ഫാ. ജോസ് തെക്കന്‍ ബെസ്റ്റ് ടീച്ചര്‍ നാഷണല്‍ അവാര്‍ഡ് ഡോ. ഡി. സാജന് സമ്മാനിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് മുന്‍ പ്രിന്‍സിപ്പല്‍ ഫാ. ജോസ് തെക്കന്‍റെ പേരില്‍ ഏര്‍പ്പെടുത്തിയ ഓള്‍ ഇന്ത്യ ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ് മാവേലിക്കര ബിഷപ്പ് മൂര്‍ കോളെജിലെ ഭൗതികശാസ്ത്ര വിഭാഗം അധ്യക്ഷന്‍ ഡോ. ഡി. സാജന് തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എല്‍. സുഷമ സമ്മാനിച്ചു.

അധ്യാപകര്‍ വിവരങ്ങള്‍ നല്‍കുന്ന വെറും ഉപകരണങ്ങളാകരുത്, മറിച്ച് വിദ്യാര്‍ഥികളുടെ ഹൃദയത്തില്‍ സ്പര്‍ശിക്കുന്നവരാകണമെന്ന് പുരസ്‌കാര വിതരണച്ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് വൈസ് ചാന്‍സലര്‍ അഭിപ്രായപ്പെട്ടു.

അധ്യാപനരംഗത്തെ മികവിനൊപ്പം ഗവേഷണമികവും ശാസ്ത്രമേഖലയിലെ പ്രസിദ്ധീകരണങ്ങളും കലാ- സാംസ്‌കാരിക- സാമൂഹിക രംഗങ്ങളിലെ സജീവ പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് ഡോ. ഡി. സാജനെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്.

50,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

മുന്‍ ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണന്‍, കവിയും നിരൂപകനുമായ പ്രൊഫ. കെ. സച്ചിദാനന്ദന്‍, കേരള കലാമണ്ഡലം മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ടി.കെ. നാരായണന്‍, കേരള പ്രിന്‍സിപ്പല്‍ കൗണ്‍സില്‍ മുന്‍ പ്രസിഡന്‍റ് ഡോ. എം. ഉസ്മാന്‍, ക്രൈസ്റ്റ് കോളെജ് മുന്‍ പ്രിന്‍സിപ്പല്‍ ഫാ. ഫ്രാന്‍സിസ് കുരിശ്ശേരി എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

മികച്ച ഹരിത ക്യാമ്പസിനുള്ള ഗ്രീന്‍ നേച്ചര്‍ അവാര്‍ഡ് സ്‌കൂള്‍ തലത്തില്‍ ചാലക്കുടി കാര്‍മല്‍ സ്‌കൂളിനും കോളെജ് തലത്തില്‍ എല്‍ത്തുരുത്ത് സെന്‍റ് അലോഷ്യസ് കോളെജിനും നല്‍കി.

മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു.

പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ്, തൃശൂര്‍ ദേവമാതാ വികാര്‍ പ്രൊവിന്‍ഷ്യാൾ ഫാ. ഡേവി കാവുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

ഗുരുപൂജ പുരസ്കാരം നേടിയ കലാഭവൻ നൗഷാദിന് അനുമോദനവുമായി നീഡ്സ്

ഇരിങ്ങാലക്കുട : കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം നേടിയ ഇരിങ്ങാലക്കുടയുടെ സ്വന്തം കലാഭവൻ നൗഷാദിനെ നീഡ്സിൻ്റെ ആഭിമുഖ്യത്തിൽ പ്രസിഡന്റ് അഡ്വ. തോമസ് ഉണ്ണിയാടൻ അനുമോദിച്ചു.

നീഡ്‌സ് ഭാരവാഹികളായ ഗുലാം മുഹമ്മദ്,
കെ.പി. ദേവദാസ്, റോക്കി ആളൂക്കാരൻ,
പി.ടി. ജോർജ്ജ്, പി.ടി.ആർ. സമദ്, റിനാസ് താന്നിപറമ്പൻ, പി.കെ. ജോൺസൺ എന്നിവർ സന്നിഹിതരായിരുന്നു.

വിയ്യൂർ സെൻട്രൽ ജയിലിൽ “തിരുത്തി”ന് തുടക്കമായി

തൃശൂർ : വിയ്യൂർ സെൻട്രൽ ജയിലിൽ “തിരുത്ത് – 2025” എന്ന പേരിൽ നടക്കുന്ന ജയിൽ ക്ഷേമ ദിനാഘോഷങ്ങൾക്ക് തുടക്കമായി.

തൃശൂർ മേയർ എം.കെ. വർഗ്ഗീസ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.

കലയിലൂടെയും സിനിമയിലൂടെയും സ്പോർട്ട്സിലൂടെയും തടവുകാരുടെ തിരുത്തൽ പ്രക്രിയക്ക് ഒരു തുരുത്ത് ആവാൻ ജയിലിനു കഴിയുന്നുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.

സൂപ്രണ്ട് കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു.

റീജിയണൽ വെൽഫെയർ ഓഫീസർ ടി.ജി.സന്തോഷ്, കൗൺസിലർ രാജശ്രീ ഗോപൻ, ജോയിൻ്റ് സൂപ്രണ്ട് അഖിൽ രാജ്, ജീസസ് ഫ്രട്ടേണിറ്റി സ്റ്റേറ്റ് ഡയറക്ടർ ഫാ. മാർട്ടിൻ തട്ടിൽ, ഫാ. തോമസ് വാഴക്കാല എന്നിവർ പ്രസംഗിച്ചു.

ജോയിൻ്റ് സൂപ്രണ്ട് എം.എം. ഹാരിസ് സ്വാഗതവും, വെൽഫയർ ഓഫീസർ സാജി സൈമൺ നന്ദിയും പറഞ്ഞു.

തടവുകാരുടെ കലാ കായിക മത്സരങ്ങളിൽ വിജയിച്ചവർക്ക് വിശിഷ്ടാതിഥികൾ സമ്മാനം നൽകി.

തുടർന്ന് “ഇൻ്റർനാഷണൽ റോബോട്ടിക്ക് എക്‌സ്പോ” എന്ന പേരിലുള്ള സ്കിറ്റ് അവതരണവും ഫ്രീഡം മെലഡിയുടെ ഗാനസന്ധ്യയും അരങ്ങേറി.

23ന് സ്റ്റീഫൻ ദേവസ്സിയുടെ സംഗീത വിസ്മയം മെഗാ ഷോയും, 24 മുതൽ 28 വരെ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓൺ കറക്ഷൻ (തിരുത്ത്) എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.

ആളൂർ സ്വദേശിയെ കൊടുവാൾ കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചമൂന്നു പ്രതികൾ പിടിയിൽ

ഇരിങ്ങാലക്കുട : ആളൂ‍‍‍‍ർ സ്വദേശിയായ വട്ടപറമ്പിൽ അമീഷിനെ കൊടുവാൾ കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ 3 പ്രതികൾ പിടിയിൽ.

മുഖ്യപ്രതികളായ പുലിപ്പാറക്കുന്ന് പൂവ്വത്തിക്കര വീട്ടിൽ വലിയ മല്ലു എന്നറിയപ്പെടുന്ന മിഥുൻ (35), ഇയാളുടെ അനുജൻ കുഞ്ഞു മല്ലു എന്നറിയപ്പെടുന്ന അരുൺ (32), ആളൂർ സ്വദേശി കൈനാടത്തുപറമ്പിൽ ജെനിൽ (45) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി. സുരേഷ്, ആളൂർ ഇൻസ്പെക്ടർ കെ.എം. ബിനീഷ് എന്നിവരുടെ സംഘം പിടികൂടിയത്.

രണ്ടു ദിവസമായി ഇടപ്പിള്ളി, തൃശൂർ, പൊള്ളാച്ചി എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന മൂവർ സംഘത്തെ ചൊവ്വാഴ്ച ഉച്ചയോടെ ചേർപ്പ് പാറക്കോവിലിലെ ഒളിസങ്കേതത്തിൽ നിന്നാണ് പിടികൂടിയത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് കേസ്സിനാസ്പദമായ സംഭവം. അമീഷിന്റെ വീട്ടിലേക്ക് കൊടുവാളും ഇരുമ്പു പൈപ്പുമായി അതിക്രമിച്ച് കയറിയ നാൽവർ സംഘം അമീഷിനെ ആക്രമിക്കുകയായിരുന്നു.

തടയാൻ ശ്രമിച്ച അമീഷിന്റെ ചേട്ടൻ്റെ ഇടതു കൈയ്യിലെ വിരലുകൾ അറ്റുപോയി ഗുരുതരമായി പരിക്കേറ്റിരുന്നു.

ഈ കേസിലെ മറ്റൊരു പ്രതിയായ ഇല്ലത്തു പറമ്പിൽ വീട്ടിൽ മുഹമ്മദ് ജാസിക്കിനെ സംഭവ ദിവസം തന്നെ പിടികൂടിയിരുന്നു. ജാസിക്ക് ഇപ്പോൾ ജയിലിലാണ്.

അമീഷിനോട് ചെറിയ മല്ലു എന്ന് വിളിക്കുന്ന അരുൺ പണം കടം ചോദിച്ചത് കൊടുക്കാത്തതിലുള്ള വൈരാഗ്യത്താലാണ് ഇവർ അമീഷിനെയും സഹോദരനെയും ആക്രമിച്ചത്.

ചെറിയ മല്ലു എന്നു വിളിക്കുന്ന അരുണിന് ആളൂ‌ർ പൊലീസ് സ്റ്റേഷനിൽ 2020ൽ ഒരു അടിപിടി കേസും, കൊടകര സ്റ്റേഷനിൽ 2012ൽ ഒരു അടിപിടി കേസുമുണ്ട്.

മിഥുന് ആളൂർ പൊലീസ് സ്റ്റേഷനിൽ രണ്ട് അടിപിടി കേസുണ്ട്.

ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി.
കെ.ജി. സുരേഷ്, ആളൂർ ഇൻസ്പെക്ടർ കെ.എം. ബിനീഷ്, ചേർപ്പ് എസ്.ഐ. എം. അഫ്സൽ, എസ്.ഐ.മാരായ പി. ജയകൃഷ്ണൻ, കെ.എസ്. ഗിരീഷ്, പി.ആർ. സുരേന്ദ്രൻ, എ.എസ്.ഐ. സൂരജ് വി. ദേവ്, സീനിയർ സി.പി.ഒ ഇ.എസ്. ജീവൻ, പി.കെ. രാജേഷ്,
സി.പി.ഒ.മാരായ കെ.എസ്. ഉമേഷ്, ബി. ഹരികൃഷ്ണൻ, യു. ആഷിക്, എ.പി. അനീഷ് , കെ.ജെ. ഷിൻ്റോ, അജിത്ത്
എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കാരുകുളങ്ങര നരസിംഹസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് നാളെ കൊടിയേറും

ഇരിങ്ങാലക്കുട : കാരുകുളങ്ങര നരസിംഹ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് വ്യാഴാഴ്ച്ച കൊടിയേറും.

മാർച്ച് 20ന് കൊടിയേറി 25ന് ആറാട്ടോടെ സമാപിക്കുന്ന ഉത്സവത്തിന് ഇക്കുറി വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

മാർച്ച് 20ന് രാത്രി 8.15ന് കൊടിയേറ്റ്, തുടർന്ന് കൊരുമ്പ് മൃദംഗകളരിയുടെ മൃദംഗ
മേള എന്നിവ നടക്കും.

രണ്ടാം ഉത്സവ ദിനമായ 21ന് രാവിലെ ശീവേലി, വൈകീട്ട് 6.45ന് കലാസന്ധ്യ, തുടർന്ന് വിളക്ക്.

മൂന്നാം ദിനമായ 22ന് രാവിലെ 9ന് ഉത്സവബലി, വൈകീട്ട് 6.45ന് ഗാനമേള, രാത്രി 8.30ന് വിളക്കിനെഴുന്നെള്ളിപ്പ്.

നാലാം ദിവസമായ 23ന് രാവിലെ 9ന് ഉത്സവബലി, വൈകീട്ട് 7ന് “നരസിംഹാവതാരം” കഥകളി, തുടർന്ന് വലിയ വിളക്ക്.

അഞ്ചാം ഉത്സവ ദിനമായ 24ന് രാവിലെ ശീവേലി, വൈകീട്ട് 6.40ന് ഗിരിജാ വേണുഗോപാലിൻ്റെ നേതൃത്വത്തിൽ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ, തുടർന്ന് 9 മണിക്ക് പള്ളിവേട്ട.

മാർച്ച് 25 (ചൊവ്വാഴ്ച്ച) രാവിലെ 7.30 ന് നടക്കുന്ന ആറാട്ട് എഴുന്നെള്ളിപ്പോടെ ഉത്സവത്തിന് പരിസമാപ്തിയാകും.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന് കീഴിൽ വിവിധ ഒഴിവുകൾ

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ ബ്ലോക്കിൽ കാർഷിക വികസന ക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അഗ്രോ സർവീസ് സെന്ററിലേക്ക് ഫെസിലിറ്റേറ്റർ ആയി പ്രവർത്തിക്കുന്നതിന് റിട്ട. കൃഷി ഓഫീസർമാർ/ കൃഷി അസിസ്റ്റൻ്റുമാർ/ബി.ടെക് അഗ്രി/ ബി.എസ്.സി. അഗ്രി (5 വർഷം മുൻപരിചയം) തുടങ്ങിയ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

ടൂവീലർ ലൈസൻസ്, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയുള്ളവർക്ക് മുൻഗണന നൽകുന്നതാണ്. അപേക്ഷകർ തൃശ്ശൂർ ജില്ലയിൽ സ്ഥിര താമസക്കാരായിരിക്കണം. അപേക്ഷകർ ബയോഡാറ്റ മാർച്ച് 26നുള്ളിൽ വെള്ളാങ്ങല്ലൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

സർവീസ് പ്രൊവൈഡർ (സേവന ദാതാവ്) ആയി പ്രവർത്തിക്കുന്നതിനുള്ള ഒഴിവിലേക്കും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ വെള്ളാങ്ങല്ലൂർ ബ്ലോക്കിൽ സ്ഥിരതാമസക്കാരായിരിക്കണം.

എസ്എസ്എൽസി/ ഐടിഐ/ഐടിസി/വിഎച്ച്എസ്ഇ യോഗ്യതയുള്ള കാർഷിക മേഖലയിൽ ജോലി ചെയ്യുവാൻ തയ്യാറുള്ള 18 വയസ്സ് മുതൽ 55 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.

അപേക്ഷകർ വെള്ളാങ്ങല്ലൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിൽ നിർദ്ദേശിഷ്ട അപേക്ഷ ഫോറം മാർച്ച് 26നുള്ളിൽ പൂരിപ്പിച്ച് നൽകേണ്ടതാണെന്ന് കൃഷി അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.

ലഹരിവ്യാപനം : കേരള കോൺഗ്രസ്‌ സംസ്ഥാന വ്യാപകമായി പോരാട്ടം ശക്തമാക്കുമെന്ന് അഡ്വ തോമസ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട : അപകടകരമായ രീതിയിൽ വർധിച്ചുവരുന്ന ലഹരിവ്യാപനത്തിനെതിരെ കേരള കോൺഗ്രസ്‌ സംസ്ഥാന വ്യാപകമായി പോരാട്ടം ശക്തമാക്കുമെന്ന് ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ വ്യക്തമാക്കി.

വിദ്യാർഥികൾ, യുവാക്കൾ എന്നിവരുടെ ഭാവി തകർക്കുന്ന, വ്യാപകമായി അക്രമത്തിനും അപകടങ്ങൾക്കും ഇടയാക്കുന്ന, കുടുംബ ബന്ധങ്ങൾ പോലും ഉലയ്ക്കുന്ന, നാടിന്റെ ഭാവി തന്നെ തകർക്കുന്ന ഈ വിപത്തിനെതിരെ നാട് മുഴുവൻ ഉണരണമെന്നും തോമസ് ഉണ്ണിയാടൻ ആവശ്യപ്പെട്ടു.

സംസ്ഥാന വ്യാപക ക്യാമ്പയിന്റെ തൃശൂർ ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ്‌ സി.വി. കുര്യാക്കോസ് നേതൃത്വം നൽകി.

സംസ്ഥാന വൈസ് ചെയർമാൻ എം.പി. പോളി, സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, നിയോജക മണ്ഡലം പ്രസിഡന്റ്‌ റോക്കി ആളൂക്കാരൻ, ജില്ലാ സെക്രട്ടറിമാരായ സേതുമാധവൻ, സിജോയ് തോമസ്, പി.ടി. ജോർജ്, ജോസ് ചെമ്പകശ്ശേരി, ഭാരവാഹികളായ വിവേക് വിൻസെന്റ്, മാഗി വിൻസെന്റ്, ഫെനി എബിൻ വെള്ളാനിക്കാരൻ, അജിത സദാനന്ദൻ, കെ. സതീഷ്, ഫിലിപ്പ് ഓളാട്ടുപുറം, എബിൻ വെള്ളാനിക്കാരൻ എന്നിവർ പ്രസംഗിച്ചു.

കുടിവെള്ളം കിട്ടാതായിട്ട് രണ്ടു മാസം : പ്രതിഷേധവുമായി കൗൺസിലർമാരും നാട്ടുകാരും

ഇരിങ്ങാലക്കുട : നഗരസഭയിലെ പഴയ പൊറത്തിശ്ശേരി പഞ്ചായത്ത് പ്രദേശത്ത് കുടിവെള്ളം മുട്ടിയിട്ട് 56 ദിവസം കഴിഞ്ഞു. ഇതേ തുടർന്ന് മാപ്രാണം സെൻ്ററിൽ നഗരസഭാ കൗൺസിലർമാരായ ടി.കെ. ഷാജു, സരിത സുഭാഷ്, മായ അജയൻ എന്നിവരും നാട്ടുകാരും ചേർന്ന് പ്രതിഷേധം സംഘടിപ്പിച്ചു.

കുഴിക്കാട്ടുകോണം, മാടായിക്കോണം, തളിയക്കോണം, മൂർക്കനാട്, മാപ്രാണം, കരുവന്നൂർ, ബ്ലോക്ക് ഓഫീസ് പ്രദേശങ്ങളിലാണ് കഴിഞ്ഞ 56 ദിവസമായി കുടിവെള്ളം എത്താത്തത്.

മാപ്രാണം സെൻ്ററിൽ നടക്കുന്ന പൈപ്പ് സ്ഥാപിക്കൽ പ്രവർത്തികൾ പൂർത്തിയായാൽ മാത്രമേ കുടിവെള്ള വിതരണം പുന:സ്ഥാപിക്കാൻ കഴിയൂ എന്ന് മാർച്ച് 4ന് നഗരസഭാ കൗൺസിൽ യോഗത്തിൽ ചർച്ചയ്ക്ക് എത്തിയ വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചിരുന്നു.

അന്നത്തെ ചർച്ചയ്ക്ക് കെ.എസ്.ടി.പി. ഉദ്യോഗസ്ഥർ സഹകരിച്ചിരുന്നില്ല. മൂന്ന് ദിവസത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കുമെന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ അറിയിച്ചതായി വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ തന്നെയാണ് കൗൺസിലിൽ അറിയിച്ചത്.

എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും പണി പൂർത്തീകരിക്കുകയോ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് കൗൺസിലർമാരും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയത്.

കുടിവെള്ളം ലഭിക്കാൻ യാതൊരു മാർഗ്ഗവുമില്ലാതെ നഗരസഭ സെക്രട്ടറിയെ സമീപിച്ചപ്പോൾ രാവിലെ ഒരു ടാങ്ക് വെള്ളം കൂടി തന്നു. ഇനി ആവശ്യപ്പെട്ടാൽ വെള്ളമെത്തിക്കാൻ ഫണ്ട് ഇല്ലെന്നും അദ്ദേഹം അറിയിച്ചതായി കൗൺസിലർ ടി.കെ. ഷാജു പറഞ്ഞു.

നഗരസഭ കഴിയും വിധം ടാങ്കറുകളിൽ എല്ലായിടത്തേക്കും വെള്ളം എത്തിക്കാൻ ശ്രമിച്ചിരുന്നെങ്കിലും പ്രശ്നത്തിന് ശാശ്വത പരിഹാരമാകാത്തതിനാലാണ് ഫണ്ട് തീരും വരെയും വിതരണം നടത്തേണ്ടി വന്നത്.

ഇത് കെ.എസ്.ടി.പി., വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെയും, മന്ത്രി ആർ. ബിന്ദുവിൻ്റെയും കനത്ത അനാസ്ഥയാണെന്ന് ടി.കെ. ഷാജു ചൂണ്ടിക്കാട്ടി.

5 ദിവസത്തോളമായി മാപ്രാണം സെൻ്ററിൽ പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളും നടക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.

രൂക്ഷമായി കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന സമയത്താണ് വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണത്തെയും തടസ്സപ്പെടുത്തി നിർമ്മാണം പൂർത്തീകരിക്കാത്തതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.

എത്രയും വേഗം നിർമ്മാണം പൂർത്തീകരിച്ച് കുടിവെള്ള വിതരണം സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

തുണിക്കടയുടെ മറവില്‍ കഞ്ചാവ് വില്‍പ്പന : നന്തിക്കര സ്വദേശി മാക്കുട്ടി മഹേഷ് പിടിയിൽ

ഇരിങ്ങാലക്കുട : നന്തിക്കരയില്‍ തുണിക്കടയുടെ മറവില്‍ കഞ്ചാവും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും വിൽപ്പന നടത്തിയ നന്തിക്കര തൈവളപ്പിൽ മഹേഷ് (മാക്കുട്ടി-44) പൊലീസ് പിടിയിൽ.

റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ജില്ലയിൽ നിരോധിത ലഹരി വസ്തുക്കൾ, അനധികൃത മദ്യം എന്നിവയുടെ നിർമ്മാണം, സംഭരണം, വിപണനം എന്നിവ തടയുന്നതിനായി “ജനകീയം ഡി ഹണ്ടി”ന്റെ ഭാഗമായി നടത്തിവരുന്ന പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

പ്രതിയുടെ വീട്ടിലും തുണിക്കടയിലും നടത്തിയ പരിശോധനയില്‍ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവും നിരോധിത പുകയില ഉൽപ്പന്നങ്ങളും കണ്ടെടുത്തു.

വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഒരു മാസമായി ഇയാളെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു.

നന്തിക്കര പെട്രോള്‍ പമ്പിന് സമീപം ബൈക്കിലെത്തി കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെയാണ് ചാലക്കുടി ഡി.വൈ.എസ്.പി. സുമേഷിൻ്റെ നേതൃത്വത്തിലുള്ള സംഘം മഹേഷിനെ അറസ്റ്റ് ചെയ്തത്.

