യുവപ്രതിഭകൾക്കായി ഒരുക്കുന്ന “നവ്യം – യൗവനത്തിൻ കലൈയാട്ടം” നാളെ മുതൽ

ഇരിങ്ങാലക്കുട : പ്രതിഭയും പ്രതിബദ്ധതയുമുള്ള കലാമുകുളങ്ങൾക്കായി ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ “നവ്യം – യൗവനത്തിൻ കലൈയാട്ടം” എന്ന പേരിൽ സംഘടിപ്പിക്കുന്ന വൈവിധ്യമാർന്ന രംഗകലകളുടെ ത്രിദിന അരങ്ങുകൾക്ക് നാളെ തിരി തെളിയും.

യുവനിരയിലെ പ്രയോക്താക്കൾക്ക് അരങ്ങുകൾ നൽകുന്നതോടൊപ്പം പഠിതാക്കൾക്കും കലാസ്വാദകർക്കും കലയുടെ സൗന്ദര്യവശങ്ങളെ കൂടുതൽ അടുത്തറിയുവാൻ ഉതകുന്ന വിധത്തിലാണ് “നവ്യ”ത്തിൻ്റെ ഉള്ളടക്കം വിഭാവനം ചെയ്തിട്ടുള്ളത്.

രംഗാവതരണങ്ങളോടൊപ്പം വിഷയകേന്ദ്രീകൃതമായി പ്രബന്ധാവതരണങ്ങളും, ചർച്ചകളും ഉൾപ്പെടുത്തിക്കൊണ്ട് ഉണ്ണായിവാര്യർ സ്മാരക കലാനിലയം ഹാളിലാണ് ഈ വർഷത്തെ “നവ്യം” അരങ്ങറുക.

ശ്രീഭരതം സ്കൂൾ ഓഫ് ഡാൻസിലെ യുവനർത്തകികൾ രംഗവന്ദനത്തോടെ അരങ്ങുണർത്തിയതിനുശേഷം സുപ്രസിദ്ധ സംഗീതജ്ഞൻ ശ്രീവത്സൻ ജെ. മേനോൻ ഭദ്രദീപം തെളിയിച്ച് “നവ്യ”ത്തിന് സമാരംഭം കുറിക്കും.

‘ബാലിവധം’ കഥകളിയിലെ രാവണവേഷത്തെ അധികരിച്ച് കലാമണ്ഡലം രവികുമാർ പ്രഭാഷണം നടത്തും.

തുടർന്ന് അരങ്ങേറുന്ന ബാലിവധം കഥകളിയിൽ കലാമണ്ഡലം വിശാഖ് രാവണനായും, കലാമണ്ഡലം മിഥുൻ നായർ അകമ്പനും മാരീചനുമായും, കലാമണ്ഡലം ലക്ഷ്മി ഗോപകുമാർ മണ്ഡോദരിയായും വേഷമിടും.

രണ്ടാം ദിവസം കർണ്ണാടക സംഗീത ത്രിമൂർത്തികളിലെ അമൂല്യരത്നമായ മുത്തുസ്വാമി ദീക്ഷിതരുടെ 250-ാം ജന്മവാർഷികത്തിൽ നടത്തുന്ന സംഗീതസദസ്സുകൾ അദ്ദേഹത്തിൻ്റെ ഓർമ്മകൾക്ക് മുൻപിൽ സമർപ്പിക്കും.

രാവിലെ മുത്തുസ്വാമി ദീക്ഷിതരുടെ പഞ്ചലിംഗസ്ഥല കീർത്തനാലാപനം നടത്തും. തുടർന്ന് കമലാംബാ നവാവരണ കൃതികളുടെ പ്രത്യേകതകളെക്കുറിച്ച് ശ്രീലത നമ്പൂതിരിയുടെ പ്രഭാഷണം. ആനന്ദ് കെ. രാജ് നയിക്കുന്ന കർണ്ണാടകസംഗീത കച്ചേരിയിൽ പാലക്കാട് കൈലാസപതി വയലിനിലും വിഷ്ണു ചിന്താമണി മൃദംഗത്തിലും പക്കമേളമൊരുക്കും.

ഉച്ചതിരിഞ്ഞ് സംഗീതജ്ഞൻ കോട്ടയ്ക്കൽ രഞ്ജിത്ത് വാര്യർ
‘കർണ്ണാടക സംഗീതത്തിലെ കാലികമായ ഭാവുകത്വ പരിണാമം’ എന്ന വിഷയത്തിൽ കച്ചേരിയിൽ പങ്കെടുത്ത കലാകാരന്മാരുമായി ചർച്ച നടത്തും.

ഉച്ചതിരിഞ്ഞ് ‘ബാലിവധം കൂടിയാട്ടത്തിന്റെ ഘടനയിൽ ഏകാഹാര്യരംഗാവതരണത്തിലെ സർഗ്ഗാത്മകത’ എന്ന വിഷയത്തിൽ ഡോ. അപർണ്ണ നങ്ങ്യാർ പ്രഭാഷണം നടത്തും.

തുടർന്ന് അമ്മന്നൂർ മാധവ് ചാക്യാർ അവതരിപ്പിക്കുന്ന സുഗ്രീവൻ്റെ നിർവ്വഹണം കൂടിയാട്ടം.

വൈകീട്ട് 6ന് “തായമ്പകയുടെ ഘടനാപരമായ അവതരണങ്ങളിൽ സർഗ്ഗാത്മകതയ്‌ക്കുള്ള സാധ്യതകളും പ്രാധാന്യവും – ഇന്ന്” എന്ന വിഷയത്തിൽ ഇരിങ്ങപ്പുറം ബാബുവിൻ്റെ പ്രഭാഷണം നടക്കും. തുടർന്ന് സന്ധ്യക്ക് മാർഗ്ഗി രഹിത കൃഷ്‌ണദാസിന്റെ തായമ്പക.

മൂന്നാം ദിനത്തിൽ രാവിലെ 9 മണിക്ക് പാഴൂർ ജിതിൻ മാരാരും പെരുമ്പിള്ളി ശ്രീരാഗ് മാരാരും ചേർന്ന് അവതരിപ്പിക്കുന്ന സോപാനസംഗീതവും ഡോ. ഗീത ശിവകുമാറിൻ്റെ പ്രഭാഷണവും അരങ്ങേറും. തുടർന്ന് ഭദ്ര രാജീവ് അവതരിപ്പിക്കുന്ന മോഹിനിയാട്ടം.

ഉച്ചതിരിഞ്ഞ് ഗുരു കലാമണ്ഡലം ചന്ദ്രിക മേനോനുമായി അവന്തിക സ്കൂൾ ഓഫ് ഡാൻസിലെ യുവകലാകാരന്മാർ ‘ദക്ഷിണേന്ത്യൻ നൃത്തകലകളുടെ അരങ്ങും കളരിയും – അന്നും ഇന്നും’ എന്ന വിഷയത്തിൽ നടത്തുന്ന അഭിമുഖം ഉണ്ടായിരിക്കും.

ഉച്ചതിരിഞ്ഞ് കാലൈമാമണി ഡോ. ശ്രീലത വിനോദിൻ്റെ പ്രഭാഷണം. തുടർന്ന് തീർത്ഥ പൊതുവാൾ അവതരിപ്പിക്കുന്ന ഭരതനാട്യം.

വൈകീട്ട് 6ന് നടക്കുന്ന ഗീത പത്മകുമാറിൻ്റെ പ്രഭാഷണത്തെ തുടർന്ന് 6.30ന് ഡോ. സ്നേഹ ശശികുമാറിൻ്റെ കുച്ചിപ്പുടിയോടെ ഈ വർഷത്തെ ‘നവ്യം’ പര്യവസാനിക്കും.

ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പ് : ഒരു കോടിയിലധികം രൂപ തട്ടിയ കേസിലെ പ്രതിയെ തിരുനെൽവേലിയിൽ നിന്ന് പിടികൂടി

ഇരിങ്ങാലക്കുട : ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പിലൂടെ 1,06,75000 രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ തിരുനെൽ വേലിയിൽ നിന്നും അറസ്റ്റ് ചെയ്തു.

തമിഴ്നാട് തിരുനെൽവേലി കരിക്കത്തോപ്പ് സ്വദേശി ഷേയ്ക്ക് മുഹമ്മദ് അലി (29) എന്നയാളെയാണ് തൃശൂർ റൂറൽ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.

കല്ലേറ്റുംകര സ്വദേശി താക്കോൽക്കാരൻ വീട്ടിൽ രാജുവിൽ നിന്ന് ജനുവരി 8 മുതൽ ഫെബ്രുവരി 14 വരെയുള്ള കാലയളവിലാണ് 1,06,75,000 രൂപ തട്ടിയെടുത്തത്.

പരാതിക്കാരൻ ഗൂഗിളിൽ സെർച്ച് ചെയ്ത് ഓൺലൈൻ ട്രേഡിങ് സംബന്ധമായ വീഡിയോകൾ കാണുന്നതിനിടെ ട്രേഡിങ്ങുമായി ബന്ധപ്പെട്ട ഒരു പരസ്യം കാണുകയും അതിലെ വിവിധ സ്റ്റോക്ക് ട്രേഡ് ടിപ്പ്സുകൾ കണ്ട് പരസ്യത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് 5 പൈസ ടെക്നിക്കൽ അനാലിസിസ് എന്ന വാട്സ് ആപ്പ് ഗ്രൂപ്പിൽ ആഡ് ആവുകയും ചെയ്തു.

അതിൽ ട്രേഡിങ് സംബന്ധമായ ടിപ്സുകൾ കാണുകയും കൂടുതൽ ലാഭകരമായ ട്രേഡിങ് നടത്തുന്നതിന് ഗ്രൂപ്പിലെ അഡ്മിനായ പ്രതി പരാതിക്കാരനെ ഫോൺ വിളിച്ച് ഫൈവ് പിസിഎൽ03 ട്രേഡിങ് പ്ലാറ്റ്ഫോം വഴി ഐപിഒ സ്റ്റോക്ക് ട്രേഡിങ്ങിനായി പണം ഇൻവെസ്റ്റ് ചെയ്ത് ലാഭമുണ്ടാക്കാമെന്ന് വാഗ്ദാനം നൽകുകയും തുടർന്ന് വാട്സ് ആപ്പ് വഴി ട്രേഡിങ് ചെയ്യുന്നതിനുള്ള ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള ലിങ്ക് അയച്ച് നൽകുകയും ചെയ്തു. തുടർന്നാണ് പണം ഇൻവെസ്റ്റ് ചെയ്യിപ്പിച്ചത്.

എന്നാൽ ഇൻവെസ്റ്റ് ചെയ്ത പണവും ലാഭവും പിൻവലിക്കാനായി ശ്രമിച്ച പരാതിക്കാരനോട് സർവ്വീസ് ചാർജ് ഇനത്തിൽ കൂടുതൽ തുക ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പാണെന്ന് മനസിലാക്കി പരാതി നൽകിയത്.

പരാതിക്കാരനിൽ നിന്നും തട്ടിയെടുത്ത പണത്തിൽ ഉൾപ്പെട്ട 6,58,000 രൂപ പ്രതിയായ ഷേയ്ക്ക് മുഹമ്മദ് അലിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ച് വാങ്ങി മറ്റ് പ്രതികൾക്ക് പിൻവലിച്ച് നൽകി ആയതിന് 15000 രൂപ കമ്മീഷൻ കൈപ്പറ്റി തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടതിനാണ് ഷേയ്ക്ക് മുഹമ്മദ് അലിയെ അറസ്റ്റ് ചെയ്തത്.

സൈബർ പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ പി.എസ്. സുജിത്ത്, ജി എസ് ഐ കെ.വി. ജെസ്റ്റിൻ, സി പി ഒ മാരായ സി.എസ്. ശ്രീയേഷ്, ആർ. ശബരീനാഥ്, ടി.പി. ശ്രീനാഥ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ പ്രഥമ മൊബൈൽ ക്രിമിറ്റോറിയംമുരിയാട്

ഇരിങ്ങാലക്കുട : മുരിയാടുകാർക്ക് ഇനി മുതൽ ക്രിമിറ്റോറിയം അന്വേഷിച്ച് മറ്റിടങ്ങളിലേക്ക് പോകേണ്ടതില്ല, ക്രിമിറ്റോറിയം വീട്ടുമുറ്റത്തെത്തും.

പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇരിങ്ങാലക്കുട നിയോജകമണ്ഡത്തിലെ തന്നെ ആദ്യത്തെ മൊബൈൽ ക്രിമിറ്റോറിയം യാഥാർത്ഥ്യമാക്കിയത്.

ക്രിമിറ്റോറിയം, മൊബൈൽ ഫ്രീസർ, അത് കൊണ്ടുപോകുന്നതിനുള്ള മഹീന്ദ്ര വിരോ വാഹനം എന്നിവയ്ക്കായി 20 ലക്ഷം രൂപയോളം വരുന്ന പ്രോജക്ട് ആണ് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്.

ഇതുപ്രകാരം വാഹനവും മൊബൈൽ ഫ്രീസറും ക്രിമിറ്റോറിയവും പഞ്ചായത്തിൽ എത്തിക്കഴിഞ്ഞു.

വാഹനത്തിൻ്റെ ബോഡി കെട്ടുന്ന പ്രവർത്തനം പൂർത്തീകരിച്ചാൽ ഏതാനും ദിവസങ്ങൾക്കകം ക്രിമിറ്റോറിയത്തിന്റെ സേവനം പൊതുജനങ്ങൾക്ക് ലഭ്യമാകും.

ഇരിങ്ങാലക്കുട മണ്ഡലത്തിലെ ആദ്യത്തേതും തൃശൂർ ജില്ലയിലെ മൂന്നാമത്തേതുമായ പഞ്ചായത്താണ് മൊബൈൽ ക്രിമിറ്റോറിയം എന്ന ആശയം നടപ്പിലാക്കുന്നത്.

പഞ്ചായത്ത് അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, സെക്രട്ടറി എം. ശാലിനി എന്നിവരുടെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേർന്ന് മൊബൈൽ ക്രിമിറ്റോറിയത്തിന്റെയും ഫ്രീസറിന്റെയും മഹീന്ദ്ര വീരോ വാഹനത്തിന്റെയും താക്കോലുകൾ ഏറ്റുവാങ്ങി.

ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രതി ഗോപി, ക്ഷേമകാര്യ സമിതി ചെയർപേഴ്സൺ സരിത സുരേഷ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.യു. വിജയൻ, ഭരണസമിതി അംഗം തോമസ് തൊകലത്ത്, അസിസ്റ്റൻ്റ് സെക്രട്ടറി മനോജ് മുകുന്ദൻ തുടങ്ങിയവരും പഞ്ചായത്ത് അംഗങ്ങളും ഹരിത കർമ്മസേനാ കൺസോർഷ്യം ഭാരവാഹികളും ജീവനക്കാരും പങ്കെടുത്തു.

ഹരിത കർമ്മസേനക്കാണ് മൊബൈൽ ക്രിമിറ്റോറിയത്തിൻ്റെ നടത്തിപ്പ് ചുമതല.

ഓൺലൈൻ പാർട്ട് ടൈം ജോബ് തട്ടിപ്പ് : 11 ലക്ഷത്തിലധികം രൂപ തട്ടിയ കേസിലെ പ്രതി പിടിയിൽ

ഇരിങ്ങാലക്കുട : ഓൺലൈൻ പാർട്ട് ടൈം ജോബ് തട്ടിപ്പിലൂടെ 11,80933 രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ മണ്ണാർക്കാട് നിന്നും അറസ്റ്റ് ചെയ്തു.

മലപ്പുറം നെല്ലിക്കുത്ത് സ്വദേശി ചക്കിപ്പറമ്പൻ വീട്ടിൽ മുഹമ്മദ്‌ മിഥിലാജ് (21) എന്നയാളെയാണ് തൃശൂർ റൂറൽ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.

ഓൺലൈൻ ജോബ് നൽകുന്ന ഏജൻസി ആണെന്നും ആമസോൺ പാർട്ട് ടൈം പ്രമോഷൻ വർക്കിലൂടെ ഇൻവെസ്റ്റ്മെന്റ് ചെയ്താൽ വൻ ലാഭം ലഭിക്കുമെന്നും വാഗ്ദാനം നൽകി വാട്സ് ആപ്പ്, ടെലിഗ്രാം അക്കൗണ്ടുകൾ മുഖേന ഓൺലൈൻ പാർട്ട് ടൈം ജോബുമായി ബന്ധപ്പെട്ട മെസേജുകൾ അയച്ച് വിശ്വാസം നേടിയെടുത്ത് ആളൂർ മാനാട്ടുകുളം സ്വദേശി സാഫല്യം വീട്ടിൽ ഹരീഷ് രവീന്ദ്രനാഥ് എന്നയാളിൽ നിന്ന് 2024 ജനുവരിയിലാണ് പ്രതി 11 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തത്.

ബാങ്ക് അക്കൗണ്ട് മുഖേന പണം അയച്ച് വാങ്ങിയതിനു ശേഷം ലാഭവിഹിതമോ നിക്ഷേപിച്ച പണമോ തിരികെ ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പ് മനസ്സിലാക്കുന്നത്.

പരാതിക്കാരനിൽ നിന്നും തട്ടിയെടുത്ത പണത്തിൽ ഉൾപ്പെട്ട 50000 രൂപ ട്രാൻസ്ഫർ ചെയ്ത ഒരു ബാങ്ക് അക്കൗണ്ട് ഉൾപ്പടെ 15 പേരെക്കൊണ്ട് വിവിധ ബാങ്കുകളിൽ അക്കൗണ്ട് എടുപ്പിച്ച് ആയതിന്റെ പാസ് ബുക്കുകൾ, എ.ടി.എം. കാർഡുകൾ, ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത സിം കാർഡുകൾ എന്നിവ പ്രതിയായ മുഹമ്മദ് മിഥിലാജ് കൈപ്പറ്റി സൈബർ തട്ടിപ്പുകൾ നടത്തുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

മുഹമ്മദ് മിഥിലാജ് തൃശൂർ റൂറൽ സൈബർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഓൺലൈൻ ജോബ് തട്ടിപ്പിലൂടെ 5 ലക്ഷം രൂപ തട്ടിയ കേസ്സിലും പ്രതിയാണ്. കൂടാതെ ഇയാൾക്കെതിരെ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ പ്രകാരം തമിഴിനാട്ടിലെ ചെന്നൈ സൗത്തിലും, വെസ്റ്റ് ബംഗാൾ പാർക്ക് സ്ട്രീറ്റിലും പരാതികളുണ്ട്.

നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

സൈബർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ പി.എസ്. സുജിത്ത്, എസ്ഐ ആൽബി തോമസ് വർക്കി, ജി എസ് ഐ മാരായ ഗ്ലാഡിൻ ഫ്രാൻസിസ്, ടി.എൻ. അശോകൻ, സി പി ഒ സന്ദീപ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

പൊറത്തിശ്ശേരി മഹാത്മാ സ്കൂളിൽ പുതിയ ഡൈനിങ് ഹാൾ ഒരുങ്ങി

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി മഹാത്മാ എൽ.പി. & യു.പി. സ്കൂളിലെ നിർമ്മാണം പൂർത്തീകരിച്ച ഡൈനിങ് ഹാളിന്റെ ഉദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.

മന്ത്രിയുടെ പ്രത്യേക വികസന നിധിയിൽ നിന്നും പത്ത് ലക്ഷം രൂപ ഉപയോഗിച്ചാണ് പൊറത്തിശ്ശേരി മഹാത്മാ സ്കൂളിലെ ഡൈനിങ് ഹാൾ നിർമ്മാണം പൂർത്തീകരിച്ചത്.

ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.

നഗരസഭ എഞ്ചിനീയർ ആർ. സന്തോഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഫെനി എബിൻ വെള്ളാനിക്കാരൻ, അംബിക പള്ളിപ്പുറത്ത്, ജെയ്സൺ പാറേക്കാടൻ, സി.സി. ഷിബിൻ, കൗൺസിലർ അഡ്വ. കെ.ആർ. വിജയ, നഗരസഭ സെക്രട്ടറി എം.എച്ച്. ഷാജിക്, സ്കൂൾ മാനേജർ വി.എം. സുശിതാംബരൻ, പ്രധാനാധ്യാപിക പി.ജി. ബിന്ദു, പി.ടി.എ. പ്രസിഡൻ്റ് കാർത്തിക സന്തോഷ്, മഹാത്മാ ഓൾഡ് സ്റ്റുഡന്റ്സ് ട്രഷറർ എം.ജെ. ഷാജി മാസ്റ്റർ, ഫസ്റ്റ് അസിസ്റ്റന്റ് രജനി, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

*നിര്യാതയായി*

*റോസി*

ഇരിങ്ങാലക്കുട : ചെട്ടിപ്പറമ്പ് മാണിക്കത്തുപറമ്പിൽ മാത്യു ഭാര്യ റോസി (86) നിര്യാതയായി.

സംസ്കാരം ബുധനാഴ്ച (നവംബർ 5) ഉച്ചതിരിഞ്ഞ് 3.30ന് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ.

മക്കൾ : എം.എം. ജോർജ്ജ്, എം.എം. ജോഷി, ലിസ്സി തോമസ്, ലീന ഉണ്ണി, അഡ്വ. എം.എം. ഷാജൻ

മരുമക്കൾ : സൂസൻ ജോർജ്ജ്, ജെയ്നി ജോഷി, ടി.എഫ്. തോമസ്, കെ. ഉണ്ണി, ഷീന ഷാജൻ

ലഹരി വിമുക്ത കേരളം യാഥാർത്ഥ്യമാക്കാൻ വിദ്യാർഥികളെ സാമൂഹ്യമായി സജീവമാക്കണം : മന്ത്രി ആർ. ബിന്ദു

ഇരിങ്ങാലക്കുട : വിദ്യാർഥികളെ സാമൂഹ്യമായി സജീവമാക്കുക എന്നതാണ് യഥാർത്ഥത്തിൽ ലഹരി വിമുക്ത കേരളം കെട്ടിപ്പടുക്കുന്നതിന് ഏറ്റവും ഫലപ്രദമായ ആയുധം എന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

ലഹരിവിമുക്ത ഇരിങ്ങാലക്കുട സാധ്യമാക്കുന്നതിന് മന്ത്രിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന “മധുരം ജീവിതം” ലഹരി വിരുദ്ധ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യ, ചിത്രരചനാ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനവിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കുട്ടികളുടെ കലാകായിക താത്പര്യങ്ങൾ പ്രോത്സാഹിപ്പിക്കുക, അവരുടെ മികവുകൾ പ്രദർശിപ്പിക്കാൻ അവസരം നൽകുക, കളിക്കളങ്ങളിലേക്കും സാമൂഹ്യ പ്രവർത്തനങ്ങളിലേക്കും അവരെ തിരിച്ചു കൊണ്ടുവരിക, സാമൂഹ്യമായി സജീവമാക്കുക എന്നിവ പ്രധാനമാണ്. വെർച്വൽ ലോകത്ത് മാത്രമുള്ള ജീവിതത്തിനപ്പുറം, മനുഷ്യജീവികളുമായി ഇടപഴകുന്ന സാമൂഹ്യജീവികളാക്കി വിദ്യാർഥികളെ മാറ്റാൻ സാധിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ലഹരിക്കെതിരെ മാത്രമല്ല, സമൂഹത്തിൽ യുവജനങ്ങൾ കടന്നുപോകുന്ന എല്ലാവിധ വിപത്തുകൾക്കും എതിരായുള്ള ബോധവത്കരണ പരിശ്രമങ്ങൾ കൂടി കൂട്ടി യോജിപ്പിക്കാനാണ് ‘മധുരം ജീവിതം’ സ്പെഷ്യൽ ക്യാമ്പയിൻ ലക്ഷ്യമിടുന്നത്.

പ്രാദേശിക തലം വരെ എത്താൻ കഴിയുന്ന വിവിധങ്ങളായ പരിപാടികളാണ് പദ്ധതിയിലൂടെ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നത്.

ജീവിതം മധുരമാണ് എന്ന് മനസിലാക്കി കൊടുക്കാനും സർഗാത്മകമായ രീതിയിൽ ജീവിതത്തെ നോക്കിക്കാണാനും സഹായിക്കുന്ന രീതിയിലാണ് ക്യാമ്പയിൻ നടത്തുന്നത്.

നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ക്ലബ്ബുകൾ, വിദ്യാർഥികൾ, പൊതുജനങ്ങൾ തുടങ്ങി നിരവധി പേർ മത്സരങ്ങളിൽ പങ്കെടുത്തിരുന്നു.

ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി അധ്യക്ഷത വഹിച്ചു.

മധുരം ജീവിതം ജനറൽ കൺവീനർ ഡോ. കേസരി ആമുഖപ്രഭാഷണം നടത്തി.

അഡീഷണൽ എസ്.പി. സിനോജ്, ക്രൈസ്റ്റ് കോളെജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ, സാഹിത്യ മത്സരം കൺവീനർ കെ.ആർ. സത്യപാലൻ തുടങ്ങിയവർ പങ്കെടുത്തു.

ഓപ്പറേഷൻ കാപ്പ തുടരുന്നു : കുപ്രസിദ്ധ ഗുണ്ട അക്ഷയ് അച്ചുവിനെ ജയിലിലാക്കി

ഇരിങ്ങാലക്കുട : ഓപ്പറേഷൻ കാപ്പയുടെ ഭാഗമായുള്ള തൃശൂർ റൂറൽ പൊലീസിന്റെ വേട്ട തുടരുന്നു.

കുപ്രസിദ്ധ ഗുണ്ടയായ കരുവന്നൂര്‍ ചെറിയപാലം പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ അച്ചു എന്നു വിളിക്കുന്ന അക്ഷയ് (23) എന്നയാളെ കാപ്പ ചുമത്തി 6 മാസക്കാലത്തേക്ക് ജയിലിലടച്ചു.

അക്ഷയ് ചേര്‍പ്പ്, ഇരിങ്ങാലക്കുട എന്നീ പൊലീസ് സ്റ്റേഷനുകളിലായി നാല് വധശ്രമക്കേസുകൾ അടക്കം ആറ് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

അക്ഷയ്ക്ക് കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും ചേർപ്പ് പൊലീസ് ഇന്‍സ്പെക്ടര്‍ എം.എസ്. ഷാജൻ, സബ് ഇന്‍സ്പെക്ടര്‍ കെ.എസ്. സുബിന്ദ്, എ.എസ്.ഐ. ജ്യോതിഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ മുഹമ്മദ് എന്നിവർ പ്രധാന പങ്ക് വഹിച്ചു.

2025ൽ മാത്രം ഇതുവരെ തൃശൂർ റൂറൽ ജില്ലയിൽ 71 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു. ആകെ 210 ഗുണ്ടകളെ കാപ്പ ചുമത്തി. 139 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും മറ്റുമുളള നടപടികൾ സ്വീകരിച്ചു.

ഇരിങ്ങാലക്കുട ഗവ. ഹോമിയോ ആശുപത്രി കെട്ടിടത്തിന് തറക്കല്ലിട്ടു

ഇരിങ്ങാലക്കുട : മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടിൽനിന്നും 24 ലക്ഷം രൂപ ചെലവഴിച്ചു നിർമ്മിക്കുന്ന ഇരിങ്ങാലക്കുട ഗവ. ഹോമിയോ ആശുപത്രിയുടെ കെട്ടിടത്തിന് മന്ത്രി ഡോ. ആർ. ബിന്ദു തറക്കല്ലിട്ടു.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫെനി എബിൻ വെള്ളാനിക്കാരൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ, വാർഡ് കൗൺസിലർ സന്തോഷ് ബോബൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

ചീഫ് മെഡിക്കൽ ഓഫീസർ ഡോ. എം. ബിജു മോഹൻ സ്വാഗതവും ഹോമിയോ ഡിസ്പെൻസറിയിലെ ഫാർമസിസ്റ്റ് മിഥുൻ അശോക് നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിന് തുടക്കമായി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിന് തുടക്കമായി.

ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറായ ഇരിങ്ങാലക്കുട റവന്യു ഡിവിഷണൽ ഓഫീസർ ഷിബു പോൾ പ്രശസ്ത കഥകളി കലാകാരൻ സദനം കൃഷ്ണൻകുട്ടിയുടെ വീട്ടിലെത്തി അദ്ദേഹത്തിന് എന്യുമറേഷൻ ഫോറം കൈമാറിയാണ് നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിന് തുടക്കം കുറിച്ചത്.

ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാർ കെ.ആർ. രേഖ, ഇലക്ഷൻ ക്ലർക്ക് ആതിര, ടെക്നിക്കൽ അസിസ്റ്റൻ്റ് ലിൻസി, മനവലശ്ശേരി വില്ലേജ് ഓഫീസർ കെ.എസ്. ബിന്ദു എന്നിവർ സന്നിഹിതരായിരുന്നു.

ആർ.ഡി. ഒ. സദനം കൃഷ്ണൻകുട്ടിക്കും വീട്ടുകാർക്കും തീവ്ര പരിഷ്കരണത്തിൻ്റെ ആവശ്യകതയും ഇതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളും വിശദമായി പറഞ്ഞു കൊടുക്കുകയും അദ്ദേഹത്തിൻ്റെ സംശയങ്ങൾക്ക് മറുപടി പറയുകയും ചെയ്തു.