കൃഷ്ണേന്ദു ദിനേശിനെ അനുമോദിച്ച് ഹിന്ദു ഐക്യവേദി

ഇരിങ്ങാലക്കുട : സബ് ജില്ലാ സ്കൂൾ കലോത്സവത്തിൽ കുച്ചിപ്പുടിയിൽ ഫസ്റ്റ് എ ഗ്രേഡ്, ഭരതനാട്യത്തിൽ സെക്കൻഡ് എ ഗ്രേഡ്, ഫോക്ക് ഡാൻസിൽ സെക്കൻഡ് എ ഗ്രേഡ് എന്നിങ്ങനെ നേടിയ കൃഷ്ണേന്ദു ദിനേശിനെ ഹിന്ദു ഐക്യവേദി അനുമോദിച്ചു.

ചടങ്ങിൽ ഹിന്ദു ഐക്യവേദി താലൂക്ക് രക്ഷാധികാരി സി.എസ്. വാസു, കെ.ആർ. രാജേഷ്, ലാൽ കുഴുപ്പുള്ളി, കെ.പി. പ്രദീപ് എന്നിവർ പങ്കെടുത്തു.

സകലവേഷവല്ലഭന് വിരുന്നൊരുക്കിയ ”സ്നേഹ സദനം” ഏറെ ഹൃദ്യമായി

ഇരിങ്ങാലക്കുട : കഥകളി രംഗത്തെ സകലവേഷവല്ലഭനായ ഡോ. സദനം കൃഷ്ണൻകുട്ടിയാശാൻ്റെ 84-ാം പിറന്നാൾദിനത്തിൽ ഇരിങ്ങാലക്കുട ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബ് ഒരുക്കിയ ‘സ്നേഹസദനം’ വിരുന്നിൽ പൗരപ്രമുഖരടക്കം ഇരിങ്ങാലക്കുടയുടെ ആസ്വാദകലോകം പങ്കെടുത്തു.

സ്നേഹവിരുന്നിനു ശേഷം നടന്ന ചടങ്ങ് അഭിനയകുലപതി നടനകൈരളി ഡയറക്ടർ വേണുജി ഉദ്ഘാടനം ചെയ്തു.

ക്ലബ്ബ് പ്രസിഡൻ്റ് രമേശൻ നമ്പീശൻ അധ്യക്ഷത വഹിച്ചു.

കൂടിയാട്ടാചാര്യൻ അമ്മന്നൂർ കുട്ടൻ ചാക്യാർ മുഖ്യാതിഥിയായി.

ഉണ്ണായിവാര്യർ സ്മാരക കലാനിലയം സെക്രട്ടറി അഡ്വ. സതീഷ് വിമലൻ, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി, നാദോപാസന പ്രസിഡൻ്റ് സോണിയ ഗിരി, കഥകളി ആർട്ടിസ്റ്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കലാമണ്ഡലം മനേഷ് എം. പണിക്കർ, പുല്ലൂർ ചമയം നാടകവേദി പ്രസിഡൻ്റ് എ.എൻ. രാജൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

കഥകളി ക്ലബ്ബ് വൈസ് പ്രസിഡൻ്റ് എ.എസ്. സതീശൻ സ്വാഗതവും സെക്രട്ടറി അഡ്വ. രാജേഷ് തമ്പാൻ നന്ദിയും പറഞ്ഞു.

ശതാഭിഷിക്തനായ ഡോ. സദനം കൃഷ്ണൻകുട്ടിയാശാനോടൊപ്പം ഒരുദിനം എന്ന പേരിൽ ഡിസംബർ 13ന് തൃശൂർ പാലിയേക്കര ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ സഹൃദയലോകം ഒരുക്കുന്ന “കൃഷ്ണപർവ്വം” എന്ന പരിപാടിയുടെ ബ്രോഷർ പ്രകാശനം പദ്മശ്രീ പെരുവനം കുട്ടൻ മാരാർ അനിയൻ മംഗലശ്ശേരിക്ക് നൽകി നിർവ്വഹിച്ചു.

തുടർന്ന് നടന്ന കിരാതം കഥകളിയിൽ കലാനിലയം വിനോദ് കുമാർ അർജ്ജുനനായും, വിനോദ് കൃഷ്ണൻ കാട്ടാളനായും, കലാമണ്ഡലം രാജേഷ് ബാബു കാട്ടാളസ്ത്രീയായും സജീവ് വിനോദ്, സഞ്ജയ് വിനോദ് എന്നിവർ കുട്ടി കാട്ടാളന്മാരായും, കലാനിലയം അജയ് ശങ്കർ മൂകാസുരനായും, കലാനിലയം സൂരജ് ശിവനായും, സുധീപ് പിഷാരടി പാർവതിയായും വേഷമിട്ടു.

കലാനിലയം സിനു, ഹരിശങ്കർ കണ്ണമംഗലത്ത് എന്നിവർ പാട്ടിലും, കലാനിലയം രതീഷ്, കലാനിലയം ജയശങ്കർ എന്നിവർ ചെണ്ടയിലും കലാനിലയം ശ്രീജിത്ത്, കലാനിലയം വൈഗേഷ് എന്നിവർ മദ്ദളത്തിലും അകമ്പടിയേകി. കലാനിലയം പ്രശാന്ത് ചുട്ടിയും, കലാമണ്ഡലം മനേഷ്, നാരായണൻ കുട്ടി, കലാനിലയം ശ്യാം മനോഹർ എന്നിവർ അണിയറ സഹായികളുമായി. രംഗഭൂഷ ഇരിങ്ങാലക്കുട ചമയമൊരുക്കി.

സൗജന്യ മെഡിക്കൽ ക്യാമ്പ് 14ന്

ഇരിങ്ങാലക്കുട : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെയും, ഇരിങ്ങാലക്കുട സെന്റ് വിൻസെന്റ് ഡി.ആർ.സി.
ഹോസ്പിറ്റലിന്റെയും സംയുക്ത സഹകരണത്തോടെ നവംബർ 14ന് രാവിലെ 9 മണി മുതൽ 12 മണി വരെ സെന്റ് വിൻസെന്റ് ഡയബറ്റിക് ഹോസ്പിറ്റലിൽ സൗജന്യ മെഡിക്കൽ പരിശോധനാക്യാമ്പ് സംഘടിപ്പിക്കും.

ക്യാമ്പിൽ ഡോക്ടർ കൺസൽട്ടേഷൻ, ബ്ലഡ്ഡ് ഷുഗർ ടെസ്റ്റ്‌, ക്രിയാറ്റിൻ ടെസ്റ്റ്‌, കോളസ്ട്രോൾ ടെസ്റ്റ്‌ എന്നീ സേവനങ്ങൾ സൗജന്യമായി ലഭിക്കും.

മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ട നമ്പറുകൾ :
0480-2826213, 8139894985

വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ മുസ്ലിം ലീഗ് യു ഡി എഫ് മുന്നണി വിട്ടു

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ യു ഡി എഫ് മുന്നണി ബന്ധം അവസാനിപ്പിച്ച് മുസ്ലീം ലീഗ്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 2 സീറ്റ് ആവശ്യപ്പെട്ടെങ്കിലും ഒരു സീറ്റ് മാത്രമാണ് യു ഡി എഫ് മുസ്ലീം ലീഗിന് നൽകിയിരുന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റ് മുസ്ലീം ലീഗിന് നൽകാമെന്ന് അന്ന് യു ഡി എഫ് ഉറപ്പു നൽകുകയും ഇതു സംബന്ധിച്ച കരാറിൽ ഒപ്പു വെയ്ക്കുകയും ചെയ്തിരുന്നുവത്രേ.

21 വാർഡുകളായിരുന്ന വെള്ളാങ്ങല്ലൂർ പഞ്ചായത്തിൻ്റെ ഭൂപടത്തിൽ ഇപ്രാവശ്യം 2 അധിക വാർഡുകൾ കൂടി ചേർക്കപ്പെട്ടിട്ടും പരസ്പരം ഉണ്ടായിരുന്ന കരാർ ലംഘിച്ച് മുസ്ലീം ലീഗിന് യുഡിഎഫ് സീറ്റ് നിഷേധിക്കുകയായിരുന്നു. ഇപ്പോഴും ഒരു സീറ്റ് മാത്രമേ നൽകാനാവൂ എന്ന നിലയിലാണ് കോൺഗ്രസ് മണ്ഡല നേതൃത്വം.

ഇതേ തുടർന്നാണ് യുഡിഎഫ് മുന്നണി വിടാൻ മുസ്ലീം ലീഗ് തീരുമാനിച്ചതെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

കേരളത്തിലെ പെയിൻ്റ് വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിൽ : ആശങ്ക രേഖപ്പെടുത്തി ആൾ കേരള പെയിൻ്റ് ഡീലേഴ്‌സ് സംസ്ഥാന കമ്മിറ്റി

ഇരിങ്ങാലക്കുട : വ്യാപാരരംഗത്തെ മാന്ദ്യം ഏറ്റവുമധികം ബാധിച്ച പെയിൻ്റ് വിപണന മേഖലയിൽ വ്യാപാരം അവസാനിപ്പിക്കേണ്ടി വരുന്ന അവസ്ഥയിലാണെന്ന് ആൾ കേരള പെയിൻ്റ് ഡീലേഴ്‌സ് സംസ്ഥാന കമ്മിറ്റി യോഗം.

റോഡ് വികസനത്തിൻ്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങൾ മാസങ്ങളോളം അടച്ചിടേണ്ടി വന്ന സാഹചര്യത്തിൽ വ്യാപാരികൾക്കുണ്ടായ കനത്ത നഷ്ടം സർക്കാർ ഇടപെട്ടുകൊണ്ട് പരിഹരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

അടുത്ത കാലത്ത് കേരളത്തിൽ പല ജില്ലകളിലും പെയിൻ്റ് വ്യാപാര സ്ഥാപനങ്ങളിൽ തീപിടുത്തം മൂലം വൻ നാശനഷ്ടം സംഭവിച്ചതിന്റെ അടിസ്ഥാനത്തിൽ സംഘടന മുൻകൈ എടുത്ത് എല്ലാ പെയിൻ്റ് വ്യാപാരികൾക്കും വ്യാപാര ഇൻഷുറൻസ് നൽകുന്നതിന് തീരുമാനിക്കുകയും യുണൈറ്റഡ് ഇന്ത്യ ഇഷുറൻസ് കമ്പനിയുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ 1 ലക്ഷം രൂപയ്ക്ക് 20 രൂപ എന്ന നിരക്കിൽ ഇൻഷുറൻസ് പരിരക്ഷ നടപ്പാക്കുകയും ചെയ്തു‌.

പെയിൻ്റ് വ്യാപാരികളെയും കുടുംബത്തെയും പരിപൂർണ്ണ തോതിൽ സംരക്ഷിക്കുന്നതിനുള്ള പദ്ധതികൾ ആരംഭിക്കുന്നതിനും യോഗം തീരുമാനിച്ചു.

യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് കെ.ഐ. നജാഹ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി പി. പ്രദീപ് സ്വാഗതം പറഞ്ഞു.

സംസ്ഥാന ട്രഷറർ ജോജി പീറ്റർ സംഘടനാ റിപ്പോർട്ടും വരവു ചിലവ് കണക്കും അവതരിപ്പിച്ചു.

മികച്ച സംഘടനാ പ്രവർത്തകരായി തെരഞ്ഞെടുത്ത സംസ്ഥാന വൈസ് പ്രസിഡൻ്റ് ബെന്നിച്ചൻ കുട്ടൻചിറയിലിനെയും സംസ്ഥാന സെക്രട്ടറി ഹമീദ് കോട്ടയിലിനെയും യോഗത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സ്‌മിത്ത് പാലപ്പുറം ആദരിച്ചു.

സംഘടനയുടെ സുവനീർ സംസ്ഥാന പ്രസിഡൻ്റ് പ്രകാശനം ചെയ്തു‌.

ഏറ്റവും മനോഹരമായ രീതിയിൽ സംഘടനയ്ക്ക് വേണ്ടി സുവനീർ തയ്യാറാക്കിയ സംസ്ഥാന ജനറൽ സെക്രട്ടറി പി. പ്രദീപിനെ യോഗം ആദരിച്ചു.

യോഗത്തിൽ സംസ്ഥാന ഭാരവാഹികളായ ബിനോയ് ചെമ്പകശ്ശേരി, അബ്ദുൽ സലാം, ഈരേത്ത് ഇഖ്ബാൽ, ജിതേഷ്, ജോൺസൻ, അമൽ, മധുസൂദനൻ, എബി പൊന്നാട്ട്, ബിനു തോമസ്, ഷെരീഫ് തുടങ്ങിയവർ പ്രസംഗിച്ചു.

ഭാരതീയ വിദ്യാഭവനിൽ മണിപ്പൂരി കലാരൂപം അവതരിപ്പിച്ചു

ഇരിങ്ങാലക്കുട : കേന്ദ്ര സാംസ്കാരിക വകുപ്പും സ്പിക് മാക്കെയും ഗുരുകൃപ ഫൗണ്ടേഷനും സംയുക്തമായി നടത്തുന്ന കലാപൈതൃക പ്രചാരണയജ്ഞത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ മണിപ്പൂരി കലാരൂപമായ ‘പുങ് ചോലം’ അവതരിപ്പിച്ചു.

പ്രസിദ്ധ മണിപ്പൂരി കലാകാരൻ മായൻഗ്ലംബം ശോഭാമണി സിംഗിന്റെ നേതൃത്വത്തിൽ എട്ട് മണിപ്പൂരി കലാകാരന്മാരാണ് കലാരൂപം അവതരിപ്പിച്ചത്.

അസാധാരണമായ മെയ് വഴക്കവും താളബോധവും ഒത്തിണക്കവും പ്രകടമാക്കിയ അവതരണം വിദ്യാർഥികളെ ആവേശഭരിതരാക്കി.

എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സി. നന്ദകുമാർ കലാകാരന്മാരെ പൊന്നാട അണിയിച്ച് ആദരിച്ചു.

സ്പിക്മാക്കെ കേരള കോർഡിനേറ്റർ ഉണ്ണി വാര്യർ, ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ സെക്രട്ടറി വി. രാജൻ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ശോഭ ശിവാനന്ദരാജൻ, അഡ്വ. ജോർഫിൻ പേട്ട, വൈസ് പ്രിൻസിപ്പൽ സുജാത രാമനാഥൻ എന്നിവർ സന്നിഹിതരായിരുന്നു.

അധ്യാപകരായ വിദ്യ സംഗമേശ്വരൻ, ആർ. രേഖ, എ.ഡി. സജു, രമ്യ സുധീഷ് എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.

ഡൽഹി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് പ്രണാമം : അനുസ്മരണം നടത്തി യുവമോർച്ച

ഇരിങ്ങാലക്കുട : ഡൽഹി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് പ്രണാമം അർപ്പിച്ച് യുവമോർച്ച ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം നടത്തി.

തീവ്രവാദി ആക്രമണത്തെ ഭാരതത്തിലെ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് നേരിടണമെന്ന് യുവമോർച്ച ആവശ്യപ്പെട്ടു.

യുവമോർച്ച മണ്ഡലം പ്രസിഡന്റ്‌ രാകേഷ് കൃഷ്ണ അധ്യക്ഷത വഹിച്ചു.

ബിജെപി സൗത്ത് ജില്ല സെക്രട്ടറി അഖിലാഷ് വിശ്വനാഥൻ അനുസ്മരണം ഉദ്ഘാടനം ചെയ്തു.

യുവമോർച്ച ജില്ല നേതാക്കളായ ജിനു ഗിരിജൻ, ആശിഷ ടി. രാജ് എന്നിവർ പ്രസംഗിച്ചു.

സായി കൃഷ്ണ സ്വാഗതവും മണ്ഡലം സെക്രട്ടറി സാരഗ് നന്ദിയും പറഞ്ഞു.

യുവമോർച്ച നേതാക്കളായ നിധീഷ് കുമാർ, രോഹിത്, രൂപക്, വിഷ്ണു, സന്തോഷ്‌ പിഷാരടി, അനുരാഗ്, അരുൺ, വിജയ് എന്നിവർ സന്നിഹിതരായിരുന്നു.

എൻ.എസ്.എസ്. സംയുക്ത മേഖല നേതൃയോഗം

ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്ക് എൻ.എസ്.എസ്. കരയോഗം യൂണിയൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംയുക്ത മേഖല നേതൃയോഗം എൻ.എസ്.എസ്. തളിപ്പറമ്പ് താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ. എം.എം. ഷജിത് ഉദ്ഘാടനം ചെയ്തു.

ചാലക്കുടി സി.കെ.എം. എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്ന യോഗത്തിൽ മുകുന്ദപുരം താലൂക്ക് യൂണിയൻ ചെയർമാൻ അഡ്വ. ഡി. ശങ്കരൻകുട്ടി അധ്യക്ഷത വഹിച്ചു.

കുഴൂർ, അന്നമനട, കൊരട്ടി, ചാലക്കുടി, കൊടകര, കോടാലി മേഖലകളിലെ 74 കരയോഗങ്ങളിലെ പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ഖജാൻജി, യൂണിയൻ പ്രതിനിധികൾ, ഇലക്ട്രറൽ റോൾ മെമ്പർ, വനിതാ സമാജം പ്രസിഡൻ്റ്, സെക്രട്ടറി എന്നിവരാണ് നേതൃയോഗത്തിൽ പങ്കെടുത്തത്.

മേഖലാ പ്രതിനിധികളായ പി.ആർ. അജിത്കുമാർ (കുഴൂർ – അന്നമനട), ആർ. ബാലകൃഷ്ണൻ (കൊരട്ടി), സുനിൽ കെ. മേനോൻ (കോടാലി), ബിന്ദു ജി. മേനോൻ (കൊടകര), വനിതാ യൂണിയൻ പ്രസിഡൻ്റ് ജയശ്രീ അജയ്, എം.എ. അനില (അന്നമനട), മീര ഷാജി (ചാലക്കുടി), സ്മിത ജയകുമാർ (കോടാലി) എന്നിവർ ആശംസകൾ നേർന്നു.

താലൂക്ക് യൂണിയൻ സെക്രട്ടറി കൃഷ്ണകുമാർ സംഘടനാ വിഷയങ്ങൾ വിശദീകരിച്ചു.

ചാലക്കുടി മേഖല പ്രതിനിധി എൻ. ഗോവിന്ദൻകുട്ടി നന്ദി പറഞ്ഞു.

134 വർഷത്തിന് ശേഷം കേരളത്തിൽ നിന്ന് പുതിയ മൂങ്ങവലച്ചിറകനെ കണ്ടെത്തി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിലെ ഗവേഷക സംഘം നടത്തിയ പഠനത്തിൽ കേരളത്തിൽ നിന്ന് പുതിയൊരു മൂങ്ങവലച്ചിറകനെ കണ്ടെത്തി.

മിർമെലിയോണ്ടിഡേ കുടുംബത്തിൽപ്പെടുന്ന ഇവ ന്യൂറോപ്ടെറ ഓർഡറിലാണ് ഉൾപ്പെടുന്നത്.

പ്രോട്ടിഡ്രിസെറസ് ആൽബോകാപിറ്റാറ്റസ് എന്നതാണ് ഈ ജീവജാതിക്ക് നൽകിയ പേര്.

പശ്ചിമഘട്ട ജൈവവൈവിധ്യ ഹോട്ട്സ്പോട്ടിന്റെ ഭാഗമായ മലപ്പുറം ജില്ലയിലെ നെടുങ്കയം വനപ്രദേശങ്ങളിൽ നിന്നാണ് ഈ ജീവിയെ കണ്ടെത്തിയത്. ഈ കണ്ടെത്തൽ ഇന്ത്യയിൽ നിന്ന് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള പ്രോട്ടിഡ്രിസെറസ് ജനുസ്സിലെ വെറും രണ്ടാമത്തെ മാത്രം ജീവജാതി ആണെന്നത് ശ്രദ്ധേയമാണ്. രാജ്യത്ത് ഇതേ ജനുസ്സിൽപ്പെട്ട ആദ്യ സ്പീഷിസ് ആയ പ്രോട്ടിഡ്രിസെറസ് എൽവെസിയെ 1891ൽ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ മക്ലാക്ക്ലൻ ആണ് കണ്ടെത്തി വിവരിച്ചത്.

അതിനാൽ ഈ പുതിയ രേഖപ്പെടുത്തൽ 134 വർഷങ്ങൾക്കുശേഷം ഇന്ത്യയിലെ പ്രോട്ടിഡ്രിസെറസ് ജനുസ്സിന്റെ ചരിത്രത്തിൽ മറ്റൊരു സുപ്രധാന കണ്ടെത്തലായാണ് പരിഗണിക്കപ്പെടുന്നത്.

ആൽബോകാപിറ്റാറ്റസ് എന്ന ജീവജാതിയുടെ പേര് ലാറ്റിൻ വാക്കുകളിൽ നിന്നാണ് സ്വീകരിച്ചത്. ആൽബസ് അഥവാ വെളുപ്പ് എന്നർത്ഥം വരുന്ന പദം, കാപിറ്റാറ്റസ് അഥവാ സ്‌പർശനിയുടെ അഗ്രഭാഗം എന്നിവയെ സൂചിപ്പിച്ചാണ് നാമകരണം.

കണ്ടെത്തലിന്റെ വിശദാംശങ്ങൾ അന്താരാഷ്ട്ര ശാസ്ത്ര മാസികയായ സൂടാക്‌സയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ക്രൈസ്റ്റ് കോളെജിലെ ഷഡ്‌പദ എന്റമോളജി റിസർച്ച് ലാബിലെ ഗവേഷകനും എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളെജിലെ അസിസ്റ്റൻ്റ് പ്രൊഫസറുമായ ഡോ. ടി.ബി. സൂര്യനാരായണൻ, ക്രൈസ്റ്റ് കോളെജിലെ അസിസ്റ്റൻ്റ് പ്രൊഫസറും എസ്.ഇ.ആർ.എൽ. മേധാവിയുമായ ഡോ. സി. ബിജോയ്, ഹംഗേറിയൻ ശാസ്ത്രജ്ഞൻ ഡോ. ലെവിൻഡി എബ്രഹാം, സൂവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞൻ ഡോ. മുഹമ്മദ് ജാഫർ പാലോട് എന്നിവരാണ് കണ്ടെത്തലിനു പിന്നിൽ പ്രവർത്തിച്ചത്.

മൂങ്ങവലച്ചിറകനെ സാധാരണയായി കല്ലൻതുമ്പികളുമായി തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ നീളമേറിയ, മുന്നോട്ടു നീണ്ടു നിൽക്കുന്ന സവിശേഷ സ്‌പർശനികൾ ഉള്ളതാണ് ഇവയെ കല്ലൻതുമ്പികളിൽ നിന്നും വേർതിരിക്കുന്നത്. മുതിർന്ന മൂങ്ങവലച്ചിറകന്മാർക്ക് വലിയ വിഭജിത കണ്ണുകളും സന്ധ്യാസമയങ്ങളിൽ സജീവമാവുന്ന ശീലങ്ങളുമുണ്ട്. അവിടെ നിന്നാണ് “മൂങ്ങവലച്ചിറകൻ” എന്ന പൊതുനാമം വന്നത്.

ഇവ ന്യൂറോപ്ടെറ ഓർഡറിലാണ് ഉൾപ്പെടുന്നത്. ഇവ പൂർണ്ണരൂപാന്തരത്തിലൂടെയാണ് വളരുന്നത്. അതേസമയം സാധാരണ ഇവയുമായി തെറ്റിദ്ധരിക്കപ്പെടുന്ന തുമ്പികൾ ഒഡോനാറ്റ ഓർഡറിലാണ് ഉൾപ്പെടുന്നത്. തുമ്പികൾ അപൂർണ്ണരൂപാന്തരത്തിലൂടെയാണ് വളരുന്നത്.

കേരളത്തിൽ കണ്ടെത്തിയ മൂങ്ങവലച്ചിറകന്റെ എണ്ണം ഇതോടെ അഞ്ച് ആയി. ഇന്ത്യയിലെ ആകെ എണ്ണം 37 ആയി ഉയർന്നു. കൂടുതൽ കേന്ദ്രീകൃതമായ പഠനങ്ങൾ നടത്തി കഴിഞ്ഞാൽ പുതിയ ജീവജാതികളുടെ സാന്നിധ്യം ഇന്ത്യയിൽ പുറത്തുവരാനിടയുണ്ടെന്ന് ടി.ബി. സൂര്യനാരായണൻ വ്യക്തമാക്കി.

കൗൺസിൽ ഫോർ സയന്തിഫിക്ക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR) ഗവേഷണ ഗ്രാന്റ് ഉപയോഗിച്ചാണ് ഈ പഠനം നടത്തിയത്. ക്രൈസ്റ്റ് കോളെജിലെ ഷഡ്‌പദ എന്റമോളജി ഗവേഷണ കേന്ദ്രത്തിൽ ഇത്തരം ജീവികളുടെ ഗവേഷണത്തിന് പ്രത്യേക ഊന്നൽ നൽകുന്നുണ്ട്.

നൃത്തരങ്ങുകളുടെ നിറവിൽ ‘നവ്യം’ പര്യവസാനിച്ചു

ഇരിങ്ങാലക്കുട : പ്രതിഭാധനരായ യുവകലാകാരന്മാർക്കായി ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബ് “നവ്യം – യൗവനത്തിൻ കലൈയാട്ടം” എന്ന പേരിൽ സംഘടിപ്പിച്ച കലാമേള നൃത്തരങ്ങുകളുടെ നിറവിൽ പര്യവസാനിച്ചു.

മൂന്നാം ദിനം രാവിലെ പാഴൂർ ജിതിൻ മാരാരും പെരുമ്പിള്ളി ശ്രീരാഗ് മാരാരും ചേർന്നാലപിച്ച സോപാനസംഗീതം ശുദ്ധമായ കേരളീയ സംഗീത വഴക്കത്തിൻ്റെ നേർസാക്ഷ്യമായിരുന്നു.

ഡോ. ഗീത ശിവകുമാർ പ്രഭാഷണത്തിൽ മോഹിനിയാട്ടത്തിൻ്റെ മാർഗ്ഗം പദ്ധതിയുടെ കെട്ടുറപ്പിൽ നിന്നുകൊണ്ട് സർഗ്ഗാത്മകതയ്ക്ക് ഇടമുണ്ടെന്ന് പ്രതിബാധിച്ചു.

തുടർന്ന് ഭദ്ര രാജീവ് അവതരിപ്പിച്ച മോഹിനിയാട്ടത്തിൽ കനക്റിലേയുടെ ശൈലി മുറ്റിനിന്നു.

ഗുരു കലാമണ്ഡലം ചന്ദ്രിക മേനോനുമായി അവന്തിക സ്കൂൾ ഓഫ് ഡാൻസിലെ യുവകലാകാരന്മാർ ‘ദക്ഷിണേന്ത്യൻ നൃത്തകലകളുടെ അരങ്ങും കളരിയും – അന്നും ഇന്നും’ എന്ന വിഷയത്തിൽ നടത്തിയ അഭിമുഖം അനുവാചകരിൽ പഴയ കലാശീലുകളുടെ ഗൃഹാതുരത്വം ഉണർത്തി.

കാലൈമാമണി ഡോ. ശ്രീലത വിനോദിൻ്റെ പ്രഭാഷണത്തിൽ മാർഗ്ഗം പദ്ധതിയിൽ അവതരിപ്പിക്കുന്ന ഭരതനാട്യം കച്ചേരിയിൽ പഴമയുടെ സൗന്ദര്യം എങ്ങനെ ഇപ്പോഴും തുടരുന്നു എന്ന് വ്യക്തമാക്കി. തുടർന്ന് തീർത്ഥ പൊതുവാൾ അവതരിപ്പിച്ച ഭരതനാട്യം അരങ്ങേറി.
വെമ്പട്ടിചിന്നസത്യത്തിൻ്റെ ശൈലി, കുച്ചിപ്പുടിയുടെ കാലികമായ മാർഗ്ഗം പദ്ധതിയിൽ എങ്ങനെ സ്വാധീനിച്ചിരിക്കുന്നു എന്ന വിഷയത്തിൽ ഗീത പത്മകുമാർ പ്രഭാഷണം നടത്തി.

തുടർന്ന് അരങ്ങേറിയ ഡോ. സ്നേഹ ശശികുമാറിൻ്റെ കുച്ചിപ്പുടിയുടെ രംഗാവിഷ്കാരത്തോടെ ഈ വർഷത്തെ ‘നവ്യം’ പര്യവസാനിച്ചു.