ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിലെ ദശരൂപകമഹോത്സവത്തിൻ്റെ രണ്ടാം ദിവസം മാർഗി മധു ചാക്യാർ സംവിധാനം ചെയ്ത മത്തവിലാസ പ്രഹസനം അരങ്ങേറി.
കൂടിയാട്ടത്തിന് മുൻപ് പ്രഹസനങ്ങളെ കേന്ദ്രീകരിച്ച് മധു ചാക്യാർ പ്രഭാഷണം നടത്തി.
മത്തവിലാസം കൂടിയാട്ടത്തിൽ കപാലിയായി നേപത്ഥ്യ യദുകൃഷ്ണൻ, ദേവസോമയായി നേപത്ഥ്യ ആരതി, ഉന്മത്തകനായി നേപത്ഥ്യ ശ്രീഹരി ചാക്യാർ, പാശുപതനായി ഗുരുകുലം തരുൺ, ശാക്യഭിക്ഷുവായി നേപത്ഥ്യ രാഹുൽ ചാക്യാർ എന്നിവർ രംഗത്തെത്തി.
മിഴാവിൽ കലാമണ്ഡലം മണികണ്ഠൻ, നേപത്ഥ്യ ജിനേഷ് ചാക്യാർ,
നേപത്ഥ്യ അശ്വിൻ, നേപത്ഥ്യ ആദർശ് എന്നിവരും, ഇടയ്ക്കയിൽ കലാനിലയം രാജൻ, താളത്തിൽ സരിത കൃഷ്ണകുമാർ, ആതിര ഹരിഹരൻ, ഗുരുകുലം വിഷ്‌ണുപ്രിയ എന്നിവരും, ചമയത്തിൽ കലാനിലയം ഹരിദാസ്, കലാനിലയം സുന്ദരൻ എന്നിവരും പങ്കെടുത്തു.
മൂന്നാം ദിവസമായ വെള്ളിയാഴ്ച ഡോ. അപർണ നങ്ങ്യാർ സംവിധാനം ചെയ്ത രുഗ്‌മിണീഹരണം കൂടിയാട്ടം അരങ്ങേറും.
കൃഷ്‌ണനിൽ അനുരക്തയായ രുഗ്‌മിണി സഖിയായ മകരന്ദികയോട് കൂടി കൃഷ്‌ണകഥകളെ വർണ്ണിക്കുന്നതാണ് കഥാഭാഗം.
രുഗ്‌മിണിയായി ഡോ. അപർണ നങ്ങ്യാരും മകരന്ദികയായി സരിത കൃഷ്‌ണകുമാറും രംഗത്തെത്തും.
രുഗ്‌മിണീഹരണം കൂടിയാട്ടത്തിന് മുൻപ് “ദശരൂപകങ്ങളിലെ ഈഹാമൃഗം – രുഗ്മിണീഹരണം നാടകത്തിൻ്റെ ഗ്രന്ഥ സാഹിതീയത” എന്ന വിഷയത്തിൽ ഡോ. മുരളീധരൻ പ്രഭാഷണം നടത്തും.












Leave a Reply