ഇരിങ്ങാലക്കുട : ഹരിത കേരളം കർമ്മ പദ്ധതിയുടെ ഭാഗമായി നൽകുന്ന മുഖ്യമന്ത്രിയുടെ പുരസ്കാരത്തിന് ജില്ലാ അടിസ്ഥാനത്തിൽ മൂന്നാം സ്ഥാനത്തിന് അർഹത നേടി മുരിയാട് പഞ്ചായത്ത്.
തിരുവനന്തപുരം വഴുതക്കാട് ടാഗോർ സെന്റിനറി ഹാളിൽ വച്ച് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പുരസ്കാര വിതരണ ചടങ്ങിൽ ഹരിത കേരളം മിഷൻ ഉപാധ്യക്ഷ ഡോ. ടി.എൻ. സീമ,
ജൂറി കമ്മിറ്റി ചെയർമാൻ ബയോ ഡൈവേർസിറ്റി ബോർഡ് ചെയർമാൻ കൂടിയായ ഡോ. എൻ. അനിൽകുമാർ എന്നിവരിൽ നിന്നും പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി പുരസ്കാരം ഏറ്റുവാങ്ങി.
വൈസ് പ്രസിഡൻ്റ് രതി ഗോപി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.യു. വിജയൻ, പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, എ.എസ്. സുനിൽകുമാർ, നിജി വത്സൻ, നിഖിത അനൂപ്, മണി സജയൻ, സെക്രട്ടറി എം. ശാലിനി, ശ്രീധ പ്രിയേഷ് എന്നിവരും പുരസ്കാരം ഏറ്റു വാങ്ങാൻ എത്തിയിരുന്നു.
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും പരിസ്ഥിതി പുന:സ്ഥാപന പ്രവർത്തനങ്ങളുടെ ഭാഗമായും സംസ്ഥാനത്ത് ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തുകളിൽ പച്ചത്തുരുത്തുകൾ സ്ഥാപിച്ചിട്ടുണ്ട്.
മികച്ച പച്ചത്തുരുത്തുകളുടെ വിലയിരുത്തൽ നടന്നത് പ്രകാരമാണ് തൃശൂർ ജില്ലയിൽ മൂന്നാം സ്ഥാനം മുരിയാട് പഞ്ചായത്തിലെ പച്ചത്തുരുത്തിന് ലഭിച്ചത്.
ആനന്ദപുരം വാർഡ് 2ലെ പാലക്കുഴിയിൽ തരിശായി കിടന്നിരുന്ന 35 സെൻ്റ് സ്ഥലം ലീസിനെടുത്ത്
30ൽപരം ഫാമിലിയിൽപ്പെട്ട
150 വൃക്ഷത്തൈകൾ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം വച്ച് പിടിപ്പിച്ചാണ് 2019ൽ പച്ചത്തുരുത്ത് സ്ഥാപിച്ചത്.
ജില്ലാതലത്തിൽ ഒന്നാം സ്ഥാനം വരവൂർ ഗ്രാമപഞ്ചായത്തിനും രണ്ടാം സ്ഥാനം എളവള്ളി ഗ്രാമപഞ്ചായത്തിനും ലഭിച്ചു.
പച്ചത്തുരുത്തിൻ്റെ സംരക്ഷണവും പരിപാലനത്തിനുമൊപ്പം കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള
കർമ്മപദ്ധതി കിലയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ജില്ലയിലെ പ്രഥമ പഞ്ചായത്ത്, മാന്തോപ്പുകൾ രൂപപ്പെടുത്തുന്ന സമൃതിചൂതം പദ്ധതി, ചക്കാതിക്കൊരം മരം പരിപാടിയിലൂടെ 3000 കശുമാവിൻ തൈകളുടെ വിതരണം, ഓർമ്മമരം പദ്ധതിയിൽ 1000 ഫലവൃക്ഷങ്ങൾ വച്ച് പിടിപ്പിക്കൽ, തരിശുഭൂമിയിൽ ഔഷധ കൃഷി എന്നിവയും ജൈവ വൈവിധ്യ സംരക്ഷണത്തിൻ്റെ ഭാഗമായുള്ള മുരിയാട് പഞ്ചായത്തിൻ്റെ പദ്ധതികളാണ്.
നിലവിലുള്ള പച്ചത്തുരുത്തിൽ ഔഷധ സസ്യങ്ങളും ഫലവൃക്ഷങ്ങളും ഇക്കോണമി വാല്യൂ മരങ്ങളുമാണ് ഉള്ളത്.
പക്ഷികളുടെയും നിരവധി ഇനങ്ങളിൽപ്പെട്ട പൂമ്പാറ്റകളുടെയും കേന്ദ്രമാണ് മുരിയാടിൻ്റെ പച്ചത്തുരുത്ത്.
ക്രൈസ്റ്റ് കോളെജിലെ ബോട്ടണി വിഭാഗമാണ് പച്ചത്തുരുത്തിലെ ലാബലിങ്ങ് പ്രവർത്തനം നടത്തിയത്.
Leave a Reply