ഇരിങ്ങാലക്കുട :
ഭാരതീയ പരമ്പരാഗത വിജ്ഞാനവും ശാസ്ത്രീയ ചിന്തയും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്ന ദേശീയ സെമിനാറിന്റെ രണ്ടാം ദിനത്തിൽ പത്മശ്രീ പുരസ്കാര ജേതാവും വയനാടൻ ഗോത്രകർഷകനുമായ ചെറുവയൽ രാമനുമായുള്ള സംവാദം മുഖ്യ ആകർഷണമായി.
“വിത്തുകളുടെ വൈവിധ്യവും സവിശേഷതകളും” എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ മണ്ണിന്റെയും വിത്തുകളുടെയും സംരക്ഷണത്തെ ആസ്പദമാക്കിയ തന്റെ ജീവിതാനുഭവങ്ങൾ അദ്ദേഹം പങ്കുവച്ചു.
കാലിക്കറ്റ് സർവകലാശാല സുവോളജി വിഭാഗം അസി. പ്രൊഫ. ഡോ. ഇ.എം. അനീഷ് നയിച്ച സംവാദത്തിൽ പരമ്പരാഗത കൃഷിജ്ഞാനത്തിന്റെ പ്രസക്തിയും പരിസ്ഥിതി സംരക്ഷണത്തിൽ അതിന്റെ പങ്കും ചർച്ചയായി.
വിദ്യാഭ്യാസം പാഠപുസ്തകങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല എന്ന് അഭിപ്രായപ്പെട്ട ചെറുവയൽ രാമൻ ആധുനിക വികസന മാതൃകകൾക്കിടയിൽ നഷ്ടമാകുന്ന നാട്ടറിവുകൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി.
രാവിലെ ജൽഗോൺ (മഹാരാഷ്ട്ര) മൂൽജി ജൈതാ ഓട്ടോണമസ് കോളേജിലെ നോളെജ് റിസോഴ്‌സ് സെന്റർ ഡയറക്ടറായ ഡോ. വിജയ് ശ്രീനാഥ് കാഞ്ചി “വേദങ്ങളിലെ ശാസ്ത്രാന്വേഷണം” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.
ഭാരതീയ വേദങ്ങളിലെ ശാസ്ത്രീയ ചിന്തയുടെ ആഴവും യുക്തിബോധവും അദ്ദേഹം വിശദീകരിച്ചു.
റിസർച്ച് സെമിനാർ ഹാളിൽ നടന്ന ക്ലാസ് സുവോളജിസ്റ്റും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ ഡോ. സന്ദീപ് ദാസ് നയിച്ചു.
ജനകീയ വിജ്ഞാനവും ജൈവ വൈവിധ്യ സംരക്ഷണവും തമ്മിലുള്ള ബന്ധം അദ്ദേഹം അവതരിപ്പിച്ചു.
ഇതേ സെഷനിൽ മലപ്പുറം മഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ പ്രമോദ് ഇരുമ്പുഴി “ഫോക്‌ലോറിൽ ഒളിപ്പിച്ചിരിക്കുന്ന ശാസ്ത്രം” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.
കൂടാതെ മുൻ ഫെഡോ – ഫാക്ട് ചീഫ് എഞ്ചിനീയർ ഡോ. രാജശേഖർ പി. വൈക്കം “ഗണിതശാസ്ത്രവും ജ്യോതിശാസ്ത്രവും തമ്മിലുള്ള സവിശേഷ ബന്ധം” എന്ന വിഷയത്തിലും പത്മശ്രീ പ്രൊഫ. ശാരദ ശ്രീനിവാസൻ (ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, ബാംഗ്ലൂർ) “ഇന്ത്യയിലെ ആർക്കിയോ മെറ്റലർജി” എന്ന വിഷയത്തിലും പ്രഭാഷണം നടത്തി.
വിദ്യാർഥികളും ഗവേഷകരും അധ്യാപകരും ഉൾപ്പെടെ വലിയൊരു സദസാണ് സെമിനാറിൽ പങ്കെടുത്തത്.
ഭാരതീയ ജ്ഞാന പരമ്പരകളെ ആധുനിക ചിന്തയുമായി ബന്ധിപ്പിക്കുന്ന സെമിനാർ അക്കാദമിക രംഗത്ത് ശ്രദ്ധേയമായി.












Leave a Reply