ഇരിങ്ങാലക്കുട : എസ്പിജി/ സിപിജി സംവിധാനങ്ങളുടെ ഭാഗമായി കേരള സംസ്ഥാന പ്ലാൻ ഫണ്ടിൽ നിന്നും തൃശൂർ റൂറൽ പൊലീസ് ജില്ലയ്ക്ക് അനുവദിച്ച തുക വിനിയോഗിച്ച് 195 വിദ്യാലയങ്ങളിൽ പരാതിപ്പെട്ടികൾ സ്ഥാപിക്കും. പരാതിപ്പെട്ടികളുടെ വിതരണോദ്ഘാടനം റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് വച്ച് റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ നിർവഹിച്ചു.
തൃശൂർ റൂറൽ ജില്ലാ പൊലീസിൻ്റെ നേതൃത്വത്തിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന ജില്ലാതല യോഗത്തിലാണ് പരാതിപ്പെട്ടികൾ വിതരണം ചെയ്തത്.
സ്കൂൾ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 2025 മെയ് മാസം നടത്തിയ ജില്ലാതല യോഗത്തിനു ശേഷമുള്ള പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനും, അനുഭവങ്ങൾ, നിർദ്ദേശങ്ങൾ, അഭിപ്രായങ്ങൾ എന്നിവ സ്വരൂപിക്കുന്നതിനുമാണ് പ്രധാന അധ്യാപകരെയും എസ്.പി.ജി./സി.പി.ജി. ചുമതലയുള്ള അധ്യാപകരെയും പങ്കെടുപ്പിച്ച് ഡീബ്രിഫിംഗ് മീറ്റിംഗ് സംഘടിപ്പിച്ചത്.
ആളൂർ, അന്തിക്കാട്, ചേർപ്പ്, ഇരിങ്ങാലക്കുട എന്നീ സ്റ്റേഷൻ പരിധികളിലെ 86 വിദ്യാലയങ്ങളിലെ അധ്യാപകരും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒ.മാരും ആദ്യഘട്ട യോഗത്തിൽ പങ്കെടുത്തു.
മറ്റ് സ്റ്റേഷൻ പരിധികളിലെ അധ്യാപകരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഡീബ്രിഫിംഗ് മീറ്റിംഗുകൾ വരും ദിവസങ്ങളിൽ വിവിധ ഘട്ടങ്ങളായി സംഘടിപ്പിക്കും.
തൃശൂർ റൂറൽ പൊലീസിന്റെ കൗൺസിലിംഗ് സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകത ജില്ലാ പൊലീസ് മേധാവി ചൂണ്ടിക്കാട്ടി. കൗൺസിലിംഗ് ആവശ്യമുള്ള കുട്ടികളെ സമയബന്ധിതമായി കണ്ടെത്തി, കാറ്റഗറൈസേഷനും ലേബലിംഗും ഒഴിവാക്കി, സ്നേഹപരവും സംരക്ഷണപരവുമായ സമീപനത്തോടെ കൗൺസിലിംഗിന് എത്തിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
ലഹരി പദാർത്ഥങ്ങൾ വിൽപ്പന നടത്തുന്നവർക്കെതിരെ കർശനവും നിയമപരവുമായ നടപടികൾ ഇതിനകം സ്വീകരിച്ചിട്ടുണ്ടെന്നും അവ തുടരുന്നതായും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
വിദ്യാർഥികളെ ലഹരിയുടെ ഭീഷണിയിൽ നിന്ന് സംരക്ഷിക്കുന്നതിനായി പൊലീസ്, സ്കൂൾ സംവിധാനങ്ങൾ, രക്ഷിതാക്കൾ എന്നിവർ ചേർന്ന് ഏകോപിതവും ഉത്തരവാദിത്വപരവുമായ പ്രവർത്തനം ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒ.ആർ.സി. പദ്ധതി ജില്ലയിലെ തിരഞ്ഞെടുത്ത സ്കൂളുകളിൽ വിജയകരമായി നടപ്പിലാക്കിയിട്ടുണ്ടെന്നും, ഇത് കൂടുതൽ സ്കൂളുകളിലേക്ക് വ്യാപിപ്പിച്ച് നടപ്പിലാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമവും ശക്തവുമാക്കുന്നതിനുള്ള നിർദേശങ്ങളും അനുഭവങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.












Leave a Reply