ടൗൺ സർവീസ് സഹകരണ ബാങ്കിന്റെ അഴിമതിക്കെതിരെ പ്രതിഷേധ മാർച്ച് നടത്തി ബിജെപി

ഇരിങ്ങാലക്കുട : ടൗൺ സർവീസ് സഹകരണ ബാങ്കിൽ നടന്നു കൊണ്ടിരിക്കുന്ന അഴിമതിക്കും അനധികൃത സാമ്പത്തിക ഇടപാടിനും എതിരെ ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ബാങ്കിനു മുൻപിലേക്ക് മാർച്ച് നടത്തി.

മാർച്ച് ബിജെപി സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി കെ.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട മേഖലയിലെ സഹകാരികളുടെ കോടിക്കണക്കിന് രൂപ കൊള്ളയടിച്ച് ബാങ്കിനെ സാമ്പത്തികമായി പടുകുഴിയിലാക്കിയത് റിസർവ് ബാങ്ക് അന്വേഷണ സംഘത്തിൻ്റെ അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന്
സഹകാരികളുടെ കോടികൾ വരുന്ന നിക്ഷേപം തകരാതിരിക്കാനും മറ്റൊരു കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കായി മാറാതിരിക്കാനും റിസർവ് ബാങ്ക് ചില പെരുമാറ്റചട്ടങ്ങൾ ബാങ്കിനായി കൊടുത്തിട്ടുണ്ട്.
ഈ പെരുമാറ്റ ചട്ടങ്ങൾ നടപ്പിൽ വരുത്തി ബാങ്കിനെ സംരക്ഷിക്കേണ്ടത് ഭരണാധികാരികളാണ്. ഇനിയും ഈ ബാങ്ക് സഹകാരികളെ വിശ്വാസത്തിൽ എടുത്ത് മുന്നോട്ട് പോയി നിക്ഷേപത്തുക നഷ്ടമാകാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് കെ.പി. ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടു.

ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡൻ്റ് ആർച്ച അനീഷ് അധ്യക്ഷത വഹിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി കൃപേഷ് ചെമ്മണ്ട, മണ്ഡലം സെക്രട്ടറി ടി.കെ. ഷാജു എന്നിവർ പ്രസംഗിച്ചു.

മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട് സ്വാഗതവും
വി.സി. രമേഷ് നന്ദിയും പറഞ്ഞു.

ജില്ലാ സെക്രട്ടറിമാരായ ശ്യാംജി, വിപിൻ, അജീഷ് പൈക്കാട്ട്, മണ്ഡലം ഭാരവാഹികളായ രമേഷ് അയ്യർ, സെബാസ്റ്റ്യൻ ചാലിശ്ശേരി, ജോജൻ കൊല്ലാട്ടിൽ, സൽഗു തറയിൽ, ഏരിയ പ്രസിഡൻ്റുമാരായ ലിഷോൺ ജോസ്, സൂരജ് കടുങ്ങാടൻ, നഗരസഭ കൗൺസിലർമാർ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

മാനസികാസ്വസ്ഥ്യമുള്ളയാളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ

ഇരിങ്ങാലക്കുട : മാനസികാസ്വാസ്ഥ്യമുള്ളയാളെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പുല്ലൂർ തുറവൻകാട് സ്വദേശികളായ തേക്കൂട്ട് വീട്ടിൽ സനീഷ് (38), മരോട്ടിച്ചോട്ടിൽ വീട്ടിൽ അഭിത്ത് (35) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തു.

നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

കഴിഞ്ഞയാഴ്ച അനിത് കുമാർ റോഡിലൂടെ അസഭ്യം പറഞ്ഞ് പോകുന്നത് കണ്ട് സനീഷ് ചോദ്യം ചെയ്യുകയും ഇരുവരും വാക്കു തർക്കമുണ്ടാവുകയും ചെയ്തിരുന്നു.

ഇതിനെ തുടർന്നുള്ള വൈരാഗ്യത്താൽ പ്രതികളായ സനീഷും അഭിത്തും ചൊവ്വാഴ്ച രാത്രി 8 മണിയോടെ അനിത് കുമാറിനെ അന്വേഷിച്ച് തുറവൻകാടുള്ള വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും അനിത് കുമാറിന്റെ അമ്മയോട് അവനെ കിട്ടിയാൽ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പിന്നീട് ഗാന്ധിഗ്രാം എൻ.എസ്.എസ്. കരയോഗത്തിന് സമീപം അനിത് കുമാറിനെ കണ്ട പ്രതികൾ അയാളെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ അനിത് കുമാർ തൃശ്ശൂർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ഐ.സി.യു.വിൽ ചികിത്സയിലാണ്.

സനീഷ് ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിലെ ഒരു അടിപിടിക്കേസിലെ പ്രതിയാണ്.

അഭിത്ത് ഇരിങ്ങാലക്കുട സ്റ്റേഷനിലെ ഒരു അടിപിടിക്കേസിലും, മദ്യ ലഹരിയിൽ അശ്രദ്ധമായി വാഹനമോടിച്ച കേസിലും പ്രതിയാണ്.

നടവരമ്പ് സ്കൂളിൽ ഔഷധസസ്യ പ്രദർശനവും പച്ചക്കറിത്തൈ വിതരണവും നടത്തി

ഇരിങ്ങാലക്കുട : നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ സീഡ് ക്ലബ്ബിന്റെയും എക്കോ ക്ലബ്ബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഔഷധ സസ്യ പ്രദർശനവും
പച്ചക്കറിത്തൈ വിതരണവും നടത്തി.

ഹെഡ്മിസ്ട്രസ് എം.വി. ഉഷ പരിപാടി ഉദ്ഘാടനം ചെയ്തു.

സീഡ് കോർഡിനേറ്റർ സി.ബി. ബിജി പദ്ധതി വിശദീകരണം നടത്തി.

സീനിയർ അസിസ്റ്റൻ്റ് എം.കെ. സീന ആശംസകൾ നേർന്നു.

അടുക്കളത്തോട്ടം വിപുലമാക്കുക എന്ന ലക്ഷ്യത്തോടെ ഓരോ ക്ലാസ്സിനും ഗ്രോബാഗുകളും തൈകളും നൽകി.

തുടർന്ന് ഔഷധ സസ്യങ്ങളുടെ ഗുണമേന്മയെക്കുറിച്ച്
കുട്ടികൾക്ക് ക്ലാസ്സെടുത്തു.

അധ്യാപകരായ ഐ.ആർ. ബിജി, എ.കെ. ഗായത്രി, ശലഭ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

കേരളത്തിൽ നിന്നും ആദ്യമായി മൂന്ന് അപൂർവ്വയിനം കുഴിയാന വലച്ചിറകന്മാരെ കണ്ടെത്തി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിലെ ഗവേഷക സംഘം നടത്തിയ പഠനത്തിൽ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മൂന്ന് അപൂർവ്വയിനം കുഴിയാന വലച്ചിറകന്മാരെ കണ്ടെത്തി.

ഇവയെ ആദ്യമായാണ് സംസ്ഥാനത്ത് ശാസ്ത്രീയമായി രേഖപ്പെടുത്തുന്നത്.

കേരളത്തിലെ മലപ്പുറം ജില്ലയിലെ വാഴയൂർ പ്രദേശത്താണ് ഇൻഡോപാൽപാരസ് പാർഡസ് കുഴിയാന വലച്ചിറകനെ കണ്ടെത്തിയത്.

ഈ ജീവജാതിയെ ഇതിനുമുമ്പ് ബീഹാർ, ഛത്തീസ്‌ഗഢ്, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രമേ കണ്ടുപിടിച്ചിട്ടുള്ളൂ.

പാൽപ്പാരസ് കണ്ട്രേറിയസ് എന്ന ജീവജാതിയെ കേരളത്തിൽ കൊല്ലം (കട്ടിലപ്പാറ, റോസ്മ‌ല), ഇടുക്കി (കോലാഹലമേട്), കണ്ണൂർ (കൂത്തുപറമ്പ്), കോഴിക്കോട് (പായംതൊണ്ട്), പാലക്കാട് (പുതുനഗരം), വയനാട് (തിരുനെല്ലി) എന്നീ പ്രദേശങ്ങളിൽ നിന്നുമാണ് കണ്ടെത്തിയത്.

മുൻപ് ഇത് കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, മിസോറം എന്നീ സംസ്ഥാനങ്ങളിൽ മാത്രം രേഖപ്പെടുത്തിയിരുന്നു.

ഇതിനുമുമ്പ് തമിഴ്‌നാട്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിൽ മാത്രം കണ്ടിരുന്ന സ്റ്റെനാരസ് ഹാർപിയ (Stenares harpyla) ജീവജാതിയെ പത്തനംതിട്ടയിലെ ഗവി, വയനാട്ടിലെ തിരുനെല്ലി, ഇടുക്കിയിലെ വള്ളക്കടവ് എന്നിവിടങ്ങളിലാണ് കണ്ടെത്തിയത്.

ഇതോടെ ഈ ജാതിയുടെ താത്വിക പരിധി ദക്ഷിണ പശ്ചിമഘട്ടത്തിലേക്ക് വ്യാപിച്ചിരിക്കുകയാണ്.

ഈ കണ്ടെത്തൽ ‘ജേർണൽ ഓഫ് ഇൻസെക്‌ട് ബയോഡൈവേഴ്‌സിറ്റി ആൻഡ് സിസ്റ്റമാറ്റിക്സ്’ എന്ന അന്താരാഷ്ട്ര ശാസ്ത്രീയ ജേർണലിലാണ് പ്രസിദ്ധീകരിച്ചത്.

സാധാരണ കണ്ടുവരുന്ന തുമ്പികളുമായി ഇവ തെറ്റിദ്ധരിക്കപ്പെടാറുണ്ട്. മുന്നോട്ടു നീണ്ടു നിൽക്കുന്ന സ്പ‌ർശനി ഉള്ളത് കാരണമാണ് ഇവ സാധാരണ കാണപ്പെടുന്ന തുമ്പികളിൽ നിന്നും വ്യത്യാസപ്പെടാനുള്ള പ്രധാന കാരണം.

കുഴിയാനകളിൽ നിന്നും വ്യത്യസ്‌തമായി അയഞ്ഞ മണ്ണിൽ കുഴികൾ ഉണ്ടാക്കാതെ മണ്ണിന്റെ പ്രതലത്തിൽ ആണ് ഇവയുടെ ലാർവ കാണപ്പെടുന്നത്.

ക്രൈസ്റ്റ് കോളെജിലെ ഷഡ്‌പദ എന്റമോളജി റിസർച്ച് ലാബിലെ (എസ്.ഇ.ആർ.എൽ.) ഗവേഷകനും എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളെജിലെ അസിസ്റ്റൻ്റ് പ്രൊഫസറുമായ ടി.ബി. സൂര്യനാരായണൻ, എസ്.ഇ.ആർ.എൽ. മേധാവിയും ക്രൈസ്റ്റ് കോളെജ് ജന്തുശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. സി. ബിജോയ്, ഹംഗേറിയൻ ശാസ്ത്രജ്ഞൻ ലെവിൻഡി എബ്രഹാം എന്നിവരാണ് ഈ കണ്ടെത്തലിനു പിന്നിൽ പ്രവർത്തിച്ചത്.

കൗൺസിൽ ഫോർ സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR) ഗവേഷണ ഗ്രാന്റ് ഉപയോഗിച്ചാണ് ഈ പഠനം നടത്തിയത്.

ക്രൈസ്റ്റ് കോളെജിലെ ഷഡ്‌പദ എന്റമോളജി ഗവേഷണ കേന്ദ്രത്തിൽ ഇത്തരം ജീവികളുടെ ഗവേഷണത്തിന് പ്രത്യേക ഊന്നൽ നൽകുന്നുണ്ട്.

കൂടൽമാണിക്യം കൂത്തമ്പലത്തിൽ കൂട്ടിയാട്ട മഹോത്സവം ആഗസ്റ്റ് 1 മുതൽ 4 വരെ

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വത്തിൻ്റെ ആഭിമുഖ്യത്തിൽ ക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ വച്ച് വർഷം തോറും നടത്തിവരുന്ന കൂടിയാട്ട മഹോത്സവം ആഗസ്റ്റ് 1 വെള്ളിയാഴ്ച മുതൽ ആഗസ്റ്റ് 4 തിങ്കളാഴ്ച വരെ നടത്തുമെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

ഇത്തവണ വിശ്വപ്രസിദ്ധ സംസ്കൃത കവിയായ ഭാസനാൽ വിരചിതമാണെന്ന് കണക്കാക്കപ്പെടുന്ന അഭിഷേക നാടകത്തിലെ രണ്ടാമങ്കമായ ഹനുമദ്ദൂതാങ്കം കൂടിയാട്ടം നിർവഹണസഹിതം കൂത്തമ്പലത്തിൽ അവതരിപ്പിക്കും.

നാട്യ കലാനിധി പത്മഭൂഷൻ ഡോ. അമ്മന്നൂർ മാധവ ചാക്യാരാണ് ഈ കൂടിയാട്ടം ചിട്ടപ്പെടുത്തി സംവിധാനം ചെയ്ത് രംഗത്ത് അവതരിപ്പിച്ചത്.

പാരമ്പര്യ അവകാശികളായ അമ്മന്നൂർ കുടുംബത്തിലെ ഗുരു അമ്മന്നൂർ കുട്ടൻ ചാക്യാരുടെ നേതൃത്വത്തിലാണ് കൂടിയാട്ടം കൂത്തമ്പലത്തിൽ അരങ്ങേറുക.

നാല് ദിവസങ്ങളിലായി ഹനുമാന്റെ പുറപ്പാട്, ഹനുമാന്റെ നിർവഹണം, കൂടിയാട്ടം ഒന്നാം ദിവസം അഴകിയ രാവണന്റെ പ്രവേശനം, കൂടിയാട്ടം രണ്ടാം ദിവസം സീത ഹനുമദ്ദർശനം അംഗുലീയകപ്രദാനം എന്നിങ്ങനെ അരങ്ങേറും.

നിര്യാതനായി

കെ.പി. ജോസ് കാട്ട്ള

ഇരിങ്ങാലക്കുട : ഠാണാവിലെ കാട്ട്ളാസ് ജ്വല്ലറി ഉടമ കെ.പി. ജോസ് കാട്ട്ള (75) നിര്യാതനായി.

സംസ്കാരം വെള്ളിയാഴ്ച (ആഗസ്റ്റ് 1) വൈകീട്ട് 4 മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.

ഭാര്യ : ബേബി കാട്ട്ള

മക്കൾ : ലിഷോൺ ജോസ് (ബിജെപി ടൗൺ പ്രസിഡൻ്റ്), റോസ്മി, റോഷൻ

മരുമക്കൾ : സൗമ്യ, പോളി, രൂപന

ഇരിങ്ങാലക്കുട ടൗൺ ബാങ്കിന് ആറു മാസത്തെ നിയന്ത്രണം ഏർപ്പെടുത്തി റിസർവ് ബാങ്ക്

ഇരിങ്ങാലക്കുട : ടൗൺ കോ – ഓപ്പറേറ്റീവ് ബാങ്കിന് ആറു മാസത്തെ കർശന നിയന്ത്രണങ്ങളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.

നിയന്ത്രണങ്ങൾ സംബന്ധിച്ച നോട്ടീസ് ബാങ്കിൻ്റെ എല്ലാ ശാഖകളിലും പതിച്ചു കഴിഞ്ഞു.

ഈ ഉത്തരവ് പ്രകാരം അടുത്ത ആറു മാസക്കാലത്തേക്ക് ഇടപാടുകാർക്ക് അവരുടെ അക്കൗണ്ടുകളിൽ നിന്ന് പിൻവലിക്കാവുന്ന തുക 10,000 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്.

ഓണക്കാലം അടുത്തിരിക്കുന്നതിനാൽ ഈ ഉത്തരവ് ജനങ്ങളിൽ ഏറെ ആശങ്ക ഉളവാക്കിയിട്ടുണ്ട്.

എന്നാൽ ബാങ്കിൻ്റെ ഇടപാടുകാരാരും ആശങ്കപ്പെടേണ്ടതില്ലെന്നും, റിസർവ് ബാങ്കിൻ്റെ ഉത്തരവ് ആറുമാസ കാലത്തേക്ക് മാത്രമാണെന്നും, ബാങ്കിൻ്റെ സ്ഥിതി മെച്ചപ്പെടുന്ന നിലയ്ക്ക് ഈ ഉത്തരവ് പിൻവലിക്കുമെന്നും ഉത്തരവിൽ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ടെന്ന് ബാങ്ക് ചെയർമാൻ എം.പി. ജാക്സൺ വ്യക്തമാക്കി.

റിസർവ് ബാങ്ക് മാനദണ്ഡ പ്രകാരം 1000 കോടിയിൽ കൂടുതൽ നിക്ഷേപമുള്ള ബാങ്കുകൾക്ക് നൽകുന്ന കർശന നിയന്ത്രണങ്ങൾക്ക് ടൗൺ കോ – ഓപ്പറേറ്റീവ് ബാങ്ക് വിധേയമാണ്. ഇതിൽ നിന്നും പുറത്തു കടക്കുവാനായി ബാങ്ക് കുറച്ചുകാലമായി നിക്ഷേപം കുറച്ചു വരികയാണ്. 1280 കോടി ആയിരുന്ന നിക്ഷേപം 900 കോടി രൂപയായി കുറച്ചെങ്കിലും ക്ലാസിഫിക്കേഷൻ ഇതുവരെയും വ്യത്യാസപ്പെട്ടിട്ടില്ലെന്നും ജാക്സൺ ചൂണ്ടിക്കാട്ടി.

ഇതിനിടയിൽ രാജ്യത്തെ മോശപ്പെട്ട സാമ്പത്തിക വ്യവസ്ഥയെ തുടർന്ന് വായ്പ തിരിച്ചടവ് മോശമാവുകയും, അതുവഴി റിസർവ് ബാങ്കിൻ്റെ സാമ്പത്തിക സൂചകങ്ങൾ പൂർണമായും പാലിക്കുവാൻ കഴിയാതെ വരികയും ചെയ്തു. ഇത് താൽക്കാലിക പ്രതിഭാസമാണെന്നും, ഇത് മറികടക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് ബാങ്കെന്നും, എത്രയും വേഗം റിസർവ് ബാങ്കിൻ്റെ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടു തന്നെ ഈ താൽക്കാലിക നിയന്ത്രണങ്ങൾ നീക്കാൻ കഴിയുമെന്നാണ് പ്രത്യാശിക്കുന്നതെന്നും ചെയർമാൻ അറിയിച്ചു.

സെൻ്റ് മേരീസിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ രജത ജൂബിലിയോടനുബന്ധിച്ച് നാഷണൽ സർവീസ് സ്കീമിന്റെയും ആര്യ ഐ കെയർ സൂപ്പർ സ്പെഷ്യാലിറ്റി ഐ ഹോസ്പിറ്റലിൻ്റെയും സംയുക്താഭിമുഖ്യത്തിൽ നേത്ര പരിശോധന ക്യാമ്പ് നടത്തി.

സ്കൂൾ മാനേജർ റവ. ഡോ. പ്രൊഫ. ലാസർ കുറ്റിക്കാടൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡൻ്റ് സി.ജെ. ഷാജു ആശംസകൾ നേർന്നു.

ഫസ്റ്റ് അസിസ്റ്റൻ്റ് സി.ജെ. ഷീജ സ്വാഗതവും പ്രോഗ്രാം കൺവീനർ ടെൽസൺ കൊട്ടോളി നന്ദിയും പറഞ്ഞു.

മാലിന്യത്തിൽ നിന്ന് വിസ്മയത്തിലേക്ക് ;ക്രൈസ്റ്റ് കോളെജിൽ ‘റിജുവനേറ്റ് 2025’

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് 20 & 49, ജൂലൈ 29നും 30നും റിജുവനേറ്റ്, ‘വെയ്സ്റ്റ് ടു ആർട്ട്‌ ’എന്ന ആശയത്തോടെ രണ്ടുദിവസത്തെ കരകൗശല പ്രദർശനം സംഘടിപ്പിച്ചു.

പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സ്റ്റേറ്റ് എൻ.എസ്.എസ് സെൽ മുന്നോട്ട് വെച്ച ‘സഫലം 2025’ എന്ന പദ്ധതിയുടെ ഭാഗമായ ‘റിജുവനേറ്റ്’ ക്രാഫ്റ്റ് എക്സിബിഷനിൽ
മാലിന്യവസ്തുക്കളിൽ നിന്ന് നിർമ്മിച്ച കരകൗശലവസ്തുക്കളാണ് പ്രദർശിപ്പിച്ചിരുന്നത്.

പുനരുപയോഗത്തിന്റെ പ്രാധാന്യവും പരിസ്ഥിതി ബോധവത്കരണവും മുൻനിർത്തി സംഘടിപ്പിച്ച പ്രദർശനത്തിൽ,പ്ലാസ്റ്റിക് ബോട്ടിലുകൾ, പഴയ ന്യൂസ്‌പ്പേപ്പറുകൾ, പഴയ തുണികൾ, കാർഡ്ബോർഡ്, സിഡികൾ തുടങ്ങിയവ പുനരുപയോഗിച്ച് എൻ.എസ്.എസ് വളണ്ടിയേഴ്സ് നിർമ്മിച്ച വസ്തുക്കൾ കാഴ്ചക്കാരിൽ കൗതുകം നിറച്ചു.

കേരള കലാമണ്ഡലം മുൻ വൈസ് ചാൻസിലർ ഡോ. ടി. കെ. നാരായണൻ പ്രദർശനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

സ്റ്റേറ്റ് എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ഡോ.ആർ.എൻ അൻസർ, തൃശൂർ ജില്ല എൻ. എസ്. എസ് കോർഡിനേറ്റർ രഞ്ജിത്ത്, ക്രൈസ്റ്റ് കോളെജ് പ്രിൻസിപ്പാൾ ഫാ. ഡോ. ജോളി ആൻഡ്രൂസ്, മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ, പ്രോഗ്രാം ഓഫീസർ ഡോ. അനുഷ മാത്യു, അസി. പ്രൊഫ. വി.പി ഷിന്റോ എന്നിവരുടെ സാന്നിധ്യത്തിൽ പ്രദർശനം ആരംഭിച്ചു.

രണ്ട് ദിവസം നീണ്ടുനിന്ന പ്രദർശനത്തിലൂടെ വളണ്ടിയേഴ്സ്, പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം പ്രചരിപ്പിക്കുക കൂടിയാണ് ചെയ്തത്.

ഇരിങ്ങാലക്കുടയിൽ മാർച്ചും ധർണ്ണയും നടത്തി കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ

ഇരിങ്ങാലക്കുട : കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ – തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പോരാടുക, തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, പി.എഫ്.ആർ.ഡി.എ. നിയമം പിൻവലിക്കുക, എല്ലാ ജീവനക്കാർക്കും നിർവചിക്കപ്പെട്ട പെൻഷൻ പുന:സ്ഥാപിക്കുക, സംസ്ഥാന സർക്കാരിന്റെ ജനപക്ഷ ബദലിന്റെ അനിവാര്യമായ തുടർച്ച ഉറപ്പാക്കുക, വർഗീയതയെയും ഭീകരവാദത്തിനെയും യുദ്ധഭീകരതയെയും ചെറുക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ശമ്പളപരിഷ്കരണ നടപടികൾ ആരംഭിക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങൾ ഉയർത്തിപ്പിടിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട മേഖല നഗരത്തിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

ധർണ്ണ സംസ്ഥാന കമ്മിറ്റി അംഗം ഡോ. നിഷ എം. ദാസ് ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡൻ്റ് രഹന പി. ആനന്ദ് അധ്യക്ഷത വഹിച്ചു.

എഫ്.എസ്.ഇ.ടി.ഒ. ഇരിങ്ങാലക്കുട താലൂക്ക് കമ്മിറ്റി പ്രസിഡൻ്റ് ദീപ ആൻ്റണി, കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ താലൂക്ക് കമ്മിറ്റി സെക്രട്ടറി പി.എ. സ്മിജിത്ത് എന്നിവർ ആശംസകൾ നേർന്നു.

കെ.ജി.ഒ.എ. ജില്ലാ ജോയിൻ്റ് സെക്രട്ടറി ഡോ. ടി.വി. സതീശൻ സ്വാഗതവും ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.വി. റജീഷ് നന്ദിയും പറഞ്ഞു.