മൂന്നു വർഷമായി മുരിയാടിന്റെ മുടിച്ചിറ മുടിഞ്ഞു തന്നെ ; കോൺഗ്രസ്സ് പ്രക്ഷോഭത്തിലേക്ക്

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിന്റെ അഭിമാന പദ്ധതിയെന്ന്‌ കൊട്ടിഘോഷിക്കപ്പെട്ട തുറവൻകാട് മുടിച്ചിറയുടെ സംരക്ഷണ ഭിത്തി തകർന്നിട്ട് മൂന്ന് വർഷം പിന്നിട്ടെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത്.

2022 മെയ് 14ന് ഉണ്ടായ മഴയിലാണ് മുടിച്ചിറയുടെ നിർമ്മാണത്തിലിരുന്ന സംരക്ഷണ ഭിത്തി തകർന്നത്.

പഞ്ചായത്തിലെ 13, 14, 15, 16 വാർഡുകളിലെ പ്രധാന ജലസ്രോതസ്സാണ് തുറവൻകാട് മുടിച്ചിറ. മുൻ വർഷവും ഈ ചിറയുടെ റോഡിനോട് ചേർന്നുള്ള സംരക്ഷണ ഭിത്തി ഇടിഞ്ഞതിനെ തുടർന്ന് റോഡ്‌ ഗതാഗതം തടസപ്പെട്ടിരുന്നു.

നാലു വശവും ഇടിഞ്ഞ് വർഷങ്ങളോളം ചെളി നിറഞ്ഞു കിടന്നിരുന്ന രണ്ടേക്കറോളം വരുന്ന ഈ ചിറയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് 2019- 20 കാലഘട്ടത്തിലാണ് ഫണ്ട് അനുവദിച്ചത്.

2021 ഏപ്രിൽ മാസത്തോടെ പണികൾ ആരംഭിച്ചെങ്കിലും വർഷക്കാലമായതോടെ ചിറയുടെ റോഡിനോട് ചേർന്ന ഭാഗം ഇടിയുകയായിരുന്നു.

തുറവൻകാടിനെ പുല്ലൂരിനോട് ബന്ധിപ്പിക്കുന്ന പ്രധാന റോഡിലൂടെയുള്ള ഗതാഗതം ഇതോടെ മാസങ്ങളോളം തടസ്സപ്പെട്ടു. പിന്നീട് പണികൾ പുനരാരംഭിച്ചെങ്കിലും പൂർത്തീകരിക്കാൻ സാധിച്ചിരുന്നില്ല.

തകർന്ന സംരക്ഷണ ഭിത്തിയോട് ചേർന്നുള്ള ഭാഗത്ത് ആവശ്യത്തിന് മണ്ണിട്ടുയർത്തിയില്ലെന്ന പരാതി ഉയർന്നിരുന്നു. എന്നിട്ടും ചിറ ആഴം കൂട്ടുന്നതിന്റെ ഭാഗമായി ചിറയിൽ നിന്നും കോരിയെടുത്ത മണ്ണ് സ്വകാര്യ വ്യക്തിക്ക് നിലം നികത്തുന്നതിന് നൽകിയത് വീണ്ടും പരാതിക്കിടയാക്കി. തുടർന്ന് ആ പരാതി തേഞ്ഞു മാഞ്ഞു പോയതായി കോൺഗ്രസ് ആരോപിച്ചു.

മണ്ണിട്ടുയർത്താത്ത വശത്ത് വെള്ളം ഇറങ്ങിയതാണ് സംരക്ഷണ ഭിത്തി തകരുന്നതിനു കാരണമായതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. നൂറ്റമ്പതോളം മീറ്റർ നീളമുള്ള കോൺക്രീറ്റ് ഭിത്തിയാണ് തകർന്ന് ചിറയിലേക്കു മറിഞ്ഞു വീണത്. ഇത്രയും നീളവും ഉയരവുമുള്ള ഭിത്തി നിർമ്മിക്കുമ്പോൾ ഉണ്ടാകേണ്ട യാതൊരു തരത്തിലുമുള്ള ശാസ്ത്രീയ വശങ്ങളും ഇവിടെ പാലിച്ചിട്ടില്ല.
അശാസ്ത്രീയമായ നിർമ്മാണവും കെടുകാര്യസ്ഥതയുമാണ് ഇതിന്റെ തകർച്ചക്ക് കാരണമെന്ന് കോൺഗ്രസ്സ് പതിനാലാം വാർഡ് യോഗം ആരോപിച്ചു.

