മുരിയാടിന്റെ സ്വപ്ന പദ്ധതി യാഥാർത്ഥ്യത്തിലേക്ക് ; പൊതുമ്പു ചിറയോരം ടൂറിസം 22ന് നാടിന് സമർപ്പിക്കും

ഇരിങ്ങാലക്കുട : മുരിയാടിന്റെ സ്വപ്ന പദ്ധതി യാഥാർത്ഥ്യത്തിലേക്ക്. പൊതുമ്പുചിറയോരം ഡെസ്റ്റിനേഷൻ ടൂറിസം 22ന് നാടിന് സമർപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി പത്രസമ്മേളനത്തിൽ അറിയിച്ചു.

കേരള സംസ്ഥാന ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷൻ ടൂറിസം പദ്ധതിയുടെ ഭാഗമായി തൃശൂർ ജില്ലയിൽ പ്രഥമ ഘട്ടത്തിൽ അനുമതി ലഭിച്ച രണ്ടു പഞ്ചായത്തുകളിൽ ഒന്ന് മുരിയാട് പഞ്ചായത്താണ്.

ഇരിങ്ങാലക്കുട മണ്ഡലത്തിലെ പ്രഥമ ടൂറിസം പദ്ധതി കൂടിയാണ് മുരിയാട് പഞ്ചായത്തിൻ്റെ പുല്ലൂർ പൊതുമ്പുചിറയോരം ടൂറിസം പദ്ധതി.

2022 -2023ൽ സാങ്കേതിക അനുമതി ലഭിച്ച പദ്ധതിക്ക് 2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്.

മുരിയാട് പഞ്ചായത്തിൻ്റെ മൂന്നാം നൂറ് ദിന കർമ്മ പദ്ധതിയുടെ ഭാഗമായി 2024 ഡിസംബർ 2ന് പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നിർവഹിക്കപ്പെട്ടു.

ലൈറ്റിങ്, ക്യാമറ, സിറ്റിംഗ് പ്ലെയിസസ്, വ്യൂ പോയിന്റ്, കോഫി ഷോപ്പ്, ഹാപ്പിനസ് പാർക്ക്, കനോപ്പി, ടോയ്‌ലറ്റ് സൗകര്യം, ബ്യൂട്ടിഫിക്കേഷൻ എന്നിവ ഉൾക്കൊള്ളുന്ന ഒന്നാംഘട്ടം സെപ്തംബറിലും ഫൗണ്ടൈൻ ഓപ്പൺ ജിം എന്നിവ ഉൾക്കൊള്ളുന്ന രണ്ടാംഘട്ടം നവംബറിലും ബോട്ടിങ്ങും പാർക്കും മൂന്നാംഘട്ടം എന്ന നിലയ്ക്ക് 2026 മാർച്ചിലും പൂർത്തീകരിക്കുക എന്നതായിരുന്നു ലക്ഷ്യം.

എന്നാൽ പ്രതീക്ഷിത സമയത്തിന് മുൻപേ തന്നെ ഒന്നും രണ്ടും ഘട്ടങ്ങൾ പൂർത്തീകരിച്ച് നാടിന് സമർപ്പിക്കുകയാണ്.

ടൂറിസം വകുപ്പിന്റെ 50 ലക്ഷം രൂപയും ഇരിങ്ങാലക്കുട എംഎൽഎയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ ഡോ. ആർ. ബിന്ദുവിന്റെ പ്രാദേശിക വികസന നിധിയിൽ നിന്നും 25 ലക്ഷം രൂപയും മുരിയാട് പഞ്ചായത്തിൻ്റെ 21 ലക്ഷം രൂപയും സംയോജിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഒന്നും രണ്ടും ഘട്ടത്തിൻ്റെ ഉദ്ഘാടന കർമ്മം 22ന് വൈകീട്ട് 5 മണിക്ക് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും.

പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് മുഖ്യാതിഥിയായിരിക്കും.

പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐഎഎസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലത ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലളിത ബാലൻ, വേളൂക്കര പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. ധനീഷ് തുടങ്ങിയവർ വിശിഷ്ടാതിഥികൾ ആയിരിക്കും.

ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ടൂറിസം, എൽ എസ് ജി ഡി ഉദ്യോഗസ്ഥർ, സാംസ്‌കാരിക നായകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രതി ഗോപി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.യു. വിജയൻ, സെക്രട്ടറി എം. ശാലിനി, പഞ്ചായത്ത് മെമ്പർമാരായ തോമസ് തൊകലത്ത്, സേവ്യർ ആളൂക്കാരൻ, റോസ്മി ജയേഷ്, മണി സജയൻ, സിമി സെബാസ്റ്റ്യൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *