38-ാമത് കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് അനുസ്മരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കഥകളി സംഗീതത്തിലാറാടിയ അന്തരീക്ഷത്തിൽ 38-ാമത് കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് അനുസ്മരണം വേറിട്ട അനുഭവമായി മാറി.

കുറുപ്പാശാന്റെ ഛായാചിത്രത്തിനുമുമ്പിൽ കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരിയും പാലനാട് ദിവാകരനും ഭദ്രദീപം തെളിയിച്ച് സഭാവാസികൾ പുഷ്പാർച്ചന നടത്തി സമാരംഭം കുറിച്ച അനുസ്മരണ സംഗമത്തിൽ അനിയൻ മംഗലശ്ശേരി സ്വാഗതം പറഞ്ഞു.

കഥകളി സംഗീതത്തിന് ആദ്യമായി ചെന്നൈ മ്യൂസിക് അക്കാദമിയുടെ പുരസ്കാരം ലഭിച്ച ശതാഭിഷിക്തനായ മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരിയെ അനുസ്മരണസമിതി അധ്യക്ഷൻ സി.പി. കൃഷ്ണൻ പൊന്നാട ചാർത്തി ആദരിച്ചു.

കേരളകലാമണ്ഡലം കഥകളി സംഗീത വിഭാഗത്തിൻ്റെ സഹകരണത്തോടെ കഥകളി സംഗീതാചാര്യൻ കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ ആശാന്മയിൽ “നവരത്നപദമാലിക” എന്ന പേരിൽ കഥകളിയിലെ ചിട്ടപ്പെട്ട പദങ്ങളെ കോർത്തിണക്കിയ സംഗീതശില്പത്തോടെയാണ് ഉണ്ണികൃഷ്ണക്കുറുപ്പ് അനുസ്മരണത്തോടനുബന്ധിച്ചുള്ള “കഥകളി സംഗീതോത്സവം” ആരംഭിച്ചത്.

തുടർന്നു നടന്ന സംഗീതാർച്ചനയിൽ കഥകളി സംഗീതത്തിലെ മുതിർന്ന കലാകാരന്മാർ മുതൽ വിദ്യാർഥികൾ വരെയുള്ള നാല്പതിൽപരം കലാകാരന്മാർ പങ്കെടുത്തു. ഗായക സംഗമത്തിൽ കുചേലവൃത്തം കഥകളിയിലെ തെരഞ്ഞെടുത്ത പദങ്ങൾ ഗായകർ ഒത്തുചേർന്ന് ആലപിച്ചു.

“ഉണ്ണികൃഷ്ണക്കുറുപ്പും ആധുനിക സംഗീതവും” എന്ന വിഷയത്തെ അധികരിച്ച് പ്രമുഖ മാധ്യമപ്രവർത്തകൻ സി.കെ. ദിനേശ് പ്രഭാഷണം നടത്തി.

തുടർന്ന് അരങ്ങേറിയ “രുക്മിണീസ്വയംവരം” കഥകളിയിൽ കലാമണ്ഡലം സാജൻ രുക്മിണിയായും, കലാമണ്ഡലം ശ്രീകുമാർ സുന്ദരബ്രാഹ്മണനായും, കോട്ടയ്ക്കൽ സുധീർ ശ്രീകൃഷ്ണനായും വേഷമിട്ടു.

കോട്ടയ്ക്കൽ നാരായണൻ, അഭിജിത് വാര്യർ എന്നിവർ സംഗീതത്തിലും കോട്ടയ്ക്കൽ പ്രസാദ് ചെണ്ടയിലും കലാമണ്ഡലം വരവൂർ ഹരിദാസൻ മദ്ദളത്തിലും പശ്ചാത്തലമൊരുക്കി. കലാനിലയം ദേവദാസ് ചുട്ടികുത്തി. കലാമണ്ഡലം മനേഷ്, ഇരിങ്ങാലക്കുട നാരായണൻകുട്ടി എന്നിവരുടെ അണിയറ സഹായത്തോടെ ശ്രീ പാർവതി കലാകേന്ദ്രം, ഇരിങ്ങാലക്കുട ചമയമൊരുക്കി.

Leave a Reply

Your email address will not be published. Required fields are marked *