ചെറിയ തോടുകൾ കെട്ടുന്ന ലാഘവത്തോടെ ഇത്രയും വലിയ ചിറ കെട്ടാൻ തുനിഞ്ഞതിനു പിന്നിൽ വൻ സാമ്പത്തിക അഴിമതി നടന്നിട്ടുണ്ടെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

തുറവൻകാട് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനു രണ്ടു ദിവസം മുൻപാണ് ചിറ തകർന്നത്. അന്ന് സ്ഥലത്തെത്തിയ അധികാരികളും കളക്ടറടക്കമുള്ള ഉദ്യോഗസ്ഥരും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും നിർമ്മാണം എത്രയും വേഗം പൂർത്തീകരിക്കുമെന്നും ഉറപ്പു നൽകിയിരുന്നെങ്കിലും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാനോ, നിർമ്മാണം പൂർത്തികരിക്കാനോ സാധിച്ചില്ലെന്ന് മാത്രമല്ല ഇതിനായി ചെലവഴിച്ച മുൻ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള 35 ലക്ഷം രൂപയും ജലസേചന വകുപ്പിന്റെ നഗരസഞ്ചയിക പദ്ധതിപ്രകാരമുള്ള 39 ലക്ഷം രൂപയും ഉൾപ്പെടെ 74 ലക്ഷം രൂപ തിരിച്ചു പിടിക്കാനോ സാധിച്ചില്ല.

നിർമ്മാണം തുടങ്ങിയ നാളുകളിൽ ഇത് പഞ്ചായത്തിന്റെ അഭിമാന പദ്ധതിയെന്ന്‌ മുഴുവൻ വാർഡ് സഭകളിലും അവകാശവാദമുന്നയിച്ച പഞ്ചായത്ത് പ്രസിഡന്റും കൂട്ടരും ചിറ ഇടിഞ്ഞതോടെ ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും പിന്മാറുകയും അത് മറ്റുള്ളവരുടെ തലയിൽ കെട്ടി വയ്ക്കുകയുമായിരുന്നു എന്ന് യോഗം വ്യക്തമാക്കി.

കോൺഗ്രസ്സിന്റെയും നാട്ടുകാരുടെയും നിരന്തര സമരങ്ങൾക്ക് പിന്നാലെ കഴിഞ്ഞ വർഷം ഈ പദ്ധതിക്ക് വേണ്ടി വീണ്ടും 36 ലക്ഷം രൂപ അനുവദിച്ചു എന്ന പ്രഖ്യാപനം നടത്തി. 2017 -18 വർഷത്തിലെ അന്നത്തെ എംഎൽഎയുടെ ആസ്തിവികസന ഫണ്ടുപയോഗിച്ച് നടത്തിയ പ്രവർത്തികളിൽ ടെണ്ടർ സേവിംഗ്സ് വന്ന തുകയിൽ നിന്നുമാണ് ഈ തുക അനുവദിച്ചതെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ വർഷം ഒന്നായിട്ടും ചിറ കാടുമൂടി കിടക്കുന്നതല്ലാതെ ഈ കാര്യത്തിലും ഒരു നടപടിയും ഇന്ന് വരെ നടന്നിട്ടില്ലെന്നും യോഗം കുറ്റപ്പെടുത്തി.

പഞ്ചായത്തിലെ ചില പ്രദേശങ്ങളിൽ വികസനം എന്ന പേരിൽ കാട്ടിക്കൂട്ടലുകൾ ചെയ്യുമ്പോൾ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഉപകാരപ്രദമാകുന്ന ഈ ചിറയെ അവഗണിക്കുന്നത് ഈ പ്രദേശത്തുള്ള ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.

പഞ്ചായത്ത് ഈ മേഖലയെ തുടർച്ചയായി അവഗണിക്കുന്നതിനെതിരെ പ്രക്ഷോഭം നടത്താനും യോഗം തീരുമാനിച്ചിട്ടുണ്ട്.

മണ്ഡലം പ്രസിഡന്റ് സാജു പാറേക്കാടൻ യോഗം ഉദ്‌ഘാടനം ചെയ്തു.

പ്രസിഡന്റ് ബൈജു കൂനൻ അധ്യക്ഷത വഹിച്ചു.

മണ്ഡലം ഭാരവാഹികളായ കെ.കെ. വിശ്വനാഥൻ, പി.ആർ. ബാബു, പി.എ. യേശുദാസ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *