ഏകദിന വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിൻ്റെ ആഭിമുഖ്യത്തിൽ
തൃശൂര്‍ ജില്ലാഭരണകൂടവും കൊടുങ്ങല്ലൂർ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രവും സംയുക്തമായി ”പാസ്‌വേഡ് 2024-25” എന്ന പേരിൽ പുല്ലൂറ്റ് ഗവ. കെ.കെ.ടി.എം. കോളെജിലെ ന്യൂനപക്ഷ വിദ്യാർഥികൾക്കായി ഏകദിന വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിച്ചു.

മുസിരിസ് കൺവെൻഷൻ സെൻ്ററിൽ നടന്ന ക്യാമ്പ് കൊടുങ്ങല്ലൂർ നഗരസഭ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേർസൺ ഷീല പണിക്കശ്ശേരി ഉദ്ഘാടനം ചെയ്തു.

കൊടുങ്ങല്ലൂർ തഹസിൽദാർ എം.ജെ. ജോസഫ് അധ്യക്ഷത വഹിച്ചു.

മൈനോറിട്ടി യൂത്ത് കോച്ചിംഗ് സെൻ്റർ പ്രിൻസിപ്പൽ ഡോ. കെ.കെ. സുലേഖ പദ്ധതി വിശദീകരണം നടത്തി.

ഐ.ക്യു.എ.സി. പ്രതിനിധി ഡോ. കൃഷ്ണകുമാർ ആശംസകൾ നേർന്നു.

പി.എ. സുധീർ മോട്ടിവേഷൻ ആൻഡ് കരിയർ ഗൈഡൻസ് സെഷനും വി.എ. നിസാമുദ്ദീൻ പേർസണാലിറ്റി ഡിവലപ്പ്മെൻ്റ് സെഷനും നേതൃത്വം നൽകി.

കോളെജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ടി.കെ. ബിന്ദു ശർമിള സ്വാഗതവും ഡോ. കെ.കെ. മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു.

ഡെപ്യൂട്ടി തഹസിൽദാർ ശ്യാമള, മുൻ പ്രിൻസിപ്പൽ വി.കെ. സുബൈദ, ഒ.ബി.സി. സെൽ കോർഡിനേറ്റർ ഡോ. റെമീന കെ. ജമാൽ എന്നിവർ സംബന്ധിച്ചു.

കാറളം പഞ്ചായത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ ഒഴിവ്

ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടറുടെ തസ്തികയിലേക്ക് താൽക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള വാക്ക് -ഇൻ- ഇൻ്റർവ്യൂ ഫെബ്രുവരി 28ന് ഉച്ചയ്ക്ക് 2 മണിക്ക് കാറളം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും.

ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ രേഖകൾ സഹിതം ഇൻ്റർവ്യൂവിന് ഹാജരാക്കേണ്ടതാണ്.

വിശദ വിവരങ്ങൾക്കായി ഓഫീസുമായി ബന്ധപ്പെടണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

കണ്‌ഠേശ്വരം ശിവക്ഷേത്രത്തിലെ പ്രഥമ ശിവരാത്രി പുരസ്കാരം ഡോ. സദനം കൃഷ്ണൻകുട്ടിക്ക് സമർപ്പിച്ചു

ഇരിങ്ങാലക്കുട : കണ്‌ഠേശ്വരം ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ പ്രഥമ ശിവരാത്രി പുരസ്കാരം പ്രശസ്ത കഥകളി ആചാര്യനായ ഡോ. സദനം കൃഷ്ണൻകുട്ടി ആശാന് ക്ഷേത്രം തന്ത്രി നകരമണ്ണ് നാരായണൻ നമ്പൂതിരിപ്പാട് സമർപ്പിച്ചു.

മഹാശിവരാത്രി ദിനത്തിൽ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിലാണ് പുരസ്കാര സമർപ്പണം നടത്തിയത്.

ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് എൻ. വിശ്വനാഥമേനോൻ അധ്യക്ഷത വഹിച്ചു.

ഹരിതം ഗ്രൂപ്പ് ഹരിദാസ് മുഖ്യാതിഥിയായി.

ചടങ്ങിൽ ഇരിങ്ങാലക്കുടയിലെ കലാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കഥകളി ആചാര്യൻ കലാനിലയം രാഘവനാശാൻ, കഥകളി സംഗീതജ്ഞൻ കലാനിലയം ഉണ്ണികൃഷ്ണൻ, നാടൻപാട്ട് കലാകാരൻ മുരളി ആശാൻ, തിരുവാതിരക്കളി കലാകാരി അണിമംഗലം സാവിത്രി അന്തർജ്ജനം എന്നിവരെ ആദരിച്ചു.

കൗൺസിലർമാരായ അമ്പിളി ജയൻ, സന്തോഷ് കാട്ടുപറമ്പിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.

ക്ഷേത്രം ഭരണസമിതി സെക്രട്ടറി ഷിജു എസ്. നായർ സ്വാഗതവും ട്രഷറർ പി. സുനിൽകുമാർ നന്ദിയും പറഞ്ഞു.

ഇന്ത്യൻ വൈജ്ഞാനിക പാരമ്പര്യത്തെ വീണ്ടെടുക്കാൻ ”വൃദ്ധി” സെൻ്റർ ഫോർ ഇന്ത്യൻ നോളജ് സിസ്റ്റവുമായിസെൻ്റ് ജോസഫ്‌സ് കോളെജ്

ഇരിങ്ങാലക്കുട : ഇന്ത്യൻ വൈജ്ഞാനിക പാരമ്പര്യത്തിൻ്റെ വീണ്ടെടുക്കലും ഗവേഷണ പദ്ധതികളും ലക്ഷ്യമിട്ട് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളെജിൽ ഇന്ത്യൻ നോളജ് സിസ്റ്റത്തിൻ്റെ കേന്ദ്രമായ ”വൃദ്ധി” ആരംഭിച്ചു.

റിസർച്ച് ഹാളിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രിയും, തൃശൂർ എംപിയും ആയ സുരേഷ് ഗോപി വൃദ്ധിയുടെ ഉദ്ഘാടനം നിർവഹിച്ചു.

നമ്മുടെ വൈജ്ഞാനിക പാരമ്പര്യത്തെ യുവതലമുറയ്ക്ക് പകർന്നുകൊടുക്കേണ്ടത് ഒരു മഹത്തായ ഉത്തരവാദിത്തമാണെന്നും സെൻ്റ്. ജോസഫ്സ് കോളെജ് തുടക്കം കുറിച്ച സംരംഭം അതിനു വലിയ സംഭാവനയാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.

കോളെജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി അധ്യക്ഷത വഹിച്ചു.

വൃദ്ധി ഇന്ത്യൻ പരമ്പരാഗത വിജ്ഞാനത്തിന്റെ ശാസ്ത്രീയ പഠനത്തിനും ഗവേഷണത്തിനും പുതുമയാർന്ന വഴികൾ തുറക്കുമെന്ന് പ്രിൻസിപ്പൽ പറഞ്ഞു.

കോളെജിലെ മാനുസ്ക്രിപ്റ്റ് റിസർച്ച് – പ്രിസർവേഷൻ സെൻ്റർ ഡയറക്ടറും മലയാള വിഭാഗം അധ്യാപികയുമായ ക്യാപ്റ്റൻ ലിറ്റി ചാക്കോ ആശംസകൾ നേർന്നു.

വൃദ്ധി ഇന്ത്യൻ നോളജ് സിസ്റ്റം ഡയറക്ടർ ഡോ. വി.എസ്. സുജിത സ്വാഗതവും ചരിത്ര വിഭാഗം മേധാവി ഡോ. ജോസ് കുര്യാക്കോസ് നന്ദിയും പറഞ്ഞു.

വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്ത് മുരിയാട് പഞ്ചായത്ത്

ഇരിങ്ങാലക്കുട : മൂന്നാം നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി മുരിയാട് പഞ്ചായത്തിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു.

പാറേക്കാട്ടുകര ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ മുരിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പള്ളി വിതരണോദ്ഘാടനം നിർവഹിച്ചു.

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സരിത സുരേഷ് സ്വാഗതം പറഞ്ഞു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.യു. വിജയൻ, വാർഡ് മെമ്പർമാരായ തോമസ് തൊകലത്ത്, സുനിൽ കുമാർ, നിജി വത്സൻ, ശ്രീജിത്ത് പട്ടത്ത്, സേവ്യർ ആളൂക്കാരൻ, മണി സജയൻ, പാറേക്കാട്ടുകര സർവീസ് സഹകരണബാങ്ക് മാനേജർ ഷീജ, ഐ.സി.ഡി.എസ്. സൂപ്പർവൈസർ അൻസ എബ്രഹാം എന്നിവർ ആശംസകൾ നേർന്നു.

അങ്കണവാടി പ്രവർത്തകർ, കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ അഞ്ജലി, പ്ലാൻ കോർഡിനേറ്റർ ഹരീഷ് എന്നിവർ പങ്കെടുത്തു.

180 കട്ടിലുകളാണ് ഈ വർഷം വിതരണം ചെയ്യുന്നത്.

ആശാവർക്കർമാർക്കെതിരെയുള്ള സർക്കാർ ഉത്തരവ് കത്തിച്ച് കോൺഗ്രസിന്റെ പ്രതിഷേധം

ഇരിങ്ങാലക്കുട : ആശാവർക്കർമാർ ജോലിക്ക് ഹാജരായില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന സർക്കാർ ഉത്തരവ് കത്തിച്ച് ഇരിങ്ങാലക്കുട മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു.

തുടർന്ന് നഗരസഭ കാര്യാലയത്തിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ മുൻ കെ.പി.സി.സി. ജനറൽ സെക്രട്ടറി എം.പി. ജാക്സൺ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് സി.എസ്. അബ്ദുൾ ഹഖ് അധ്യക്ഷത വഹിച്ചു.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ, മുൻ വൈസ് ചെയർമാൻ ടി.വി. ചാർളി, കെ. വേണു മാസ്റ്റർ, സിജു യോഹന്നാൻ, ജോസ് മാമ്പിള്ളി, തോമസ് കോട്ടോളി, വി.എം. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

നഗരസഭ കൗൺസിലർമാർ, ബ്ലോക്ക് – മണ്ഡലം ഭാരവാഹികൾ, യൂത്ത് വിംഗ് – ബൂത്ത് ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.

എ.സി. സുരേഷ് സ്വാഗതവും ജസ്റ്റിൻ ജോൺ നന്ദിയും പറഞ്ഞു.

മയക്കു മരുന്ന് വേട്ട തുടരുന്നു : ചാലക്കുടിയിൽ 19 ബോട്ടിൽ ഹെറോയിനുമായി ആസാം സ്വദേശി പിടിയിൽ

ഇരിങ്ങാലക്കുട : ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും തടയാനായി സംസ്ഥാന വ്യാപകമായി നടത്തുന്ന “ഓപ്പറേഷൻ ഡി ഹണ്ടി”ന്റെ ഭാഗമായി  ചാലക്കുടി പൊലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ  കെഎസ്ആർടിസി സ്റ്റാൻ്റിന് സമീപത്തുനിന്ന് 19 ബോട്ടിൽ ഹെറോയിനുമായി ആസാം സ്വദേശിയെ പിടികൂടി.  

വിൽപനക്കായെത്തിച്ച മാരക മയക്കുമരുന്നുമായി ആസാം നാഗാവോൺ സ്വദേശി അസദുൾ ഇസ്ലാം (25)നെയാണ് പിടികൂടിയത്. 

മയക്ക് മരുന്ന് വിൽപ്പനയ്ക്ക് ആവശ്യക്കാരെ കാത്ത് നിൽക്കുമ്പോഴാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. 

ആസാമിൽ നിന്ന് ട്രെയിൻ മാർഗ്ഗം എത്തിക്കുന്ന ഹെറോയിൻ ചെറിയ ബോട്ടിലുകളിലാക്കി 700 രൂപ നിരക്കിൽ വിൽപ്പന നടത്തി വരികയായിരുന്നു. 

ഇതര സംസ്ഥാന തൊഴിലാളികളും കഠിന ജോലികൾ ചെയ്യുന്ന തദ്ദേശീയരുമാണ് ആവശ്യക്കാർ. 

ലഹരി വില്പനയും ഉപയോഗവും ശ്രദ്ധയിൽപ്പെട്ടാൽ കേരള പൊലീസിന്റെ 9995966666 എന്ന യോദ്ധാവ് വാട്സ്ആപ്പ് നമ്പറിൽ അറിയിക്കാവുന്നതാണെന്ന് തൃശൂർ റൂറൽ പൊലീസ് അറിയിച്ചു.

ഐ.ഡി. ഫ്രാൻസിസിൻ്റെ വിയോഗം : സർവകക്ഷിയോഗം നടത്തി

ഇരിങ്ങാലക്കുട : കോൺഗ്രസ് നേതാവും വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പലും ജനപ്രതിനിധിയുമായിരുന്ന ഐ.ഡി. ഫ്രാൻസിസിന്റെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു.

