അവിട്ടത്തൂർ മഹാദേവ ക്ഷേത്രോത്സവം : കലവറ നിറയ്ക്കൽ ചടങ്ങ് ജനുവരി 30ന്

ഇരിങ്ങാലക്കുട : അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ ഭാഗമായി ജനുവരി 30 വ്യാഴാഴ്ച രാവിലെ 9 മണിക്ക് ക്ഷേത്രത്തിലെ കൊടിമരത്തിന്റെ മുന്നിൽ വച്ച് കലവറ നിറയ്ക്കൽ ചടങ്ങ് നടക്കും.

ചടങ്ങിലേക്ക് ഭക്തജനങ്ങൾക്ക് അരി, ശർക്കര, മറ്റു പല വ്യഞ്ജനങ്ങൾ, നാളികേരം, പച്ചക്കറികൾ എന്നിവ സമർപ്പിക്കാവുന്നതാണെന്ന് പ്രസിഡന്റ് ഡോ മുരളി ഹരിതം അറിയിച്ചു.

നേത്രചികിത്സ – തിമിര ശസ്ത്രക്രിയ ക്യാമ്പ് 26ന്

ഇരിങ്ങാലക്കുട : പി എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും, കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലും, ഐ ഫൗണ്ടേഷന്‍ ആശുപത്രിയും സംയുക്തമായി പി എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ക്ലിനിക്കില്‍ നേത്ര പരിശോധന – തിമിര ശസ്ത്രക്രിയ ക്യാമ്പ് 26ന് സംഘടിപ്പിക്കും.

ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ ജോണ്‍സന്‍ കോലങ്കണ്ണി ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് അശോകന്‍ മണപറമ്പില്‍ അധ്യക്ഷത വഹിക്കും.

സെക്രട്ടറി അഡ്വ എം എസ് രാജേഷ്, പ്രദീപ്, ശിവന്‍ നെന്മാറ എന്നിവര്‍ പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 9446540890, 9539343242 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

”മുനയം പാലം എവിടെ?” -താൽക്കാലിക ബണ്ടിൽ നിൽപ്പ് സമരവുമായി കേരള കോൺഗ്രസ്

ഇരിങ്ങാലക്കുട : കാട്ടൂർ മുനയത്ത് റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കാത്തതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേതാക്കൾ മുനയത്തെ താൽക്കാലിക ബണ്ടിൽ നിൽപ്പ് സമരം നടത്തി.

പാലം നിർമ്മാണത്തിന് ആവശ്യമായ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിക്കുകയും ടെണ്ടർ നടപടി പൂർത്തീകരിക്കുകയും ചെയ്തിട്ട് 8 വർഷത്തിലധികമായിട്ടും ബണ്ട് നിർമ്മിക്കാതെ വർഷം തോറും താൽക്കാലിക ബണ്ട് നിർമ്മാണം മാത്രമാണ് നടക്കുന്നത്.

നാടിനോടുള്ള അനീതിയും ജനങ്ങളോടുള്ള വെല്ലുവിളിയുമാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് കേരള കോൺഗ്രസ് ആരോപിച്ചു.

യു ഡി എഫ് സർക്കാരിന്റെ കാലത്ത് നടപടികൾ പൂർത്തീകരിച്ച ഈ പദ്ധതിയാണ് ഇപ്പോൾ ഉപേക്ഷിക്കപ്പെട്ട നിലയിലായിരിക്കുന്നത്.

പദ്ധതിയുടെ പൂർത്തീകരണം
ആവശ്യപ്പെട്ട് കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റി തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന പ്രക്ഷോഭ പരിപാടികളുടെ രണ്ടാം ഘട്ടമായാണ് നിൽപ്പ് സമരം സംഘടിപ്പിച്ചത്.

കാട്ടൂർ – താന്യം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുനയം ബണ്ട് കം ബ്രിഡ്ജ് നിർമ്മിക്കുന്നത് വരെ കേരള കോൺഗ്രസ് സമരം നടത്തുമെന്ന് നിൽപ്പ് സമരം ഉദ്‌ഘാടനം ചെയ്ത് ഡെപ്യൂട്ടി ചെയർമാൻ അഡ്വ തോമസ് ഉണ്ണിയാടൻ പറഞ്ഞു.

പ്രസിഡന്റ് അഷ്റഫ് പാലിയത്താഴത്ത് അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി മിനി മോഹൻദാസ്, നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരൻ, വൈസ് പ്രസിഡന്റ് കെ സതീഷ്, മണ്ഡലം ഭാരവാഹികളായ എഡ്വേർഡ് ആന്റണി, ലിജോ ചാലിശ്ശേരി, അശോകൻ ഷാരടി, സി ബി മുജീബ് റഹ്‌മാൻ എന്നിവർ പ്രസംഗിച്ചു.

