ബിരുദദാന സമ്മേളനവും കിര്‍ഫ് റാങ്കിംഗ് വിജയാഘോഷവും

ഇരിങ്ങാലക്കുട : നാക് റാങ്കിംഗില്‍ എ ഗ്രേഡ് നേടിയ കെ കെ ടി എം കോളെജിന് കേരളസര്‍ക്കാരിന്റെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ റാങ്കുചെയ്യുന്ന കേരള ഇൻസ്റ്റിട്യൂഷനൽ റാങ്കിംഗ് ഫ്രെയിംവർക്കിൽ (കിർഫ്) 31മത്തെ റാങ്ക് ലഭിച്ചു.

കിര്‍ഫ് റാങ്കിംഗിന്റെ വിജയാഘോഷവും കോളെജിലെ ബിരുദദാന സമ്മേളനവും കോൺവൊക്കേഷൻ മെരിറ്റ് ഡേയും ഒമ്പതിന് രാവിലെ 10 മണി മുതല്‍ മുസിരിസ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും.

കേരളത്തിലെ എല്ലാ കോളെജുകളെയും ഉള്‍പ്പെടുത്തിക്കൊണ്ടു നടത്തിയ റാങ്കിംഗിലാണ് കോളെജിന്റെ ഈ നേട്ടം. 

അധ്യാപനം, ഗവേഷണം, വിജയശതമാനം, വിദ്യാര്‍ഥികളുടെ നൈപുണിവികസനം, ശാസ്ത്രാവബോധം വളര്‍ത്തല്‍ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് കിര്‍ഫ് റാങ്കിംഗ് നടത്തിയത്. 

ഒന്നാംറാങ്ക് നേടിയ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജിന് 59.5 പോയിന്റ് ലഭിച്ചപ്പോള്‍ 53. 2 പോയിന്റ് നേടി കെ കെ ടിഎം 31-ാം സ്ഥാനവും കേരളത്തിലെ ഗവണ്‍മെന്റ് കോളെജുകളില്‍ അഞ്ചാംസ്ഥാനവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ മൊത്തം കോളെജുകളില്‍ പതിമൂന്നാം സ്ഥാനവും തൃശൂര്‍ ജില്ലയിലെ കോളെജുകളില്‍ ആറാം സ്ഥാനവും നേടിയിട്ടുണ്ട്. 

പ്രശസ്തമായ ഒട്ടേറെ കോളെജുകളെ പിന്തള്ളിയാണ് താരതമ്യേനെ ചെറിയ കോളെജായ ഈ കോളെജ് എടുത്തുപറയേണ്ടുന്ന നേട്ടം നേടുന്നത്. 

അക്കാദമിക് – അക്കാദമികേതരമായ മേഖലകളില്‍ കോളെജ് ഏറെ മുന്നോട്ടുപോകുന്നുവെന്നാണ് ഈ നേട്ടങ്ങള്‍ അടയാളപ്പെടുത്തുന്നത്.

സമ്മേളനം കേരള കലാമണ്ഡലം മുന്‍ വി സി ഡോ ടി കെ നാരായണന്‍ ഉദ്ഘാടനം ചെയ്യും.

ചടങ്ങിൽ ബിരുദ, ബിരുദാനന്തര വിഷയങ്ങളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് അദ്ദേഹം ബിരുദം സമ്മാനിക്കും.  

കോളേജ് പ്രിൻസിപ്പാൾ പ്രൊഫ ഡോ ടി കെ ബിന്ദു ഷർമിള സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ കൊടുങ്ങല്ലൂര്‍ എം എല്‍ എ അഡ്വ വി ആര്‍ സുനില്‍ കുമാര്‍ അധ്യക്ഷത വഹിക്കും.

കാലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാര്‍ ഡോ ഇ കെ സതീഷ് വിശിഷ്ടാതിഥിയായി മുഖ്യപ്രഭാഷണം നടത്തും.

കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗം ഡോ പി എം മാഗി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും.

