മോഹൻ രാഘവൻ ചലച്ചിത്ര പുരസ്‌കാരം ‘വിക്ടോറിയ’യുടെ സംവിധായിക ശിവരഞ്ജിനിക്ക്

ഇരിങ്ങാലക്കുട : നിരവധി പുരസ്കാരങ്ങൾ നേടിയ യുവ ചലച്ചിത്ര സംവിധായകനും നാടക പ്രവർത്തകനുമായിരുന്ന മോഹൻ രാഘവൻ്റെ സ്മരണാർത്ഥം ഓഫ് സ്റ്റേജ് അന്നമനട നൽകിവരുന്ന മികച്ച നവാഗത ചലച്ചിത്ര സംവിധായകർക്കുള്ള ഈ വർഷത്തെ പുരസ്കാരം ‘വിക്ടോറിയ’ സിനിമയുടെ സംവിധായിക ജി. ശിവരഞ്ജിനിക്ക് നൽകും.

സംവിധായകൻ ടി.വി. ചന്ദ്രൻ ചെയർമാനും ഛായാഗ്രാഹകൻ കെ.ജി. ജയൻ, ചലച്ചിത്ര നിരൂപകൻ ഡോ. സി.എസ്. വെങ്കിടേശ്വരൻ എന്നിവർ അംഗങ്ങളുമായ സമതിയാണ് പുരസ്‌കാര നിർണ്ണയം നടത്തിയത്.

ആശയം, പ്രമേയം, കഥ, അഭിനയം എന്നീ മേഖലകളിലെല്ലാം മികവും വ്യക്തിത്വവും പുലർത്തുന്ന ഒന്നാണ് ശിവരഞ്ജിനിയുടെ ആദ്യചിത്രം കൂടിയായ വിക്ടോറിയ. തന്റേതായ കാഴ്ച്ചപ്പാടുള്ള ഒരു സംവിധായികയെ ഈ ചിത്രത്തിൽ തെളിഞ്ഞുകാണാം.

സിനിമയിലെ സാമ്പ്രദായികമായ സ്ത്രീ പ്രതിനിധാനങ്ങളെ അട്ടിമറിച്ചുകൊണ്ട് ഈ ചിത്രം സമകാലിക കേരളീയ സ്ത്രീ ജീവിതങ്ങളിലേക്കും ഭാവനകളിലേക്കും കാമനകളിലേക്കും സഞ്ചരിക്കുന്നു. ഗൗരവമുള്ള ഈ പ്രമേയത്തെ മുദ്രാവാക്യങ്ങളിലേക്ക് വഴുതാതെ, മാധ്യമപരമായ മികവോടെ, ഭാവതീവ്രത വെടിയാതെ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട് എന്ന്
ജൂറി വിലയിരുത്തി.

25000 രൂപയും അന്തരിച്ച പ്രശസ്ത ചിത്രകാരൻ മുഹമ്മദ് അലി ആദം രൂപകൽപന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ആഷിഖ് അബു, അൻവർ റഷീദ്, ലിജോ ജോസ്‌ പെല്ലിശ്ശേരി, സിദ്ധാർഥ് ശിവ, അൽഫോൻസ്‌ പുത്രൻ, ദിലീഷ്‌ പോത്തൻ, അനിൽ രാധാകൃഷ്ണൻ, സനൽകുമാർ ശശിധരൻ, സക്കറിയ മുഹമ്മദ്, ജൂഡ് ആന്റണി, സുദേവൻ, താര രാമാനുജൻ, ഫാസിൽ റസാഖ് എന്നിവർ മുൻ വർഷങ്ങളിലെ മോഹൻ രാഘവൻ പുരസ്‌കാരത്തിന് അർഹരായവരിൽ പ്രമുഖരാണ്.

ഡിസംബർ മാസത്തിൽ മോഹൻ രാഘവന്റെ ജന്മനാടായ അന്നമനടയിൽ അന്നമനട, കാടുകുറ്റി പഞ്ചായത്തുകളുടെ സഹകരണത്തോടെ നടക്കുന്ന മോഹൻ രാഘവൻ അനുസ്‌മരണ ചടങ്ങിൽവെച്ച് പുരസ്‌കാരം സമർപ്പിക്കും.

അതോടനുബന്ധിച്ച് സാഹിത്യകാരൻ പി.കെ. ശിവദാസ്, ചിത്രകാരൻ മുഹമ്മദ് അലി ആദം അനുസ്‌മരണങ്ങളും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *