പൂമംഗലത്ത് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനം ആചരിച്ചു

ഇരിങ്ങാലക്കുട : പൂമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 77-ാം രക്തസാക്ഷി ദിനം ആചരിച്ചു.

എടക്കുളം നെറ്റിയാട് സെന്ററിൽ നടന്ന ദിനാചരണം മുൻ പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ ജോസ് മൂഞ്ഞേലി ഉദ്ഘാടനം ചെയ്തു.

മഹിളാ കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി രഞ്ജിനി ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി.

മണ്ഡലം പ്രസിഡന്റ് എൻ ശ്രീകുമാർ അധ്യക്ഷത വഹിച്ചു.

കെ പി സെബാസ്റ്റ്യൻ, ടി ആർ രാജേഷ്, ടി ആർ ഷാജു, വി ആർ പ്രഭാകരൻ, പി പി ജോയ്, കത്രീന ജോർജ് എന്നിവർ പ്രസംഗിച്ചു.

അഖിൽ മുഗൾകുടം സ്വാഗതവും കെ എസ് അജി നന്ദിയും പറഞ്ഞു.

വേളൂക്കരയിൽ മഹാത്മാഗാന്ധി അനുസ്മരണവുമായി കോൺഗ്രസ്

ഇരിങ്ങാലക്കുട : മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് വേളൂക്കര മണ്ഡലം കമ്മിറ്റി ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.

മണ്ഡലം പ്രസിഡൻ്റ് അഡ്വ ശശികുമാർ ഇടപ്പുഴ, മുതിർന്ന കോൺഗ്രസ് നേതാവ് പി ഐ ജോസ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

വാർഡ് മെമ്പർ ബിബിൻ തുടിയത്ത്, കാട്ടൂർ ബ്ലോക്ക് കോൺഗ്രസ് മുൻ വൈസ് പ്രസിഡൻ്റ് ജോണി കാച്ചപ്പിള്ളി, ബൂത്ത് പ്രസിഡൻ്റുമാരായ ഷജീർ കൊടകരപറമ്പിൽ, ഫ്രാൻസിസ് പുനത്തിൽ, ജോസ് പാറോക്കാരൻ, നിഷ സുധീർ, വാർഡ് പ്രസിഡൻ്റ് റാഫി മൂശ്ശേരിപറമ്പിൽ, മെജോ ജോസ്, ഡേവീസ് പേങ്ങിപറമ്പിൽ എന്നിവർ പങ്കെടുത്തു.

എടതിരിഞ്ഞി വില്ലേജിലെ ഫെയർവെല്യൂ വിഷയം ശാശ്വതമായി പരിഹരിക്കണം : കോൺഗ്രസ്

ഇരിങ്ങാലക്കുട : എടതിരിഞ്ഞി വില്ലേജിലെ ഫെയർ വാല്യു ചുററുപാടുള്ള മറ്റു വില്ലേജുകളെയും ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയെയും അപേക്ഷിച്ച് പതിന്മടങ്ങ് കൂടുതലായി ഒരു ആറിന് 1980000 രൂപ എന്ന നിലയിലാണ് നിലവിൽ നിശ്ചയിച്ചിട്ടുള്ളത്. ഇതുമൂലം വില്ലേജിലെ മുഴുവൻ ജനങ്ങളുടെയും ജീവിതം പ്രതിസന്ധിയിലായിരിക്കുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.

മക്കളുടെ വിദ്യാഭ്യാസം, വിവാഹം, വീട് നിർമ്മാണം, ചികിത്സ എന്നു തുടങ്ങി അടിയന്തിര സാമ്പത്തിക ആവശ്യങ്ങൾക്ക് ഭൂമി വിനിയോഗിക്കാൻ കഴിയാത്ത സ്ഥിതിയിലാണ് നാട്ടുകാർ. ഭൂമിയുടെ അമിതമായ ഫെയർ വാല്യൂ മൂലം വിൽക്കുവാനോ കൈമാറ്റം നടത്താനോ സാധിക്കാത്തതിനാൽ ജനങ്ങൾ ഏറെ ദുരിതത്തിലാണ്.

ആവശ്യം പരിഹരിക്കുന്നതിന് വേണ്ടി പല തലങ്ങളിൽ ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനങ്ങൾ നൽകിയിരുന്നെങ്കിലും നാളിതുവരെയായി യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നിരിക്കെ ഇപ്പോൾ അദാലത്ത് എന്ന പേരിൽ പ്രത്യേക അപേക്ഷയും ഫീസും പ്രമാണങ്ങളുടെ പകർപ്പും ഓരോരുത്തരും നൽകാനാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് കോൺഗ്രസ് ആരോപിച്ചു.

തങ്ങളുടേതല്ലാത്ത കാരണത്താൽ ഉദ്യോഗസ്ഥരുടെ പിഴവുമൂലം കഷ്ടത അനുഭവിക്കുന്ന ജനങ്ങളെ വീണ്ടും സാമ്പത്തികമായും മാനസികമായും ബുദ്ധിമുട്ടിക്കുന്നതിന് പകരം നാലായിരത്തോളം വരുന്ന ഭൂവുടമകളെ ബാധിക്കുന്ന പ്രശ്നത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും, കണ്ണിൽ പൊടിയിടുന്ന അദാലത്തിനു പകരം പ്രത്യേക ഉത്തരവ് ഇറക്കി പരിഹരിക്കണമെന്നും, ഇത്തരത്തിൽ ഫെയർവെല്യൂ നിശ്ചയിച്ച ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും കാട്ടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.

ഫെയർ വാല്യൂ വിഷയം എത്രയും പെട്ടെന്ന് പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ഷാറ്റൊ കുരിയൻ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ ആൻ്റോ പെരുമ്പിള്ളി, കെ കെ ഷൗക്കത്തലി, കെ പി സെബാസ്റ്റ്യൻ, എ ഐ സിദ്ധാർത്ഥൻ, ടി എസ് പവിത്രൻ, കെ ഡി ഹേമന്ദ്കുമാർ, എം ജെ റാഫി, ജോമോൻ വലിയവീട്ടിൽ, എ എസ് ഹൈദ്രോസ് എന്നിവർ പ്രസംഗിച്ചു.

വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ പഞ്ചായത്തിന്റെ പുതിയ സാമ്പത്തിക വർഷത്തേക്കുള്ള കരട് പദ്ധതികളുടെ അവതരണവുമായി വികസന സെമിനാർ സംഘടിപ്പിച്ചു.

ഉൽപാദന മേഖലയിൽ 1,20,28,070 രൂപയും സേവന മേഖലയിൽ 11,26,79,708 രൂപയും, പശ്ചാത്തല മേഖലയിൽ 5,23,52,842 രൂപയും ഉൾപ്പെടെ 17,70,60,720 രൂപയുടെ കരട് പദ്ധതികളാണ് സെമിനാറിൽ അവതരിപ്പിക്കപ്പെട്ടത്.

എല്ലാ മേഖലകൾക്കും ഒരു പോലെ ഊന്നൽ നൽകിയാണ് കരട് പദ്ധതി അവതരിപ്പിച്ചത്.

പഞ്ചായത്ത് പ്രസിഡന്റ് നിഷ ഷാജി അധ്യക്ഷത വഹിച്ചു.

യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ, പഞ്ചായത്ത് മുൻ പ്രസിഡന്റ് എം എം മുകേഷ്, വാർഡ് മെമ്പർ ഷംസു വെളുത്തേരി, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ റാബി സക്കീർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ ജിയോ ഡേവിസ് പദ്ധതി വിശദീകരണം നടത്തി.

തുടർന്ന് പൊതുചർച്ചയും നിർദ്ദേശാവതരണങ്ങളും നടന്നു.

ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ, പഞ്ചായത്ത് മെമ്പർമാർ, സെക്രട്ടറി ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ, വിവിധ നിർവ്വഹണ ഉദ്യോഗസ്ഥർ, അംഗൻവാടി ആശാ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ, തൊഴിലുറപ്പ്, ജലനിധി ജീവനക്കാർ, കർമ്മസമിതി അംഗങ്ങൾ, രാഷ്ട്രീയ കലാ സാംസ്കാരിക വായനശാലാ പ്രവർത്തകർ തുടങ്ങിയവർ
പങ്കെടുത്തു.

