ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത 16 വയസ്സുള്ള കുട്ടിയെ തടങ്കലിൽ വെച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒരു പ്രതിയായ മാള പുത്തൻച്ചിറ കണ്ണിക്കുളങ്ങര സ്വദേശി കോഴിക്കാട്ടിൽ വീട്ടിൽ അദിനാൻ (19) എന്നയാളെ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തു.
നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
സെപ്തംബർ 15ന് പുലർച്ചെ 2:15നാണ് സംഭവം.
മാള പൊലീസ് സ്റ്റേഷൻ റൗഡിയായ പുത്തൻച്ചിറ പുളിയിലക്കുന്ന് സ്വദേശി നെടുംപുരയ്ക്കൽ വീട്ടിൽ മുഹമ്മദ് ഷാഫി (19) വാടകക്ക് താമസിക്കുന്ന കോണത്തുകുന്ന് ജനതാ കോർണറിലെ വാടക വീട്ടിലേക്കാണ് പരാതിക്കാരനായ കുട്ടിയെ വിളിച്ചുവരുത്തിത്.
വീടിന്റെ കിടപ്പുമുറിയിൽ വെച്ച് മുഹമ്മദ് ഷാഫിയും ഇയാളുടെ ഭാര്യയായ യുവതിയും, മാള പുത്തൻച്ചിറ കണ്ണിക്കുളങ്ങര സ്വദേശി കോഴിക്കാട്ടിൽ വീട്ടിൽ അദിനാൻ (19), പഴുവിൽ ചിറക്കൽ സ്വദേശി പരേക്കാട്ടിൽ വീട്ടിൽ വിഷ്ണു എന്ന് വിളിക്കുന്ന വിഷ്ണു പ്രസാദ് (23), നിയമവുമായി പൊരുത്തപ്പെടാത്ത ഒരു കുട്ടി എന്നിവർ ചേർന്നാണ് കുട്ടിയെ മർദ്ദിച്ചത്.
കുട്ടിയെ ഉപദ്രവിക്കുന്നത് മൊബൈൽ ഫോണിൽ വീഡിയോ എടുക്കുകയും കുട്ടിയുടെ 38,000 രൂപ വിലവരുന്ന മൊബൈൽ ഫോൺ നിലത്തടിച്ച് നശിപ്പിക്കുകയും ചെയ്തു.
നേരം വെളുക്കുന്നത് വരെ കുട്ടിയെ പ്രതികളും പ്രതികളുടെ കൂട്ടത്തിലുള്ള പ്രായപൂർത്തിയാകാത്ത കുട്ടിയും ചേർന്ന് ഉപദ്രവിച്ചു.
തുടർന്ന് സംഭവം പുറത്ത് പറഞ്ഞാൽ വീട്ടുകാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കുട്ടിയെ വീട്ടിലേക്ക് അയച്ച് കുട്ടിയുടെ പാസ്‌പോർട്ട് വാങ്ങി വെയ്ക്കുകയും ചെയ്തതിന് ശേഷമാണ് കുട്ടിയെ മോചിപ്പിച്ചത്.
ഈ സംഭവത്തെക്കുറിച്ച് കുട്ടി ഇരിങ്ങാലക്കുട സ്റ്റേഷനിലെ ചൈൽഡ് ഫ്രണ്ട്ലി റൂമിൽ വെച്ച് അസ്സിസ്റ്റന്റ് ചൈൽഡ് വെൽഫെയർ ഓഫീസറോട് പറഞ്ഞ പരാതി പ്രകാരമാണ് കേസെടുത്തത്.
ഇരിങ്ങാലക്കുട സ്റ്റേഷൻ പരിധിയിൽ സെപ്തംബർ 15ന് മറ്റൊരു വധശ്രമക്കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് മുഹമ്മദ് ഷാഫിയും, കേസിലെ കുറ്റകൃത്യത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത കുട്ടി എന്നിവർ കാക്കനാട് ബോസ്റ്റൽ സ്കൂളിലും, വിഷ്ണു ഇരിങ്ങാലക്കുട സബ് ജയിലിലും റിമാന്റിൽ കഴിഞ്ഞ് വരികയാണ്.
മാള സ്റ്റേഷൻ റൗഡി ലിസ്റ്റിൽ പേരുള്ള മുഹമ്മദ് ഷാഫി ഇരിങ്ങാലക്കുട, മാള, കൊടുങ്ങല്ലൂർ സ്റ്റേഷൻ പരിധികളിലായി ഒരു വധശ്രമക്കേസിലും മൂന്ന് അടിപിടിക്കേസുകളിലും പ്രതിയാണ്.
വിഷ്ണു പ്രസാദ് പുതുക്കാട്, തൃശൂർ ഈസ്റ്റ്, തൃശൂർ വെസ്റ്റ്, തൃശൂർ മെഡിക്കൽ കോളെജ്, പാലക്കാട് കോങ്ങാട്, ഇടുക്കി നെടുംങ്കണ്ടം സ്റ്റേഷൻ പരിധികളിലായി പത്ത് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.
ഇരിങ്ങാലക്കുട സ്റ്റേഷൻ എസ്എച്ച്ഒ കെ.ജെ. ജിനേഷ്, എസ്ഐ എ.കെ. സോജൻ, ജിഎസ്ഐ എം.എ. മുഹമ്മദ് റാഷി, എഎസ്ഐ പി.ജി. ഗോപകുമാർ, എ.എൻ. ദേവേഷ്, ജോവിൻ ജോയ്, സിപിഒ-മാരായ ഇ.ജി. ജിജിൽ കുമാർ, കെ. ജിതേഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.












Leave a Reply