പാണ്ഡിത്യ പ്രകടനം നോവലിസ്റ്റിൻ്റെ പരാജയം : ഇ. സന്തോഷ്കുമാർ

ഇരിങ്ങാലക്കുട : എഴുത്തുകാരൻ തൻ്റെ പാണ്ഡിത്യം പ്രകടിപ്പിക്കാൻ തുടങ്ങുമ്പോൾ നോവലിസ്റ്റ് എന്ന നിലയിൽ പരാജയപ്പെടുകയാണെന്ന് പ്രമുഖ നോവലിസ്റ്റ് ഇ. സന്തോഷ് കുമാർ അഭിപ്രായപ്പെട്ടു.

കുഴിക്കാട്ടുശ്ശേരി സാഹിതീ ഗ്രാമികയുടെ പ്രതിമാസ പരിപാടിയിൽ ”തപോമയിയുടെ അച്ഛൻ” എന്ന നോവലിനെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു സന്തോഷ് കുമാർ.

അഭയാർത്ഥിത്വമെന്ന മനുഷ്യാവസ്ഥയും സംവേദനത്തെ അസാധ്യമാക്കുന്ന ഗൂഢഭാഷയും മനുഷ്യരുടെ കുറ്റബോധവുമാണ് തന്നെ നോവലിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ബാലകൃഷ്ണൻ അഞ്ചത്ത് അധ്യക്ഷത വഹിച്ചു.

സഹൃദയ കോളെജ് മലയാള വിഭാഗം മേധാവി ഡോ. സ്വപ്ന സി. കോമ്പാത്ത് നോവൽ അവതരണം നടത്തി.

കവി ജോയ് ജോസഫ് ആച്ചാണ്ടി, ജയപ്രകാശ് ഒളരി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

കഥാകൃത്ത് തുമ്പൂർ ലോഹിതാക്ഷൻ, വി.ആർ. മനുപ്രസാദ് എന്നിവർ പ്രസംഗിച്ചു.

വനിതാ സംഗമം നടത്തി

ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്ക് എൻഎസ്എസ് വനിതാ യൂണിയന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ സംഗമം നടത്തി.

വനിതാ യൂണിയൻ പ്രസിഡന്റ് ജയശ്രീ അജയ് അധ്യക്ഷത വഹിച്ചു.

ചാലക്കുടി നഗരസഭ വൈസ് ചെയർപേഴ്സൺ സി. ശ്രീദേവി സംഗമം ഉദ്ഘാടനം ചെയ്തു.

പ്രൊഫ. കെ. ഗിരിജ മുഖ്യപ്രഭാഷണം നടത്തി. മുകുന്ദപുരം താലൂക്ക് കരയോഗം യൂണിയൻ ചെയർമാൻ അഡ്വ. ഡി. ശങ്കരൻകുട്ടി അനുഗ്രഹപ്രഭാഷണം നടത്തി.

താലൂക്ക് യൂണിയൻ സെക്രട്ടറി എസ്. കൃഷ്ണകുമാർ, ചാലക്കുടി മേഖലാ പ്രതിനിധി എൻ. ഗോവിന്ദൻകുട്ടി, ടൗൺ കരയോഗം പ്രസിഡന്റ് ഐ. സദാനന്ദൻ, ശ്യാമള രാമചന്ദ്രൻ, സ്മിത ജയകുമാർ തുടങ്ങിയവർ ആശംസകൾ നേർന്നു.

സംസ്ഥാന അവാർഡ് ജേതാക്കളായ ജയ ടീച്ചർ, ടി. സരസ്വതി, കേരളത്തിലെ ആദ്യത്തെ തിമില കലാകാരി സരസ്വതി രവി തുടങ്ങിയവരെ ആദരിച്ചു.

തുടർന്ന് വനിതകൾ അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി.

വനിത യൂണിയൻ സെക്രട്ടറി മിനി ചന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് ചന്ദ്രിക സുരേഷ് നന്ദിയും പറഞ്ഞു.

വനിതാദിനത്തിൽ അഭിനേത്രി ആളൂർ എൽസിയെ ആദരിച്ചു

ഇരിങ്ങാലക്കുട : നൂറോളം സിനിമകളിലും നാടകങ്ങളിലും അഭിനയിച്ച പ്രമുഖ അഭിനേത്രിയും സഹനടിയുമായ ആളൂർ എൽസിയെ പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് ആദരിച്ചു.

സിനിമാ – നാടക ജീവിതാനുഭവങ്ങളും ഓർമ്മകളും പങ്കുവെച്ച അഭിനേത്രി വനിതാദിന സന്ദേശം കൈമാറി.

ടൗൺ യൂണിറ്റ് സെക്രട്ടറി ഷെറിൻ അഹമ്മദ്, ഗാനരചയിതാവും എഴുത്തുകാരനുമായ ഖാദർ പട്ടേപ്പാട്ടം, പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിയംഗം റെജില ഷെറിൻ, സനോജ് രാഘവൻ, മുരളി നടക്കൽ, അമൻ അഹമ്മദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സിനിമ വെറും കച്ചവടമാകരുത് : സംവിധായകൻ കമൽ

ഇരിങ്ങാലക്കുട : സമൂഹത്തെ തിരുത്തുന്നതിൽ ഒരു കാലഘട്ടത്തിൽ മലയാള സിനിമകൾ വഹിച്ച പങ്ക് വളരെ വലുതായിരുന്നെന്നും ഇന്ന് സമൂഹത്തിൽ നടക്കുന്ന തിന്മകൾക്ക് പ്രോത്സാഹനം നൽകും വിധത്തിലേക്ക് അത് മാറിയിട്ടുണ്ടെന്നത് യാഥാർത്ഥ്യമാണെന്നും പ്രശസ്ത ചലച്ചിത്ര സംവിധായകൻ കമൽ അഭിപ്രായപ്പെട്ടു.

ലഹരി എന്ന വിപത്തിനെതിരെ ഇരിങ്ങാലക്കുടയിൽ നടന്ന വിദ്യാർത്ഥി യുവജന മഹിളാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ പല മലയാള സിനിമകളും
കോടി ക്ലബിൽ ഇടം പിടിച്ചെന്ന് പറയുമ്പോൾ അതെത്രമാത്രം പുതുതലമുറയെ തിരുത്തിയെന്ന് പരിശോധിക്കണമെന്നും സാമൂഹിക വിപത്തുകൾക്ക് ആക്കം കൂട്ടുന്ന സിനിമകൾ ചെയ്യില്ല എന്ന് അഭിപ്രായം പറയുവാൻ അഭിനേതാക്കൾ താറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലഹരിയുൾപ്പെടെ എല്ലാവിധ മാഫിയകൾക്കുമെതിരെ ജാഗരൂകരാകണം. കരുതലോടെ ഇടപെട്ടില്ലെങ്കിൽ ഭാവി കേരളത്തെപ്പറ്റിയുള്ള നമ്മുടെ മോഹങ്ങൾ വലിയ അർത്ഥമില്ലാത്തതാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള മഹിള സംഘം മണ്ഡലം സെക്രട്ടറി അൽഫോൺസ തോമസ് അധ്യക്ഷത വഹിച്ചു.

സംവിധായകൻ പ്രേംലാൽ, സാംസ്കാരിക പ്രവർത്തക യമുന വർമ്മ, കേരള ഫീഡ്സ് ചെയർമാൻ കെ. ശ്രീകുമാർ, സി.പി.ഐ. മണ്ഡലം സെക്രട്ടറി പി. മണി, അസിസ്റ്റന്റ് സെക്രട്ടറി എൻ.കെ. ഉദയ പ്രകാശ്, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ, കേരള മഹിള സംഘം സംസ്ഥാന കമ്മിറ്റി അംഗം അനിത രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

എഐവൈഎഫ് മണ്ഡലം സെക്രട്ടറി ടി.വി. വിബിൻ സ്വാഗതവും പി.വി. വിഘ്നേഷ് നന്ദിയും പറഞ്ഞു.

എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം മിഥുൻ പോട്ടക്കാരൻ, കേരള മഹിള സംഘം സുമതി തിലകൻ, എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് എം.പി. വിഷ്ണു ശങ്കർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.എസ്. ശ്യാംകുമാർ, ഗിൽഡ പ്രേമൻ, എഐഎസ്എഫ് മണ്ഡലം പ്രസിഡന്റ് ജിബിൻ ജോസ് എന്നിവർ നേതൃത്വം നൽകി.

നാടിന് അപമാനമുണ്ടാക്കുന്ന നടപടിയിൽ നിന്ന് കൂടൽമാണിക്യം ദേവസ്വവും തന്ത്രിമാരും പിന്മാറണം : യുവകലാസാഹിതി

ഇരിങ്ങാലക്കുട : കഴകവൃത്തിക്ക് റിക്രൂട്ട്മെൻ്റ് ബോർഡ് മുഖാന്തിരം നിയോഗിച്ചയാളെ ജാതിയുടെ പേരിൽ കഴകവൃത്തിയിൽ നിന്ന് ഒഴിവാക്കിയെന്ന വാർത്ത സമൂഹമന:സാക്ഷിയെ ഞെട്ടിക്കുന്നതും പ്രതിലോമകരവുമെന്ന് യുവകലാസാഹിതി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി വിലയിരുത്തി.

നാടിന് അപമാനമുണ്ടാക്കുന്ന നടപടിയിൽ നിന്ന് കൂടൽമാണിക്യം ദേവസ്വവും തന്ത്രിമാരും പിന്മാറണമെന്നും യുവകലാസാഹിതി ആവശ്യപ്പെട്ടു.

കഴകവൃത്തിക്ക് നിയോഗിക്കപ്പെട്ടയാളെ ക്ഷേത്രത്തിനകത്തെ പ്രവൃത്തിയിൽ നിന്ന് ഒഴിവാക്കണമെന്നും അല്ലാത്തപക്ഷം ക്ഷേത്രം തന്ത്രി സ്വന്തം പ്രവൃത്തി ചെയ്യില്ലെന്നുമുള്ള നിലപാട് എടുത്തത് അങ്ങേയറ്റം അപമാനകരമാണെന്നും കുട്ടംകുളം സമരചരിത്രമുള്ള ഇരിങ്ങാലക്കുടയ്ക്ക് ഇത്തരം പ്രവണതകൾ തീർച്ചയായും ഭൂഷണമല്ലെന്നും യോഗം അഭിപ്രായപ്പെട്ടു.

ജാതിയല്ല, മതമല്ല, മനുഷ്യനാണ് പ്രധാനം എന്ന യുവകലാസാഹിതിയുടെ മുദ്രാവാക്യം സമൂഹം ഏറ്റെടുക്കണമെന്ന് യുവകലാസാഹിതി ആഹ്വാനം ചെയ്തു.

പ്രസിഡന്റ് അഡ്വ. രാജേഷ് തമ്പാൻ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ വി.പി. അജിത്കുമാർ, വി.എസ്. വസന്തൻ, കെ.സി. ശിവരാമൻ, അഡ്വ. ഇ.ജെ. ബാബുരാജ്, ഷിഹാബ്, കെ.എസ്. ഇന്ദുലേഖ, അശ്വതി സരോജിനി, പി.കെ. ബാബു, റഷീദ് കാറളം എന്നിവർ പ്രസംഗിച്ചു.

എസ്.എൻ. ക്ലബ്ബ് വനിതാ വിംഗ് വനിതാദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : എസ്.എൻ. ക്ലബ്ബ് വനിതാ വിംഗിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിതാദിനാഘോഷം മുൻ നഗരസഭാ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു.

എസ്.എൻ. ക്ലബ്ബ് വനിതാവിഭാഗം പ്രസിഡൻ്റ് ലീന ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

ഏഷ്യൻ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ബ്രോൺസ് മെഡൽ ജേതാവായ പി.വി. അനഘ മുഖ്യാതിഥിയായി.

ആഘോഷത്തോടനുബന്ധിച്ച് ആര്യവൈദ്യ ഫാർമസിയുടെയും ക്ലബ്ബ് കുടുംബാംഗമായ ഡോ. ഐശ്വര്യ ബിമലിന്റെയും നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും “അർബുദവും ആയുർവേദ പരിരക്ഷയും” എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.

വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച ക്ലബ്ബ് കുടുംബത്തിലെ വനിതകളെ ചടങ്ങിൽ ആദരിച്ചു.

പ്രസിഡന്റ് ആർ.കെ. ജയരാജ് ആശംസകൾ നേർന്നു.

സെക്രട്ടറി സജു സലീഷ് സ്വാഗതവും അഞ്ജലി സൂരജ് നന്ദിയും പറഞ്ഞു.

തൃശൂർ – കൊടുങ്ങല്ലൂർ റോഡ് നിർമ്മാണം : നിയമനടപടിക്കൊരുങ്ങി പാസഞ്ചേഴ്സ് ഫോറം

ഇരിങ്ങാലക്കുട : തൃശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന ഹൈവേയിൽ കേരള ട്രാൻസ്പോർട്ട് പ്രൊജക്റ്റ് നടത്തുന്ന വർക്ക് പൂർത്തിയാകാത്തതിനാൽ നിയമ നടപടികൾക്കൊരുങ്ങി പാസഞ്ചേഴ്സ് ഫോറം.

2024 ഫെബ്രുവരിയിൽ കോൺക്രീറ്റ് പണി പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടിരുന്ന കൊടുങ്ങല്ലൂർ – തൃശൂർ സംസ്ഥാന ഹൈവേയിൽ 6 കിലോമീറ്റർ മാത്രമാണ് ഡിപിആർ-ൽ പറഞ്ഞതുപോലെ ഇരുവശവും നടപ്പാത പണിത് ടൈൽസ് വിരിച്ച് പണി പൂർത്തിയാക്കിയത്.

ഇതു സംബന്ധിച്ച് രണ്ടു പൊതുപ്രവർത്തകർ നൽകിയ ഹർജിയിൽ കൊടുങ്ങല്ലൂർ മുൻസിഫ് കോടതി ഒരു കമ്മീഷനെ വെച്ചിരുന്നു. ആ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിലും ഇതു തന്നെയാണ് പറയുന്നത്. എന്നാൽ റോഡിന്റെ ഇരുവശവും കൃത്യമായി കാനകൾ നിർമ്മിച്ചിട്ടുമില്ല.

മൊത്തം 35 കിലോമീറ്റർ നീളത്തിൽ റോഡ് വീതി കൂട്ടി കാനയും നടപ്പാതയും നിർമ്മിക്കണമെന്നാണ് കരാർ.

റോഡ് നിർമ്മാണം നടക്കുന്ന ഭാഗത്ത് വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ ചെയ്യാത്ത കാരണം ഇടയ്ക്കിടെ അപകടങ്ങൾ ഉണ്ടാകുന്നതും പതിവാണ്.

റോഡിൽ നിന്ന് ഇലക്ട്രിക്ക് പോസ്റ്റുകളും വാട്ടർ അതോറിറ്റി പൈപ്പുകളും മാറ്റി റോഡ് വീതി കൂട്ടുന്ന പ്രവർത്തികളിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് പാസഞ്ചേഴ്സ് ഫോറം കുറ്റപ്പെടുത്തി.

ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കാൻ ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചത്.

പ്രസിഡന്റ് പി.എ. സീതി മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി പി.കെ. ജസീൽ, പ്രൊഫ. കെ. അജിത, കുഞ്ഞുമുഹമ്മദ് കണ്ണാകുളം, കെ.ടി. സുബ്രഹ്മണ്യൻ, എം.കെ. അഹമ്മദ് ഫസലുളള എന്നിവർ പ്രസംഗിച്ചു.

ഹൈക്കോടതിയിൽ നിയമ നടപടി സ്വീകരിക്കാൻ അഭിഭാഷകരായ ഷിജീഷ് ഇബ്രാഹിം, ഷാനവാസ്‌ കാട്ടകത്ത് എന്നിവരെ യോഗം ചുമതലപ്പെടുത്തി.

വനിതാ ദിനത്തിൽ വനിതാ സംഗമം നടത്തി ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ

ഇരിങ്ങാലക്കുട : അന്താരാഷ്ട്ര വനിതാ ദിനാചരണത്തിൻ്റെ ഭാഗമായി ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ഇരിങ്ങാലക്കുട സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ബാർ അസോസിയേഷനിൽ വനിതാ സംഗമം സംഘടിപ്പിച്ചു.

സബ് കമ്മിറ്റി കൺവീനർ അഡ്വ. സുമ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ മുതിർന്ന അഭിഭാഷകരായ സരസ്വതി രാമൻ, കമലം എന്നിവർ കേക്ക് മുറിച്ചു വനിതാദിനാഘോഷം ഉദ്ഘാടനം ചെയ്തു.

അഡ്വ. ഇന്ദു നീധിഷ് വനിതാദിന സന്ദേശം നൽകി.

അഭിഭാഷകരായ ഗിരിജ ഉണ്ണികൃഷ്ണൻ, ജിഷ മുകുന്ദൻ, ആനന്ദ് അശോക്, ജീന, സിജി, ദീപ്തി, റിൻസ, രേഖ പ്രമോദ്, ദീപ്തി കിഷോർ, ഇന്ദു മുരളി എന്നിവർ നേതൃത്വം നൽകി.

നഗരസഭയിൽ വനിതാ ദിനാഘോഷം

ഇരിങ്ങാലക്കുട : നഗരസഭയുടെ ആഭിമുഖ്യത്തിൽ വനിതാദിനം ആഘോഷിച്ചു.

ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം നിർവഹിച്ചു.

വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, ഉദ്യോഗസ്ഥർ, മറ്റ് കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

തുടർന്ന് വനിതാ അംഗങ്ങൾ അവതരിപ്പിച്ച നൃത്തം അരങ്ങേറി.

വനിത ദിനാഘോഷം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ.) ഇരിങ്ങാലക്കുട മേഖലയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിത ദിനാഘോഷം സംഘടിപ്പിച്ചു.

രാജീവ് ഗാന്ധി മന്ദിരത്തിൽ നടന്ന ആഘോഷ പരിപാടികൾ ഡി.സി.സി. ജനറൽ സെക്രട്ടറി സോണിയ ഗിരി ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ ജില്ലാ കമ്മറ്റി അംഗവും വനിത ഫോറം നിയോജക മണ്ഡലം പ്രസിഡൻ്റുമായ കെ. കമലം അധ്യക്ഷത വഹിച്ചു.

ജില്ല ജോയിന്റ് സെക്രട്ടറി ജയ സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ സെക്രട്ടറി ഡേവിഡ് സ്റ്റീഫൻ, ജില്ല വൈസ് പ്രസിഡന്റ് ജോർജ് ഡി. മാളിയേക്കൽ, ഉദയൻ, എ.സി. സുരേഷ്, കെ.പി. മുരളീധരൻ, എ. വിജയലക്ഷ്മി, പി. സരള എന്നിവർ പ്രസംഗിച്ചു.

ജില്ലാ സമ്മേളനത്തിൽ ആർട്സ് & സ്പോർട്സിൽ വിജയിച്ച മുഫിദയെ ചടങ്ങിൽ ആദരിച്ചു.

തുടർന്ന് വനിതാ അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.