ഇരിങ്ങാലക്കുട : ”സുവർണ്ണം” എന്ന പേരിൽ ഒരു വർഷം നീണ്ടുനിന്ന സുവർണ്ണജൂബിലി ആഘോഷങ്ങൾക്ക് പരിസമാപ്തി കുറിച്ചതിനുശേഷം നടന്ന ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ 51-ാം വാർഷിക പൊതുയോഗത്തിൽ കഴിഞ്ഞ മൂന്നു വർഷമായി തുടരുന്ന ഭരണസമിതിയുടെ പ്രസിഡൻ്റായ അനിയൻ മംഗലേശ്ശരി സ്ഥാനമൊഴിഞ്ഞു.
50 വർഷം ക്ലബ്ബിന്റെ വളർച്ചയ്ക്കൊപ്പം നിന്ന അനിയൻ മംഗലശ്ശേരി ക്ലബ്ബ് ഉപദേഷ്ടാവ് പദവിയിലേയ്ക്കു മാറി.
ക്ലബ്ബിന് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകിക്കൊണ്ട് സഹാനുവർത്തിയായി ക്ലബ്ബ് പ്രവർത്തനങ്ങൾക്കൊപ്പം ഇനിയും ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.
മികച്ച സംഘാടകനുള്ള കേരളകലാമണ്ഡലം മുകുന്ദരാജ പുരസ്കാരം, ലക്കിടി ഗുരുകൃപ കഥകളി വിദ്യാലയത്തിന്റെ ‘സമഗ്രം’ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിനെ തേടിയെത്തിയിട്ടുണ്ട്.
ഒരു വർഷം കൊണ്ട് നൂറ്റമ്പതിൽപരം മികവാർന്ന പരിപാടികൾ നടത്തി നൂറുകണക്കിന് കലാസാംസ്കാരിക പ്രവർത്തകരെ അണിനിരത്തിയ ‘സുവർണ്ണം’ കേരളത്തിൻ്റെ കലാസംസ്കാരിക രംഗത്ത് തങ്കലിപികളിൽ ആലേഖനം ചെയ്ത ചരിത്രമായി എന്ന് പൊതുയോഗം വിലയിരുത്തി.
നളചരിതോത്സവമടക്കമുള്ള വലിയ അവതരണങ്ങൾക്ക് പുറമെ പ്രഭാഷണ പരമ്പരയും, പുതിയ രംഗനിർമ്മിതികളും, ക്ലാസിക്കലും അല്ലാത്തതുമായ കലകളുൾക്കൊണ്ട് അനവധി പരിപാടികളും മറ്റും സംഘടിപ്പിക്കാനായതിൽ ക്ലബ്ബ് അംഗങ്ങൾ, അകമഴിഞ്ഞു സഹായിച്ച സ്പോൺസർമാർ, കലാകാരന്മാർ, പ്രേക്ഷകർ തുടങ്ങിയവരുടെ പങ്ക് ഭരണസമിതി അനുസ്മരിച്ചു.
ക്ലബ്ബിന്റെ പുതിയ ഭാരവാഹികളായി രമേശൻ നമ്പീശൻ (പ്രസിഡന്റ്), എ.എസ്. സതീശൻ, കെ. രാജീവ് മേനോൻ (വൈസ് പ്രസിഡന്റുമാർ), അഡ്വ. രാജേഷ് തമ്പാൻ
(സെക്രട്ടറി), പ്രദീപ് നമ്പീശൻ (ജോയിന്റ് സെക്രട്ടറി), ടി.എൻ. കൃഷ്ണദാസ് (ട്രഷറർ), പി. അപ്പു, പി.എൻ. ശ്രീരാമൻ, വിനോദ് വാര്യർ, എ. സംഗമേശ്വരൻ, റഷീദ് കാറളം, എസ്.പി. രാമസ്വാമി, ദിനേശ് വാര്യർ, ടി.വി. ജോജു, സന്ദീപ് മാരാർ (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെയും രക്ഷാധികാരിയായി എം.എ. അരവിന്ദാക്ഷൻ, മുഖ്യ ഉപദേഷ്ടാവായി അനിയൻ മംഗലശ്ശേരി എന്നിവരെയും തെരഞ്ഞെടുത്തു.