ഇരിങ്ങാലക്കുട : ഗ്രീൻ മുരിയാടിൻ്റെ ഭാഗമായി മുരിയാട് പഞ്ചായത്ത് അടുക്കള പച്ചക്കറിത്തോട്ടം നിർമ്മാണത്തിന് ഹൈ ഡെൻസിറ്റി പോളി എത്തിലീൻ ചട്ടികൾ വിതരണം ചെയ്തു.
പോളി എത്തിലീൻ ചട്ടികൾ 10 എണ്ണം വീതവും കൂടാതെ പച്ചക്കറി തൈകളും പോഷകമൂല്യമുള്ള മിശ്രിതങ്ങളും ഉൾപ്പെടെയാണ് വിതരണം ചെയ്യുന്നത്.
250ൽപരം കർഷകരുള്ള മുരിയാട് പഞ്ചായത്തിലെ അടുക്കള പച്ചക്കറിത്തോട്ടം 2500ലധികം എച്ച്.ഡി.പി.ഇ. ചട്ടികളിൽ ഇനി സ്മാർട്ട് ആകും.
17 വാർഡുകളിലും അപേക്ഷ സമർപ്പിച്ചിട്ടുള്ള മുഴുവൻ വീടുകളിലേക്കും ചട്ടികളും മിശ്രിതങ്ങളും തൈകളും എത്തിച്ച് നൽകുക എന്നതാണ് ഹൈടെക് കിച്ചൻ സ്മാർട്ട് അടുക്കളത്തോട്ടം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
തറയിലക്കാട് അംഗനവാടിയിൽ വച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി പദ്ധതി ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സമിതി ചെയർപേഴ്സൺ സരിത സുരേഷ് അധ്യക്ഷത വഹിച്ചു.
ഭരണ സമിതി അംഗങ്ങളായ തോമസ് തൊലത്ത്, കെ. വൃന്ദകുമാരി, എ.എസ്. സുനിൽകുമാർ, നിജി വത്സൻ, കൃഷി ഓഫീസർ ഡോ. അഞ്ജു ബി. രാജ്, കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺ സുനിത രവി, കൃഷി അസിസ്റ്റൻ്റ് നിഖിൽ രാജ് തുടങ്ങിയവർ പ്രസംഗിച്ചു.
Leave a Reply