
ഇരിങ്ങാലക്കുട : കാട്ടൂർ കലാസദനം സർഗ്ഗസംഗമം ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ നടത്തിവരുന്ന ദ്വൈവാര സാംസ്കാരിക സംഗമത്തിൻ്റെ ഭാഗമായി പരിസ്ഥിതി സെമിനാർ സംഘടിപ്പിച്ചു.
“പ്ലാസ്റ്റിക്ക് മാലിന്യത്തിനെതിരെ പോരാടുക” എന്ന പ്രമേയം അവതരിപ്പിച്ചു കൊണ്ട്, പ്രൊഫ. കെ.കെ. ചാക്കോ സെമിനാർ ഉദ്ഘാടനം ചെയ്തു.
തുടർന്ന് അദ്ദേഹം വൃക്ഷത്തൈ വിതരണവും നടത്തി.
ടി.കെ. ബാലൻ ഹാളിൽ നടന്ന ചടങ്ങിൽ കാട്ടൂർ രാമചന്ദ്രൻ അധ്യക്ഷനായി.
കെ. ദിനേശ് രാജ, ലിഷോയ് പൊഞ്ഞനം, ജൂലിയസ് ആൻ്റണി, ഇ.പി. വിജയൻ, മുരളി നടക്കൽ, സി.എഫ്. റോയ് എന്നിവർ പ്രസംഗിച്ചു.
തുടർന്ന് എൻ.എസ്. രാജൻ, സുവിൻ കയ്പമംഗലം, ഗീത എസ്. പടിയത്ത് എന്നിവർ പരിസ്ഥിതി കവിതകൾ അവതരിപ്പിച്ചു.
ഇരിങ്ങാലക്കുട : നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച നൈപുണി വികസന കേന്ദ്രത്തിന്റെ പ്രവേശനോത്സവം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർഥികൾക്ക് തങ്ങളുടെ അഭിരുചിക്കനുയോജ്യമായ തൊഴിൽ മേഖലകൾ തെരഞ്ഞെടുക്കുവാൻ ലക്ഷ്യമിട്ടുകൊണ്ട് സമഗ്ര ശിക്ഷ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ ആരംഭിച്ച പദ്ധതിയാണ് നൈപുണി വികസന കേന്ദ്രങ്ങൾ.
ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം തൊഴിൽ പരിശീലനവും നൽകുക എന്നതാണ് നൈപുണി വികസന കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്.
വെള്ളാങ്ങല്ലൂർ ബി.ആർ.സി.യുടെ നേതൃത്വത്തിൽ നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ ക്ലൗഡ് കമ്പ്യൂട്ടിംഗ് (ജൂനിയർ അനലിസ്റ്റ്), ടെലികോം ടെക്നീഷ്യൻ, ഐ.ഒ.ടി. ഡിവൈസ്/ സർവ്വീസസ് എന്നീ കോഴ്‌സുകളാണ് ആരംഭിക്കുന്നത്.
ചടങ്ങിൽ വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് അധ്യക്ഷത വഹിച്ചു.
എസ്.എസ്.കെ. തൃശൂർ ജില്ലാ പ്രോഗ്രാം ഓഫീസർ കെ.ബി. ബിജി പദ്ധതി വിശദീകരണം നടത്തി.
വെള്ളാങ്ങല്ലൂർ ബ്ലോക്ക് അംഗം വിജയലക്ഷ്മി വിനയചന്ദ്രൻ, വേളൂക്കര പഞ്ചായത്ത് അംഗം മാത്യു പാറേക്കാടൻ, വെള്ളാങ്ങല്ലൂർ ബി.പി.സി. നീതു സുഭാഷ്, ഹൈസ്കൂൾ പ്രധാനധ്യാപിക എം.വി. ഉഷ, പി.ടി.എ. പ്രസിഡന്റ് ശ്രീഷ്‌മ സലീഷ്, ഒ.എസ്.എ. പ്രസിഡന്റ്
പ്രദീപ് മേനോൻ എന്നിവർ പ്രസംഗിച്ചു.
ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എം. പ്രീതി സ്വാഗതവും വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ കെ.പി. അനിൽ നന്ദിയും പറഞ്ഞു.
ഇരിങ്ങാലക്കുട : ജൂലൈ 11, 12, 13 തിയ്യതിയിൽ ഇരിങ്ങാലക്കുടയിൽ നടക്കുന്ന സിപിഐ തൃശൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ലോക്കൽതല സംഘാടക സമിതി രൂപീകരണ യോഗവും, എസ്.എസ്.എൽ.സി.,
പ്ലസ ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർഥികളെയും അനുമോദിക്കുന്ന ചടങ്ങും
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു.
സിപിഐ മണ്ഡലം കമ്മിറ്റി അംഗം കെ.എസ്. പ്രസാദ് അധ്യക്ഷത വഹിച്ചു.
അഡ്വ. പി.ജെ. ജോബി, ബെന്നി വിൻസെന്റ്, അഡ്വ. രാജേഷ് തമ്പാൻ, വർദ്ധനൻ പുളിക്കൽ, ധനേഷ് എന്നിവർ പ്രസംഗിച്ചു.
സംഘാടക സമിതി ചെയർമാൻ കെ.എസ്. പ്രസാദ്, കൺവീനർ ബെന്നി വിൻസെന്റ്, ട്രഷറർ രാജേഷ് തമ്പാൻ എന്നിവരുൾപ്പെട്ട പതിനഞ്ചംഗ കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു.
ഇരിങ്ങാലക്കുട : കാരുകുളങ്ങര എൻ.എസ്.എസ്. കരയോഗത്തിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.
കാരുകുളങ്ങര നൈവേദ്യം ഹാളിൽ നടന്ന പരിപാടി മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.
പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.
നന്ദകുമാർ, സുധീർ ചാക്യാട്ട്, രാജേഷ് നെല്ലിക്കൽ എന്നിവർ ആശംസകൾ നേർന്നു.
നഗരസഭാ കൗൺസിലർ സുജ സഞ്ജീവ്കുമാർ സ്വാഗതവും ഇ. കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.
പി. രാധാകൃഷ്ണൻ (പ്രസിഡന്റ്), വി. ജയറാം (വൈസ് പ്രസിഡന്റ്), സുനിൽ കുമാർ (ജോയിന്റ് സെക്രട്ടറി), നന്ദകുമാർ (ഖജാൻജി) എന്നിവരാണ് പുതിയ ഭാരവാഹികൾ.
ഇരിങ്ങാലക്കുട : ചേലൂർ ഇടവക തിരുനാളിനോടനുബന്ധിച്ച് ഡിസംബർ 29ന് ഇടവക യുവജനങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അങ്ങാടി അമ്പിൻ്റെ മുന്നൊരുക്കങ്ങൾക്കായി കമ്മിറ്റി രൂപീകരിച്ചു.
ജിബിൻ ജോസ് ചിറയത്ത് (ജനറൽ കൺവീനർ), ജോമോൻ ജോസ് മണാത്ത്, ക്രിസ്റ്റോ സെബാസ്റ്റ്യൻ ചെറുവത്തൂർ (ജോയിന്റ് കൺവീനർമാർ) എന്നിവരെയും 101 അംഗ കമ്മിറ്റിയെയും യോഗം തിരഞ്ഞെടുത്തു.
ഇരിങ്ങാലക്കുട : തൃശൂർ സാഹിതിയുടെ
ആഭിമുഖ്യത്തിൽ എ. പി. നാരായണൻകുട്ടി രചിച്ച “അവസ്ഥാന്തരങ്ങൾ” എന്ന ചെറുകഥാസമാഹാരം എഴുത്തുകാരി കെ.പി. സുധീര സംവിധായകൻ കാവിൽ രാജിനു നൽകി പ്രകാശനം ചെയ്തു.
കെ. ഉണ്ണികൃഷ്ണൻ, കെ. രഘുനാഥ്, എ.പി. നാരായണൻകുട്ടി, ജോയ് ചിറമേൽ, സുദർശനം സുകുമാരൻ, പി. വിനോദ് എന്നിവർ പങ്കെടുത്തു.
ഇരിങ്ങാലക്കുട : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ ആദരിച്ചു.
കേരള ടാക്സ് പ്രാക്ടീഷണേഴ്സ് അസ്സോസിയേഷൻ ഇരിങ്ങാലക്കുട മേഖലയാണ് സമൂഹത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി നാടിന്റെ നന്മയ്ക്കായി വിശിഷ്ട സേവനം നടത്തുന്ന ശുചീകരണ തൊഴിലാകളെ ആദരിച്ചത്.
ഠാണാ ജംഗ്ഷനിൽ സംഘടിപ്പിച്ച ചടങ്ങ് മേഖല പ്രസിഡന്റ് കെ.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്‌തു.
സംസ്ഥാന കമ്മിറ്റി അംഗം ഫ്രാൻസൺ മൈക്കിൾ ഗിഫ്റ്റ് കൂപ്പണുകൾ വിതരണം ചെയ്‌തു.
ട്രഷറർ വി. രതീഷ്, ജോജി ചാക്കോ എന്നിവർ പ്രസംഗിച്ചു.
ഇരിങ്ങാലക്കുട : മലയാള സിനിമയ്ക്ക് പുതുഭാവുകത്വം നൽകിയ ഇരിങ്ങാലക്കുടയുടെ സ്വന്തം സംവിധായകൻ എം. മോഹൻ ഓർമ്മയായിട്ട് ഒരു വർഷം തികയുന്ന വേളയിൽ അദ്ദേഹത്തിൻ്റെ സ്മരണ പുതുക്കുന്നതിനായി ജൂൺ 14, 15 തിയ്യതികളിൽ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ “ദൃശ്യമോഹനം” എന്ന പേരിൽ വിപുലമായ പരിപാടി സംഘടിപ്പിക്കും.
സമഗ്ര സംഭാവന പുരസ്കാര സമർപ്പണം, മോഹൻ സംവിധാനം ചെയ്ത സിനിമകളുടെ പ്രദർശനം, മോഹൻ സിനിമകളിലെ പാട്ടുകളെ കോർത്തിണക്കി കൊണ്ടുള്ള അനുപമ മോഹൻ്റെ നേതൃത്വത്തിലുള്ള നർത്തകികൾ പങ്കെടുക്കുന്ന നൃത്താവിഷ്കാരം, ഷോർട്ട് ഫിലിം മത്സരം, സംവിധായകൻ മോഹനോടൊപ്പം പ്രവർത്തിച്ച മലയാള സിനിമാ രംഗത്തെ പ്രമുഖരായ കലാകാരന്മാരുടെയും അദ്ദേഹത്തിൻ്റെ ആസ്വാദകരുടെയും അനുഭവം പങ്കു വെയ്ക്കൽ, സാംസ്കാരിക സമ്മേളനം തുടങ്ങി വിവിധ പരിപാടികൾ ദൃശ്യ മോഹനത്തിൽ അരങ്ങേറും.
പരിപാടിയുടെ നടത്തിപ്പിന് മന്ത്രി ഡോ. ആർ. ബിന്ദു ചെയർമാനായി സംഘാടക സമിതി രൂപീകരിച്ചു.