ഇരിങ്ങാലക്കുട : തൃശൂർ റൂറൽ പൊലീസ് പരിധിയിലുള്ള പൊലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകളിലായി പിടിച്ചെടുത്ത 50 ലക്ഷത്തിന് മുകളിൽ വിലവരുന്ന 11.385 കിലോഗ്രാം കഞ്ചാവും, 134.86 ഗ്രാം എം ഡി എം എ യും തിങ്കളാഴ്ച പുതുക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ടൈൽ ഫാക്ടറിയിൽ വച്ച് നശിപ്പിച്ചു.
തൃശൂർ റൂറൽ പൊലീസ് ഡ്രസ്സ് ഡിസ്പോസൽ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് ലഹരി വസ്തുക്കൾ നശിപ്പിച്ചത്.
2024ൽ 94.291 കിലോഗ്രാം കഞ്ചാവും, 732.92 ഗ്രാം എം ഡി എം എയും, 1594 ഗ്രാം ഹാഷിഷ് ഓയിലും, 49.02 ഗ്രാം മെത്താഫിറ്റാമൈനും ഇത്തരത്തിൽ നശിപ്പിച്ചിരുന്നു.
ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ഉല്ലാസ്, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി അബ്ദുൾ ബഷീർ, ഇരിങ്ങാലക്കുട, മാള, കൊരട്ടി, വാടാനപ്പിള്ളി, വെള്ളിക്കുളങ്ങര, ചാലക്കുടി, ചേർപ്പ് എന്നീ പൊലീസ് സ്റ്റേഷൻ ഐ എസ് എച്ച് ഒ -മാർ എന്നിവരുടെ നേതൃത്വത്തിലാണ് ലഹരി വസ്തുക്കൾ നശിപ്പിച്ചത്.