ഇരിങ്ങാലക്കുട : വാടാനപ്പള്ളി സ്റ്റേഷൻ പരിധിയിലെ ചിലങ്ക ജംഗ്ഷനിൽ വെള്ള ടാക്സി കാറിൽ വന്നിറങ്ങിയ ഒരാൾ റോഡ് ക്രോസ് ചെയ്യുന്ന സമയം എതിരെ വന്ന വാടാനപ്പള്ളി സ്വദേശിയുടെ കാറിന് മുന്നിലേക്ക് ചാടിയതിനെ തുടർന്ന് കാർ ഡ്രൈവർ നോക്കി കടക്കാൻ പറഞ്ഞതിലുള്ള വൈരാഗ്യത്തിൽ ഡ്രൈവറുടെ മുഖത്തടിക്കുകയും വടിവാൾ എടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം സ്ഥലത്ത് നിന്നും രക്ഷപ്പെട്ട 46 ക്രിമിനൽക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട ഹരീഷും കൂട്ടാളിയും പിടിയിൽ.
കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനകളിൽ മതിലകം സ്റ്റേഷൻ പരിധിയിലെ മതിൽമൂലയിൽ വെച്ച് കാർ കാണപ്പെടുകയും തുടർന്ന് പിൻതുടർന്ന് വാഹനം തടഞ്ഞ് നിർത്തി പ്രതികളെ പിടികൂടുകയുമായിരുന്നു.
കാട്ടൂർ സ്റ്റേഷൻ പരിധിയിലെ ഗുണ്ടയായ കാട്ടൂർ കാട്ടൂക്കടവ് സ്വദേശി നന്ദനത്ത് പറമ്പിൽ വീട്ടിൽ ഹരീഷ് (50), എറണാംകുളം മുളംതുരുത്തി സ്വദേശി എളിയാട്ടിൽ വീട്ടിൽ ജിത്തു (29) എന്നിവരെയാണ് കാറിൽ നിന്നും പിടികൂടിയത്.
ഇവർ സഞ്ചരിച്ചിരുന്ന കാറിൽ നിന്ന് ആയുധങ്ങളും കണ്ടെടുത്തു. പൊലീസ് തുടർനടപടികൾ സ്വീകരിച്ച് വരുന്നു.
ഹരീഷ് കാട്ടൂർ, വലപ്പാട്, ചേർപ്പ്, വാടാനപ്പിള്ളി, മതിലകം, അന്തിക്കാട്, ഒല്ലൂർ, പാലാരിവട്ടം, ചേരാനെല്ലൂർ എന്നീ സ്റ്റേഷൻ പരിധികളിലായി 46 ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.
ജിത്തു എറണാകുളം സെൻട്രൽ, തൃക്കാക്കര, ആലുവ, ചോറ്റാനിക്കര, വയനാട് വൈത്തിരി, മീനങ്ങാടി സ്റ്റേഷൻ പരിധികളിലായി ഏഴ് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.
തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ മതിലകം സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. ഷാജി, സബ് ഇൻസ്പെക്ടർ പ്രദീപ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷിജു, സനീഷ്, ഷനിൽ, ഷിജീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.












Leave a Reply