ഇരിങ്ങാലക്കുട : പ്രവർത്തന മികവിനുള്ള സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ അംഗീകാരമായ എ പ്ലസ് ഗ്രേഡ് നിലനിർത്തി മഹാത്മാഗാന്ധി റീഡിംഗ് റൂം ആൻഡ് ലൈബ്രറി.
2018- 19ൽ തൃശ്ശൂർ ജില്ലയിൽ മൂന്ന് ലൈബ്രറികൾക്ക് എ പ്ലസ് ഗ്രേഡ് ലഭിച്ചതിൽ ഒന്ന് ഇരിങ്ങാലക്കുട മഹാത്മാഗാന്ധി റീഡിംഗ് റൂം ആൻഡ് ലൈബ്രറി ആയിരുന്നു. തുടർന്നുള്ള എല്ലാ വർഷവും എ പ്ലസ് ഗ്രേഡ് നിലനിർത്തുവാൻ ലൈബ്രറിക്ക് കഴിഞ്ഞു.
ബാലവേദി, വനിതാവേദി, യുവത, വയോജന വിഭാഗം, കലാസാംസ്കാരിക വിഭാഗം, കായിക വിഭാഗം, ലഹരി വിരുദ്ധ ക്ലബ്ബ്, അക്ഷര സേന തുടങ്ങിയവയുടെ സജീവ പ്രവർത്തനം, വായന മത്സരങ്ങൾ, സർഗോത്സവങ്ങൾ എന്നിവയിലെ സ്ഥിരം സാന്നിധ്യം, താലൂക്ക്, ജില്ല, സംസ്ഥാന ലൈബ്രറി കൗൺസിലുകളുടെ എല്ലാ നിർദ്ദേശങ്ങളും പരിപാടികളും ഭംഗിയായും സമയബന്ധിതമായും നടപ്പാക്കുക എന്നിവ മികവിന്റെ ഘടകങ്ങളായി.
എല്ലാ വർഷവും വ്യക്തിത്വ വികസന ക്യാമ്പുകൾ, പരിസ്ഥിതി ദിനാചരണം, സ്വാതന്ത്ര്യദിനാഘോഷം, വായനാദിന പരിപാടികൾ, കേരളപ്പിറവി ആഘോഷം, ശിശുദിനാഘോഷം, പതാകദിനാഘോഷം, സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, അക്ഷരശ്ലോകം, ചലച്ചിത്ര ഗാനം, ചിത്രരചന, ചെസ്സ് മത്സരങ്ങൾ തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിക്കുകയും ജൈവ പച്ചക്കറി കൃഷി, സോപ്പ് നിർമ്മാണം, എൽഇഡി ബൾബ് നിർമാണ പരിശീലനം, ഫാഷൻ ഡിസൈനിങ്, ബ്യൂട്ടീഷൻ കോഴ്സുകൾ, നൃത്ത പരിശീലനം, കരാട്ടെ, കളരി, യോഗ, കീബോർഡ് ക്ലാസുകൾ, പി എസ് സി പരീക്ഷ പരിശീലന ക്ലാസുകൾ എന്നിവയും ലൈബ്രറിയോടനുബന്ധിച്ച് നടത്തിവരുന്നുണ്ട്.
എ പ്ലസ് ഗ്രേഡ് ലഭിച്ച മുകുന്ദപുരം താലൂക്കിലെ ഏക ലൈബ്രറിയും മഹാത്മാഗാന്ധി റീഡിങ് റൂം ആൻഡ് ലൈബ്രറിയാണ്.
1889ൽ സ്ഥാപിതമായ മഹാത്മാഗാന്ധി റീഡിംഗ് റൂം ആൻഡ് ലൈബ്രറി 137-ാം വാർഷികാഘോഷത്തിലേക്ക് കടക്കുമ്പോൾ ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത് പ്രസിഡന്റ് പി സി ആശ, സെക്രട്ടറി അഡ്വ കെ ജി അജയ് കുമാർ എന്നിവർ ഉൾപ്പെട്ട 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ്.