ഇരിങ്ങാലക്കുട : ലഹരിമരുന്നുമായി ബന്ധപ്പെട്ട നിരവധി കേസുകളിൽ പിടിക്കപ്പെട്ട് ജയിലിലാവുകയും, പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയും ചെയ്ത യുവാവിനെ ലക്ഷക്കണക്കിനു രൂപ വില മതിക്കുന്ന രാസലഹരിയുമായി പോലീസ് പിടികൂടി.
റൂറൽ ജില്ലാ .പോലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നിർദ്ദേശ പ്രകാരം ചാലക്കുടി ഡി വൈ എസ് പി കെ സുമേഷിൻ്റെ നേതൃത്വത്തിൽ നടത്തിയ രാത്രികാല പട്രോളിങ്ങിനിടയിൽ ചില്ലറ വിപണിയിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന അൻപത് ഗ്രാമോളം മാരക രാസലഹരി വസ്തുക്കളുമായി പീച്ചി വില്ലേജിൽ ആശാരിക്കാട് ചേരുംകുഴി സ്വദേശി തെക്കയിൽ വീട്ടിൽ ഷിജോ ജോസഫ് (30) ആണ് പോലീസിൻ്റെ പിടിയിലായത്. “കിങ്ങിണി” എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഇയാൾ കുപ്രസിദ്ധ ലഹരിക്കടത്തുകാരനാണ്.
അടുത്തയിടെ റൂറൽ ജില്ലയിൽ മയക്കു മരുന്നിനടിമകളായവർ ഉൾപ്പെടുന്ന ക്രിമിനൽ കേസുകൾ വർദ്ധിച്ചതോടെ ജില്ലാ പോലീസ് മേധാവി ആവിഷ്കരിച്ച രാത്രികാല പരിശോധനക്കിടെ താരതമ്യേന ആൾസഞ്ചാരം കുറഞ്ഞ നെല്ലായി – മുരിയാട് റോഡിൽ നെല്ലായി വൃന്ദാവൻ സ്റ്റോപ്പിനു സമീപം വെച്ച് പുലർച്ചെ മൂന്നേ കാൽ മണിയോടെ സംശയാസ്പദമായ സാഹചര്യത്തിൽ ഷിജോയെ കണ്ട് പോലീസ് വാഹനം നിർത്തി ചോദ്യം ചെയ്തതോടെ ഇയാൾ രക്ഷപ്പെടാൻ ശ്രമിക്കുകയും തുടർന്ന് കൊടകര പോലീസും ഡാൻസാഫ് ടീമും ചേർന്ന് സാഹസികമായി പിടികൂടുകയുമാണ് ഉണ്ടായത്.
ബാംഗ്ലൂരിൽ നിന്നും ജോലി കഴിഞ്ഞ് വരികയാണെന്നും മറ്റും പരസ്പര വിരുദ്ധമായി സംസാരിച്ചതിനാൽ രാത്രികാല പട്രോളിങ്ങ് ടീമുകളെ പരിശോധിക്കാൻ നിയുക്തനായിരുന്ന ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ അനീഷ് കരീം വിശദമായി ദേഹപരിശോധന നടത്തിയാണ് ഭദ്രമായി പൊതിഞ്ഞു വസ്ത്രത്തിനുള്ളിൽ സൂക്ഷിച്ചു വെച്ചിരിക്കുകയായിരുന്ന രാസലഹരി മരുന്ന് കണ്ടെടുത്തത്.
ഇയാളെയും തണ്ടേക്കാട് സ്വദേശി ബിലാൽ എന്ന് വിളിക്കുന്ന ബിനുവിനെയും 2020ൽ ഉണക്കമീൻ കച്ചവടത്തിന്‍റെ മറവിൽ കഞ്ചാവ് വിറ്റതിന് പാലക്കാട്ടുതാഴത്ത് നിന്നും പെരുമ്പാവൂർ എക്സൈസ് പിടികൂടിയിരുന്നു. ഇവരിൽ നിന്നും 16 കിലോ കഞ്ചാവും അന്ന് പിടിച്ചെടുത്തിരുന്നു.
കൂടാതെ അതേ വർഷം തന്നെ മാള പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട പുത്തൻചിറയിലെ ഇയാളുടെ വാടക വീടിനു പിറകിൽ കുഴിച്ചിട്ട നിലയിൽ മുപ്പത് കിലോയോളം കഞ്ചാവും മാള പോലീസ് പിടികൂടിയിരുന്നു.
തൃശർ സിറ്റിയിലെ ഈസ്റ്റ് പോലീസ് സ്റ്റേഷനിലും നെടുപുഴയിലും വയനാട് , മലപ്പുറം, പാലക്കാട് ജില്ലകളിലും സമാനമായ കേസുകൾ ഉള്ള ഷിജോ പീച്ചി പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ്.
2019ൽ ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കൊമ്പിടിയിൽ സ്ഥിതി ചെയ്യുന്ന സ്റ്റേറ്റ് ബാങ്കിൻ്റെ എ ടി എം മുഖംമൂടി ധരിച്ചെത്തി കുത്തിപ്പൊളിച്ച് പണം മോഷ്ടിക്കാൻ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണ്.
ഷിജോയെ പിടികൂടി മയക്കുമരുന്ന് കണ്ടെടുത്ത സംഘത്തിൽ കൊടകര സർക്കിൾ ഇൻസ്പെക്ടർ പി കെ ദാസ്, സബ്ബ് ഇൻസ്പെക്ടർ ഇ എ സുരേഷ്, ഡാൻസാഫ് അംഗങ്ങളായ വി ജി സ്റ്റീഫൻ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി എം മൂസ, വി യു സിൽജോ, എ യു റെജി, എം ജെ ബിനു, ഷിജോ തോമസ്, സൈബർ സെൽ ഉദ്യോഗസ്ഥനായ ലാലു പ്രസാദ്, കൊടകര സ്റ്റേഷനിലെ അഡീഷണൽ എസ് ഐ ദിലീപ്, ഷീബ അശോകൻ, അനിത, സീനിയർ സിവിൽ പോലീസ് ഓഫീസർ ടി എസ് സഹദ്, ഇരിങ്ങാലക്കുട സ്റ്റേഷനിലെ എ.കെ രാഹുൽ എന്നിവരാണ് ഉണ്ടായിരുന്നത്.
ചോദ്യം ചെയ്യലിൽ പരസ്പരവിരുദ്ധമായി സംസാരിക്കുന്ന ഷിജോ താൻ സുഹൃത്തിനെ കാണാനാണ് ആ സമയത്ത് അവിടെ വന്നതെന്നും നെല്ലായിൽ ബസ് ഇറങ്ങി സുഹൃത്തിൻ്റെ വീട്ടിലേക്ക് നടക്കുകയായിരുന്നുവെന്നും ബാംഗ്ലൂരിലെ ചിക്പേട്ടിൽ വച്ച് പരിചയപ്പെട്ട ഒരാളിൽ നിന്നും ഒരു ലക്ഷം രൂപയോളം നൽകിയാണ് ലഹരി വസ്തു വാങ്ങിയതെന്നും പറഞ്ഞതിനാൽ വിശദമായ അന്വേഷണം നടത്തുമെന്ന് ചാലക്കുടി ഡി വൈ എസ് പി കെ സുമേഷ് വ്യക്തമാക്കി.