ഇരിങ്ങാലക്കുട : എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ ഫെയർ വാല്യൂ കുറച്ച് സർക്കാർ ഉത്തരവിറക്കണം എന്നാവശ്യപ്പെട്ട് പടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടതിരിഞ്ഞി പോസ്റ്റ് ഓഫീസ് സെൻ്ററിൽ നിന്ന് ചെട്ടിയാൽ സെൻ്ററിലുള്ള എടതിരിഞ്ഞി വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.
എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ ഫെയർ വാല്യൂ സമീപ വില്ലേജുകളെയും ഇരിങ്ങാലക്കുട നഗരസഭയേക്കാളും പതിന്മടങ്ങ് കൂടുതലായതിനാൽ ഭൂമി കൈമാറ്റം ചെയ്യാൻ സാധിക്കാതെ മക്കളുടെ വിവാഹം, വിദ്യഭ്യാസം, ചികിത്സ, ഭവന നിർമ്മാണം എന്നിവ നടത്താൻ കഴിയാതെ വില്ലേജിലെ മുഴുവൻ ജനങ്ങളും ദുരിതത്തിലാണ്.
കാലങ്ങളായി ഈ ആവശ്യം ഉന്നയിച്ച് ബന്ധപ്പെട്ട അധികാരികളെ സമീപിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നിരിക്കെ ഇപ്പോൾ പ്രത്യേക അപേക്ഷയും ഫീസും പ്രമാണങ്ങളും നൽകി അദാലത്ത് നടത്താൻ പോകുന്നത് ജനങ്ങളെ വീണ്ടും ഓഫീസുകൾ കയറ്റിയിറക്കി നട്ടം തിരിക്കാനാണെന്നും അതിനു പകരം സർക്കാർ ഉത്തരവിറക്കി പ്രശ്നം പരിഹരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ ഐ സിദ്ധാർത്ഥൻ അധ്യക്ഷത വഹിച്ചു.
പ്രതിഷേധ ധർണ്ണ ഡിസിസി സെക്രട്ടറി ഡിസിസി പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു.
ഡിസിസി സെക്രട്ടറി ശോഭ സുബിൻ മുഖ്യാതിഥിയായി.
കാട്ടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷാറ്റോ കുര്യൻ, പൂമംഗലം പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ ജോസ് മൂഞ്ഞേലി, കാട്ടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ കെ ഷൗക്കത്തലി, മുൻ മണ്ഡലം പ്രസിഡന്റ് കെ ആർ പ്രഭാകരൻ, മണ്ഡലം സെക്രട്ടറി കെ ആർ ഔസേഫ്, മുൻ മണ്ഡലം പ്രസിഡന്റ് ബിജു ചാണാശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു.
പ്രതിഷേധ മാർച്ചിന് ഒ എൻ ഹരിദാസ്, വി കെ നൗഷാദ്, കണ്ണൻ മാടത്തിങ്കൽ, ഉണ്ണികൃഷ്ണൻ, സുനന്ദ ഉണ്ണികൃഷ്ണൻ, ഹാജിറ റഷീദ്, ടി ഡി ദശോബ് , എം സി നീലാംബരൻ, ബാബു അറക്കൽ, സുനന്ദ ശേഖർ, ഉഷ രാമചന്ദ്രൻ, സതി പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.