ഇരിങ്ങാലക്കുട : കേരളത്തിലെ ആർട്സ് ആൻ്റ് സയൻസ് കോളെജുകളുടെ ചരിത്രത്തിൽ ആദ്യമായി രൂപകൽപ്പന ചെയ്യപ്പെട്ട ”റോബോട്ടിക്ക് പ്രോജക്ട്” എന്ന നേട്ടം ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിനു സ്വന്തമായിരിക്കുകയാണെന്ന് പ്രിൻസിപ്പൽ ഡോ സിസ്റ്റർ ബ്ലെസ്സി പത്രസമ്മേളനത്തിൽ അറിയിച്ചു.
കോളെജിലെ ബിവോക് മാത്തമാറ്റിക്സ് – ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വിഭാഗത്തിലെ 25 വിദ്യാർഥികൾ ഇൻ്റേൺഷിപ്പിൻ്റെ ഭാഗമായി 5 ഗ്രൂപ്പുകളായി ഐ-ഹബ് എന്ന കമ്പനിയുടെ സഹകരണത്തോടെ ചെയ്ത പ്രവർത്തനമാണ് “ജോസഫൈൻ” എന്ന റോബോട്ടിൻ്റെ സാക്ഷാത്കാരത്തിലേക്ക് നയിച്ചത്.
ബി വോക് മാത്തമാറ്റിക്സ് ആൻ്റ് ആർട്ടിഫിഷൽ ഇൻ്റലിജൻസ് വിഭാഗം അധ്യാപിക അഞ്ജു പി ഡേവിസ് നേതൃത്വം നൽകി.
വ്യക്തികളുടെ മുഖം തിരിച്ചറിയൽ, ശബ്ദം തിരിച്ചറിയൽ, തത്സമയ വിവരങ്ങൾ ചോദിച്ചറിയുന്നതിനുള്ള ചാറ്റ്ബോട്ട് സംവിധാനം, ആളുകൾക്ക് സുഗമമായി കോളെജ് സേവനങ്ങൾ ലഭ്യമാക്കാൻ വികസിപ്പിച്ചെടുത്ത മാപ്പ് – നാവിഗേഷൻ സംവിധാനം, ലൈബ്രറിയിലെ പുസ്തകങ്ങൾ കണ്ടെത്താനും അവയിലെ ആശയങ്ങൾ പറഞ്ഞു തരാനും സഹായിക്കുന്ന, കാഴ്ചപരിമിതരായ കുട്ടികൾക്കും പ്രയോജനപ്രദമാകുന്ന റോബോട്ടിക്ക് ലൈബ്രറി എന്നിങ്ങനെ അത്യാധുനിക സവിശേഷതകൾ അടങ്ങിയിട്ടുള്ള റോബോട്ടിക്ക് പ്രോജക്ടാണ് ”ജോസഫൈൻ”.
വിദ്യാർഥികളുടെ നൂതനാശയങ്ങൾ പരിപോഷിപ്പിക്കുന്നതിനൊപ്പം സാങ്കേതിക വിദ്യയിലൂടെ സമൂഹത്തിൻ്റെ വികസനം എന്ന ലക്ഷ്യത്തെ ഉറപ്പുവരുത്തുകയാണ് ഈ പ്രോജക്ടിലൂടെ സെൻ്റ് ജോസഫ് കോളെജ്.
വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, പൊതു സേവനങ്ങൾ എന്നിങ്ങനെയുള്ള ആപ്ലിക്കേഷനുകൾക്കൊപ്പം പ്രായോഗിക പ്രശ്നങ്ങൾക്കുള്ള പരിഹാരമെന്ന നിലയിൽ ഗണിത മോഡലിംഗിൻ്റെയും എ ഐ -യുടെയും റോബോട്ടിക്സിൻ്റെയും ഇൻ്റർ ഡിസിപ്ലിനറി ആപ്ലിക്കേഷനുകളാണ് സജ്ജമാക്കിയിട്ടുള്ളത്.
ഗണിതവും ആർട്ടിഫിഷ്യൽ ഇൻ്റലിജൻ്റ്സും അത്യാധുനിക സാങ്കേതികവിദ്യയിലേക്ക് സമന്വയിപ്പിച്ചു കൊണ്ടുള്ള റോബോട്ടിക് പ്രോജക്ടിൻ്റെ ഉദ്ഘാടനം മന്ത്രി ഡോ ആർ ബിന്ദു ജനുവരി 3ന് കോളെജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ നിർവഹിക്കും.
കോളെജിലെ പൂർവ്വവിദ്യാർഥിയും പ്രോജക്ട് അഡ്വൈസറും ചീഫ് കോർഡിനേറ്ററുമായ ഡോ ഇഷ ഫർഹ ഖുറൈഷി പങ്കെടുക്കും.
ചടങ്ങിൽ റോബോട്ടിൻ്റെ പ്രധാന സവിശേഷതകളുടെയും പ്രവർത്തനങ്ങളുടെയും തത്സമയ പ്രദർശനവും സംഘടിപ്പിക്കും.
ഐ ക്യു എ സി കോർഡിനേറ്റർ ഡോ ടി വി ബിനു, പ്രൊജക്ട് ഫാക്കൽറ്റി കോർഡിനേറ്റർ അഞ്‌ജു പി ഡേവിസ്, സ്റ്റുഡൻ്റ് കോർഡിനേറ്റർ
വരദ ദേവൻ, മീഡിയ കോർഡിനേറ്റർ അഞ്ജു ആൻ്റണി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.