വൈസ് പ്രിൻസിപ്പാൾ പ്രൊഫ ജി ഉഷാകുമാരി, ഐ ക്യു എ സി കോഡിനേറ്റർ ഡോ ലവ് ലി ജോർജ്, വാർഡ് കൗൺസിലർ പി എൻ വിനജയചന്ദ്രൻ, കോളെജ് ഓഫീസ് സുപ്രണ്ട് പി സി ഷാജി, കോളെജ് യൂണിയൻ ചെയർമാൻ എം സി ഋഷികേശ് ബാബു, പി ടി എ വൈസ് പ്രസിഡണ്ട് എം ആർ സുനിൽ ദത്ത്, പി ടി എ സെക്രട്ടറി ഡോ വിനയശ്രീ എസ് എന്നിവർ ചടങ്ങിൽ സംസാരിക്കും.

സുഭദ്രാധനഞ്ജയത്തിലെ ”ശിഖിനിശലഭം” ആകർഷകമാക്കി ‘സുവർണ്ണം’

ഇരിങ്ങാലക്കുട : സുഭദ്രാധനഞ്ജയം കൂടിയാട്ടത്തിലെ പ്രസിദ്ധമായ ”ശിഖിനിശലഭം” ഭാഗം പകർന്നാടി കൂടിയാട്ടരംഗത്തെ യുവകലാകാരൻ ഗുരുകുലം തരുൺ ഭാവിപ്രതീക്ഷകൾ നിലനിർത്തി.

മാധവനാട്യഭൂമിയിൽ നടന്നുവരുന്ന കൂടിയാട്ടമഹോത്സവത്തിൻ്റെ ഭാഗമായാണ് ഗുരുകുലം തരുൺ ആദ്യമായി “ശിഖിനിശലഭം” അരങ്ങത്തവതരിപ്പിച്ചത്.

ഇരിങ്ങാലക്കുട ഡോ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് അമ്മന്നൂർ ഗുരുകുലവുമായി സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘സുവർണ്ണം’ സമാപനത്തിനോടനുബന്ധിച്ച് നടക്കുന്ന ആഘോഷപരമ്പരയുടെ പത്താം ദിനത്തിലാണ് ഗുരുകുലം അവതരിപ്പിച്ച സുഭദ്രാധനഞ്ജയം കൂടിയാട്ടത്തിലെ ശിഖിനിശലഭം അരങ്ങേറിയത്.

മിഴാവിൽ കലാമണ്ഡലം എ എൻ ഹരിഹരൻ, നേപഥ്യ ജിനേഷ് പി ചാക്യാർ, ഇടയ്ക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ, താളത്തിൽ സരിത കൃഷ്ണകുമാർ, ഗുരുകുലം അക്ഷര എന്നിവർ പശ്ചാത്തലമേളമൊരുക്കി. കലാനിലയം ഹരിദാസ് ചുട്ടി കുത്തി.

നളൻ്റെ പ്രച്ഛന്നഹൃദയമായ “ബാഹുകഹൃദയം” എന്ന വിഷയത്തെ അധികരിച്ച് ടി വേണുഗോപാൽ പ്രഭാഷണം നടത്തി.

‘സംഗമഗ്രാമത്തിൻ്റെ സാംസ്കാരിക ഭൂമിക – ഗണിതം, ശാസ്ത്രം’ എന്ന വിഷയത്തിൽ ഡോ കെ എസ് സവിത പ്രബന്ധം അവതരിപ്പിച്ചു.

സെന്റ് തോമസ് കത്തീഡ്രൽ ദനഹ തിരുനാൾ 11, 12, 13 തിയ്യതികളിൽ

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ ദനഹ തിരുനാളും, വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പു തിരുനാളും ജനുവരി 11, 12, 13 തിയ്യതികളിൽ സംയുക്തമായി ആഘോഷിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.

തിരുനാളിന് ഒരുക്കമായി ജനുവരി 2 വ്യാഴാഴ്ച മുതൽ വൈകീട്ട് 5.30ന് നവനാൾ കുർബാന ആരംഭിച്ചു.

8ന് രാവിലെ 6.40ന് വികാരി റവ ഫാ ഡോ പ്രൊഫ ലാസർ കുറ്റിക്കാടൻ തിരുനാൾ കൊടിയേറ്റം നിർവഹിക്കും.

8, 9, 10 തിയ്യതികളിൽ വൈകീട്ട് 5.30ന്റെ വിശുദ്ധ കുർബാനയോടൊപ്പം പ്രസുദേന്തിവാഴ്ചയും കുർബാനയ്ക്കു ശേഷം പള്ളി ചുറ്റി പ്രദക്ഷിണവും ഉണ്ടായിരിക്കും.

