സ്ത്രീക്ക് എഴുത്ത് ഒരായുധമാണ് : ഷീബ അമീർ

ഇരിങ്ങാലക്കുട : സ്ത്രീക്ക് എഴുത്ത് ഒരായുധമാണെന്ന് എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ ഷീബ അമീർ പറഞ്ഞു.

യുവ എഴുത്തുകാരി ശ്രീലക്ഷ്മി മനോജ് രചിച്ച് സംഗമസാഹിതി പ്രസിദ്ധീകരിച്ച “പുനർജനി” എന്ന കഥാസമാഹാരം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

ദിനംപ്രതി നിരവധി കഥാപാത്രങ്ങളെ കണ്ടുമുട്ടുന്നവരാണ് സ്ത്രീകൾ. അനുഭവങ്ങളെ ശക്തവും ആഴമുള്ളതുമായ ഭാഷയിൽ ഹൃദയസ്പർശിയായി അവതരിപ്പിക്കാനും അതുവഴി സമൂഹത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാനും സ്ത്രീകൾക്ക് കഴിയുമെന്നും ഷീബ അമീർ കൂട്ടിച്ചേർത്തു.

നോവലിസ്റ്റ് സജ്ന ഷാജഹാൻ പുസ്തകം സ്വീകരിച്ചു.

ഇരിങ്ങാലക്കുട എസ് എസ് ഹാളിൽ നടന്ന ചടങ്ങിൽ സംഗമസാഹിതി പ്രസിഡന്റ് റഷീദ് കാറളം
അധ്യക്ഷത വഹിച്ചു.

സനോജ് രാഘവൻ മുഖ്യാതിഥിയായി.

ഡോ ഷഹന ജീവൻലാൽ പുസ്തകം പരിചയപ്പെടുത്തി.

കാട്ടൂർ രാമചന്ദ്രൻ,
കെ എൻ സുരേഷ്കുമാർ,
മനോജ് വള്ളിവട്ടം,
ജോസ് മഞ്ഞില,
ശ്രീലക്ഷ്മി മനോജ്, രാധാകൃഷ്ണൻ വെട്ടത്ത്,
പി എൻ സുനിൽ, മീനാക്ഷി മനോജ് എന്നിവർ പ്രസംഗിച്ചു.

അരുൺ ഗാന്ധിഗ്രാം സ്വാഗതവും രാധാകൃഷ്ണൻ കിഴുത്താണി നന്ദിയും പറഞ്ഞു.

തുടർന്ന് നടന്ന കവിയരങ്ങ് വി വി ശ്രീല ഉദ്ഘാടനം ചെയ്തു.

കവിയരങ്ങിൽ സിന്റി സ്റ്റാൻലി, ദിനേശ് രാജ, സി ജി രേഖ, എസ് കവിത,
ഷാജിത സലിം, വിജയൻ ചിറ്റേക്കാട്ടിൽ, സഞ്ജയ് പൂവത്തുംകടവിൽ എന്നിവർ പങ്കെടുത്തു.

പുതുക്കാട് പിക്കപ്പ് വാനിന് തീ പിടിച്ചു : ആളപായമില്ല

ഇരിങ്ങാലക്കുട : പുതുക്കാട് റെയിൽവേ ഗേറ്റിന് സമീപം പിക്കപ്പ് വാനിന് തീപിടിച്ചു. ആളപായമില്ല.

കോഴി വേസ്റ്റുമായി ഊരകം ഭാഗത്തേക്ക് പോയ വാഹനത്തിനാണ് തീ പിടിച്ചത്.

ഞായറാഴ്ച വൈകീട്ട് 7.40 ഓടെയാണ് സംഭവം.

വാഹനത്തിന്റെ മുൻഭാഗം പൂർണ്ണമായും കത്തി നശിച്ചു.

പുതുക്കാട് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്.

ഷബീക്, അമൽ, ജിതിൻ ജോസഫ്, ജിതിൻ, വിഷ്ണു രാജ്, സുരേഷ് എന്നിവർ രക്ഷാദൗത്യത്തിന് നേതൃത്വം വഹിച്ചു.

പുതുക്കാട് പോലീസും സംഭവസ്ഥലത്ത് എത്തിയിരുന്നു.

വാഹനാപകടത്തിൽ പരിക്ക് പറ്റിയ പി മണിയെ സി പി ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ആനിരാജ സന്ദർശിച്ചു

ഇരിങ്ങാലക്കുട : വാഹനാപകടത്തിൽ പരിക്ക് പറ്റി ചികിത്സയിൽ കഴിയുന്ന സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി മണിയെ സി പി ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ആനിരാജ സന്ദർശിച്ചു.

ഡിസംബർ 20നാണ് ടിപ്പർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് പോസ്റ്റ് ഒടിഞ്ഞ് പി മണിയും മകൾ ശിവപ്രിയയും സഞ്ചരിച്ച ബുളളറ്റിന് മേലേക്ക് വീണ് ഇരുവർക്കും പരിക്കേറ്റത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്ന മണി ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.

ആനി രാജയോടൊപ്പം മഹിളാസംഘം നേതാവ് റോസിലിയും ഉണ്ടായിരുന്നു.

എംടിയുടെ “നാലുകെട്ട്” : ചർച്ച സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കലാസദനം സർഗ്ഗസംഗമം ഗ്രൂപ്പിൻ്റെ നേതൃത്വത്തിലുള്ള ദ്വൈവാര സാഹിത്യസംഗമത്തോടനുബന്ധിച്ച് അന്തരിച്ച സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ “നാലുകെട്ട്” എന്ന നോവലിൻ്റെ ചർച്ച സംഘടിപ്പിച്ചു.

കാട്ടൂർ ടി കെ ബാലൻ ഹാളിൽ നടന്ന പരിപാടി സാംസ്കാരിക പ്രവർത്തകൻ പി ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു.

കാട്ടൂർ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

കെ എൻ സുരേഷ്കുമാർ, കെ ദിനേശ് രാജ, സിന്ധു മാപ്രാണം, സി എഫ് റോയ്, ഭാനുമതി ബാലൻ എന്നിവർ പ്രസംഗിച്ചു.

ശിവദാസൻ ചെമ്മണ്ട, എൻ ഐ സിദ്ദിഖ്, പ്രദീപ് കാറളം, ജൂലിയസ്സ് ആൻ്റണി, അനിലൻ ചരുവിൽ, ജയപ്രകാശ് കണ്ണോളി, ഷാജിത സലീം, അരുൺ വൻപറമ്പിൽ, കെ പി രാജൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

മെറാക്കി നാഷണൽ കോൺഫറൻസ് ആൻഡ് സ്റ്റുഡൻ്റ്‌സ് മീറ്റ് : ഓവറോൾ ചാമ്പ്യൻമാരായി ക്രൈസ്റ്റ് കോളെജ്

ഇരിങ്ങാലക്കുട : മലപ്പുറം, പ്രിയദർശിനി ആർട്സ് ആൻഡ് സയൻസ് കോളെജ്, പ്രൊഫഷണൽ സോഷ്യൽ വർക്ക്‌ അസോസിയേഷനുമായി സഹകരിച്ച് നടത്തിയ ”മെറാക്കി” എന്ന നാഷണൽ കോൺഫറൻസിലും സ്റ്റുഡൻ്റ്‌സ് മീറ്റിലും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് സോഷ്യൽ വർക്ക് വിഭാഗം വിദ്യാർഥികൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

അസിസ്റ്റന്റ് പ്രൊഫസർമാരായ റോസ്മോൾ ഡാനി, ഡോ കെ ആർ വന്ദന എന്നിവർ ടീമിനെ നയിച്ചു.

”മാനസിക ആരോഗ്യ പ്രശ്നങ്ങളും ആത്മഹത്യ പ്രതിരോധവും : തിരിച്ച് വരവും സപ്പോർട്ട് സംവിധാനവും” എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ദ്വിദിന സമ്മേളനം സംഘടിപ്പിച്ചത്.

ഇതിൽ ഇന്ത്യയിലുടനീളമുള്ള വിവിധ കോളെജുകൾ പങ്കെടുത്തു.

ക്രൈസ്റ്റ് കോളെജിലെ സോഷ്യൽ വർക്ക്‌ വിദ്യാർഥികൾ വ്യത്യസ്ത വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

തീം ഡാൻസ്, തെരുവ് നാടകം, സ്പോട് ഡാൻസ് എന്നീ മത്സരങ്ങളിൽ ഒന്നാം സ്ഥാനവും, ഫോട്ടോ ഗ്രാഫി, എമെർജിങ് സോഷ്യൽ വർക്കർ എന്നീ മത്സരങ്ങളിൽ രണ്ടാം സ്ഥാനവും നേടിയാണ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയത്.

ഈ അക്കാഡമിക് വർഷത്തിൽ രണ്ടാമത്തെ ഓവറോൾ ചാമ്പ്യൻഷിപ്പാണ് സോഷ്യൽവർക്ക്‌ ഡിപ്പാർട്മെന്റ് നേടുന്നത്.

വിദ്യാർഥികളെ പ്രിൻസിപ്പൽ ഫാ ഡോ ജോളി ആൻഡ്രൂസ് അഭിനന്ദിച്ചു.

ജനശ്രദ്ധയാകർഷിച്ച് ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളെജ് ഒരുക്കിയ ഇലക്ട്രിക് വാഹന പ്രദര്‍ശനം

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് ഓഫ് എഞ്ചിനീയറിംഗ് ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനത്ത് ഒരുക്കിയിരിക്കുന്ന ഇലക്ട്രിക് വാഹന പ്രദർശനം ജനശ്രദ്ധ നേടുന്നു.

ടൊയോട്ട, ഹ്യുണ്ടായി, കിയ, ടാറ്റ, ബി എം ഡബ്ലിയു, എം ജി എന്നീ കമ്പനികളുടെ ഇലക്ട്രിക് കാറുകള്‍, ഹൈകോൺ, എയ്സ് എന്നീ കമ്പനികളുടെ ഇലക്ട്രിക് ഓട്ടോ റിക്ഷകള്‍.

അള്‍ട്രാ വയലറ്റ്, റിവോള്‍ട്ട്, ഈതര്‍, ഇലക്ട്രാ ടെക് എന്നീ കമ്പനികളുടെ ഇരുചക്ര വാഹനങ്ങള്‍ എന്നിവയാണ് പ്രദര്‍ശനത്തിനുള്ളത്.

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളെജ് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് രൂപകല്പന ചെയ്ത ഓഫ് റോഡ്‌ വാഹനങ്ങളും പുനരുപയോഗ ഊര്‍ജ മേഖലയിലെ വിവിധ കമ്പനികളുടെ സ്റ്റാളുകളും പ്രദര്‍ശനത്തിനുണ്ട്.

പ്രദര്‍ശനം ഞായറാഴ്ച വൈകീട്ട് ഏഴു മണിക്ക് സമാപിക്കും.

മുനിസിപ്പൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയി പ്രദർശനം ഉദ്ഘാടനം ചെയ്തു.

എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ ജോൺ പാലിയേക്കര സി എം ഐ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ഫെനി എബിന്‍ വെള്ളാനിക്കാരന്‍, സി സി ഷിബിന്‍, അംബിക പള്ളിപ്പുറത്ത്, ജെയ്സണ്‍ പാറെക്കാടന്‍, ജിഷ ജോബി, ജോയിന്റ് ഡയറക്ടർമാരായ ഫാ മില്‍നര്‍ പോള്‍, ഫാ ജോജോ അരീക്കാടന്‍, പ്രിൻസിപ്പൽ ഡോ സജീവ് ജോൺ, വൈസ് പ്രിൻസിപ്പൽ ഡോ വി ഡി ജോൺ, ഇലക്ട്രിക്കൽ ആൻഡ് ഇലകട്രോണിക്സ് വിഭാഗം മേധാവി ഡോ എ എൻ രവിശങ്കർ, ഫാക്കൽറ്റി കോർഡിനേറ്റർ കെ എസ് നിതിൻ എന്നിവർ പ്രസംഗിച്ചു.

നാഷണൽ സ്കൂളിൽ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി

ഇരിങ്ങാലക്കുട : നാഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ വാർഷികാഘോഷവും യാത്രയയപ്പു സമ്മേളനവും നടത്തി.

ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.

പി ബാലചന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

തൃശൂർ സബ്ബ് – കളക്ടർ അഖിൽ വി മേനോൻ മുഖ്യാതിഥിയായിരുന്നു.

നഗരസഭാ കൗൺസിലർ സ്മിത കൃഷ്ണകുമാർ, പി ടി എ പ്രസിഡൻ്റ് പി വിജയൻ, മാനേജർ രുക്മണി രാമചന്ദ്രൻ, മാനേജ്മെൻ്റ് പ്രതിനിധി വി പി ആർ മേനോൻ, എം പി ടി എ പ്രസിഡൻ്റ് സരിത രമേഷ്, ഒ എസ് എ പ്രസിഡൻ്റ് അഡ്വ കെ ജി അജയ് കുമാർ, സുനീതി വി നരേന്ദ്രൻ, കെ ജയലക്ഷ്മി, കെ പി
സീന, ഒ എസ് ശ്രീജിത്ത്, എൻ എ ലേഖ, എം കെ സഞ്ജയ്കുമാർ, എം എം മാളവിക, ആർ എൽ നിരഞ്ജൻ എന്നിവർ പ്രസംഗിച്ചു.

വിരമിക്കുന്ന അധ്യാപകരായ ഹെഡ്മാസ്റ്റർ
വി എ ഹരിദാസ്, പി എൻ ജ്യോതി, പി ഉഷ, കെ അജിത, വി ടെസ്സി കുര്യൻ, കെ ബീന എന്നിവർ മറുപടി പ്രസംഗം നടത്തി.

തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.

മന്ത്രി ബിന്ദുവിൻ്റെ ഇടപെടൽ : സദാനന്ദന് സംരക്ഷണമൊരുങ്ങി

ഇരിങ്ങാലക്കുട : നഗരസഭ 7-ാം വാർഡിലെ വാരിക്കാട്ട് വീട്ടിൽ സദാനന്ദന് മന്ത്രി ഡോ ആർ ബിന്ദുവിന്റെ അടിയന്തിര ഇടപെടലിൽ സംരക്ഷണമൊരുങ്ങി.

വയോധികനായ സദാനന്ദൻ (68) പ്രായത്തിന്റെ അവശതയും, സംരക്ഷിക്കാൻ ആരുമില്ലാത്ത അവസ്ഥയും മൂലം ഏറെ നാളുകളായി ബുദ്ധിമുട്ടിലായിരുന്നു.

ലോട്ടറി തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി ഷാജിയാണ് ഈ വിഷയം മന്ത്രി ഡോ ആർ ബിന്ദുവിന്റെ ശ്രദ്ധയിൽ പെടുത്തിയത്.

ഒറ്റപ്പെട്ട വയോധികന്റെ സംരക്ഷണവും സുരക്ഷയും എത്രയും വേഗം ഉറപ്പാക്കാൻ മന്ത്രി തൃശൂർ ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് നിർദ്ദേശം നൽകി.

ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ ആർ പ്രദീപന്റെ നിർദ്ദേശ പ്രകാരം ഓർഫനേജ് കൗൺസിലർ സദാനന്ദന്റെ ജീവിത സാഹചര്യങ്ങളെ പറ്റി അന്വേഷണം നടത്തുകയും റിപ്പോർട്ട്‌ സമർപ്പിക്കുകയും ചെയ്തു.

സദാനന്ദൻ വിവാഹിതനും മൂന്നു പെൺകുട്ടികളുടെ പിതാവും ആണ്. കഴിഞ്ഞ 23 വർഷമായി സദാനന്ദൻ ഒറ്റയക്കാണ് താമസിച്ച് വന്നിരുന്നത്. ഇടതു കൈയ്ക്കും ഇടതു കാലിനും തളർച്ചയും ബുദ്ധിമുട്ടും വന്നതോടെ ജോലിക്കു പോവാനോ സ്വയം കാര്യങ്ങൾ ചെയ്യാനോ സാധിക്കാത്ത അവസ്ഥയിലായിരുന്നു സദാനന്ദന്റെ ജീവിതം.

കുടുംബപ്രശ്നങ്ങൾ മൂലം വീട് വീട്ടിറങ്ങിയ സദാനന്ദൻ പിന്നീട് ബന്ധുവിന്റെ വീട്ടിലേക്ക് താമസം മാറുകയായിരുന്നു. എന്നാൽ അവിടെയും രണ്ടു പ്രായമായവർ മാത്രം ഉള്ളതിനാലാണ് തനിയ്ക്ക് സംരക്ഷണം ഒരുക്കണം എന്നറിയിച്ചത്.

തുടർന്നാണ് വിഷയം
ഷാജി മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയത്.

മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ സാമൂഹ്യനീതി വകുപ്പ് സദാനന്ദനെ കോട്ടപ്പടിയിലുള്ള അഭയഭവൻ എന്ന സ്ഥാപനത്തിലേക്ക് പുനരധിവസിപ്പിച്ച് സംരക്ഷണം ഉറപ്പാക്കി.

ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓർഫനേജ് കൗൺസിലർ ദിവ്യ അബിഷ്, അജയകുമാർ (സി പി എം ബ്രാഞ്ച് സെക്രട്ടറി, കുറുപ്പം റോഡ് ), രവീന്ദ്രൻ (ബന്ധു) ജീവൻ ലാൽ (സിപിഎം ലോക്കൽ സെക്രട്ടറി) എന്നിവർ ചേർന്ന് സദാനന്ദനെ അഭയഭവൻ സംരക്ഷണ കേന്ദ്രത്തിൽ എത്തിച്ചു.

പുനർനിർമ്മിച്ച കാറളം പാറക്കടവിൻ്റെ ഉദ്ഘാടനം നിർവഹിച്ചു

ഇരിങ്ങാലക്കുട : തൃശൂർ ജില്ലാ പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കാറളം പഞ്ചായത്തിലെ 2-ാം വാർഡിൽ പുനർനിർമാണം നടത്തിയ പാറക്കടവിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ വി എസ് പ്രിൻസ് നിർവഹിച്ചു.

16 ലക്ഷം രൂപ ചെലവിലാണ് പാറക്കടവിന്റെ പുനർനിർമാണം പൂർത്തീകരിച്ചത്.

കാറളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു പ്രദീപ് അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സുനിൽ മാലാന്ത്ര, ഫീഡ്സ് ചെയർമാൻ കെ ശ്രീകുമാർ, ബ്ലോക്ക്‌ ഡിവിഷൻ മെമ്പർ മോഹനൻ വലിയാട്ടിൽ, കാറളം പഞ്ചായത്ത്‌
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ, മെമ്പർമാർ എന്നിവർ ആശംസകൾ നേർന്നു.

അസിസ്റ്റന്റ് എഞ്ചിനീയർ റിപ്പോർട്ട്‌ അവതരിപ്പിച്ചു.

ജില്ലാ പഞ്ചായത് ഡിവിഷൻ മെമ്പർ ഷീല അജയഘോഷ് സ്വാഗതവും പഞ്ചായത്ത്‌ സെക്രട്ടറി നന്ദിയും പറഞ്ഞു.

ഓപ്പറേഷൻ സ്നാക്ക് ഹണ്ട് : വേളൂക്കരയിൽ പലഹാരങ്ങൾ ഉണ്ടാക്കുന്ന സ്ഥാപനങ്ങളിൽ പുലർകാല പരിശോധന

ഇരിങ്ങാലക്കുട : വേളൂക്കര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സമൂസ, വട തുടങ്ങിയ പലഹാരങ്ങൾ വലിയ തോതിൽ ഉണ്ടാക്കുന്ന സ്ഥാപനങ്ങളിൽ പുലർകാല പരിശോധന നടത്തി.

പുലർകാലങ്ങളിൽ മാത്രം പലഹാര നിർമ്മാണം നടത്തുകയും തുടർന്ന് വിവിധ പ്രദേശങ്ങളിൽ വിതരണം നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങളിലാണ് ‘ഓപ്പറേഷൻ സ്നാക്ക്സ് ഹണ്ട്’ എന്ന പേരിൽ, പ്രത്യേക ടീം രൂപീകരിച്ച് പരിശോധന നടത്തിയത്.

പരിശോധനയിൽ അപാകതകൾ കണ്ടെത്തിയ 4 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.

അതിൽ വൃത്തിഹീനമായ സാഹചര്യത്തിലും തൊഴിലാളികൾക്ക് ഹെൽത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെയും കണ്ടെത്തിയ രണ്ട് സ്ഥാപനങ്ങൾക്ക് (ലളിതം ഫുഡ് പ്രോഡക്ട്സ്, അക്ഷര ഫുഡ്) അപാകതകൾ പരിഹരിച്ചതിനു ശേഷം മാത്രമേ പ്രവർത്തിക്കാവൂ എന്ന് നിർദ്ദേശം നൽകി.

പരിശോധനകൾക്ക് ഹെൽത്ത് ഇൻസ്പെക്ടർ സി പ്രസാദ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ കെ ലാലുമോൻ, കെ എസ് ഷിഹാബുദ്ദീൻ, കെ എ സ്മാർട്ട്, വി എസ് സുജിത്ത് എന്നിവർ നേതൃത്വം നൽകി.

ജനങ്ങൾക്ക് സുരക്ഷിതമായ ഭക്ഷണം ലഭിക്കുക, ഭക്ഷ്യവസ്തു നിർമ്മാതാക്കൾക്ക് കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുക എന്ന ലക്ഷ്യങ്ങളോടെ വീടുകളോട് ചേർന്ന് ഭക്ഷ്യവസ്തുക്കൾ നിർമിച്ച് വിപണനം ചെയ്യുന്ന ഇടങ്ങളിലുള്ള പരിശോധന തുടരുമെന്ന് പ്രാദേശിക പൊതുജനാരോഗ്യ ഓഫീസർ കൂടിയായ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ കെ യു രാജേഷ് അറിയിച്ചു.