ബിജെപി മണ്ഡലം പ്രസിഡൻ്റായി ആർച്ച് അനീഷ് സ്ഥാനമേറ്റു

ഇരിങ്ങാലക്കുട : ബി ജെ പി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആർച്ച അനീഷ്കുമാർ നൂറു കണക്കിന് പാർട്ടി പ്രവർത്തകരുടെ ആവേശകരമായ മുദ്രാവാക്യങ്ങൾക്കിടെ അധികാരമേറ്റു.

ചടങ്ങിൽ മുൻ മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു.

പാർട്ടി സീനിയർ നേതാവ് കെ സി വേണുമാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു.

തുടർന്ന് ഭാരതാംബയുടെയും പാർട്ടി താത്വികാചാര്യന്മാരായ ദീനദയാൽ ഉപാദ്ധ്യായ, ശ്യാമപ്രസാദ് മുഖർജി, ബലിദാനികൾ എന്നിവരുടെ ഛായാചിത്രങ്ങളിൽ ആർച്ച പുഷ്പാർച്ചന നടത്തി.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിജയത്തിനായുള്ള പ്രവർത്തനങ്ങൾക്കും ജനക്ഷേമ പ്രവർത്തനങ്ങൾക്കും ടീം ഇരിങ്ങാലക്കുട ഊന്നൽ നൽകുമെന്ന് ആർച്ച അനീഷ് പറഞ്ഞു.

ജില്ലാ ജനറൽ സെക്രട്ടറി അഡ്വ കെ ആർ ഹരി, സംസ്ഥാന സമിതിയംഗം സന്തോഷ് ചെറാക്കുളം, ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, സണ്ണി കവലക്കാട്ട്, ആളൂർ മണ്ഡലം പ്രസിഡന്റ് പി എസ് സുബീഷ്, ബി ഡി ജെ എസ് നിയോജക മണ്ഡലം പ്രസിഡന്റ് ജയചന്ദ്രൻ, ബി എം എസ് മേഖലാ സെക്രട്ടറി കണ്ണൻ, പാർട്ടി നേതാക്കളായ എ ടി നാരായണൻ നമ്പൂതിരി, വിൻസെൻ്റ് ചിറ്റിലപ്പിള്ളി, രാമചന്ദ്രൻ കോവിൽപറമ്പിൽ, വി സി രമേഷ്, രാജൻ കുഴുപ്പുള്ളി, ജോജൻ കൊല്ലാട്ടിൽ, സുനിൽ തളിയപ്പറമ്പിൽ, കെ പി അഭിലാഷ്, ലീന ഗിരീഷ്, സുചിത ഷിനോബ്, രിമ പ്രകാശ്, രഞ്ജിത്ത് മേനോൻ, റീജ സന്തോഷ്, സ്മിത കൃഷ്ണകുമാർ, ശ്യാംജി മാടത്തിങ്കൽ, അജീഷ് പൈക്കാട്ട്, ലിഷോൺ ജോസ്, അജയൻ തറയിൽ, ടി ഡി സത്യദേവ്, വി ജി ഗോപാലകൃഷ്ണൻ, സുചി നീരോലി, ലാമ്പി റാഫേൽ, സിന്ധു സോമൻ, സോമൻ പുളിയത്തുപറമ്പിൽ, മായ അജയൻ, സരിത സുഭാഷ്, വിജയകുമാരി അനിലൻ എന്നിവർ ആശംസകൾ നേർന്നു.

എൽ ഐ സി ദേശസാൽക്കരണ ദിനം : മനുഷ്യച്ചങ്ങല തീർത്ത് ജീവനക്കാർ

ഇരിങ്ങാലക്കുട : എൽ ഐ സി ദേശസാൽക്കരണ ദിനത്തോടനുബന്ധിച്ച് എൽ ഐ സി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ബ്രാഞ്ച് ഓഫീസിന് മുന്നിൽ ജീവനക്കാരും പെൻഷൻകാരും ചേർന്ന് മനുഷ്യച്ചങ്ങല തീർത്തു.

എൽ ഐ സി നിയമ ഭേദഗതി ബിൽ പിൻവലിക്കുക, ഐ ആർ ഡി എയുടെ മാസ്റ്റർ സർക്കുലർ പുന:പരിശോധിക്കുക, എൽ ഐ സി യെ പൊതുമേഖലയിൽ ശക്തിപ്പെടുത്തുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ടാണ് മനുഷ്യച്ചങ്ങല സംഘടിപ്പിച്ചത്.

കെ ആർ വിനി, ജോബ് ജോസഫ്, സുബീഷ്, എം ജെ ലില്ലി എന്നിവർ പ്രസംഗിച്ചു.

കലോത്സവ കിരീടം ജില്ലയിലെത്തിച്ചഇരിങ്ങാലക്കുടയിലെ പ്രതിഭകൾക്ക് 24ന് നാടിന്റെ ആദരം

ഇരിങ്ങാലക്കുട : കാൽനൂറ്റാണ്ടിൻ്റെ ഇടവേളക്കു ശേഷം സംസ്ഥാന സ്കൂൾ കലോത്സവ കിരീടം തൃശൂരിലെത്തിച്ച ഇരിങ്ങാലക്കുടയിലെ വിദ്യാർഥി പ്രതിഭകൾക്ക് നാടിൻ്റെ ആദരമർപ്പിക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു.

ജനുവരി 24ന് ഉച്ചയ്ക്ക് 3 മണി മുതൽ ഇരിങ്ങാലക്കുട ടൗൺ ഹാളിലാണ് കൗമാര കലാപ്രതിഭകൾക്ക് ആദരം നൽകുന്നത്.

സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി വിജയതിലകമണിഞ്ഞ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട സ്കൂളുകളിലെ വിദ്യാർഥികളെയും, മറ്റു വിദ്യാലയങ്ങളിൽ നിന്നും കലാ മത്സരങ്ങളിൽ പങ്കെടുത്ത് സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് നേടി വിജയികളായ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ സ്ഥിരതാമസക്കാരെയും ആദരിക്കും.

ഇരിങ്ങാലക്കുട പൗരാവലിക്ക് വേണ്ടി മന്ത്രിയുടെ നിയോജകമണ്ഡലം തല പുരസ്കാരം ചടങ്ങിൽ സമ്മാനിക്കും.

കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ ആദര ചടങ്ങിൽ പങ്കെടുക്കും.

തുടർന്ന് സമ്മാനാർഹമായ കലാസൃഷ്ടികളുടെ അവതരണം അരങ്ങേറുമെന്നും മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു.

ജയചന്ദ്രൻ പാടിയത് ഹൃദയം കൊണ്ട് : ഔസേപ്പച്ചൻ

ഇരിങ്ങാലക്കുട : ജയചന്ദ്രൻ തന്റെ പാട്ടുകൾ വാക്കുകളുടെ അർത്ഥം മനസ്സിലേക്ക് ആവാഹിച്ച് ആ ഭാവത്തിൽ ലയിച്ച് ഹൃദയം കൊണ്ടാണ് പാടിയിരുന്നതെന്ന് സംഗീത സംവിധായകൻ ഔസേപ്പച്ചൻ.

അന്തരിച്ച ഭാവഗായകൻ പി ജയചന്ദ്രന് അനുശോചനം അർപ്പിച്ച് ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച സർവ്വകക്ഷി അനുശോചന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാക്കുകൾക്കും അക്ഷരങ്ങൾക്കും ജയചന്ദ്രൻ നൽകിയ ഗാനഭാവം അനനുകരണീയമാണെന്നും മലയാളത്തിന്റെ ഗാനാലാപന കലയെ സാമാന്യ ജനങ്ങളിലെത്തിക്കുന്നതിലെ അദ്ദേഹത്തിന്റെ സംഭാവനകൾ നിസ്‌തുലമാണെന്നും ഔസേപ്പച്ചൻ കൂട്ടിച്ചേർത്തു.

ചടങ്ങിൽ മന്ത്രി ഡോ ആർ ബിന്ദു അധ്യക്ഷത വഹിച്ചു.

ആയുസ്സ് മുഴുവനും സംഗീതാർച്ചനയായി ജീവിച്ച പ്രിയഗായകന്റെ ഓർമ്മകൾ പങ്കിട്ട് സംഗീതാസ്വാദകരുൾപ്പെട്ട ജനാവലി ക്രൈസ്റ്റ് കോളേജിലെ തെക്കനച്ചൻ ഹാളിൽ ഒത്തുചേർന്നു.

എഴുത്തുകാരൻ ഖാദർ പട്ടേപ്പാടം അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.

പി കെ ഭരതൻ മാസ്റ്റർ, എം പി ജാക്സൺ, കെ ശ്രീകുമാർ, ഡോ സി കെ രവി, രേണു രാമനാഥ്, സജു ചന്ദ്രൻ, ഫാ ജോയ് പീണിക്കപറമ്പിൽ, പ്രേം ലാൽ, ആനന്ദ് മധുസൂദനൻ, നൗഷാദ്, ഇന്നസെന്റ് സോണറ്റ്, അഡ്വ കെ ജി അജയകുമാർ, ഫാ ജോളി ആൻഡ്രൂസ്, കൃപേഷ് ചെമ്മണ്ട എന്നിവർ പ്രസംഗിച്ചു.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് സ്വാഗതവും, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി നന്ദിയും പറഞ്ഞു.

ഇൻ്റസ് ടവേഴ്സ് കമ്പനിയുടെ മൊബൈൽ ടവറിലെ കേബിളുകൾ മോഷ്ടിച്ച പ്രതികളെ പിടികൂടി

ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നാരായണമംഗലം എന്ന പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള ഇൻ്റസ് ടവേഴ്സ് കമ്പനിയുടെ മൊബൈൽ ടവറിലെ കേബിളുകൾ മോഷ്ടിച്ച കേസിലെ പ്രതികളെ പിടികൂടി.

വെസ്റ്റ് ബംഗാൾ സ്വദേശികളായ റാഷിദ് മൊണ്ടൽ, മുഹമ്മദ് ഷൈദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കേബിളുകൾ മോഷണം പോയതിന് ശേഷം സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ നോക്കിയും, സമീപവാസികളോട് ചോദിച്ചും നടത്തിയ അന്വേഷണത്തെ തുടർന്നാണ് പ്രതികളെ മോഷണത്തിന് ഉപയോഗിച്ച പെട്ടി ഓട്ടോറിക്ഷ സഹിതം പിടികൂടിയത്.

പ്രതികൾ സമാന സ്വഭാവമുള്ള കളവുകൾ മറ്റ് സ്ഥലങ്ങളിൽ നടത്തിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായി ഇവരെ കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

കൊടുങ്ങല്ലൂർ ഐഎസ്എച്ച്ഒ ബി കെ അരുൺ, സബ്ബ് ഇൻസ്പെക്ടർ സാലിം, എസ് ഐ ബാബു, ഗോപേഷ്, ഷിജിൻ നാഥ്, ഷെമീർ, വിഷ്ണു എന്നീ ഉദ്യോഗസ്ഥരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

Photo caption : 1. മുഹമ്മദ് ഷൈദ്

  1. റാഷിദ് മൊണ്ടൽ
    3.
സൗജന്യ ഡെന്റൽ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സേവാഭാരതി ഇരിങ്ങാലക്കുട ആരോഗ്യ വിഭാഗവും, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കൊടുങ്ങല്ലൂരും സംയുക്തമായി കുഴിക്കാട്ടുകോണം ഹോളി ഫാമിലി എൽ പി സ്കൂളിൽ സൗജന്യ ഡെന്റൽ ക്യാമ്പ് സംഘടിപ്പിച്ചു.

കൗൺസിലർ സരിത സുഭാഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

സേവാഭാരതി എക്സിക്യൂട്ടീവ് അംഗം മോഹനൻ അധ്യക്ഷത വഹിച്ചു.

സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സെലിൻ മറിയ സ്വാഗതവും സേവാഭാരതി മെഡി സെൽ കോർഡിനേറ്റർ രാജലക്ഷ്മി സുരേഷ് ബാബു നന്ദിയും പറഞ്ഞു.

സേവാഭാരതിയുടെ നേതൃത്വത്തിൽ നഗരസഭ പരിധിയിലെ എല്ലാ സ്കൂളുകളിലും ഡെൻ്റൽ ക്യാമ്പ് സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ നാലാമത്തെ ക്യാമ്പാണിത്.

ക്യാമ്പിനു ശേഷം ദന്ത സംരക്ഷണത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി.

തുടർന്ന് കുട്ടികൾക്ക് ദന്ത സംരക്ഷണത്തിനായി ബ്രഷ്, പേസ്റ്റ് എന്നിവ സൗജന്യമായി വിതരണം ചെയ്തു.

120ഓളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.

സേവാഭാരതി പ്രസിഡന്റ് നളിൻ ബാബു, ആരോഗ്യ വിഭാഗം കോർഡിനേറ്റർ ജഗദീഷ് പണിക്കവീട്ടിൽ, മെഡി സെൽ പ്രസിഡന്റ് മിനി സുരേഷ്, വിദ്യ സജിത്ത്, രാജു ഇത്തിക്കുളം, മെഡി സെൽ സെക്രട്ടറി സൗമ്യ സംഗീത്, മോഹിത് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

നഗരസഭയിൽ തെരുവുനായ പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു

ഇരിങ്ങാലക്കുട : ജനകീയ ആസൂത്രണ പദ്ധതി പ്രകാരം ഇരിങ്ങാലക്കുട നഗരസഭ നടപ്പിലാക്കുന്ന തെരുവുനായ പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

കൗൺസിലർ അവിനാഷ് അധ്യക്ഷത വഹിച്ചു.

സീനിയർ വെറ്ററിനറി സർജൻ ഡോ എൻ കെ സന്തോഷ് പദ്ധതി വിശദീകരണം നടത്തി.

ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത് സ്വാഗതവും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫെനി എബിൻ വെള്ളാനിക്കാരൻ നന്ദിയും പറഞ്ഞു.

കൗൺസിലർമാരായ കെ ആർ വിജയ, പി ടി ജോർജ്, മിനി സണ്ണി, മിനി ജോസ് എന്നിവർ സന്നിഹിതരായിരുന്നു.