മാർ ജേക്കബ് തൂങ്കുഴി ആത്മീയതയുടെയും മാനവികതയുടെയും സമന്വയ രൂപം:മാർ പോളി കണ്ണൂക്കാടൻ

ഇരിങ്ങാലക്കുട : അഗാധമായ ആത്മീയതയും മാനവികതയും ഒന്നുചേർന്ന വ്യക്തിത്വമായിരുന്നു അന്തരിച്ച ആർച്ച് ബിഷപ് മാർ ജേക്കബ് തൂങ്കുഴി പിതാവ് എന്ന് ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ പറഞ്ഞു.

മൂന്നു രൂപതകളിൽ അജപാലന ശുശ്രൂഷ നടത്തി വിശ്വാസി സമൂഹത്തിൻ്റെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങിയ അദ്ദേഹത്തിൻ്റെ വേർപാട് കേരള കത്തോലിക്കാ സഭയ്ക്കും പൊതുസമൂഹത്തിനും തീരാനഷ്‌ടമാണ്.
കറയറ്റ സഭാ സ്നേഹവും അർപ്പണ മനോഭാവവും കൈമുതലുള്ള ഇടയശ്രേഷ്‌ഠനായിരുന്നു അദ്ദേഹമെന്നും പോളി കണ്ണൂക്കാടൻ ചൂണ്ടിക്കാട്ടി.

നാൽപ്പത്തിമൂന്നാം വയസ്സിൽ മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാനായി നിയോഗിക്കപ്പെട്ട അദ്ദേഹം പിന്നീട് ചുരുങ്ങിയ കാലം താമരശ്ശേരിയിൽ ബിഷപ്പായി സേവനമനുഷ്ഠിച്ചു. പിന്നീട് പത്ത് വർഷത്തോളം തൃശൂർ അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിസ്തുല സേവനമാണ് നടത്തിയത്.

എല്ലാ അർത്ഥത്തിലും ഫ്രാൻസിസ് പാപ്പ പറഞ്ഞതുപോലെ അജഗണത്തിന്റെ മണമറിഞ്ഞ് പ്രവർത്തിച്ച ഇടയനായിരുന്നു അദ്ദേഹമെന്ന് പോളി കണ്ണൂക്കാടൻ അഭിപ്രായപ്പെട്ടു.

മധ്യതിരുവിതാംകൂറിൽ നിന്ന് മുപ്പതുകളിൽ മലബാറിലേക്ക് കുടിയേറിയ കർഷകകുടുംബത്തി ലാണ് അദ്ദേഹം ജീവിച്ചതും വളർന്നതും. അതിനാൽ തന്നെ മലയോര കർഷകരുടെ ആധികളും ആശങ്കകളും സ്വപ്‌നങ്ങളും ഇല്ലായ്‌മകളും തൊട്ടറിഞ്ഞാണ് അദ്ദേഹം വളർന്നത്. അതിനാൽ അദ്ദേഹത്തിൻ്റെ പൗരോഹിത്യ ശുശ്രൂഷയിലും രൂപതാസാരഥ്യത്തിലും മലയോര ജനതയുടെ കണ്ണീരിൻ്റെയും സ്വപ്‌നങ്ങളുടെയും നിഴലാട്ടമുണ്ടായത് സ്വാഭാവികം.

ഇരിങ്ങാലക്കുട രൂപതയോട് അദ്ദേഹത്തിന് പിതൃതുല്യമായ ബന്ധമാണുണ്ടായിരുന്നത്. രൂപതയുടെ വളർച്ചയിലും വികസന പദ്ധതികളും അദ്ദേഹം ഏറെ താൽപര്യം പ്രകടിപ്പിച്ചു.

ഇരിങ്ങാലക്കുട രൂപതയിലെ വൈദികരോടും സന്യസ്‌തരോടും വിശ്വാസികളോടും അദ്ദേഹം എന്നും സ്നേഹവാൽസല്യങ്ങൾ പ്രകടിപ്പിച്ചു പോന്നു.

70 വർഷത്തോളം ദീർഘിച്ച പൗരോഹിത്യ ശുശ്രൂഷയിൽ 34 വർഷവും അദ്ദേഹം 3 രൂപതകളിലായി മേൽപ്പട്ട ശുശ്രൂഷ നിർവഹിച്ചു.

‘ക്രിസ്‌തു നിങ്ങളിൽ രൂപപ്പെടുന്നതുവരെ’ എന്ന അപ്പ സ്തോലവചനമായിരുന്നു അദ്ദേഹത്തിന്റെ ആപ്‌തവാക്യം. അതിനാൽ ആത്മീയതയോടൊപ്പം ഉന്നതമായ മാനവികമായ മുല്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു ക്രൈസ്‌തവ വിശ്വാസിയെയാണ് അദ്ദേഹം സ്വപ്നം കണ്ടത്. അദ്ദേഹത്തിന്റെ ജീവിതമാകെ ഈ ജീവിത ദർശനത്തിൻ്റെ നിറനിലാവുണ്ട്.

സദാ പുഞ്ചിരിക്കുന്ന മുഖവും വിനയപൂർവമുള്ള പെരുമാറ്റവും ലളിത ജീവിതവും അദ്ദേഹത്തിന്റെ മുഖമുദ്രയായതിൽ അത്ഭുതമില്ല.
എപ്പോഴും പ്രത്യാശയുടെ നാളെകളിലേക്കാണ് അദ്ദേഹം നോട്ടമിട്ടിരുന്നത്.

കത്തോലിക്കാ സഭയും ക്രൈസ്തവ സമൂഹവും നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന തിരിച്ചറിവ് അദ്ദേഹത്തിനുമുണ്ടായിരുന്നു.

എന്നാൽ ക്രിസ്‌തുവിൻ്റെ സുവിശേഷം എല്ലാവരേയും ഐക്യത്തിന്റെയും സ്നേഹത്തിന്റെയും പാതയിൽ ഒന്നിപ്പിക്കണമെന്ന് അദ്ദേഹം ആവർത്തിച്ച് പറഞ്ഞുകൊണ്ടേയിരുന്നു.

സൗമ്യമായി പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും നേരിടണമെന്ന് വിശ്വസിച്ച അദ്ദേഹം വിശ്വാസി സമൂഹം വൈദികരിൽ നിന്നും വൈദികമേലധ്യക്ഷന്മാരിൽ നിന്നും സന്യസ്തരിൽനിന്നും കൂടുതൽ മനുഷ്യത്വമാണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞിട്ടുണ്ട്.

തൃശൂർ അതിരൂപതയുടെ ആധുനികതയിലേക്കുള്ള വളർച്ചയിൽ നിരവധി മഹാ സംരംഭങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി.

വിശ്വാസി സമൂഹത്തിൻ്റെയും സഹവൈദികരുടെയും നിർലോഭമായ പിന്തുണ കൊണ്ടാണ് ജൂബിലി മിഷൻ മെഡിക്കൽ കോളെജും മേരിമാത മേജർ സെമിനാരിയും ജ്യോതി എൻജിനീയറിംഗ് കോളെജ് ഉൾപ്പെടെ നിരവധി സംരംഭങ്ങൾ യാഥാർഥ്യമായതെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞു.

സീറോ മലബാർ സഭയുടെ ചരിത്രത്തിൽ തിളക്കമാർന്ന ഒരു കാലഘട്ടത്തിൻ്റെ പ്രതീകം കൂടിയാണ് അന്തരിച്ച തൂങ്കുഴി പിതാവ്.

മാറുന്ന കാലത്തിനനുസരിച്ച് അജപാലന ശുശ്രൂഷയിൽ കൂടുതൽ മനുഷ്യത്വത്തിൻ്റെയും കാരുണ്യത്തിൻ്റെയും കരസ്‌പർശമുണ്ടാകണെന്ന് അദ്ദേഹം ജീവിതത്തിലുടനീളം നമ്മെ ഓർമിപ്പിച്ചുകൊണ്ടിരുന്നു. ദൈവം തന്ന സുദീർഘമായ ജീവിതത്തെ വിശുദ്ധവും വിസ്‌മയനീയവുമായ രീതികളിൽ ജീവിച്ച് പിതാവായ ദൈവത്തിന് അദ്ദേഹം കാഴ്ച യർപ്പിച്ചുവെന്ന് നമുക്ക് കരുതാം.

അദ്ദേഹത്തിന്റെ വിയോഗത്തിൽ ഇരിങ്ങാലക്കുട രൂപതയിലെ വൈദികരും സന്യസ്‌തരും വിശ്വാസികളും സ്നേഹാദരപൂർവം അർപ്പിക്കുന്ന പ്രാർഥനയിലും അനുശോചനത്തിലും ഞാനും പങ്കുചേരുന്നു എന്നും സഫലമായ ആ ജീവിതത്തിന് പിതാവായ ദൈവം പ്രതിഫലം നൽകട്ടെ എന്നും
മാർ പോളി കണ്ണൂക്കാടൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *