വര്‍ണ്ണക്കുട സ്പെഷ്യല്‍ എഡിഷൻ : ഇരിങ്ങാലക്കുടയിൽ ‘മധുരം ജീവിതം’ ലഹരി വിരുദ്ധ ഓണാഘോഷം സെപ്തംബര്‍ 1നും 2നും

ഇരിങ്ങാലക്കുട : വര്‍ണ്ണക്കുട സ്പെഷ്യല്‍ എഡിഷനായി ‘മധുരം ജീവിതം’ ലഹരി വിരുദ്ധ ഓണാഘോഷ പരിപാടികള്‍ സെപ്തംബര്‍ 1, 2 തിയ്യതികളില്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പത്രസമ്മേളനത്തിൽ അറിയിച്ചു.

ഇരിങ്ങാലക്കുട മണ്ഡലത്തിലെ മുഴുവന്‍ വിഭാഗം ജനങ്ങളെയും കോര്‍ത്തിണക്കിക്കൊണ്ടാണ് ലഹരിവിരുദ്ധ സന്ദേശം ഉയര്‍ത്തിക്കൊണ്ട് ഈ വര്‍ഷത്തെ ഓണാഘോഷം സംഘടിപ്പിക്കുന്നത്.

18 ടീമുകള്‍ അണിനിരക്കുന്ന ഓണക്കളി മത്സരമാണ് ആഘോഷത്തിലെ പ്രധാന ഇനം. പൊറത്തിശ്ശേരി കണ്ടാരംതറ മൈതാനിയില്‍ സെപ്തംബര്‍ 2ന് ഉച്ചതിരിഞ്ഞ് 2 മണിക്കാണ് മത്സരം അരങ്ങേറുക. പ്രശസ്ത ടീമുകൾ മത്സരത്തില്‍ അണിനിരക്കും.

അന്നേദിവസം രാവിലെ 9 മണിക്ക് ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ നാടൻപാട്ട് മത്സരം അരങ്ങേറും. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ക്ലബ്ബുകള്‍, കുടുംബശ്രീ സംഘങ്ങള്‍, പഞ്ചായത്ത്തല സംഘങ്ങള്‍ തുടങ്ങിയവര്‍ നാടൻപാട്ട് മത്സരത്തില്‍ മാറ്റുരയ്ക്കും.

കഴിഞ്ഞ ദിവസങ്ങളിലായി വിദ്യാഭ്യാസ സ്ഥാപന അടിസ്ഥാനത്തില്‍ നടന്നുവന്ന സാഹിത്യമത്സരങ്ങളുടെ ഫൈനല്‍ റൗണ്ട് മത്സരം സെപ്തംബര്‍ 1ന് സെന്റ് ജോസഫ്സ് കോളെജില്‍ നടക്കും.

ചിത്രരചന, കഥാരചന, കവിതാരചന, ഉപന്യാസരചന, പ്രസംഗം എന്നിങ്ങനെയാണ് മത്സരങ്ങള്‍ നടന്നത്. ഇതില്‍ വിജയികളായവര്‍ സെന്റ് ജോസഫ് കോളെജില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കും.

എല്‍.പി., യു.പി., ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി, കോളെജ് എന്നീ തലങ്ങളിലും പൊതുജനങ്ങള്‍ക്കായി ജനറല്‍തലത്തിലും മത്സരം നടക്കും. ജനറല്‍ വിഭാഗത്തില്‍ മത്സരിക്കുന്നവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷന്‍ ഉണ്ടാകും. രാവിലെ 8.30ന് സെന്റ് ജോസഫ്സ് കോളെജില്‍ എത്തിയാൽ സ്പോട്ട് രജിസ്ട്രേഷന്‍ നടത്തി പരിപാടിയില്‍ പങ്കെടുക്കാം.

ഇരിങ്ങാലക്കുട മണ്ഡലത്തിലെ ‘മധുരം ജീവിതം ലഹരി വിരുദ്ധ സ്പെഷ്യൽ ബോധവൽക്കരണ ക്യാമ്പയിൻ’ ഓണാഘോഷത്തിന്റെ ഭാഗമായി 0480- കലാസാംസ്കാരിക സംഘടനയുമായി ചേർന്ന് ‘പൂക്കാലം- ബ്ലൂം എഗൈൻസ്റ്റ് ഡ്രഗ്സ്’ എന്ന പേരിൽ വ്യത്യസ്തമായ ക്യാമ്പയിനും ആഗസ്റ്റ് 31ന് സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി രാസലഹരിക്കെതിരെ വീടുകളിൽ പൂക്കളങ്ങൾ ഒരുക്കും.
ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ ഇരുപതിനായിരത്തിലധികം കുടുംബങ്ങളാണ് ഈ ബൃഹത്തായ സന്ദേശത്തോട് കൈകോർക്കുന്നത്.

അതുപോലെ ഓണക്കാലത്ത് വിവിധ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്ന വിവിധ ക്ലബ്ബുകളും സംഘടനകളും ഓണാഘോഷങ്ങളിൽ “മധുരം ജീവിതം ലഹരി വിരുദ്ധ ക്യാമ്പയിൻ സന്ദേശങ്ങൾ” പ്രചരിപ്പിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

വാർത്താസമ്മേളനത്തിൽ ജനറൽ കൺവീനർ ഡോ. കേസരി, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുധ ദിലീപ്, ഇരിങ്ങാലക്കുട ബിപിസി കെ.ആർ. സത്യപാലൻ, ജീവൻലാൽ എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *