ഇരിങ്ങാലക്കുട മെട്രോ ഐ കെയർ ഒന്നാം വാർഷികം ആഘോഷിച്ചു

ഇരിങ്ങാലക്കുട : മെട്രോ ഐ കെയർ ഹോസ്പിറ്റലിന്റെ ഒന്നാം വാർഷികാഘോഷങ്ങൾക്ക് ഡയറക്ടർമാരായ ഡോ. കെ.സി. രജനിയും ഡോ. എം.ആർ. രാജീവും ചേർന്ന് കേക്ക് മുറിച്ച് തുടക്കം കുറിച്ചു.

കൺസൾട്ടന്റ് ഒഫ്താൽമോളജിസ്റ്റ് ഡോ. ഐശ്വര്യ സേവ്യർ, മെട്രോ ഹെൽത്ത് കെയർ മാനേജർ മുരളിദത്തൻ, സീനിയർ ഒപറ്റോമെട്രിസ്റ്റ് ജിബിത സാബുപോൾ, പ്രേമ അജിത്ത് എന്നിവർ സന്നിഹിതരായിരുന്നു.

വി.ആർ. ദിനേശ് വാര്യർക്ക് ഡോക്ടറേറ്റ് ലഭിച്ചു

ഇരിങ്ങാലക്കുട : കാലടി സംസ്കൃത സർവകലാശാല സംസ്കൃതം സാഹിത്യ വിഭാഗത്തിൽ ”കേരളീയ കലകളിൽ ഗീതാഗോവിന്ദത്തിന്റെ പ്രഭാവം” എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടി വി.ആർ. ദിനേശ് വാര്യർ.

പ്രൊഫ. ഡോ. വി.ആർ. മുരളീധരന്റെ മേൽനോട്ടത്തിലാണ് ഗവേഷണം പൂർത്തിയാക്കിയത്.

അവിട്ടത്തൂർ എൽ.ബി.എസ്.എം. ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം സംസ്കൃതം അധ്യാപകനായ ദിനേശ് വാര്യർ അറിയപ്പെടുന്ന ചെണ്ട കലാകാരൻ കൂടിയാണ്.

എൻ.എസ്.എസ്. സമാഹരിച്ച പഠനോപകരണങ്ങൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : നാഷണൽ സർവീസ് സ്കീമിന്റെ സഹായത്തോടെ സമാഹരിച്ച പഠനോപകരണങ്ങൾ ഇരിങ്ങാലക്കുട ഗവ. ഗേൾസ് സ്കൂളിലെ കെ.ജി., എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് മന്ത്രി ഡോ. ആർ. ബിന്ദു വിതരണം ചെയ്തു.

യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.

എൻ.എസ്.എസ്. ക്ലസ്റ്റർ കൺവീനർ ഒ.എസ്. ശ്രീജിത്ത്, പി.ടി.എ. പ്രസിഡൻ്റുമാരായ അംഗന അർജ്ജുനൻ, ആനി ഹെൽഗി, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം.എസ്. രാജീവ്, ബി.പി.സി. കെ.ആർ. സത്യപാലൻ, കെ.എസ്. സുഷ, അജിത, പി.ബി. അസീന തുടങ്ങിയവർ പ്രസംഗിച്ചു.

ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹൈസ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹൈസ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു.

ഉദയ എജുക്കേഷണൽ കൗൺസിലർ സിസ്റ്റർ മരിയറ്റ് അധ്യക്ഷത വഹിച്ചു.

തൃശൂർ റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ബിജോയ് വിജയോത്സവം ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡന്റ് സിവിൻ കെ. വർഗീസ്, ലോക്കൽ മാനേജർ സിസ്റ്റർ ഹാൻസി, അധ്യാപക പ്രതിനിധി ജൂലി ജെയിംസ്, വിദ്യാർഥി പ്രതിനിധി ആയിഷ നവാർ എന്നിവർ ആശംസകൾ അർപ്പിച്ചു.

ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ സുധീപ സ്വാഗതവും വിജയോത്സവത്തിന്റെ കൺവീനറായ ജെയ്ഫിൻ ഫ്രാൻസിസ് നന്ദിയും പറഞ്ഞു.

കാട്ടുങ്ങച്ചിറ ലിസ്യു കോൺവെന്റ് ഹൈസ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കാട്ടുങ്ങച്ചിറ ലിസ്യു കോൺവെന്റ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ സംഘടിപ്പിച്ച വിജയോത്സവം ഉദയ പ്രൊവിൻഷ്യൽ കൗൺസിലർ സിസ്റ്റർ മേരിറ്റ് ഉദ്ഘാടനം ചെയ്തു.

ലിസ്യു കോൺവെന്റ് മദർ സുപ്പീരിയർ സിസ്റ്റർ ടെസ്ലിൻ അധ്യക്ഷത വഹിച്ചു.

എസ്.എസ്.എൽ.സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള ട്രോഫി സിസ്റ്റർ മേരിറ്റ് വിതരണം ചെയ്തു.

ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ജീന മറ്റു വിദ്യാർഥികളെ മെഡലുകൾ നൽകി അനുമോദിച്ചു.

അധ്യാപിക രാജശ്രീ ആശംസകൾ നേർന്നു.

പി.ടി.എ. പ്രസിഡന്റ്‌ വി.വി. ജെയ്സൺ സ്വാഗതവും അധ്യാപിക ബിന്ദു നന്ദിയും പറഞ്ഞു.

സംസ്കാര സാഹിതി പടിയൂർ മണ്ഡലം കമ്മിറ്റി ചുമതല ഏറ്റു

ഇരിങ്ങാലക്കുട : എടതിരിഞ്ഞി സംസ്കാരസാഹിതി പടിയൂർ മണ്ഡലം കമ്മിറ്റിയുടെ ചുമതല ഏറ്റെടുക്കലും അംഗത്വ വിതരണവും വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങും നടത്തി.

പടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ കൂടിയ യോഗം ഡിസിസി ജനറൽ സെക്രട്ടറി സോണിയ ഗിരി ഉദ്ഘാടനം ചെയ്തു.

നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കെ കെ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു.

കാട്ടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ഷാറ്റോ കുര്യൻ മുഖ്യാതിഥിയായി.

സംസ്കാര സാഹിതി നിയോജകമണ്ഡലം പ്രസിഡണ്ട് അരുൺ ഗാന്ധിഗ്രാം, പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1200 മാർക്കും നേടിയ ഫദ്‌വ ഫാത്തിമയെയും ജനറൽ നഴ്സിംഗ് പരീക്ഷയിൽ സംസ്ഥാനതലത്തിൽ മൂന്നാം റാങ്ക് നേടിയ ഡാനി ജാക്കോബിയെയും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വീണ വായനയിൽ എ ഗ്രേഡ് നേടിയ മാനസം എന്നീ വിദ്യാർത്ഥിനികളെ പൊന്നാടയും മെമന്റോയും നൽകി ആദരിച്ചു.

നിയോജകമണ്ഡലം ട്രഷറർ എ സി സുരേഷ്, നിർവാഹസമിതി അംഗം ഒ.എ കുഞ്ഞുമുഹമ്മദ്, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എ.ഐ സിദ്ധാർത്ഥൻ, ഭരത്കുമാർ പൊന്തേങ്കണ്ടത്ത്, ഐ കെ ശിവജ്ഞാനം, കെ. ആർ പ്രഭാകരൻ, ഒ.എൻ.ഹരിദാസ്, വി എസ് കൊച്ചുമൊയ്തീൻ, സദ്റു പട്ടേപാടം, കെ യു ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

മണ്ഡലം ചെയർമാനായി വി.എസ് കൊച്ചു മൊയ്തീൻ, കൺവീനറായി ലാല ടീച്ചർ, ട്രഷറർ ആയി ഇ.എൻ. ശ്രീനാഥ് എന്നിവർ ഉൾപ്പെട്ട 18 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

നിക്ഷേപകൻ്റെ മരണം : ബാങ്കിൻ്റെ പൊറത്തിശ്ശേരി ബ്രാഞ്ചിലേക്ക് ബിജെപിയുടെ പ്രതിഷേധ മാർച്ച്

ഇരിങ്ങാലക്കുട : സിപിഎം നേതൃത്വം നൽകുന്ന കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിനിരയായ പൊറത്തിശ്ശേരി കോട്ടക്കകത്തുകാരൻ പൗലോസിന്റെ മരണത്തിൽ പ്രതിഷേധിച്ച് ബിജെപി പൊറത്തിശ്ശേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കരുവന്നൂർ സഹകരണ ബാങ്കിന്റെ പൊറത്തിശ്ശേരി ബ്രാഞ്ചിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തി.

ബിജെപി പൊറത്തിശ്ശേരി ഏരിയ കമ്മറ്റി പ്രസിഡന്റ് സൂരജ് കടുങ്ങാടൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാന സമിതി അംഗം സന്തോഷ്‌ ചെറാക്കുളം ഉദ്ഘാടനം നിർവഹിച്ചു.

ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് ആർച്ച അനീഷ്, ജനറൽ സെക്രട്ടറി വി.സി. രമേഷ്, മണ്ഡലം സെക്രട്ടറി ഷാജുട്ടൻ, ജോജൻ കൊല്ലാട്ടിൽ, പൊറത്തിശ്ശേരി ഏരിയ ജനറൽ സെക്രട്ടറി സൂരജ് നമ്പ്യങ്കാവ്, അഖിലാഷ് വിശ്വനാഥൻ, സിന്ധു സതീഷ്, സതീഷ് മാഷ്, സന്തോഷ്‌ കാര്യാടൻ, എം.വി. സുരേഷ് എന്നിവർ നേതൃത്വം നൽകി.

പുളിക്കൽചിറ പാലത്തിലെ താൽക്കാലിക ബണ്ട് പൊളിച്ചു നീക്കണം : സി.പി.ഐ.

ഇരിങ്ങാലക്കുട : പടിയൂർ പുളിക്കൽചിറ പാലം നിർമ്മാണത്തിന്റെ ഭാഗമായി നിർമ്മിച്ച താൽക്കാലിക ബണ്ട് പൊളിച്ച് പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരം ഉണ്ടാക്കണമെന്ന് സിപിഐ പത്തനങ്ങാടി ബ്രാഞ്ച് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പുളിക്കൽചിറ പാലം നിർമ്മാണത്തിന്റെ ഭാഗമായി താൽക്കാലിക ബണ്ട് സമാന്തരമായി നിർമ്മിച്ചിരുന്നു. വെള്ളം ഒഴുകി വരുന്ന ഭാഗത്ത് ഓവുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും നീരൊഴുക്ക് സുഗമമല്ലാത്തതിനാൽ പടിയൂർ പഞ്ചായത്തിലെ 5, 6 വാർഡുകളിലെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. വെള്ളം കയറിയതിനെ തുടർന്ന് പ്രദേശവാസികളെ ക്യാമ്പുകളിലേക്ക് മാറ്റി.

അതിനാൽ അടിയന്തരമായി താൽക്കാലിക ബണ്ടിന്റെ വെള്ളം ഒഴുകി വരുന്ന ഭാഗം പൊളിച്ചു നീക്കി വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് വേണ്ടിയുള്ള നടപടികൾ പിഡബ്ല്യുഡി ബ്രിഡ്ജസ് വിഭാഗം ഉദ്യോഗസ്ഥർ സ്വീകരിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ലോക്കൽ കമ്മിറ്റി അംഗം പ്രിയ അജയ് അധ്യക്ഷത വഹിച്ചു.

യോഗത്തിൽ പടിയൂർ സൗത്ത് ലോക്കൽ സെക്രട്ടറി ടി.വി. വിബിൻ, മണ്ഡലം കമ്മിറ്റി അംഗം മിഥുൻ പോട്ടക്കാരൻ, ബ്രാഞ്ച് സെക്രട്ടറി എ.ബി. ഫിറോസ് എന്നിവർ പ്രസംഗിച്ചു.

താത്ക്കാലിക അധ്യാപക ഒഴിവ്

ഇരിങ്ങാലക്കുട : ഗവ കെ കെ ടി എം കോളെജിൽ ഇംഗ്ലീഷ് വിഷയത്തിൽ താത്കാലിക അധ്യാപക ഒഴിവ്.

കോളെജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗസ്റ്റ് അധ്യാപക പാനലില്‍ രജിസ്റ്റർചെയ്തിരിക്കുന്ന യോഗ്യരായ ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂൺ 25 ബുധനാഴ്ച രാവിലെ 10.30 ന് കോളെജ് പ്രിന്‍സിപ്പാള്‍ മുന്‍പാകെ കൂടികാഴ്ച്ചക്ക് നേരില്‍ ഹാജരാകേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് കോളെജുമായി ബന്ധപ്പെടേണ്ട നമ്പർ : 08022213, 9400859413