ഗൾഫിൽ ജോലിക്കായി വിസ തരാമെന്നു പറഞ്ഞ് ആറു ലക്ഷം രൂപ തട്ടിയ കേസിൽ കല്ലൂർ സ്വദേശി പിടിയിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സ്വദേശികളായ അതുൽ കൃഷ്ണ, അതുൽ കൃഷ്ണയുടെ സഹോദരീ ഭർത്താവ് എന്നിവർക്ക് അബുദാബിയിൽ കപ്പലിൽ ജോലി വാഗ്ദാനം ചെയ്ത് ആറ് ലക്ഷം രൂപ തട്ടിയ കേസിൽ തൃശൂർ കല്ലൂർ സ്വദേശി അരണാട്ടുകരക്കാരൻ ബാബുവിനെ (50) പോലീസ് അറസ്റ്റ് ചെയ്തു.

ഇരിങ്ങാലക്കുട ഡി വൈ എസ് പി കെ ജി സുരേഷ്, ഇൻസ്പെക്ടർ അനീഷ് കരീം, എസ് ഐ സി എം ക്ലീറ്റസ്, പ്രൊബേഷൻ എസ് ഐ സി പി ജിജേഷ്, സീനിയർ സി പി ഓമാരായ ഇ എസ് ജീവൻ, എം ഷംനാദ്, സി പി ഓമാരായ കെ എസ് ഉമേഷ്, എം എം ഷാബു എന്നിവർ ചേർന്ന് ചേർന്ന് ചെങ്ങാലൂരിൽ നിന്നാണ് ബാബുവിനെ പിടി കൂടിയത്.

പരാതിക്കാരോട് ഓരോ സമയത്ത് ഓരോരോ കാരണങ്ങൾ പറഞ്ഞാണ് വാങ്ങിയ പണം തിരിച്ചു കൊടുക്കാതെ ബാബു സമയം നീട്ടിക്കൊണ്ട് പോയിരുന്നത്.

ഓണ അവധിയും പൊങ്കൽ അവധിയും പണം തിരിച്ചു തരാൻ തടസ്സമായി പരാതിക്കാരോട് പറഞ്ഞിരുന്നു.

തുടർന്ന് പ്രതി ചതിക്കുകയാണെന്ന് മനസ്സിലായതോടെയാണ് അവർ പൊലീസിൽ പരാതിപ്പെട്ടത്.

നിര്യാതയായി

മേരി

ഇരിങ്ങാലക്കുട : തട്ടിൽ പെരുമ്പിള്ളി പോൾ ഭാര്യ മേരി (70) നിര്യാതയായി.

സംസ്കാരം നടത്തി.

മക്കൾ : ലിഷ, സിസ്റ്റർ ജിഷ മരിയ, ജിൻ്റോ

മരുമക്കൾ : ജോർജ്ജ്, റോസ് മോൾ

ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷിച്ച് ഗായത്രി റസിഡന്റ്സ് അസോസിയേഷൻ

ഇരിങ്ങാലക്കുട : ഗായത്രി റസിഡന്റ്സ് അസോസിയേഷൻ്റെ ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് നിർവഹിച്ചു.

ഗായത്രി ഹാളിൽ നടന്ന പരിപാടിയിൽ അസോസിയേഷൻ പ്രസിഡന്റ് കെ ജി സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു.

വിവിധ വിഷയങ്ങളെക്കുറിച്ച് ടി എൻ രാമചന്ദ്രൻ, വിനോദ് വാര്യർ എന്നിവർ ക്ലാസ്സുകൾ നയിച്ചു.

വിവിധ മേഖലകളിൽ അംഗീകാരങ്ങൾ നേടിയ അസോസിയേഷൻ അംഗങ്ങളുടെ മക്കളെ ചടങ്ങിൽ ആദരിച്ചു.

കൗൺസിലർ ഒ എസ് അവിനാഷ് ആശംസകൾ നേർന്നു.

സെക്രട്ടറി വി പി അജിത്കുമാർ സ്വാഗതവും ട്രഷറർ കെ ആർ സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.

തുടർന്ന് അസോസിയേഷൻ അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി.

ബീവറേജിൽ മദ്യം വാങ്ങാൻ വന്നവരെ ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

ഇരിങ്ങാലക്കുട : മതിലകം പൊലീസ് സ്റ്റേഷൻ പരിധിയിൽ മതിലകം പൊക്ലായ് ബീവറേജിൽ മദ്യം വാങ്ങാൻ എത്തിയ വഞ്ചിപ്പുര സ്വദേശികളായ കണ്ണൻ, ബാബു എന്നിവരെ ആക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു.

കയ്പമംഗലം സ്വദേശികളും, നിരവധി ക്രിമിനൽ കേസ്സിലെ പ്രതികളുമായ പെരിഞ്ഞനം കൊളങ്ങര വീട്ടിൽ മജീദ് മകൻ മിൻഷാദ്, കയ്പമംഗലം പുതിയ വീട്ടിൽ ഖാദർ മകൻ ഷാനവാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ബീവറേജിൽ മദ്യം വാങ്ങാനെത്തിയ കണ്ണനെയും ബാബുവിനെയും പ്രതികൾ തടഞ്ഞുനിർത്തി കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, കൈ തട്ടിമാറ്റി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പുറകെ ഓടിച്ചെന്ന് പിടിച്ചുനിർത്തി നെഞ്ചിൽ കുത്താൻ ശ്രമിക്കുകയും, സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതായാണ് കേസ്.

മതിലകം പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതികൾ കാറിൽ കയറി രക്ഷപ്പെട്ടു.

തുടർന്ന് കയ്പമംഗലം പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും, കയ്പമംഗലം പൊലീസും മതിലകം പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ, കയ്പമംഗലം സ്റ്റേഷൻ പരിധിയിലുള്ള കടയിൽ നിന്ന് മതിലകം സ്റ്റേഷൻ ഐഎസ്എച്ച്ഒ എം കെ ഷാജി, കയ്പമംഗലം സ്റ്റേഷൻ ഐഎസ്എച്ച്ഒ ഷാജഹാൻ, എസ് ഐ രമ്യ കാർത്തികേയൻ, എസ് ഐ സൂരജ്, എസ് ഐ ജെയ്സൺ, എസ് ഐ മുഹമ്മദ്‌ റാഫി, എസ് ഐ(പി) സഹദ്, ഉദ്യോഗസ്ഥരായ ജമാലുദ്ദീൻ, അനന്തു എന്നിവർ ചേർന്ന് പ്രതികളെ പിടികൂടുകയായിരുന്നു.

സെന്റ് ജോസഫ്സ് കോളെജിലെ പൂർവ്വവിദ്യാർഥിനി സംഗമം ജനുവരി 25ന്

ഇരിങ്ങാലക്കുട : സെൻ്റ് ജോസഫ്‌സ് കോളെജിൻ്റെ പൂർവ്വവിദ്യാർഥിനി സംഗമം ജനുവരി 25ന് നടക്കും.

കോളെജ് ദേശീയ തലത്തിൽ 85-ാം റാങ്കും കേരളത്തിൽ ഏഴാം റാങ്കും സ്വന്തമാക്കി അഭിമാനത്തികവിൽ നിൽക്കുന്ന ഈ വർഷം ഒരുമിച്ചുകൂടാൻ എല്ലാ പൂർവവിദ്യാർത്ഥിനികളെയും സഹർഷം സ്വാഗതം ചെയ്യുന്നതായി മാനേജ്‌മെൻ്റ് അറിയിച്ചു.

കൊടകര സെന്റ് ജോസഫ് പള്ളി തിരുനാളിനുണ്ടായ അടിപിടി കേസ്സിലെ പ്രതികളെ പിടികൂടി

ഇരിങ്ങാലക്കുട : കൊടകര സെന്റ് ജോസഫ് പള്ളി തിരുനാളുമായി ബന്ധപ്പെട്ട് നടത്തിയ ടൗൺ അമ്പിൻ്റെ ആഘോഷ വേളയ്ക്കിടയിൽ വാക്കുതർക്കത്തെ തുടർന്നുണ്ടായ അടിപിടിയിൽ കൊടകര കാവുംതറ സ്വദേശിയായ കിരണിനെ ഇടിവള ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ച് പെരുന്നാൾ അലങ്കോലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു.