കഞ്ചാവ് പിടികൂടിയ സംഘത്തിൽ പുതുക്കാട് സർക്കിൾ ഇൻസ്പെക്ടർ സജീഷ് കുമാർ, സിവിൽ പൊലീസ് ഓഫീസർ നിധീഷ്, ഷിനോജ് ഡാൻസാഫ്-ക്രൈം സ്ക്വാഡ് അംഗങ്ങളായ സബ്ബ് ഇൻസ്പെക്ടർമാരായ വി.ജി. സ്റ്റീഫൻ, റോയ് പൗലോസ്, പി.എം. മൂസ, എഎസ്ഐ വി.യു. സിൽജോ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എ.യു. റെജി, ഷിജോ തോമസ്, എന്നിവരും ഉണ്ടായിരുന്നു.

ലോക റെക്കോർഡ് ലക്ഷ്യമിട്ട് നടവരമ്പ് ഗവ. സ്കൂളിൽ പൂർവ്വ വിദ്യാർഥികളുടെ ”ശതസംഗമം” ഏപ്രിൽ 5ന്

ഇരിങ്ങാലക്കുട : നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഏപ്രിൽ 5ന് പൂർവ്വ വിദ്യാർത്ഥികളുടെ മഹാസംഗമം സംഘടിപ്പിക്കും. “ശതസംഗമം 2025” എന്ന പേരിൽ സംഘടിപ്പിക്കുന്ന സംഗമത്തിൽ 5000ത്തിലധികം പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുക്കും.

തുടർച്ചയായ എഴുപതോളം പത്താം വിദ്യാർഥി ബാച്ചുകളുടെ സംഗമം ലോക റെക്കോർഡിൽ ഇടം പിടിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഓരോ ബാച്ചിലെയും പ്രതിനിധികളുടെ ചങ്ങല സെൽഫിയോടെയാണ് പരിപാടികൾ ആരംഭിക്കുക.

ലോക റെക്കോർഡിലേക്കുള്ള രജിസ്ട്രേഷൻ ഉദ്ഘാടനം കേരള കലാമണ്ഡലം വൈസ് ചാൻസലറും പൂർവ്വ വിദ്യാർഥിയുമായ ഡോ. ടി.കെ. നാരായണൻ നിർവഹിക്കും. പൂർവ്വ വിദ്യാർഥി സംഘടന സെക്രട്ടറി സി. അനൂപ് അധ്യക്ഷത വഹിക്കും.

ഏപ്രിൽ 6ന് വൈകീട്ട് 4 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും.

വിശിഷ്ടാതിഥികളായി സംവിധായകൻ കമൽ, കവിയും ഗാനരചയിതാവുമായ എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവർ പങ്കെടുക്കും.

തുടർന്ന് ഐഡിയ സ്റ്റാർ സിംഗർ ഫെയിം ദുർഗ്ഗ വിശ്വനാഥ് നയിക്കുന്ന ഗാനമേളയും പൂർവ്വ വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറും.

അന്നേദിവസം രാവിലെ നടക്കുന്ന ഗുരുവന്ദനം പരിപാടിയിൽ ഏറ്റവും സീനിയറായ പൂർവ്വകാല അധ്യാപകർക്ക് ആദരം അർപ്പിക്കും.

കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോ. കെ.ടി. നാരായണൻ, പൂർവ്വ വിദ്യാർഥി സംഘടന പ്രസിഡന്റ് യു. പ്രദീപ് മേനോൻ, ജനറൽ കൺവീനർ സി.ബി. ഷക്കീല, സെക്രട്ടറി സി. അനൂപ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ബാലകൃഷ്ണൻ അഞ്ചത്ത്, സുദീപ് ടി. മേനോൻ, ശശി ചിറയിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.