കോൺഗ്രസ് കാട്ടൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് വി.ഡി. സൈമൺ അധ്യക്ഷത വഹിച്ചു.

മുൻ സർക്കാർ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ, മുൻ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ്, സിപിഎം കാറളം ലോക്കൽ സെക്രട്ടറി അജിത്, സിപിഐ ജില്ലാ കൗൺസിൽ അംഗം കെ. ശ്രീകുമാർ, ഡിസിസി ജനറൽ സെക്രട്ടറി ആന്റോ പെരുമ്പിള്ളി, പഞ്ചായത്തംഗം അജയൻ, ബ്ലോക്ക് പഞ്ചായത്തംഗം മോഹനൻ വലിയാട്ടിൽ, മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. ഉദയപ്രകാശ്, കോൺഗ്രസ് കാട്ടൂർ ബ്ലോക്ക് പ്രസിഡന്റ് ഷാറ്റൊ കുര്യൻ, തിലകൻ പൊയ്യാറ, വേണു കുട്ടശാംവീട്ടിൽ, കാറളം രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

“പുതിയ ബജറ്റും ആധുനിക ഭാരതവും” : ബജറ്റ് വിവരണ സെമിനാർ സംഘടിപ്പിച്ച് ബിജെപി

ഇരിങ്ങാലക്കുട : ഭാരതീയ ജനതാ പാർട്ടി തൃശൂർ സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ”പുതിയ ബജറ്റും ആധുനിക ഭാരതവും” എന്ന വിഷയത്തിൽ ഇരിങ്ങാലക്കുട ടൗൺ ഹാൾ അങ്കണത്തിൽ ബജറ്റ് വിവരണ സെമിനാർ സംഘടിപ്പിച്ചു.

ബിജെപി സംസ്ഥാന കമ്മറ്റിയംഗം കെ.എസ്. സുരേഷ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന സമിതിയംഗവും ചാനൽ ചർച്ചകളിലെ നിറസാന്നിധ്യവുമായ പി.ആർ. ശിവശങ്കർ ഉദ്ഘാടനം ചെയ്തു.

ഡോ. എം. മോഹൻദാസ് വിഷയാവതരണം നടത്തി.

കർഷകർ, സർക്കാർ ഉദ്യോഗസ്ഥർ, കച്ചവടക്കാർ, വിദ്യാർഥികൾ, വനിതകൾ തുടങ്ങി ബജറ്റിലൂടെ വിവിധ മേഖലകളിൽ ഗുണം ലഭിച്ച വ്യക്തികൾ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് ആർച്ച അനീഷ് സ്വാഗതം പറഞ്ഞു.

സംസ്ഥാന കൗൺസിൽ അംഗം കെ.സി. വേണു മാസ്റ്റർ, തൃശൂർ സൗത്ത് ജില്ലയിലെ മണ്ഡലം പ്രസിഡൻ്റുമാരായ പി.എസ്. സുഭീഷ്, ടി.വി. പ്രജിത്ത്, അനൂപ്, സിജു, ജിതേഷ്, പ്രിൻസ്, സുജ കാർത്തിക് എന്നിവർ പ്രസംഗിച്ചു.

ആനയ്ക്കൽ ധന്വന്തരി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം മാർച്ച് 1ന്

ഇരിങ്ങാലക്കുട : മനക്കലപ്പടി ആനയ്ക്കൽ ധന്വന്തരി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം മാർച്ച് 1ന് സംഘടിപ്പിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ രാവിലെ 5 മണിക്ക് ഗണപതി ഹോമവും വിശേഷാൽ പൂജകളും നടക്കും.

രാവിലെ 9 മണിക്ക് ആരംഭിക്കുന്ന കാഴ്ചശീവേലിയിൽ തൃപ്രയാർ അനിയൻ മാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളം അരങ്ങേറും.

ഉച്ചയ്ക്ക് 11.30 മുതൽ പ്രസാദ ഊട്ട് ഉണ്ടായിരിക്കും.

വൈകീട്ട് 5 മണിക്ക് യൂണിവേഴ്സൽ വേൾഡ് റെക്കോർഡ് ജേതാവ് സലീഷ് നനദുർഗ്ഗ അവതരിപ്പിക്കുന്ന സോപാനസംഗീതവും, 7 മണിക്ക് സദനം കൃഷ്ണപ്രസാദിന്റെ തായമ്പകയും അരങ്ങേറും.