നിരവധി ക്രിമിനൽ കേസിൽ പ്രതികളായ കൊടകര കൊപ്രക്കളം മലയാടൻ വീട്ടിൽ പവിത്രൻ്റെ മക്കളായ പ്രണവ്, നിവേദ്, ആനത്തടം മുതുപറമ്പിൽ വീട്ടിൽ സുധാകരൻ മകൻ ജിഷ്ണു, ആനത്തടം ആച്ചാണ്ടി റോയ് മകൻ ജോസഫ് എന്നിവരെയാണ് കൊടകര പൊലീസ് അറസ്റ്റ് ചെയ്തത്.

കള്ളനോട്ടുമായി എറണാകുളം സ്വദേശി കൊടുങ്ങല്ലൂർ പൊലീസിന്റെ പിടിയിൽ

ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ശ്രീകുരുംബ ഭഗവതി ക്ഷേത്ര മൈതാനിയുടെ വടക്കേ നടയിൽ താലപ്പൊലിയുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ കച്ചവട സ്റ്റാളുകൾക്കിടയിൽ കീ ചെയിനും, മോതിരവും കച്ചവടം നടത്തുന്ന തേനി സ്വദേശിയായ വിഗ്നേഷിൽ നിന്ന് 100 രൂപയ്ക്ക് രണ്ട് മോതിരം വാങ്ങി 500 രൂപയുടെ കള്ളനോട്ട് കൊടുത്ത എറണാകുളം സ്വദേശിയെ അറസ്റ്റ് ചെയ്തു.

എറണാകുളം തിരുത്തിപ്പുറം ചിറയത്ത് വീട്ടിൽ സുനിൽ മകൻ ആൽഫ്രഡിനെയാണ് കൊടുങ്ങല്ലൂർ പൊലീസ് ഇൻസ്പെക്ടർ ബി കെ അരുൺ, സബ്ബ് ഇൻസ്പെക്ടർ സാലിം, എസ് ഐ രാജേഷ് കുമാർ, പൊലീസ് ഉദ്യോഗസ്ഥരായ അബീഷ് അബ്രഹാം, സജിത്ത് എന്നീ ഉദ്യോഗസ്ഥർ ചേർന്ന് അറസ്റ്റ് ചെയ്തത്.

ഇയാളുടെ കൈവശം ഉണ്ടായിരുന്ന ബാഗിൽ ഒമ്പത് 500 രൂപയുടെ കള്ളനോട്ടുകൾ കണ്ടെത്തി.

മൊത്തം പത്ത് 500 രൂപയുടെ കള്ളനോട്ടുകളും, പ്രതിയുടെ വീട്ടിൽ നിന്ന് കള്ളനോട്ട് നിർമ്മിക്കാൻ ഉപയോഗിച്ച പ്രിൻ്റർ, പേപ്പറുകൾ എന്നിവയും കണ്ടെടുത്തു.

പ്രതി മുൻപും ഇത്തരത്തിൽ കള്ളനോട്ടുകളുടെ വിപണനം നടത്തിയട്ടുണ്ടോയെന്ന വിവരത്തെ സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണ്.

തീരദേശത്ത് സിന്തറ്റിക് ലഹരിയുമായി യുവാവ് പൊലീസ് പിടിയിൽ

ഇരിങ്ങാലക്കുട : വലപ്പാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ മുരിയാംതോട് ബീച്ചിൽ മോട്ടോർ സൈക്കിൾ വർക്ക്ഷാപ്പ് നടത്തുന്ന കണക്കാട്ട് അശോകൻ മകൻ തപൻ്റെ (42) പക്കൽ നിന്നും 4 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

തപൻ വർക്ക്ഷോപ്പിൻ്റെ മറവിലായിരുന്നു ലഹരിവിൽപന നടത്തിയിരുന്നത്.

ഇയാൾ ആർക്കൊക്കെയാണ് ലഹരിമരുന്ന് വിൽപ്പന നടത്തിയതെന്നും എവിടെ നിന്നാണ് ലഹരി മരുന്ന് കിട്ടിയതെന്നുമുള്ള അന്വേഷണം ആരംഭിച്ചു.

കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി കെ രാജു, ഡി സി ബി ഡിവൈഎസ്പി ഉല്ലാസ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ വലപ്പാട് പൊലീസ് സ്റ്റേഷൻ എസ്ഐ എബിൻ, ജൂനിയർ എസ് ഐ ജിഷ്ണു, ഡാൻസാഫ് എസ്ഐ സി ആർ പ്രദീപ്, എ എസ് ഐ ലിജു ഇയ്യാനീ, എസ് സി പി ഒ ബിജു, സി പി ഒ നിഷാന്ത്, വലപ്പാട് പൊലീസ് സ്റ്റേഷൻ എസ് സി പി ഒ പ്രബിൻ, മനോജ്, ബിജോഷ്, എ എസ് ഐ ചഞ്ചൽ, സ്പെഷ്യൽ ബ്രാഞ്ച് എസ് സി പി ഒ മുജീബ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

പടിഞ്ഞാട്ടുമുറി കളരിപ്പറമ്പ് റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണം : കോൺഗ്രസ്

ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിലെ ഒന്നാം വാർഡിലുള്ള പടിഞ്ഞാട്ടുമുറി കളരിപ്പറമ്പ് റോഡിൻ്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് ഒന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

കാലങ്ങളായി തകർന്ന് കിടക്കുന്ന റോഡ് സഞ്ചാരയോഗ്യമല്ല.

അങ്കണവാടി അടക്കമുള്ള സ്ഥാപനങ്ങളിലേക്ക് തകർന്നു കിടക്കുന്ന റോഡിലൂടെ വരേണ്ട സ്ഥിതിയിലാണ് നാട്ടുകാർ.

പഞ്ചായത്തിലെ മറ്റ് പല റോഡുകളും റീടാറിംഗ് നടന്നപ്പോഴും ഈ റോഡിനെ മാത്രം അവഗണിച്ചത് സ്ഥലം പഞ്ചായത്ത് മെമ്പറുടെ അനാസ്ഥ മൂലമാണെന്ന് യോഗം കുറ്റപ്പെടുത്തി.

വാർഡ് കോൺഗ്രസ് പ്രസിഡൻ്റ് രാധാകൃഷ്ണൻ കക്കേരി അധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് വി ഡി സൈമൺ ഉദ്ഘാടനം ചെയ്തു.

മുൻ പഞ്ചായത്ത് മെമ്പർ കെ ബി ഷമീർ, രവി കീഴ്മട എന്നിവർ പ്രസംഗിച്ചു.

ബോയ്സ് സ്കൂളിനൊപ്പം തവനിഷ് : സ്കൂളിലെ വിദ്യാർഥിക്ക് വീട് നിർമ്മിച്ചു നൽകാൻ ധനസഹായം കൈമാറി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിലെ സാമൂഹ്യ സേവന സംഘടനയായ തവനിഷ് ഗവ മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിക്ക്‌ വീട് നിർമ്മിച്ചു നൽകുന്നതിന്റെ ഭാഗമായി ധനസഹായം നൽകി.

തവനിഷ്
സമാഹരിച്ച തുക ക്രൈസ്റ്റ് കോളെജ് പ്രിൻസിപ്പൽ റവ ഫാ ഡോ ജോളി ആൻഡ്രൂസ് ഗവ മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം കെ മുരളിക്ക് കൈമാറി.

കായിക വിഭാഗം അധ്യാപകൻ ലാൽ, തവനിഷ് സ്റ്റാഫ്‌ കോർഡിനേറ്റർമാരായ അസി പ്രൊഫ വി ബി പ്രിയ, മുവിഷ് മുരളി, സ്റ്റുഡന്റ് സെക്രട്ടറി സജിൽ, പ്രസിഡന്റ്‌ ആരോൺ, ട്രഷറർ അക്ഷര, അതുൽ അമിഷ എന്നിവർ പങ്കെടുത്തു.