ഇരിങ്ങാലക്കുട : കേരളത്തിൻ്റെ ജൈവവൈവിധ്യത്തിനു തെളിവായി 9 ഇനം ഏകചാരി തേനീച്ചകളെ കൂടി കണ്ടെത്തി ക്രൈസ്റ്റ് കോളെജിലെ ഷഡ്‌പദ എൻ്റമോളജി റിസർച്ച് ലാബിലെ ഗവേഷകർ.
ആദ്യമായാണ് ഇവയെ സംസ്ഥാനത്ത് ശാസ്ത്രീയമായി രേഖപ്പെടുത്തുന്നത്.
പരിസ്ഥിതി സന്തുലനം നിലനിർത്തുന്നതിലും കാർഷികവിളകളുടെ ഉൽപാദനത്തിലും നിർണ്ണായക പങ്കുവഹിക്കുന്ന തേനീച്ചകളിൽ ഒന്നിച്ച് കൂട്ടമായി താമസിക്കുന്നവരും ഒറ്റയ്ക്ക് മണ്ണിൽ കൂടുണ്ടാക്കി ജീവിക്കുന്നവരും ഉണ്ട്.
തനിയെ ജീവിക്കുന്ന തേനീച്ചകൾ ‘ഏകചാരി തേനീച്ചകൾ’ എന്നാണ് പൊതുവിൽ അറിയപ്പെടുന്നത്.
‘ഹാലിക്റ്റിഡേ’ കുടുംബത്തിലെ ‘നോമിയിനേ’ ഉപകുടുംബത്തിൽപ്പെടുന്ന ഏകചാരി തേനീച്ചകളെ തൃശൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്.
ഓസ്‌ട്രോണമിയ ക്യാപ്പിറ്ററ്റ, ഓസ്‌ട്രോണമിയ ഗൊനിയോഗ്നാഥ, ഓസ്‌ട്രോണമിയ ഉസ്‌റ്റൂല, ഗ്നാതോനോമിയ അർജൻ്റിയോബാൾട്ടീറ്റ, ഹോപ്‌ളോനോമിയ ഇൻസെർട്ട, ലിപോട്രിച്ചസ് ടോറിഡ, ലിപോട്രിച്ചസ് എക്‌സാജൻസ്, ലിപോട്രിച്ചസ് മിനുറ്റുല, ലിപോട്രിച്ചസ് പൾക്രിവെൻട്രിസ് എന്നീ ഏകചാരി തേനീച്ചകളെയാണ് ഇപ്പോൾ കേരളത്തിൽനിന്ന് ആദ്യമായി കണ്ടെത്തി രേഖപ്പെടുത്തിയിരിക്കുന്നത്.
എൻ്റോമോളജിക്കൽ സൊസൈറ്റി ഓഫ് ഇറാൻ്റെ സഹകരണത്തോടെ ടാർബിയറ്റ് മോദാരെസ് യൂണിവേഴ്സിറ്റി പ്രസ്സ് പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര ജേണൽ ആയ ‘ജേണൽ ഓഫ് ഇൻസെക്റ്റ് ബയോഡൈവേഴ്സിറ്റി ആൻഡ് സിസ്റ്റമാറ്റിക്സ്’-ൻ്റെ ജൂലൈ ലക്കത്തിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഈ ഗവേഷണഫലം പുറത്തുവന്നതോടുകൂടി ഇന്ത്യയിൽ നിന്നും രേഖപ്പെടുത്തിയിട്ടുള്ള മൊത്തം നോമിയിനേ ഉപകുടുംബത്തിൽ ഉൾപ്പെടുന്ന തേനീച്ചകളുടെ 50.6 ശതമാനവും ദക്ഷിണേന്ത്യയിലെ 87.7 ശതമാനവും കേരളത്തിൽ കാണപ്പെടുന്നവയാണെന്ന് മനസ്സിലാക്കാൻ സാധിച്ചു.
മണ്ണിൽ ചെറിയ തുരങ്കങ്ങൾ പോലെ അതേസമയം സങ്കീർണ്ണമായ ഘടനയോടുകൂടിയ കൂടുകൾ നിർമിക്കുന്നതിൽ വിദഗ്ധരാണ് ഇവ. ഈ പ്രവൃത്തി മണ്ണിൻ്റെ ഘടനയെ മെച്ചപ്പെടുത്തുന്നതിൽ വളരെയധികം പങ്കുവഹിക്കുന്നു. കട്ടിയുള്ള മണ്ണ് മൃദുവാക്കപ്പെടുകയും, മണ്ണിലെ വായുസഞ്ചാരം മെച്ചപ്പെടുകയും, വെള്ളം മണ്ണിൽ ഇറങ്ങി ജലാംശത്തിന്റെ അളവ് വർദ്ധിക്കുകയും ചെയ്യുന്നു.
കൂടാതെ ഇവയുടെ ലാർവകൾക്ക് ഭക്ഷിക്കാനായി കൂട്ടിൽ ശേഖരിക്കുന്ന പൂമ്പൊടിയും പൂന്തേനും മണ്ണിലെ കാർബൺ, നൈട്രജൻ തുടങ്ങിയ മൂലകങ്ങളുടെ അളവ് ഉയർത്തുകയും മണ്ണിൻ്റെ ഗുണസമ്പത്ത് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ക്രൈസ്റ്റ് കോളെജിലെ ഷഡ്‌പദ എൻ്റമോളജി റിസർച്ച് ലാബിലെ ഗവേഷകരായ സി. അതുൽ ശങ്കർ, എ.വി. വിഷ്ണു, അഞ്ജു സാറ പ്രകാശ്, ക്രൈസ്റ്റ് കോളെജിലെ അസിസ്റ്റൻ്റ് പ്രൊഫസറും ലാബ് മേധാവിയുമായ ഡോ. സി. ബിജോയ്, പുല്ലൂറ്റ് കെ.കെ.ടി.എം. ഗവ. കോളെജിലെ പ്രൊഫസറും സുവോളജി വിഭാഗം മേധാവിയുമായ ഡോ. ഇ.എം. ഷാജി എന്നിവരാണ് പ്രസ്തുത പഠനം നടത്തിയത്.
കേരള സംസ്ഥാന ശാസ്ത്ര- സാങ്കേതിക പരിസ്ഥിതി കൗൺസിൽ, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ എന്നീ ഏജൻസികളുടെ സാമ്പത്തിക സഹായത്തോടെ നടത്തപ്പെട്ട ഈ ഗവേഷണത്തിലെ കണ്ടെത്തലുകൾ കേരളത്തിലെ ജൈവവൈവിധ്യ സംരക്ഷണത്തിനും പരിസ്ഥിതി പഠനത്തിനും സഹായകരമാകുമെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു.
Leave a Reply