സമ്പൂർണ്ണ ഭരണഘടനാ സാക്ഷരത കൈവരിച്ച് വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ; അഭിനന്ദനാർഹമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട : ഭരണഘടനയുടെ ഉള്ളടക്കത്തെ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുക എന്നത് അഭിനന്ദനാർഹമാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ സമ്പൂർണ്ണ ഭരണഘടന സാക്ഷരത പ്രഖ്യാപനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ആസൂത്രിതമായ പരിപാടികളോടെ ഇന്ത്യൻ ഭരണഘടനയുടെ അന്ത:സത്തയും മാനവിക മൂല്യങ്ങളും ബ്ലോക്ക് പരിധിയിലെ എല്ലായിടങ്ങളിലും എത്തിക്കുന്നതിന് വെള്ളാങ്ങല്ലൂർ ബ്ലോക്കിന് സാധിച്ചിട്ടുണ്ട്. എല്ലാ ജനങ്ങൾക്കും ഒരുപോലെയുള്ള പരിഗണന ലഭിക്കുന്നതിന് ഭരണഘടനാ മൂല്യങ്ങൾ ശോഷണം കൂടാതെ സംരക്ഷിച്ചു പോകേണ്ടത് അത്യാവശ്യമാണ്. ആ കടമയാണ് വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയിട്ടുള്ളത് എന്നും മന്ത്രി ആർ. ബിന്ദു കൂട്ടിച്ചേർത്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ കല്ലംകുന്ന് പട്ടികവർഗ്ഗ ഉന്നതിയിലെ നിവാസികൾക്ക് ഭൂമിയുടെ കൈവശാവകാശ രേഖ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ കൈമാറി.

വജ്ര ജൂബിലി കലാകാരന്മാരുടെ ചെണ്ട അരങ്ങേറ്റത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ നിർവഹിച്ചു.

പതിമൂന്നോളം കലാകാരന്മാർ വേദിയിൽ അരങ്ങേറ്റം കുറിച്ചു. അമ്പതോളം കലാകാരന്മാർ മേളത്തിൽ അണിനിരന്നു.

കവി പി.എൻ. ഗോപീകൃഷ്ണൻ പ്രഭാഷണം നടത്തി.

കില സി.എച്ച്.ആർ.ഡി. കൊട്ടാരക്കര ഡയറക്ടർ വി. സുധീശൻ ക്യാമ്പയിൻ വിശദീകരിച്ചു.

ഭരണഘടനാ വിജ്ഞാനോത്സവത്തിന്റെ വിവിധ ഘട്ടങ്ങളിൽ പങ്കാളികളായ വ്യക്തികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗ്രന്ഥശാലകൾ, ഗ്രാമപഞ്ചായത്തുകൾ, കുടുംബശ്രീ, ഹരിതകർമ്മ സേന, ആശ വർക്കർ, അങ്കണവാടി പ്രവർത്തകർ എന്നിവരെ ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് സ്വാഗതവും ബ്ലോക്ക്‌ മെമ്പർ വിജയ ലക്ഷ്മി വിനയചന്ദ്രൻ നന്ദിയും പറഞ്ഞു.

പ്രഖ്യാപന ചടങ്ങിന് ശേഷം സമയ കലാഭവൻ കൊറ്റനെല്ലൂരിന്റെ നേതൃത്വത്തിൽ നാടൻപാട്ട് അവതരണം ഉണ്ടായി.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ പി.കെ. ഡേവിസ് മാസ്റ്റർ, ഷീല അജയഘോഷ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഖാദർ പട്ടേപ്പാടം, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് അമ്മനത്ത്, വികസനകാര്യ സമിതി സ്ഥിരം അധ്യക്ഷ പ്രസന്ന അനിൽകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷ അസ്മാബി ലത്തീഫ്, പഞ്ചായത്ത് പ്രസിഡന്റുമാരായ നിഷ ഷാജി, കെ.എസ്. ധനീഷ്, കെ.എസ്. തമ്പി, ലിജി രതീഷ്, റോമി ബേബി, ജൂബിലി ഫെലോഷിപ്പ് പദ്ധതി ജില്ലാ കോർഡിനേറ്റർ സുബീഷ്, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം. രാജേഷ്, എൽ.എസ്.ജി.ഡി. തൃശൂർ ഡെപ്യൂട്ടി ഡയറക്ടർ കെ. സിദ്ദിഖ്, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.എം. ഹസീബ് അലി, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, സഹകരണ ബാങ്ക് പ്രസിഡൻ്റുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

2022- 23 വർഷം മുതൽ തുടർച്ചയായി മൂന്ന് വർഷക്കാലം ഭരണഘടനയെക്കുറിച്ച് ബ്ലോക്ക് അതിർത്തിയിലെ വിദ്യാർഥികൾ, തൊഴിലാളികൾ, വയോജനങ്ങൾ തുടങ്ങിയ എല്ലാ വിഭാഗം ജനങ്ങൾക്കും വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിലെ നേതൃത്വത്തിൽ തുടർച്ചയായ ചർച്ചകൾ, സെമിനാറുകൾ, ഭരണഘടന വിജ്ഞാന സദസ്സുകൾ, ക്വിസ് മത്സരങ്ങൾ, കലാപരിപാടികൾ, പദയാത്രകൾ, ഗൃഹസന്ദർശനങ്ങൾ തുടങ്ങി വിവിധങ്ങളായ പരിപാടികളിലൂടെ അറിവ് പകർന്നു നൽകിയിട്ടുണ്ട്.

ബ്ലോക്ക് അതിർത്തിയിലെ 5 പഞ്ചായത്തുകളിലെ വീടുകളിൽ വിവിധ കോളെജുകളിലെയും സ്കൂളുകളിലെയും എൻ.എസ്.എസ്. വൊളൻ്റിയർമാർ, വായനശാല പ്രവർത്തകർ, കുടുംബശ്രീ, ഹരിതകർമ്മ സേന പ്രവർത്തകർ തുടങ്ങിയവരുടെ സഹകരണത്തോടെ ലഘുലേഖകൾ എത്തിച്ചു.

നൂറിൽപരം പൊതു ഇടങ്ങളിൽ ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്തുകൊണ്ടുള്ള ഭരണഘടന ചുവരുകൾ സ്ഥാപിച്ചു.

ഭരണഘടനാ സാക്ഷരത കൈവരിക്കാൻ വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് നടത്തിയ പ്രവർത്തനങ്ങൾ വിവിധ തലങ്ങളിൽ പരിശോധിച്ച് കൊട്ടാരക്കര കിലയിലെ ഉദ്യോഗസ്ഥർ സാക്ഷ്യപത്രം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിനെ സമ്പൂർണ്ണ ഭരണഘടന സാക്ഷരത ബ്ലോക്ക് ആയി പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *