ഇരിങ്ങാലക്കുട : ആക്ഷൻ പ്ലാൻ ഓൺ ക്ലൈമറ്റ് ചേഞ്ച് കാലാവസ്ഥ വ്യതിയാനം കർമ്മപദ്ധതി തയ്യാറാക്കുന്ന ജില്ലയിലെ പ്രഥമ പഞ്ചായത്തായി മുരിയാട് പഞ്ചായത്ത്.
വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കിലയുടെ സഹകരണത്തോടുകൂടി നടത്തിയ ഗവേഷണാത്മകമായ പഠനത്തിൻ്റെ പരിസമാപ്തിയിലാണ് കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എങ്ങനെയൊക്കെ മുരിയാടിന്റെ ജനജീവിതത്തെ ബാധിച്ചു എന്നും ഭാവിയിൽ അത് എങ്ങനെയൊക്കെ ബാധിക്കും എന്നും അതിൻ്റെ ആഘാതം ലഘൂകരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ചെയ്യാം എന്നതും സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ അടങ്ങുന്ന കർമ്മപദ്ധതി തയ്യാറാക്കിയത്.
ജില്ലയിൽ ആദ്യമായാണ് ഒരു പഞ്ചായത്ത് ഇത്തരത്തിലുള്ള ഒരു കർമ്മപദ്ധതി തയ്യാറാക്കുന്നത്.
ആക്ഷൻ പ്ലാനിന്റെ പ്രകാശന കർമ്മവും ക്ലൈമറ്റ് കോൺക്ലേവ് ഉദ്ഘാടനവും ആനന്ദപുരം ഇ.എം.എസ്. ഹാളിൽ വച്ച് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.
കില ഫാക്കൽറ്റി ഡോ. സിൻ്റ പദ്ധതി അവതരണം നടത്തി
ഇരുന്നൂറോളം പേജ് വരുന്ന കർമ്മപദ്ധതികൾ നിർദ്ദേശിക്കുന്ന
ഗവേഷണാത്മക റിപ്പോർട്ട് ആനന്ദപുരത്തിന്റെ പ്രിയ ഗുരുനാഥൻ ഫ്രാൻസിസ്റ് കൈമാറിക്കൊണ്ട് മന്ത്രി ഡോ. ആർ. ബിന്ദു പ്രകാശനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രതി ഗോപി, ക്ഷേമകാര്യസമിതി ചെയർപേഴ്സൺ സരിത സുരേഷ്, ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർമാൻ കെ.യു. വിജയൻ, പഞ്ചായത്തംഗം ശ്രീജിത്ത് പട്ടത്ത്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പ്രൊഫ. എ. ബാലചന്ദ്രൻ, ഡോ. എസ്. ശ്രീകുമാർ, പഞ്ചായത്ത് അംഗങ്ങളായ എ.എസ്. സുനിൽകുമാർ, നിജി വത്സൻ, സേവ്യർ ആളൂക്കാരൻ, റോസ്മി ജയേഷ്, മണി സജയൻ, നിത അർജ്ജുനൻ, കൃഷി ഓഫീസർ അഞ്ചു ബി. രാജ്, പഞ്ചായത്ത് സെക്രട്ടറി എം. ശാലിനി തുടങ്ങിയവർ പ്രസംഗിച്ചു.
നിരവധി നിർദ്ദേശങ്ങളും കൂട്ടിച്ചേർക്കലുകളും കൈമറ്റ് കോൺക്ലേവിൽ ഉയർന്നുവന്നു.