ഇരിങ്ങാലക്കുട : പ്രശസ്ത കലാചരിത്രാധ്യാപകനും നിരൂപകനമായിരുന്ന വിജയകുമാർ മേനോന്റെ സ്മരണ നിലനിർത്തുന്നതിനായി നൽകുന്ന ഈ വർഷത്തെ വിജയകുമാർ മേനോൻ പുരസ്കാരം ഇരിങ്ങാലക്കുട സ്വദേശിനി രേണു രാമനാഥിന്.
കലയെഴുത്തിലെ സംഭാവനകൾ മാനിച്ചാണ് രേണു രാമനാഥിനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. ശില്പകലാരംഗത്തെ സമഗ്ര സംഭാവനയ്ക്ക് വത്സൻ കൂർമ്മ കൊല്ലേരിയെയും തെരഞ്ഞെടുത്തിട്ടുണ്ട്.
കേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, എൻ.ബി. ലതാദേവി, ലക്ഷ്മി മേനോൻ, സി.ജെ. നിർമ്മൽ എന്നിവർ ഉൾപ്പെട്ട ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.
25000 രൂപയും ശില്പി സുഭാഷ് വിശ്വനാഥൻ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
സമകാലീന ഇന്ത്യൻ കലാരംഗത്തെ, പ്രത്യേകിച്ച് ദൃശ്യകലകളെകുറിച്ച് നിരൂപണബുദ്ധിയോടെ എഴുതുന്ന പ്രശസ്‌ത എഴുത്തുകാരിയാണ് രേണു രാമനാഥ്. ഇരിങ്ങാലക്കുടയിൽ ജനിച്ച രേണു രാമനാഥ് മാധ്യമരംഗത്ത് പ്രവർത്തിച്ചിരുന്ന കാലത്താണ് കലയിലേക്കും നാടകത്തിലേക്കും എത്തുന്നത്. അന്ന് മുതൽ കലാസാംസ്കാരിക വാർത്തകൾ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് നാടകരംഗത്ത് സജീവമായിരുന്നു.
1998ൽ നടന്ന ദേശീയ വനിത നാടകോത്സവത്തിലൂടെ നാടകത്തെ തൻ്റെ ജീവിതത്തിൻ്റെ ഭാഗമാക്കുകയും ചിത്രകാരനായ ഭർത്താവ് രാജൻ കൃഷ്‌ണനോടൊപ്പം അനവധി വേദികൾ ഒരുക്കുന്നതിൽ പങ്കാളിയാവുകയും ചെയ്തു.
നവംബർ 1ന് വൈകീട്ട് 5 മണിക്ക് അക്കാദമി ആസ്ഥാനമന്ദിരത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ കേരള സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി പുരസ്കാര സമർപ്പണം നടത്തും.












Leave a Reply