ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്തിലെ പോത്താനി റോഡിൽ വച്ച് കാട്ടുപന്നി ബൈക്കിൽ ഇടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു.
വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം.
റോഡിന് കുറുകെ ചാടിയ പന്നിക്കൂട്ടം ബൈക്കിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് മറിഞ്ഞ് വീണ മലപ്പുറം സ്വദേശി വാരിക്കുഴിയിൽ മുഹമ്മദ് നിയാസിനാണ് (26) ഗുരുതരമായ പരിക്കേറ്റത്.
യുവാവിനെ ഉടൻ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂടെയുണ്ടായിരുന്ന അബ്ദുള്ള എന്ന യുവാവും നിസ്സാര പരിക്കുകളോടെ ചികിത്സയിലാണ്.
നിലവിൽ എടതിരിഞ്ഞി ജുമാ മസ്ജിദിൽ ഉസ്താദ് ആയി ജോലി ചെയ്യുകയാണ് മുഹമ്മദ് നിയാസ്.
ഈ പ്രദേശത്ത് നിരന്തമായി പന്നി ശല്യം ഉണ്ടാകുന്നതിനെ തുടർന്ന് കഴിഞ്ഞ മാസം ഇവിടെ പന്നികളെ വെടി വെച്ചു കൊന്നിരുന്നു.
ഇലക്ഷൻ പ്രഖ്യാപിച്ചതിനു പിന്നാലെ അംഗീകൃത ഷൂട്ടറുടെ തോക്ക് തിരിച്ചേല്പിക്കേണ്ടി വന്നതിനാൽ തുടർ നടപടികൾ സ്വീകരിക്കാൻ പഞ്ചായത്തിന് കഴിഞ്ഞില്ല.
ജീവനും കാർഷിക വിളകൾക്കും ഒരുപോലെ ഭീഷണിയായ പന്നികളെ വെടി വെക്കുന്നതിനായി നിയമത്തിൽ ഇളവ് നൽകി തോക്ക് നൽകണമെന്നാവശ്യപ്പെട്ട് കളക്ടർക്ക് പഞ്ചായത്തിൽ നിന്നും കത്ത് സമർപ്പിച്ചെങ്കിലും ഇതുവരെ നടപടിയൊന്നും ആയില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കണ്ണൻ പറഞ്ഞു.
എത്രയും വേഗം ജില്ലാ ഭരണകൂടം അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടു.












Leave a Reply