റോഡിന് നടുവിലെ വൈദ്യുതി പോസ്റ്റ് മാറ്റാത്തതിൽ പ്രതിഷേധം അറിയിച്ച് സിപിഐ

ഇരിങ്ങാലക്കുട : തകർന്ന് തരിപ്പണമായ ഇരിങ്ങാലക്കുട എ.കെ.പി. ജംഗ്ഷൻ റോഡ് പ്രതിഷേധങ്ങൾക്കൊടുവിൽ നഗരസഭ അധികൃതർ ടൈൽസ് വിരിച്ച് തുടങ്ങിയെങ്കിലും റോഡിന് നടുവിലെ വൈദ്യുതി പോസ്റ്റ് മാറ്റാതെയാണ് ടൈൽസ് വിരിക്കുന്ന പ്രവർത്തി പുരോഗമിക്കുന്നത്.

വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കാൻ വേണ്ടി കെ.എസ്.ഇ.ബി.ക്ക് പണം അടയ്ക്കാൻ വേണ്ടിയുള്ള മറ്റു നടപടിക്രമങ്ങൾ സമയബന്ധിതമായി നടത്താത്തതാണ് ഇതിനു കാരണം എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

പോസ്റ്റ് മാറ്റി സ്ഥാപിച്ചില്ലെങ്കിൽ നിരവധി അപകടങ്ങൾ നടക്കുമെന്നും വഴി യാത്രക്കാർ ഉൾപ്പെടെയുള്ളവർക്ക് അപായങ്ങൾ ഉണ്ടാകുമെന്നും സിപിഐ മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ് സ്ഥലം സന്ദർശിച്ച് അഭിപ്രായം രേഖപ്പെടുത്തി.

നഗരസഭ അധികൃതരുടെ അനാസ്ഥയും അലംഭാവവും കെ.എസ്.ഇ.ബി.യുടെ തലയിൽ ചാരാനുള്ള നഗരസഭയുടെ നീക്കം പൊതുസമൂഹത്തിന്റെ കണ്ണിൽ പൊടിയിടുന്ന സമീപനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമയബന്ധിതമായി പോസ്റ്റ് മാറ്റി സ്ഥാപിച്ചില്ലെങ്കിൽ തുടർസമരത്തിലേക്ക് പോകുമെന്നും എൻ.കെ. ഉദയപ്രകാശ് അറിയിച്ചു.

സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ.എസ്. പ്രസാദ്, കമ്മിറ്റി അംഗങ്ങളായ ബാബു ചിങ്ങാരത്ത്, അൽഫോൻസ തോമസ്, മിഥുൻ പോട്ടക്കാരൻ, വി.എസ്. ഉണ്ണികൃഷ്ണൻ എന്നിവർ സ്ഥലം സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *