ബൈക്ക് മോഷണ കേസിലെ പ്രതികൾ പിടിയിൽ ; 3 ബൈക്കുകൾ കണ്ടെടുത്തു

ഇരിങ്ങാലക്കുട : ബൈക്ക് മോഷണ കേസിലെ പ്രതികളായ ആമ്പല്ലൂർ ചെറുവാൾ വീട്ടിൽ ആകേഷ് (19), നെല്ലായി പന്നിയത്ത് വീട്ടിൽ ശരത്ത് (19) എന്നിവരെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.

ഫെബ്രുവരി 2ന് പുലർച്ചെ 1 മണിയോടെ പഴുവിൽ സ്വദേശി ബാബു ജോർജിന്റെ സുഹൃത്ത് ഷെറിന്റെ വീട്ടുമുറ്റത്തു വച്ചിരുന്ന ബൈക്കുകൾ മോഷ്ടിച്ച് കൊണ്ടുപോകുന്ന വഴി പഴുവിൽ പാലത്തിനടുത്ത് വച്ച് ബാബു ജോർജും സുഹൃത്തുക്കളും കാണുകയും തടയാൻ ശ്രമിച്ചപ്പോൾ കളവു ബൈക്ക് ഉപയോ​ഗിച്ച് ബാബു ജോർജിനെ ഇടിച്ചിട്ട് പ്രതികൾ കടന്നു കളയുകയുമായിരുന്നു.

അപകടത്തിൽ ബാബു ജോർജ് റോഡിൽ വീണ് കാലിന്റെ എല്ല് പൊട്ടിയിരുന്നു.

ആകേഷിനെ സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തു.

പിന്നീട് നടന്ന ശാസ്ത്രീയമായ അന്വേഷണത്തിലൊടുവിലാണ് ശരത്തിനെ പിടികൂടിയത്.

ശരത്ത് പുതുക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ 2023ൽ വീട് പൊളിച്ച് സ്വർണാഭരണം മോഷ്ടിച്ച കേസിലും, 2024ൽ കൊടകര സ്റ്റേഷൻ പരിധിയിൽ ഹോട്ടലിൽ അതിക്രമിച്ച് കടന്ന് ഫോണുകളും മറ്റും എടുത്ത കേസിലും, നെടുപുഴ സ്റ്റേഷൻ പരിധിയിൽ ബൈക്ക് മോഷണം നടത്തിയ കേസിലും പ്രതിയാണ്.

മറ്റു പ്രതികളെ അന്വേഷിച്ചു വരുന്നു.

പ്രതികളിൽ നിന്നും 3 ബൈക്കുകൾ കണ്ടെടുത്തു.

അതിൽ ഒരെണ്ണം മാള സ്റ്റേഷൻ പരിധിയിലെ കെഎസ്ആർടിസി ബസ് സ്റ്റാന്റിന് അടുത്തുള്ള ഗ്യാരേജിൽ നിന്നും കളവു പോയ ബൈക്കും ബാക്കി രണ്ട് ബൈക്കുകൾ പഴുവിൽ നിന്നും കളവു പോയതുമാണ്.

Leave a Reply

Your email address will not be published. Required fields are marked *