകൾ മന്ത്രി ഡോ. ആർ. ബിന്ദുവിന് സ്നേഹത്തോടെ ഒരുക്കി നൽകിയത്.
ഭിന്നശേഷിക്കാരായ കുട്ടികളെ തൊഴിൽ പരിശീലനം നൽകി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുന്ന പദ്ധതിയാണ് എമ്പവർമെന്റ് ത്രൂ വൊക്കേഷണലൈസേഷൻ. അതിലെ സർഗ്ഗാവിഷ്കാരമാണ് വിദ്യാർഥികളൊരുക്കിയ സുന്ദരങ്ങളായ കാർഡുകൾ. കുട്ടികളുടെ സമ്മാനം ഏറ്റുവാങ്ങിയ മന്ത്രി അഭിനന്ദനവും ആശംസയും നേർന്നു. കുട്ടികളുടെ കൈകളിൽ നിന്നും ജനിച്ച ഓണാശംസാകാർഡുകൾ ഒരുപാട് സന്തോഷവും പ്രത്യാശയുമാണ് സമൂഹത്തിന് സമ്മാനിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
കുട്ടികളിലെ എല്ലാത്തരം വൈവിധ്യങ്ങളെയും ചേർത്തുപിടിച്ച് ഓരോരുത്തരുടെയും വ്യത്യസ്തമായ കഴിവുകളെ കണ്ടെത്തി വളർത്തുമ്പോഴേ യഥാർത്ഥ സമൃദ്ധിയിലേക്ക് നാം വളരുകയുള്ളൂ എന്നും മന്ത്രി കൂട്ടിച്ചേർത്തു.
Leave a Reply