ഇരിങ്ങാലക്കുട : വർണ്ണക്കാഴ്ചകളുടെ വിസ്മയമുണർത്തിയ ഇരിങ്ങാലക്കുടയുടെ സാംസ്കാരികോത്സവം ”വർണ്ണക്കുട”യുടെ കൊടിയിറങ്ങി.
അഞ്ച് ദിവസങ്ങളിലായി ഇരിങ്ങാലക്കുട മുൻസിപ്പൽ മൈതാനിയിൽ അരങ്ങേറിയ വർണ്ണക്കുടയുടെ സമാപന സമ്മേളനം പ്രശസ്ത എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റുമായ അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർപേഴ്സനും മന്തിയുമായ ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചു.
‘ഉപ്പും മുളകും’ ഫെയിം ശിവാനി, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സ് ടോപ്പ് സിംഗർ ബഹുമതി നേടിയ ഭാവയാമി, “പ്രാവിൻ കൂട്” സിനിമയുടെ സംവിധായകൻ ശ്രീരാജ് ശ്രീനിവാസൻ, മോഹിനിയാട്ടം കലാകാരി സാന്ദ്ര പിഷാരടി, സി.ബി.എസ്.ഇ. കലോത്സവം കലാതിലകം വൈഗ സജീവ് എന്നിവർ മുഖ്യാതിഥികളായി.
ജില്ലാ പഞ്ചായത്തംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.ജി. ശങ്കരനാരായണൻ, വത്സല ബാബു, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എസ്. മനു, ശിവൻകുട്ടി, സരള വിക്രമൻ, ഷീജ ഉണ്ണികൃഷ്ണൻ, റോസ്ലി ഫ്രാൻസിസ്, കെ.എസ്. തമ്പി, കെ.പി. കണ്ണൻ, പ്രോഗ്രാം കൺവീനർ കെ.ആർ. വിജയ, തഹസിൽദാർ സിമീഷ് സാഹു എന്നിവർ പങ്കെടുത്തു.
വേദിയിൽ മോഹൻദാസ് പാറയിലിൻ്റെ കഥാസമാഹാരം ‘പഹൽഗാമിലെ കുതിരലാടം’ മന്ത്രി ഡോ. ആർ. ബിന്ദു പ്രകാശനം ചെയ്തു.
സമാപനദിവസം ഇരിങ്ങാലക്കുട വരവീണ സ്കൂൾ ഓഫ് മ്യൂസിക് അവതരിപ്പിച്ച നാദസംഗമം, തൊച്ചൊം ഇബിമുബി ദേവിയും സംഘവും അവതരിപ്പിച്ച മണിപ്പൂരി ഡാൻസ്, ‘താമരശ്ശേരി ചുരം’ മ്യൂസിക് ബാൻ്റ് എന്നിവ അരങ്ങേറി.
മന്ത്രിയുടെ നേതൃത്വത്തിൽ എല്ലാവരും ചേർന്ന് “മാനവമൈത്രി ജ്വാല” തെളിയിച്ചു കൊണ്ടായിരുന്നു അഞ്ച് ദിവസം നീണ്ടു നിന്ന സാംസ്കാരികോത്സവത്തിന് വർണ്ണാഭമായ സമാപനം കുറിച്ചത്.












Leave a Reply