ഏകീകൃത കുർബ്ബാനയിൽ ഇളവ് വേണം : സീറോ മലബാർ സഭാ നേതൃത്വത്തിന് നിവേദനം നൽകി ഇരിങ്ങാലക്കുട രൂപത

ഇരിങ്ങാലക്കുട : 2021 ആഗസ്റ്റിലെ സിനഡിൽ ഏകീകൃത കുർബ്ബാന നടപ്പിലാക്കാൻ എടുത്ത തെറ്റായ തീരുമാനം സീറോ മലബാർ സഭയിലും ഇരിങ്ങാലക്കുട രൂപതയിലും ഉണ്ടാക്കിയ വലിയ വിഭജനത്തെ തുടർന്ന് ഏകീകൃത കുർബ്ബാന വിഷയത്തിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട രൂപതയിലെ വൈദികരും വിശ്വാസികളും സീറോ മലബാർ സഭയുടെ നേതൃത്വത്തിന് നിവേദനം സമർപ്പിച്ചു.

ഇരിങ്ങാലക്കുട രൂപതയിൽ ഏകീകൃത കുർബ്ബാന നടപ്പിലായെങ്കിലും ഓരോ ഇടവകയിലും ഓരോ രീതിയിലാണ് ഇപ്പോൾ കുർബ്ബാന അർപ്പിക്കപ്പെടുന്നതെന്നും ശാന്തമായിരുന്ന സഭയിൽ പ്രശ്നങ്ങൾ ഉണ്ടായത് ഏകീകൃത കുർബ്ബാന അടിച്ചേൽപ്പിച്ചത് മൂലമാണെന്നും നിവേദനത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

ഏകീകൃത കുർബ്ബാന നടപ്പിലാക്കിയാൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് രേഖാമൂലം 2021 സെപ്റ്റംബർ 29ന് ന്യൂൺഷ്യോക്ക് ഒരു പരാതി നൽകിയിരുന്നു.

നവംബർ 5ന് രൂപതയിലെ 184 വൈദികർ ഒപ്പിട്ട് ഓറിയന്റൽ കോൺഗ്രിഗേഷനും വത്തിക്കാൻ സെക്രട്ടറിക്കും സിനഡിനും സീറോ മലബാർ സഭയിലെ എല്ലാ മെത്രാന്മാർക്കും പരാതി നൽകിയിരുന്നു. ഡിസംബറിൽ അൽമായ മുന്നേറ്റവും സിനഡിന് പരാതി നൽകി.

2023 ഡിസംബറിൽ റോമിന്റെ പ്രതിനിധിയായി എത്തിയ മാർ സിറിൽ വാസിൽ മെത്രാപ്പോലീത്തക്കും പരാതി നൽകി. എന്നാൽ ഈ പരാതികൾക്കൊന്നും ഒരു സ്ഥലത്ത് നിന്നും മറുപടി ലഭിച്ചില്ലെന്ന് ഇരിങ്ങാലക്കുട രൂപത കുറ്റപ്പെടുത്തി.

ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനും 99% വിശ്വാസികളും അർപ്പിക്കുന്ന ജനാഭിമുഖ കുർബാന തന്നെ അർപ്പിക്കാനും പങ്കുചേരാനും തങ്ങൾ ആഗ്രഹിക്കുന്നതായും ഈ ആവശ്യത്തോട് അനുകൂലമായി തീരുമാനമെടുക്കാൻ ആകുന്നില്ലെങ്കിൽ എറണാകുളം – അങ്കമാലി രൂപതയ്ക്ക് നൽകിയ ആനുകൂല്യം തങ്ങൾക്കും നൽകണമെന്നും സഭ മുഴുവൻ നടപ്പിലാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാതിരിക്കുകയും വിരി, വസ്ത്രം, മരിച്ചവരുടെ ഓർമ്മദിനം, കുരിശ് അടയാളം വരച്ച് കുർബാന ആരംഭിക്കുന്നത് എന്നിവയിലുള്ള വ്യത്യാസങ്ങൾ തുടരുകയും ചെയ്യുകയാണെങ്കിൽ തങ്ങൾ നേരിട്ട് അടുത്ത ആരാധനക്രമവത്സരം മുതൽ ജനാഭിമുഖ കുർബ്ബാന ചൊല്ലാൻ നിർബന്ധിതരാകുമെന്ന് ഇരിങ്ങാലക്കുട രൂപതയിലെ ജനാഭിമുഖ കൂട്ടായ്മയ്ക്ക് വേണ്ടി സീനിയർ വൈദികരായ ഫാ. ജോൺ കവലക്കാട്ട്, ഫാ. ജോർജ്ജ് മംഗലൻ എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *