ഇരിങ്ങാലക്കുട : പ്രതിഭയും പ്രതിബദ്ധതയുമുള്ള കലാമുകുളങ്ങൾക്കായി ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “നവ്യം – യൗവനത്തിൻ കലൈയാട്ടം” കലാമേളയുടെ രണ്ടാം ദിനത്തിൽ കർണ്ണാടക സംഗീത ത്രിമൂർത്തികളിലെ അമൂല്യരത്നമായ മുത്തുസ്വാമി ദീക്ഷിതരുടെ 250-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ദീക്ഷതർക്ക് പ്രണാമം അർപ്പിച്ചുകൊണ്ടായിരുന്നു തുടക്കം.
രാവിലെ മുത്തുസ്വാമി ദീക്ഷിതരുടെ പഞ്ചലിംഗസ്ഥല കീർത്തനാലാപനം യുവപ്രതിഭകൾ നടത്തിയത് സംഗീതാസ്വാദകർക്ക് അപൂർവ്വ അനുഭവമായി മാറി.
തുടർന്ന് ശ്രീലത നമ്പൂതിരി കമലാംബാ നവാവരണ കൃതികളുടെ ആഴത്തിലിറങ്ങികൊണ്ട് നടത്തിയ പ്രഭാഷണം ഏറെ ശ്രദ്ധേയമായി.
ശേഷം കർണ്ണാടസംഗീത രംഗത്തെ യുവപ്രതിഭയായ ആനന്ദ് കെ. രാജ് ദീക്ഷിതർ കൃതികളെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് കർണ്ണാടക സംഗീതക്കച്ചേരി അങ്ങേറി.
പാലക്കാട് കൈലാസപതി വയലിനിലും, വിഷ്ണു ചിന്താമണി മൃദംഗത്തിലും പക്കമേളമൊരുക്കി സംഗീതത്തിന് അകമ്പടിയേകി.
ഉച്ചതിരിഞ്ഞ് സംഗീതജ്ഞൻ കോട്ടയ്ക്കൽ രഞ്ജിത്ത് വാര്യർ
‘കർണ്ണാടകസംഗീതത്തിലെ കാലികമായ ഭാവുകത്വപരിണാമം’ എന്ന വിഷയത്തിൽ കച്ചേരിയിൽ പങ്കെടുത്ത കലാകാരന്മാരുമായി ചർച്ച നടത്തി.
ഉച്ചതിരിഞ്ഞ് ബാലിവധം കൂടിയാട്ടത്തിന്റെ ഘടനയിൽ ‘ഏകാഹാര്യരംഗാവതരണത്തിലെ സർഗ്ഗാത്മകത’ എന്ന വിഷയത്തിൽ ഡോ. അപർണ്ണ നങ്ങ്യാർ പ്രഭാഷണം നടത്തി.
തുടർന്ന് അമ്മന്നൂർ മാധവ് ചാക്യാർ സുഗ്രീവൻ്റെ നിർവ്വഹണം പ്രശ്നം വയ്ക്കൽ അരങ്ങത്ത് അവതരിപ്പിച്ചു.
വൈകീട്ട് “തായമ്പകയുടെ ഘടനാപരമായ അവതരണങ്ങളിൽ സർഗ്ഗാത്മകതയ്‌ക്കുള്ള സാധ്യതകളും പ്രാധാന്യവും – ഇന്ന്” എന്ന വിഷയത്തിൽ ഇരിങ്ങപ്പുറം ബാബുവിൻ്റെ പ്രഭാഷണം നടന്നു.
തുടർന്ന് അരങ്ങേറിയ മാർഗ്ഗി രഹിത കൃഷ്‌ണദാസിന്റെ തായമ്പക അത്യപൂർവ്വ വിരുന്നൊരുക്കി.














