ഇരിങ്ങാലക്കുട : 2018 ജൂലൈ 2ന് പ്രായപൂർത്തിയാകാത്ത മധ്യപ്രദേശ് സ്വദേശിനിയായ അതിജീവതയെ കാട്ടൂർ ബസ് സ്റ്റാൻഡിൽ നിന്ന് വശീകരിച്ച് തട്ടിക്കൊണ്ടുപോയി ഇടുക്കി ജില്ലയിലെ ഉടുമ്പുംചോല സിദ്ധൻപടി പ്രദേശത്തുള്ള കല്ലുപാലം എസ്റ്റേറ്റിലുള്ള വീട്ടിൽ താമസിപ്പിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിന് കാട്ടൂർ പൊലീസ് സ്റ്റേഷനിലെടുത്ത കേസിലെ പ്രതിയായ മധ്യപ്രദേശ് സ്വദേശി രാജേഷ് ധ്രുവേ (25) എന്നയാളെ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മധ്യപ്രദേശിൽ നിന്നും പിടികൂടി.
പ്രതിയെ നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും.
ഈ കേസിൽ അറസ്റ്റിലായ പ്രതി കോടതിയിൽ നിന്ന് ജാമ്യമെടുത്ത് വിചാരണ നടപടികളിൽ സഹകരിക്കാതെ ഒളിവിൽ പോയത് പ്രകാരം ഇയാളെ പിടികൂടുന്നതിനായി കോടതി പിടികിട്ടാപ്പുള്ളി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ വാറണ്ട് പ്രകാരമാണ് ഇപ്പോൾ പ്രതിയെ പിടികൂടിയത്.
പ്രതിയെ മധ്യപ്രദേശിലെ നക്സൽ സ്വാധീനമുള്ള മന്റല പ്രദേശത്തെ ആദിവാസി ഗോത്ര സമൂഹങ്ങളുടെ ഇടയിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
പ്രതിയെ പിടികൂടുന്നതിനിടെ പ്രദേശവാസികളിൽ നിന്ന് എതിർപ്പുകൾ നേരിട്ടെങ്കിലും മധ്യപ്രദേശ് മന്റലയിലെ സൽവ പൊലീസ് ഔട്ട്‌പോസ്റ്റിലെ ദൗത്യസേനാംഗങ്ങളുടെ സഹകരണത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു.
പ്രതിയെ മന്റല കോടതിയിൽ ഹാജരാക്കി നിയമ നടപടികൾ പൂർത്തീകരിച്ചതിന് ശേഷമാണ് കാട്ടൂർ പൊലീസ് സ്റ്റേഷനിലെത്തിച്ചത്.
കാട്ടൂർ സ്റ്റേഷൻ ഇൻസ്പെക്ടർ ഇ.ആർ. ബൈജു, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ എം.കെ. അസീസ്, സിവിൽ പൊലീസ് ഓഫീസർ വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Leave a Reply