ഭക്തി ചൊരിഞ്ഞ് ആറാട്ടുപുഴ തിരുവാതിര വിളക്ക്

ഇരിങ്ങാലക്കുട : ആറാട്ടുപുഴ ശാസ്താവിൻ്റെ തിരുവാതിര പുറപ്പാട് ഭക്തിസാന്ദ്രമായി.

വെളുപ്പിന് 3 മണിക്ക് തന്ത്രിയുടെ അനുമതിയോടെ തിമില പാണി കൊട്ടി ശാസ്താവിന്റെ തിടമ്പ് കയ്യിൽ വെച്ച് ഒരു പ്രദക്ഷിണം കഴിഞ്ഞാണ് ചെമ്പട കൊട്ടി ശാസ്താവിനെ പുറത്തേക്ക് എഴുന്നെള്ളിച്ചത്.

ക്ഷേത്രത്തിന്റെ വടക്കേ പ്രദക്ഷിണ വഴിയിൽ ചെമ്പട അവസാനിച്ച് വിസ്തരിച്ച വിളക്കാചാരം. തുടർന്ന് വലംതലയിലെ ശ്രുതിയോടുകൂടി ഒന്നര പ്രദക്ഷിണം കഴിഞ്ഞ് കിഴക്കേ നടയിൽ തെക്കോട്ട് അഭിമുഖമായി നിന്ന് കുറുകൊട്ടി അവസാനിച്ചു. വിസ്തരിച്ച കേളി, കുഴൽപ്പറ്റ്, കൊമ്പ് പറ്റ് എന്നിവയ്ക്ക് ശേഷം പഞ്ചാരിക്ക് കാലമിട്ടു.

അഞ്ച് ഗജവീരന്മാരുടെ അകമ്പടിയോടെയുള്ള വിസ്തരിച്ച പഞ്ചാരിമേളം പടിഞ്ഞാറെ നടപ്പുരയിൽ ഏഴരക്ക് കലാശിച്ചു.

തുടർന്ന് ഇടയ്ക്ക പ്രദക്ഷിണമായിരുന്നു. 8.30ഓടു കൂടി തൈക്കാട്ടുശ്ശേരി ക്ഷേത്രത്തിലേക്ക് ശാസ്താവ് എഴുന്നെള്ളി.

ഉരുട്ടു ചെണ്ടയിൽ പെരുവനം സതീശൻ മാരാരും കുറുങ്കുഴലിൽ കീഴൂട്ട് നന്ദനനും വലന്തലയിൽ പെരുവനം ഗോപാലകൃഷ്ണനും കൊമ്പിൽ കുമ്മത്ത് രാമൻകുട്ടി നായരും ഇലത്താളത്തിൽ കുമ്മത്ത് നന്ദനനും പഞ്ചാരിമേളത്തിന് പ്രമാണിമാരായി.

ദേവസ്വം ശിവകുമാർ ശാസ്താവിന്റെ തിടമ്പേറ്റി.