വൈസ് പ്രസിഡന്റ് ഫസ്ന റിജാസ് സ്വാഗതവും, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുജൻ
പൂപ്പത്തി നന്ദിയും പറഞ്ഞു.

തദ്ദേശീയ ദിനാഘോഷം : ജില്ലാതല കായിക മത്സരങ്ങൾ തുടങ്ങി

ഇരിങ്ങാലക്കുട : ഫെബ്രുവരി 18, 19 തീയ്യതികളിൽ ഗുരുവായൂരിൽ വച്ച് നടക്കുന്ന തദ്ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനത്ത് നടത്തുന്ന ജില്ലാതല കായിക മത്സരത്തിൻ്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് നിർവ്വഹിച്ചു.

ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡൻ്റും കലാകായിക സബ്ബ് കമ്മിറ്റി ചെയർമാനുമായ എം എസ് മോഹനൻ അധ്യക്ഷത വഹിച്ചു.

നഗരസഭ സെക്രട്ടറി എം എച്ച് ഷാജിക് ആശംസകൾ നേർന്നു.

മതിലകം പഞ്ചായത്ത് സെക്രട്ടറിയും കൺവീനറുമായ കെ എസ് രാംദാസ് സ്വാഗതവും, സബ്ബ് കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് ജീവനക്കാരനുമായ പി എം മിഥുൻ നന്ദിയും പറഞ്ഞു.

തീരദേശവില്പന ലക്ഷ്യമാക്കി എത്തിച്ച നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി : പിടികൂടിയത് 200ൽ പരം പാക്കറ്റുകൾ

ഇരിങ്ങാലക്കുട : തീരദേശ വിൽപ്പന ലക്ഷ്യമാക്കി കാറിലും സ്കൂട്ടറിലുമായി 200ൽ പരം പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളുമായി രണ്ടുപേർ അറസ്റ്റിൽ.

തീരദേശ മേഖലയിലെ സ്കൂൾ, കോളെജ് വിദ്യാർഥികൾക്കും, മത്സ്യതൊഴിലാളികൾക്കും ഇടയിൽ നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് വിൽപ്പന നടത്തുന്നതിനായി എത്തിക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

പി വെമ്പല്ലൂർ അമ്പലനട ജംഗ്ഷനിൽ വെച്ച് നടത്തിയ കാർ പരിശോധനയിൽ ഒരു കാറിന്റെ സീറ്റിനടിയിൽ സഞ്ചിയിലാക്കിയ നിലയിൽ 130 ഹാൻസ് പാക്കറ്റുകളും വില്പന നടത്തി കിട്ടിയ 18,010 രൂപയും ലഭിച്ചു.

കാറിൽ എത്തിയ കൊടുങ്ങല്ലൂർ ലോകമലേശ്വരം കുഴികണ്ടത്തിൽ വീട്ടിൽ മുഹമ്മദ് മകൻ സിയാദിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇയാൾ ഉപയോഗിച്ച മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മറ്റൊരു സ്കൂട്ടറിൽ നിരോധിത പുകയുൽപ്പന്നങ്ങളുമായി എത്തിയ കുടിലിങ്ങാബസാർ ചാനടിക്കൽ വീട്ടിൽ സദാനന്ദൻ മകൻ സന്ദീപിനെയും അറസ്റ്റ് പൊലീസ് ചെയ്തു.

ഇയാളുടെ സ്കൂട്ടറിൽ നിന്നും 60 പാക്കറ്റ് ഹാൻസുകൾ കണ്ടെത്തി.

ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഐഎസ്എച്ച്ഒ എം കെ ഷാജി, എസ് ഐ രമ്യ കാർത്തികേയൻ, പ്രൊ എസ് ഐ സഹദ്, എ എസ് ഐമാരായ പ്രജീഷ്, ഷൈജു, സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ മുഹമ്മദ്‌ അഷ്‌റഫ്‌ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

കാറളം പഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിൽ പുതിയ വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു.

പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് ഉദ്ഘാടനം ചെയ്തു.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക റെനിൽ വികസന കാഴ്ചപ്പാടും കരട് പദ്ധതിയും അവതരിപ്പിച്ചു.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എസ് രമേഷ്, കാറളം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ബീന സുബ്രഹ്മണ്യൻ, ജഗജി കായംപുറത്ത്, മറ്റ് മെമ്പർമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.

കാറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ മാലാന്ത്ര സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി കെ കെ ഗ്രേസി നന്ദിയും പറഞ്ഞു.

മഹാത്മാഗാന്ധി അനുസ്മരണം ആചരിച്ചു

ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷണൽ കോൺഗ്രസ് 101-ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടത്തി.

ബൂത്ത് പ്രസിഡൻ്റ് ഡേവിസ് ഷാജുവിൻ്റെ അധ്യക്ഷതയിൽ മാർക്കറ്റ് പരിസരത്ത് നടന്ന അനുസ്മരണ സമ്മേളനം ഇരിങ്ങാലക്കുട ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ജോസഫ് ചാക്കോ ഉദ്ഘാടനം ചെയ്തു.

ലോകജനതയ്ക്ക് എല്ലാ കാലത്തും മാതൃകയും പ്രചോദനവുമായ മഹാത്മാഗാന്ധിയുടെ ഹത്യ നമുക്ക് ഒരു കാലത്തും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്ന് ജോസഫ് ചാക്കോ പറഞ്ഞു.

തുടർന്ന് മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.

18-ാം വാർഡ് കൗൺസിലർ മിനി ജോസ് ചാക്കോള, മണ്ഡലം ട്രഷറർ ജോസ് മാമ്പിള്ളി, അഡ്വ ഹോബി ജോളി, സണ്ണി മുരിങ്ങത്തുപറമ്പിൽ എന്നിവർ അനുസ്മരണ സന്ദേശം നൽകി.

വിൻസെൻ്റ് ചക്കാലയ്ക്കൽ, ഇഗ്നേഷ്യസ് നെടുമ്പാക്കാരൻ, ജോണി അമ്പൂക്കൻ, സാബു കൂനൻ എന്നിവർ നേതൃത്വം നൽകി.

ഡി സോൺ കലോത്സവത്തിനിടയിൽ നടന്ന ആക്രമണം : പ്രതികൾ റിമാൻഡിൽ

ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ കലോത്സവം നടക്കുന്ന മാള പൊലീസ് സ്റ്റേഷൻ പരിധിയിലെ മാള ഹോളി ഗ്രേസ് കോളെജിന്റെ ഒന്നാം നമ്പർ വേദിയുടെ മുന്നിൽ പരിപാടിയുടെ നടത്തിപ്പിലെ അപാകതകളെപ്പറ്റി ചോദിച്ചവരെ മുളവടി, ഇരുമ്പ് പൈപ്പ് എന്നിവ കൊണ്ട് ആക്രമിച്ച് ഗുരുതരമായി പരിക്കേല്പിച്ച കേസ്സിലെ പ്രതികൾ റിമാൻഡിൽ.

കോട്ടപ്പടി കുഴിക്കാട്ടിൽ വീട്ടിൽ മുരളീധരൻ മകൻ ഗോകുൽ, പനമുക്ക് തയ്യിൽ വീട്ടിൽ പ്രദീപ് മകൻ സച്ചിൻ, പരപ്പനങ്ങാടി പാറക്കണ്ണിത്തറയിൽ ദാസൻ മകൻ സുദേവ് എന്നിവരെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാർ ഐപിഎസിന്റെ നിർദേശാനുസരണം മാള പൊലീസ് സ്റ്റേഷൻ ഐ എസ് എച്ച് ഒ സജിൻ ശശി അറസ്റ്റ് ചെയ്തത്.

പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

നിര്യാതയായി

ലക്ഷ്മിക്കുട്ടി അമ്മ

കോണത്തുകുന്ന് : മനക്കലപ്പടി നാഞ്ചേരി വീട്ടിൽ മാണിക്യൻകുട്ടി നായർ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (77) നിര്യാതയായി.

സംസ്കാരം വ്യാഴാഴ്ച്ച (ജനുവരി 30) ഉച്ചയ്ക്ക് 12.30ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

മക്കൾ : ഉണ്ണികൃഷ്ണൻ, രാമചന്ദ്രൻ, ആശ, സിന്ധു

മരുമക്കൾ : ഗോപാലകൃഷ്ണൻ, കൃഷ്ണകുമാർ, ശെൽവി, ലതാദേവി