അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : കെ.കെ.ടി.എം. ഗവ. കോളെജിലെ എൻ.എസ്.എസ്. യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.

കോളെജിൽ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക യോഗ മുറിയിൽ നടത്തിയ പരിപാടിയിൽ എൻ.എസ്.എസ്. വൊളൻ്റിയർമാർക്ക് സി.ആർ.സി. സർട്ടിഫൈഡ് യോഗ ആൻഡ് മാർഷ്യൽ ആർട്സ് ട്രെയിനർ യു. ദേവപ്രയാഗ് യോഗ പരിശീലനം നൽകി.

കോളെജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ടി.കെ. ബിന്ദുശർമിള ഉദ്ഘാടനം ചെയ്തു.

എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസറായ ഡോ. കൃഷ്ണകുമാർ കെ.എ. സ്വാഗതവും എൻ.എസ്.എസ്. വൊളൻ്റിയർ ഐ.ബി. ഭരത് നന്ദിയും പറഞ്ഞു.

ശക്തമായ സാംസ്കാരിക ബദലാവാൻ സംസ്കാര സാഹിതിക്ക് കഴിയും : എം.പി. ജാക്സൺ

ഇരിങ്ങാലക്കുട : എതിർ ശബ്ദങ്ങളെ ദുർബലമാക്കുന്ന സാംസ്കാരിക രംഗത്തെ ഏകാധിപത്യത്തിനെതിരെ ശക്തമായ ബദലാകാൻ സംസ്കാര സാഹിതിക്ക് കഴിയുമെന്ന് കെപിസിസി മുൻ ജനറൽ സെക്രട്ടറി എം.പി. ജാക്സൺ പറഞ്ഞു.

ഇരിങ്ങാലക്കുട മണ്ഡലം സംസ്കാര സാഹിതി ഭാരവാഹികളുടെ സ്ഥാനാരോഹണവും വായനാദിനാചരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരിങ്ങാലക്കുട നിയോജക മണ്ഡലം സംസ്കാര സാഹിതി ചെയർമാൻ അരുൺ ഗാന്ധിഗ്രാം അധ്യക്ഷത വഹിച്ചു.

മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അബ്ദുൾ ഹഖ്, ബ്ലോക്ക് പ്രസിഡന്റ് സോമൻ ചിറ്റേത്ത് എന്നിവർ മുഖ്യാതിഥികളായിരുന്നു.

മുൻ എം.പി. സാവിത്രി ലക്ഷ്മണൻ അംഗത്വ വിതരണം നടത്തി.

ഇരിങ്ങാലക്കുട മണ്ഡലം സംസ്കാര സാഹിതി പ്രസിഡൻ്റായി അഡ്വ. ജോൺ നിധിൻ തോമസ്, കൺവീനറായി ഗോപിക മനീഷ്, ട്രഷററായി ശിവരഞ്ജിനി പ്രസന്നൻ എന്നിവരും കമ്മിറ്റി അംഗങ്ങളും ചുമതലയേറ്റു.

വായനാദിനാചരണത്തോട് അനുബന്ധിച്ച് പ്രശസ്ത എഴുത്തുകാരി സുധ മേനോൻ്റെ ”ഇന്ത്യ എന്ന ആശയം” എന്ന പുസ്തകത്തെക്കുറിച്ച് നടത്തിയ ചർച്ചക്ക് ജോസഫ് ജെ. പള്ളിപ്പാട്ട് നേതൃത്വം നൽകി.

നിയോജകമണ്ഡലം കൺവീനർ എം.ജെ. ടോം, ട്രഷറർ എ.സി. സുരേഷ് എന്നിവർ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട ഗവ. എൽ.പി. സ്കൂളിൽ വായന മാസാചരണത്തിന് തുടക്കമായി

ഇരിങ്ങാലക്കുട : ഗവ. എൽ.പി. സ്കൂളിൽ ആരംഭിച്ച വായന മാസാചരണം ബി.പി.സി. കെ.ആർ. സത്യപാലൻ ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡന്റ് അംഗന അർജുനൻ അധ്യക്ഷത വഹിച്ചു.

”വായനയ്ക്ക് വളർച്ചയോ തളർച്ചയോ?” എന്ന വിഷയത്തിൽ നടന്ന സംവാദം ഏറെ ശ്രദ്ധേയമായി.

ഇലക്ട്രോണിക് മീഡിയ വഴിയുള്ള വായനയെ അനുകൂലിച്ചും പ്രതികൂലിച്ചും വാദപ്രതിവാദങ്ങൾ നടന്നു.

അർച്ചന, ശ്രുതി, വിദ്യ, തുഷാര, അംഗന, വിൻസി, മീന, നീതു, സുജിത, സുദർശനൻ, നിത്യ, ഹിനിഷ, വിനിത, ലക്ഷ്മി തുടങ്ങിയവർ സംവാദത്തിൽ സജീവമായി പങ്കെടുത്തു.

പി.ടി.എ. വൈസ് പ്രസിഡന്റ് വി.എസ്. സുധീഷ് മോഡറേറ്റർ ആയിരുന്നു.

ഹെഡ്മിസ്ട്രസ് പി.ബി. അസീന സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എസ്.ആർ. വിനിത നന്ദിയും പറഞ്ഞു.

വായന മാസാചരണത്തോടനുബന്ധിച്ച് വരും ദിവസങ്ങളിലും വ്യത്യസ്തങ്ങളായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

കടുപ്പശ്ശേരി ജി.യു.പി. സ്കൂളിൽ വായന പക്ഷാചരണം ആരംഭിച്ചു

ഇരിങ്ങാലക്കുട : കടുപ്പശ്ശേരി ജി.യു.പി. സ്കൂളിൽ വായന പക്ഷാചരണം വിവിധ പരിപാടികളോടെ ആരംഭിച്ചു.

രണ്ടാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.

ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ മുൻ ഹെഡ്മിസ്ട്രസ്സും എഴുത്തുകാരിയും പരിസ്ഥിതി പ്രവർത്തകയുമായ ഉഷ അഷ്ടമിച്ചിറ വായന പക്ഷാചരണം ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡന്റ് ഭാഗ്യലക്ഷ്മി അധ്യക്ഷത വഹിച്ചു.

എം.പി.ടി.എ. വൈസ് പ്രസിഡന്റ് വിദ്യ വിനോദ്, അധ്യാപിക ജിഷ എന്നിവർ ആശംസകൾ അർപ്പിച്ചു.

തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി.

ഹെഡ്മിസ്ട്രസ്സ് സി. ബിന്ദു സ്വാഗതവും ധനീജ നന്ദിയും പറഞ്ഞു.

“ചുവന്ന പൂവിനെ പ്രണയിച്ചവൾ” കവിതയ്ക്ക് ശബ്ദാവിഷ്കാരം ഒരുങ്ങി

ഇരിങ്ങാലക്കുട :
ഖാദർ പട്ടേപ്പാടം രചിച്ച ”ചുവന്ന പൂവിനെ പ്രണയിച്ചവൾ” എന്ന കവിതയുടെ ശബ്ദാവിഷ്ക്കാരം കോഴിക്കോട് മുൻ രജിസ്ട്രാറും കലാമണ്ഡലം കല്പിത സർവ്വകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. ടി.കെ. നാരായണൻ പ്രകാശനം ചെയ്തു.

പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖലയും മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിലും സംയുക്തമായി ബി.ആർ.സി. ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ വത്സല ബാബു അധ്യക്ഷത വഹിച്ചു.

രാജൻ നെല്ലായി, സി.ബി. ഷക്കീല, ആർ.എൻ. രവീന്ദ്രൻ, പി. ഗോപിനാഥൻ, ഡോ. കെ. രാജേന്ദ്രൻ, ശാസ്ത്രശർമ്മൻ എന്നിവർ സംസാരിച്ചു.

സ്മിത പി. മേനോൻ, ആർ.എൻ. രവീന്ദ്രൻ എന്നിവരാണ് കവിതയുടെ ആലാപനം നിർവ്വഹിച്ചിരിക്കുന്നത്.

കൊമ്പിടിയിൽ അനുജനെ കൊലപ്പെടുത്തിയ ജ്യേഷ്‌ഠൻ കുറ്റക്കാരനെന്നു കണ്ടെത്തി കോടതി ; വിധി സെപ്തംബർ 23ന്

ഇരിങ്ങാലക്കുട : മാള കൊമ്പിടിയിൽ നാലുകണ്ടൻ വർക്കി മകൻ ആൻ്റു(56) വിനെ കൊലപ്പെടുത്തിയ കേസിൽ ജ്യേഷ്‌ഠൻ
പോൾ കുറ്റക്കാരനാണെന്ന് ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എൻ. വിനോദ്‌കുമാർ.

ഐ.പി.സി. 302 വകുപ്പ് പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

പ്രതിയെ വിയ്യൂർ ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തു. പ്രതിക്കുള്ള ശിക്ഷാവിധി സെപ്റ്റംബർ 23 തിങ്കളാഴ്ച്ച പ്രസ്താവിക്കും.

2020 സെപ്റ്റംബർ 22നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.

പലപ്പോഴായി ഇരുവരും തമ്മിലുണ്ടായ വഴക്കിനെ തുടർന്നുള്ള വൈരാഗ്യത്താലും, ആൻ്റുവിന്റെ വീടിന്റെ തെക്കു ഭാഗത്തുള്ള ഭാഗം വെയ്ക്കാത്ത പറമ്പിൽ പ്രതി വാഴക്കുഴി ഉണ്ടാക്കിയത് ആന്റു ഭാഗികമായി മണ്ണിട്ടു മൂടിയതിനു ശേഷം ബാക്കി മണ്ണിനെ ചൊല്ലിയുള്ള വാക്ക് തർക്കത്തിലുള്ള വൈരാഗ്യത്താലും പ്രതി സഹോദരനായ ആൻ്റുവിനെ ഇരുമ്പ് വടി കൊണ്ടടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

മാള പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ആയിരുന്ന സജിൻ ശശിയാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 30 സാക്ഷികളെ വിസ്തരിക്കുകയും, 19 തൊണ്ടി മുതലുകളും, 53 രേഖകളും ഹാജരാക്കി തെളിവ് നൽകിയിരുന്നു. പ്രതി ഭാഗത്തു നിന്നും ഒരു രേഖയും ഒരു സാക്ഷിയെയും തെളിവായി നൽകിയിരുന്നു.

പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല, അഡ്വ. ജോജി ജോർജ് (പബ്ലിക് പ്രോസിക്യൂട്ടർ ഇരിങ്ങാലക്കുട), അഡ്വ. ശ്രീദേവ് തിലക്, അഡ്വ. റെറ്റൊ വിൻസെന്റ് എന്നിവർ ഹാജരായി.

ലെയ്സൺ ഓഫീസർ സിപിഒ കെ.വി. വിനീഷ് പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

ലോഗോ ക്ഷണിക്കുന്നു

ഇരിങ്ങാലക്കുട : തുമ്പൂർ എസ്.എച്ച്.സി.എൽ.പി. സ്കൂളിൻ്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മത്സരാടിസ്ഥാനത്തിൽ ലോഗോ ക്ഷണിക്കുന്നു.

സ്കൂളിൻ്റെ മൂല്യങ്ങളും പൈതൃകവും നാടിൻ്റെ സാസ്കാരിക തനിമയും ഉൾകൊള്ളുന്നതായിരിക്കണം ലോഗോ.

7012093014 എന്ന വാട്ട്സ്ആപ്പ് നമ്പറിലോ സ്കൂൾ ഓഫീസിലോ ജൂൺ 30ന് മുൻപായി ലോഗോ ലഭിക്കണം.

തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് സമ്മാനം നൽകുമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.

വായനാദിനം ആചരിച്ച് സബർമതി സാംസ്കാരിക വേദി

ഇരിങ്ങാലക്കുട : സബർമതി സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ സബർമതിയുടെ കാക്കാത്തുരുത്തിയിലുള്ള തുറന്ന ലൈബ്രറിയിൽ വായനാദിനാചരണം സംഘടിപ്പിച്ചു.

പ്രസിഡന്റ് ബിജു ചാണാശ്ശേരി അധ്യക്ഷത വഹിച്ചു.

സബർമതി ഭാരവാഹികളായ കെ.കെ. ഷൗക്കത്തലി, ഒ.എൻ. ഹരിദാസ്, വി.കെ. നൗഷാദ്, എ.കെ. നസീർ, എ.ഐ. സിദ്ധാത്ഥൻ ഹാജിറ റഷീദ് തുടങ്ങിയവർ പ്രസംഗിച്ചു.

വായനയെ ലഹരിയാക്കിയ മുൻ ജയിൽ സൂപ്രണ്ട് മോഹനെ ആദരിച്ച് സാംസ്കാരിക സാഹിതി

ഇരിങ്ങാലക്കുട : വായനാദിനത്തോടനുബന്ധിച്ച് പൂമംഗലം മണ്ഡലം സാംസ്‌കാരിക സാഹിതിയുടെ ആഭിമുഖ്യത്തിൽ 1500ലധികം പുസ്തകശേഖരമുള്ള വായനയെ ലഹരിയാക്കിയ മുൻ ജയിൽ സൂപ്രണ്ട് മോഹനനെ ആദരിച്ചു.

സാംസ്‌കാരിക സാഹിതി നിയോജകമണ്ഡലം സെക്രട്ടറി രഞ്ജിനി അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി പവിത്രൻ, സെക്രട്ടറി ഷൈനി, ചന്ദ്രശേഖരൻ, ജോസ് മൂഞ്ഞേലി, ശ്രീകുമാർ, രാജേഷ്, ഷാജു, നിഷ തുടങ്ങിവർ ആശംസകൾ അർപ്പിച്ചു.

ഇ.കെ. ദിവാകരൻ പോറ്റി പുരസ്കാരം എ.കെ. റിയാസ് മുഹമ്മദിന്

ഇരിങ്ങാലക്കുട : വിവർത്തനത്തിൻ്റെ മേഖലയിൽ മികച്ച സംഭാവനകൾ അർപ്പിച്ചവർക്ക് കുഴിക്കാട്ടുശ്ശേരി ഗ്രാമിക നൽകുന്ന ഇ.കെ. ദിവാകരൻ പോറ്റി പുരസ്കാരം ഈ വർഷം
എ.കെ. റിയാസ് മുഹമ്മദിന്.

കാസർഗോഡ് ജില്ലയിലെ ഉപ്പള സ്വദേശിയായ എ.കെ. റിയാസ് മുഹമ്മദ് ഇപ്പോൾ മസ്കറ്റിലാണ് ജോലി ചെയ്യുന്നത്.

കന്നഡ, തമിഴ്, തുളു ഭാഷകളിലെ കവിതകളും കഥകളും നോവലും മറ്റ് എഴുത്തുകളും മലയാളത്തിലേക്ക് ധാരാളമായി വിവർത്തനം ചെയ്തുകൊണ്ടിരിക്കുന്ന ഒരാളാണ് എ.കെ. റിയാസ് മുഹമ്മദ്. കന്നഡയിലെ പുതിയ ചെറുകഥാകൃത്തുക്കളുടെ കഥകളുടെ വിവർത്തനമായ ‘ചുവന്ന തത്തയും മറ്റു കഥകളും – കന്നഡയിലെ പുതുകഥകൾ’, ശ്രീലങ്കൻ തമിഴ് എഴുത്തുകാരുടെ കഥകളുടെ വിവർത്തനമായ ‘ശ്രീലങ്കൻ കഥകൾ’, കന്നഡയിലെ പ്രസിദ്ധ യുവ എഴുത്തുകാരനായ അബ്ദുൾ റഷീദിൻ്റെ ലക്ഷദ്വീപ് ജീവിതാനുഭവമായ ‘കാറ്റോശയും പിഞ്ഞാണവും – ലക്ഷദ്വീപ് ഡയറി’, പ്രസിദ്ധ തമിഴ് എഴുത്തുകാരനായ ചാരു നിവേദിതയുടെ നാടകം ‘അൻ്റോണിൻ ആർത്തോ- ഒരു വിപ്ലവകാരിയുടെ ഉടൽ’, പ്രസിദ്ധ ശ്രീലങ്കൻ എഴുത്തുകാരൻ
ഷോഭാശക്തിയുടെ നോവൽ ‘സലാം അലൈക്ക്’ എന്നിവയാണ് റിയാസ് മുഹമ്മദ് മലയാളത്തിലേക്ക് വിവർത്തനം ചെയ്ത പ്രധാന കൃതികൾ.

കെ. സച്ചിദാനന്ദൻ, പി.എൻ. ഗോപീകൃഷ്ണൻ, പി.കെ. കിട്ടൻ എന്നിവർ അടങ്ങുന്ന കമ്മറ്റിയാണ് ഈ അവാർഡിന് റിയാസ് മുഹമ്മദിനെ തെരഞ്ഞെടുത്തത്.

നമ്മുടെ അയൽഭാഷകളായ തമിഴ്, കന്നഡ, തുളു ഭാഷകളിൽ നിന്ന് നേരിട്ട് വിവർത്തനം ചെയ്യുന്നു എന്നതാണ് റിയാസ് മുഹമ്മദിനെ വ്യത്യസ്തനാക്കുന്ന ഘടകം എന്ന് കമ്മറ്റി നിരീക്ഷിക്കുകയുണ്ടായി. ഭാഷ മാത്രമല്ല, ഭാവുകത്വവും ചോരാതെ വിവർത്തനം ചെയ്യാനുള്ള ശ്രദ്ധ റിയാസ് മുഹമ്മദിൽ പ്രകടമാണ്. പുതിയ ഭാവുകത്വ പരിസരങ്ങളിൽ നിന്നുള്ള കൃതികളാണ് മലയാളത്തിന് റിയാസ് മുഹമ്മദ് പരിചയപ്പെടുത്തിയത് എന്നതും ശ്രദ്ധേയമാണ്.

വിവിധ സാഹിത്യ ശാഖകളിൽ പെടുന്ന കൃതികൾ വിവർത്തനം ചെയ്യുക വഴി സമഗ്രമായ ഒരു സാംസ്കാരിക പരിസരത്തെയാണ് റിയാസ് മുഹമ്മദ് മലയാളത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നത് എന്നും കമ്മറ്റി അഭിപ്രായപ്പെട്ടു.

സ്വാതന്ത്ര്യസമര സേനാനിയും പ്രമുഖ വിവർത്തകനുമായ ഇ.കെ. ദിവാകരൻ പോറ്റിയുടെ സ്മരണാർത്ഥം നൽകുന്ന ഈ അവാർഡ് 25000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ്.

പോറ്റി മാസ്റ്ററുടെ ചരമ വാർഷികത്തോടനുബന്ധിച്ച് ജൂലായിൽ ഗ്രാമികയിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽവച്ച് പുരസ്കാര സമർപ്പണവും സ്മാരക പ്രഭാഷണവും നടക്കും.

ദിവാകരൻ പോറ്റിയുടെ സ്മാരകമായി ആരംഭിക്കുന്ന വായനശാലയുടെ ധനസമാഹരണം ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.