ജനുവരി 11, ശനിയാഴ്ച്ച രാവിലെ 6 മണിയുടെ വി കുർബാനക്കു ശേഷം മദ്ബഹയിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന തിരുസ്വരൂപങ്ങളെ പള്ളിയകത്ത് വച്ചിരിക്കുന്ന രൂപക്കൂടുകളിലേക്ക് ഇറക്കി സ്ഥാപിക്കും. തുടർന്ന് യൂണിറ്റുകളിലേക്ക് കൊണ്ടുപോകുന്ന അമ്പുകൾ വെഞ്ചിരിക്കും.

വൈകീട്ട് 8 മണിക്ക് സീയോൻ ഹാളിൽ മതസൗഹാർദ്ദ സമ്മേളനം നടക്കും. സമ്മേളനത്തിൽ വിവിധ സമുദായ നേതാക്കൾ പങ്കെടുക്കും.

തിരുനാൾ ദിനമായ 12ന് രാവിലെ 10.30ൻ്റെ ആഘോഷമായ തിരുനാൾ കുർബ്ബാനയ്ക്ക് രൂപതാ മെത്രാൻ മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമ്മികത്വം വഹിക്കും.

തിരുനാൾ ദിവസം രാവിലെ 5.30നും, 7.30നും, ഉച്ചകഴിഞ്ഞ് 2.30 നും കത്തീഡ്രലിലും രാവിലെ 6.30 നും 8 മണിക്കും സ്പിരിച്ച്വാലിറ്റി സെന്ററിലും വി കുർബാനകൾ ഉണ്ടായിരിക്കും.

ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരുനാൾ പ്രദക്ഷിണം ആരംഭിക്കും. വൈകീട്ട് 7 മണിക്ക് പ്രദക്ഷിണം പള്ളിയിൽ എത്തിച്ചേരും. തുടർന്ന് സമാപന പ്രാർത്ഥനയും, തിരുശേഷിപ്പിന്റെ ആശീർവ്വാദവും ഉണ്ടായിരിക്കും.

കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നിർധനരോഗികൾക്ക് മരുന്നു നൽകൽ, ഭവനരഹിതർക്കായുള്ള ഭവന നിർമ്മാണ പദ്ധതികൾ, കിഡ്‌നി രോഗികൾക്കുള്ള ഫ്രീ ഡയാലിസിസ് തുടങ്ങിയ ജീവകാരുണ്യ പ്രവർത്തികൾ കൂടുതൽ ഊർജ്വസ്വലമായി ഇക്കൊല്ലവും നടത്തുമെന്ന് സംഘാടകർ അറിയിച്ചു.

തിരുനാളിനോടനുബന്ധിച്ച് പള്ളിയങ്കണത്തിൽ 9ന് വൈകീട്ട് 7.30 ന് ചെണ്ടമേളം (പിണ്ടിമേളം) അരങ്ങേറും.

ജനുവരി 10ന് വൈകീട്ട് 7 മണിക്ക് ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ ജി സുരേഷ് നിർവ്വഹിക്കും.

തുടർന്ന് വൈകീട്ട് 7.30ന് ഫ്യൂഷൻ മ്യൂസിക് ഷോയും ഉണ്ടായിരിക്കും.

11ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5 മണി വരെ ബാൻ്റ് മേളവും 13ന് രാത്രി 9.30ന് ബാൻ്റ് വാദ്യ മത്സരവും ഉണ്ടായിരിക്കും.

അസി വികാരിമാരായ ഫാ ഹാലിറ്റ് തുലാപറമ്പൻ, ഫാ ഗ്ലിഡിൻ പഞ്ഞിക്കാരൻ, ഫാ ജോസഫ് പയ്യപ്പിള്ളി, ട്രസ്റ്റിമാരായ തിമോസ് പാറേക്കാടൻ, സി എം പോൾ ചാമപറമ്പിൽ, ബാബു ജോസ് പുത്തനങ്ങാടി, ജോമോൻ തട്ടിൽ മണ്ടി ഡേവി, തിരുനാൾ ജനറൽ കൺവീനർ സെബി അക്കരക്കാരൻ, ജോയിൻ്റ് കൺവീനർമാരായ പൗലോസ് താണിശ്ശേരിക്കാരൻ, സാബു കൂനൻ, പബ്ലിസിറ്റി കൺവീനർ ഷാജു പന്തലിപ്പാടൻ, ജോയിൻ്റ് കൺവീനർ ഷാജു എബ്രഹാം കണ്ടംകുളത്തി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

മുകുന്ദപുരം താലൂക്ക് – റവന്യൂ റിക്കവറി ബാങ്ക് അദാലത്ത് ജനുവരി 7, 10, 15 തിയ്യതികളിൽ

ഇരിങ്ങാലക്കുട : ബാങ്ക് അതോറിറ്റിയും മുകുന്ദപുരം താലൂക്കും, ബാങ്ക് കുടിശ്ശികയിനത്തിൽ റവന്യൂ റിക്കവറി നേരിടുന്ന ഉപഭോക്താക്കൾക്കായി ജനുവരി 7, 10, 15 തിയ്യതികളിൽ ബ്ലോക്ക് തലത്തിൽ യഥാക്രമം വെളളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ഹാൾ (വെള്ളാങ്ങല്ലൂർ), കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാൾ (പുതുക്കാട്), ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹാൾ (മാപ്രാണം) എന്നിവിടങ്ങളി‌ലായി ബാങ്ക് മേള സംഘടിപ്പിക്കുമെന്ന് തഹസിൽദാർ അറിയിച്ചു.

ബാധ്യത തീർക്കുന്നവർക്ക് അർഹിക്കുന്ന പരമാവധി ഇളവ് നൽകാൻ നടപടികൾ ഉണ്ടാകും.

ആയതിനാൽ അടക്കാനുള്ള തുക കൂടി കയ്യിൽ കരുതി അന്നേ ദിവസം അദാലത്തിൽ നേരിട്ട് ഹാജരാകണമെന്ന് ലീഡ് ബാങ്ക് മാനേജർ നിർദ്ദേശിച്ചു.

അദാലത്തിൽ ഹാജരായി ബാധ്യത തീർക്കാത്ത പക്ഷം കുടിശ്ശിക ഈടാക്കുവാനായി ഇനിയൊരറിയിപ്പ് കൂടാതെ കുടിശ്ശികക്കാരന്റെ സ്ഥാവരജംഗമ വസ്തുക്കളുടെ ജപ്തി നടപടികൾ സ്വീകരിക്കുന്നതായിരിക്കുമെന്നും തഹസിൽദാർ അറിയിച്ചു.

മന്നം ജയന്തി ആഘോഷവും കുടുംബ സംഗമവും നടത്തി

ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്ക് യൂണിയൻ 2907-ാം നമ്പർ മനക്കുളങ്ങര എൻ എസ് എസ് കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ 148-ാമത് മന്നം ജയന്തി ആഘോഷവും കുടുംബ സംഗമവും നടത്തി.

എൻ എസ് എസ് ഡയറക്ടർ ബോർഡ് അംഗവും തലപ്പിള്ളി താലൂക്ക് യൂണിയൻ പ്രസിഡൻ്റുമായ അഡ്വ പി ഹൃഷികേശ് ഉദ്ഘാടനം നിർവ്വഹിച്ചു.

മുകുന്ദപുരം താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ ഡി ശങ്കരൻകുട്ടി അധ്യക്ഷത വഹിച്ചു.

യോഗത്തിൽ യൂണിയൻ സെക്രട്ടറി എസ് കൃഷ്ണകുമാർ, ആർ ബാലകൃഷണൻ, സി ബി രാജൻ, കരയോഗം പ്രസിഡന്റ് കോടന നാരായണൻകുട്ടി, സെക്രട്ടറി ബിന്ദു ജി മേനോൻ, യൂണിയൻ കമ്മിറ്റി അംഗങ്ങളായ സുനിൽ കെ മേനോൻ, വിജയൻ ചിറ്റേത്ത്, എൻ ഗോവിന്ദൻകുട്ടി എന്നിവർ സംബന്ധിച്ചു.

ഭദ്രം പ്ലസ് കുടുംബ സുരക്ഷാ പദ്ധതി : തുക കൈമാറി

ഇരിങ്ങാലക്കുട : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി നടപ്പിലാക്കിയ ഭദ്രം പ്ലസ് കുടുംബ സുരക്ഷാ പദ്ധതിയുടെ ഭാഗമായി പുല്ലൂർ- അവിട്ടത്തൂർ- തൊമ്മാന യൂണിറ്റിലെ പരേതനായ സാജൻ ലൂവിസിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ നിയോജകമണ്ഡലം പ്രസിഡന്റ് എബിൻ വെള്ളാനിക്കാരൻ കൈമാറി.

യൂണിറ്റ് പ്രസിഡന്റ് ബൈജു മുക്കുളം അധ്യക്ഷത വഹിച്ചു.

ഭാരവാഹികളായ ബെന്നി അമ്പഴക്കാടൻ, ഷാജി ആലപ്പാട്ട് എന്നിവർ പ്രസംഗിച്ചു.

ഭാരതീയ വിദ്യാഭവനിൽ ”കിഡ്സ്‌ സ്പോർട്സ് മീറ്റ്” നടത്തി

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിൽ പ്രൈമറി വിദ്യാർഥികളുടെ കായികമേള ”കിഡ്സ്‌ സ്പോർട്സ് മീറ്റ്” നടത്തി.

രാവിലെ നടന്ന ഉദ്ഘാടന ചടങ്ങിൽ സെക്രട്ടറി വി രാജൻ പതാക ഉയർത്തി മേള ഉദ്ഘാടനം ചെയ്തു.

മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ അപ്പുക്കുട്ടൻ നായർ, വിവേകാനന്ദൻ, പ്രിൻസിപ്പൽ ബിജു ഗീവർഗീസ്, വൈസ് പ്രിൻസിപ്പൽ ശോഭ ശിവാനന്ദരാജൻ, പ്രൈമറി വിഭാഗം മേധാവി ബിന്ദുമതി എന്നിവർ സന്നിഹിതരായിരുന്നു.

പ്രൈമറി ക്ലാസുകളിലെ ലീഡർമാർ ചേർന്ന് ദീപശിഖ തെളിയിച്ചു.

തുടർന്ന് കുട്ടികൾ കായിക പ്രതിജ്ഞയെടുത്തു.

ആവേശകരമായ മത്സരങ്ങളിൽ വിജയികളായവർക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു.

കായികാധ്യാപകരായ റോസ്‌മി, സലീഷ്, ശ്യാം എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.

ടൗൺ അമ്പ് ഫെസ്റ്റ് : ലോഗോ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : പിണ്ടി പെരുന്നാളിനോടനുബന്ധിച്ച് നടത്തുന്ന ഇരിങ്ങാലക്കുട ടൗൺ അമ്പ് ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം മന്ത്രി ഡോ ആർ ബിന്ദു നിർവ്വഹിച്ചു.

അമ്പ് ഫെസ്റ്റ് പ്രസിഡന്റ് റെജി മാളക്കാരൻ അധ്യക്ഷത വഹിച്ചു.

വി ആർ സുനിൽകുമാർ എം എൽ എ മുഖ്യാതിഥിയായി.

അമ്പ് ഫെസ്റ്റ് ജനറൽ കൺവീനർ ജിക്സൺ മങ്കിടിയാൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാജു പാറേക്കാടൻ, പ്രോഗ്രാം കമ്മറ്റി കൺവീനർ ടെൽസൺ കോട്ടോളി, പബ്ലിസിറ്റി ജോയിൻ്റ് കൺവീനർ ഡേവിസ് ചക്കാലക്കൽ, അമ്പ് ഫെസ്റ്റ് ജോയിൻ്റ് കൺവീനർ ജോബി അക്കരക്കാരൻ എന്നിവർ പ്രസംഗിച്ചു.

ഫെബ്രുവരി 25, 26, 27 തിയ്യതികളിലാണ് ടൗൺ അമ്പ് ഫെസ്റ്റ്.

നാല്പതോളം ലോഗോ എൻട്രികളിൽ നിന്ന് അവാർഡ് കമ്മറ്റി ഷാബു ഹംസയുടെ ലോഗോയാണ് തെരഞ്ഞെടുത്തത്.

ക്യാഷ് അവാർഡും മൊമെന്റോയും മതസൗഹാർദ സമ്മേളനത്തിൽ വച്ച് ഷാബു ഹംസക്ക് സമ്മാനിക്കും.